ADVERTISEMENT

അമേരിക്കൻ വിപണിക്കൊപ്പം റെക്കോർഡ് ഉയരത്തിൽ നിന്നു വീണു തുടങ്ങിയ കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണി അവസാന രണ്ടു ദിവസങ്ങളിലെ മുന്നേറ്റത്തിൽ വീണ്ടും പ്രതീക്ഷകളിലേക്ക് ഉയരുകയാണ്. നിഫ്റ്റി 16,000 പോയിന്റ് എന്ന റെക്കോർഡ് പ്രതീക്ഷ സജീവമാക്കിയിരിക്കുന്നു. മുൻ വെള്ളിയാഴ്ച ‘ഡെൽറ്റ’ ഭയത്തിലെ അമേരിക്കൻ വീഴ്‌ചയ്ക്കൊപ്പം എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒന്നാം പാദത്തിലെ മോശം ഫലമാണ് ഇന്ത്യൻ വിപണിയുടെ വീഴ്ചയുടെ ആഘാതം വർധിപ്പിച്ചത്. ആഴ്ചാവസാനത്തോടെ മികച്ച ഫലങ്ങളുടെ പിൻബലവും ഇൻഫ്രാ, സിമന്റ്, ഐടി, എഫ്എംസിജി, മെറ്റൽ, റിയൽറ്റി സെക്ടറുകളിലെ മുന്നേറ്റവും ഇന്ത്യൻ വിപണിയുടെ അടിത്തറ ശക്തിപ്പെടുത്തിയത് നേട്ടമായി. ഓഹരി വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

മികച്ച ഫലങ്ങളുടെ പിൻബലത്തിൽ മുന്നേറ്റം തുടരുന്ന അമേരിക്കൻ വിപണിയും അത്ര മോശമല്ലാത്ത റിലയൻസ് ഫലവും നാളത്തെ ബാങ്കിങ് ഫല പ്രതീക്ഷകളും ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാമെന്നാണ് പ്രതീക്ഷ. റിയൽറ്റി, ഇൻഫ്രാ സെക്ടറുകൾ 2008 ലെ വീഴ്ചയിൽനിന്നു രക്ഷപ്പെട്ട് ഒരു റാലിക്ക് തുടക്കം കുറിക്കുന്നതും നിക്ഷേപകർ ശ്രദ്ധിക്കുക. ഹോട്ടൽ, ട്രാവൽ, റസ്റ്ററന്റ് ഓഹരികളും ദീർഘ കാല മുന്നേറ്റത്തിനു തുടക്കം കുറിച്ചു കഴിഞ്ഞതും അവസരമാണ്. കോവിഡ് വ്യാപനവും അമേരിക്കൻ വിപണിയിലെ കൺസോളിഡേഷൻ സാധ്യതകളും ആശങ്കയാണ്.

അമേരിക്കൻ റെക്കോർഡ് റാലി

ഡെൽറ്റ വകഭേദത്തിൽപ്പെട്ട കോവിഡ് വൈറസ് വ്യാപന വാർത്തകളും ഇക്കണോമിക്ക് റിക്കവറി വൈകിയേക്കുമെന്നുമുള്ള വാർത്തകളും അമേരിക്കൻ വിപണിക്ക് കഴിഞ്ഞ വാരം മോശം തുടക്കം നൽകി. എന്നാൽ മികച്ച ഫലങ്ങൾക്കൊപ്പം മോശമല്ലാത്ത ഹൗസിങ്, ഹോം സെയിൽസ് ഡേറ്റകൾ കൂടി പുറത്തു വന്നതോടെ അമേരിക്കൻ വിപണി നാലു ദിവസം നീണ്ട റാലിക്കൊടുവിൽ വീണ്ടും റെക്കോർഡ് ക്ലോസിങ് നേടിയത് നാളെ ഏഷ്യൻ വിപണികൾക്കു മികച്ച തുടക്കം നൽകിയേക്കാം. അടുത്ത ആഴ്ചയിലെ ഹോം സെയിൽസ്, ഹൗസിങ്, ജോബ്, ഇൻഫ്‌ളേഷൻ ഡേറ്റകളും കൺസ്യൂമർ കോൺഫിഡൻസ്, കൺസ്യൂമർ സ്‌പെൻഡിങ്, ക്യാപിറ്റൽ ഗുഡ്സ് സെയിൽസ് രേഖകളും അമേരിക്കൻ വിപണിക്കു പ്രധാനമാണ്. ബുധനാഴ്ചത്തെ ഫെഡ് ചെയർമാന്റെ എഫ്ഒഎംസി മീറ്റിങ് പ്രഖ്യാപനങ്ങളും വിപണിയുടെ സമ്മർദ്ദം കൂട്ടിയേക്കും.

ബാങ്ക് നിഫ്റ്റിയും ഇന്ത്യൻ വിപണിയും

മുൻ ആഴ്ചയിൽ 36,000 പോയിന്റിനു തൊട്ടടുത്തുനിന്നും എച്ച്ഡിഎഫ്സി കെണിയിൽ വീണുപോയ ബാങ്ക് നിഫ്റ്റി വീണ്ടും 35,000 പോയിന്റിനു മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് തന്നെയാണ് ഇന്ത്യൻ വിപണിയുടെ റിക്കവറിയുടെ ആധാരം. ഐസിഐസിഐ ബാങ്കിന്റെ റിസൾട്ടിനൊപ്പം നാളത്തെ ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് റിസൾട്ടുകളും ഇന്ത്യൻ വിപണിയുടെ തന്നെ ഗതി നിർണയിക്കും. നാലാം പാദത്തിൽ തീർത്തും മോശം റിസൾട്ട് പുറത്ത് വിട്ട കൊട്ടക് ബാങ്കിന്റെ പ്രകടനം വിപണിക്കു വളരെ പ്രധാനമാണ്. നിഫ്റ്റി റെക്കോർഡിനു തൊട്ടടുത്തു നിൽക്കുമ്പോളും ബാങ്ക് നിഫ്റ്റിക്കു മുന്നേറാനാകാതെ പോകുന്നത് വിപണിക്കു ക്ഷീണമാണ്.

Stock-Market

ഓഹരികളും സെക്ടറുകളും

∙ റിലയൻസ് മികച്ച ഫലം പ്രഖ്യാപിച്ചതു നാളെ ഇന്ത്യൻ വിപണിക്ക് 16000 ഡോളർ കടക്കാൻ സാഹചര്യമൊരുക്കിയേക്കാം. റിലയൻസ് റീട്ടെയിലിന്റെ 80% ലാഭവളർച്ചയും ജിയോയുടെ 45% ലാഭവളർച്ചയും പെട്രോ കെമിക്കൽ മേഖലയിൽ നിന്നു കൂടുതൽ ലാഭം വന്നതും ചേർന്ന് റിലയൻസിന് മുൻ വർഷത്തിൽ നിന്ന് 67% വർധനവോടെ 13806 കോടി രൂപയുടെ അറ്റാദായം കമ്പനി റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ മൊത്ത ലാഭത്തിൽ മുൻ വർഷത്തിൽ നിന്ന് ഏഴു ശതമാനത്തിന്റെ കുറവുണ്ടെങ്കിലും വരുമാന വർധനവും വിപണി പ്രതീക്ഷകൾക്കപ്പുറം കണക്കുകൾ മുന്നേറിയതും അനുകൂലമാണ്. കമ്പനി വിഭജനവും പവർ സെക്ടറിലേക്കുള്ള എൻട്രിയും പുത്തൻ ഏറ്റെടുക്കലുകളും ഓഹരിയെ നിക്ഷേപയോഗ്യമാക്കുന്നു.

∙ ഐസിഐസിഐ ബാങ്ക് മോശമല്ലാത്ത റിസൾട്ട് പുറത്ത് വിട്ടത് ഇന്ത്യൻ വിപണിക്ക് നാളെ മികച്ച സാധ്യത നൽകുന്നു. മാർച്ചിൽ 4402 കോടി രൂപയും മുൻ വർഷത്തിൽ 2599 കോടിയും അറ്റാദായം നേടിയിടത്ത് ഐസിഐസിഐ ബാങ്ക് ഇത്തവണ 4616 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. ബാങ്കിന്റെ വരുമാനം മുൻ വർഷത്തിൽ നിന്നു കുറഞ്ഞപ്പോഴും കിട്ടാക്കട നയം തിരുത്തിയതും പ്രൊവിഷനിൽ കുറവു വരുത്തിയതുമാണ് അറ്റാദായവർധനവിനു പ്രധാന കാരണം. ഐസിഐസിഐ ബാങ്ക് ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.

∙ ഐടിസിയുടെ അറ്റാദായം മുൻ പാദങ്ങളിൽ നിന്നു കുറഞ്ഞ് 3343 കോടിയായപ്പോൾ, മുൻ വർഷത്തിലെ 2567 കോടിയിൽ നിന്നുു മുന്നേറ്റം കാണിച്ചു. ഹോട്ടൽ മേഖലയുടെ തിരിച്ചു വരവും കോർപറേറ്റ് ഡിവിഷൻ പദ്ധതികളും ഓഹരിയെ നിക്ഷേപത്തിനു കൂടുതൽ ആകർഷകമാക്കുന്നു. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്.

∙ സൊമാറ്റോയുടെ സൂപ്പർ ലിസ്റ്റിങ് വിപണിയിൽ ടെക് കമ്പനികളുടെ ഓഹരി വിപണിയിലേക്കുള്ള ആഗമനത്തിനു കളമൊരുക്കുന്നു. ലിസ്റ്റിങ് ലാഭമെടുക്കൽ ഒരു ലക്ഷം കോടി രൂപയുടെ വിപണി വ്യാപ്തി നേടിക്കഴിഞ്ഞ സൊമാറ്റോയുടെ ഓഹരിയിൽ ഒരു നിക്ഷേപ അവസരം തുറന്നേക്കാം.

∙ 2008ലെ വീഴ്ചയ്ക്കു ശേഷം ഇതു വരെ തിരിച്ചു വരവ് സാധ്യമാകാതെ, ഒരു സൂപ്പർ കൺസോളിഡേഷൻ പൂർത്തിയാക്കിയ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല ഒരു റാലിക്കു തുടക്കം കുറിച്ചു കഴിഞ്ഞത് ഒരു ദീർഘ കാല നിക്ഷേപ അവസരമാണ്. വലിയ ലാൻഡ് ബാങ്കുകൾ സ്വന്തമായുള്ള ഡിഎൽഎഫ്, ശോഭ, റെയ്മണ്ട്, ഒബ്‌റോയ് റിയൽറ്റി മുതലായ ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന് ഇനിയും പരിഗണിക്കാവുന്നതാണ്. ഡിഎൽഎഫ്, ഒബ്‌റോയ്, സൺടെക് തുടങ്ങിയ കമ്പനികൾ ഈ ആഴ്ച ഫലം പ്രഖ്യാപിക്കുന്നതും ശ്രദ്ധിക്കുക.

∙ കോവിഡ് പ്രതിസന്ധി ജനജീവിതം കൂടുതൽ ടെക് അധിഷ്ഠിതമായതും കോവിഡ് വീഴ്ചയ്ക്കു ശേഷം ലോകമാസകലം ടെക് ഓഹരികൾ കൂടുതൽ വേഗത്തിൽ കൂടുതൽ നേട്ടം സ്വന്തമാക്കിയതും കണക്കിലെടുത്ത് മിഡ് ക്യാപ് ടെക് ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം. നസാര ടെക്, ക്യാമ്സ്, റൂട്ട് മൊബൈൽ, ഓൺമൊബൈൽ, സെൻസാർ ടെക്ക്, ഹാപ്പിയസ്റ്റ് മൈൻഡ്‌സ്, ബിർള സോഫ്റ്റ് മുതലായ ഓഹരികൾ ദീർഘ കാല നിക്ഷേപകർക്ക് പരിഗണിക്കാം.

∙ ബിഎസ്ഇ ലിമിറ്റഡ്, എംസിഎക്സ്, ഐഇഎക്സ് എന്നീ വ്യത്യസ്ത എക്സ്ചേഞ്ച് ഓഹരികൾ അതി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. എക്സ്ചേഞ്ചുകളിലെ വ്യാപാരത്തോത് ഉയരുന്നത് ശ്രദ്ധിക്കുക.

∙ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ നാലു കോടി കടന്ന സിഡിഎസ്എൽ എൽഐസിയുടെ ലിസ്റ്റിങ്ങോടെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ മുന്നേറ്റം സ്വന്തമാക്കിയേക്കാം. ഒരു വൻ കുതിപ്പിന് ശേഷം തിരുത്തൽ നേരിടുന്ന സിഡിഎസ്എൽ അതി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം.

നിയന്ത്രിതമായ കോവിഡ് കണക്കുകളും വാക്സിനേഷൻ പുരോഗമനവും ഹോട്ടൽ ശൃംഖലകളുടെ വിറ്റു വരവിൽ പുരോഗതിയുണ്ടാക്കി തുടങ്ങിയത് രണ്ടാം പാദത്തിൽ ലാഭകണക്കുകളായി പുറത്തു വന്നേക്കാമെന്ന പ്രതീക്ഷയും ഹോട്ടൽ, ടൂറിസം ഓഹരികളെ ആകർഷകമാക്കുന്നു. ഈസി ട്രിപ്പ്, ഐആർസിടിസി, ഷാലെറ്റ് ഹോട്ടൽ, ഏഷ്യൻ ഹോട്ടൽ ലെമൺ ട്രീ, ഇന്ത്യൻ ഹോട്ടൽ മുതലായ ഓഹരികൾ പരിഗണിക്കാം. ഏഷ്യൻ ഹോട്ടൽ, ഏഷ്യൻ ഹോട്ടൽ വെസ്റ്റ്, ഏഷ്യൻ ഹോട്ടൽ ഈസ്റ്റ് എന്നിവയും മുന്നേറി തുടങ്ങിയത് ശ്രദ്ധിക്കുക.

∙ റസ്റ്ററന്റ് ഓഹരികളും ഫുഡ് കമ്പനികളും ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്. ബർഗർ കിങ്, ജൂബിലന്റ് ഫുഡ്, വെസ്റ്റ് ലൈഫ് എന്നിവക്കൊപ്പം അടുത്ത ആഴ്ച റിസൾട്ട് പ്രഖ്യാപിക്കാനിരിക്കുന്ന ഹെറിറ്റേജ് ഫുഡ് ഓഹരികളും പരിഗണിക്കാവുന്നതാണ്.

∙ മികച്ച മൺസൂണിന്റെയും ഉൽപന്ന വിലയുടെയും പിൻബലം എഫ്എംസിജി സെക്ടറിനു സാധ്യതയാണ്. ഡാബർ, മാരികോ, ഹിന്ദ് യൂണിലിവർ, ബ്രിട്ടനിയ എന്നിവ പരിഗണിക്കാം. ഹിന്ദ് യൂണിലിവറിന്റെ മോശമല്ലാത്ത റിസൾട്ടും, ഓഹരിയിലെ തിരുത്തലും നിക്ഷേപത്തിന് അനുകൂലമാണ്.

∙ സ്വർണ പണയ വായ്പകളുടെ തിരിച്ചടവുകൾ മുടങ്ങുന്നതും രാജ്യാന്തര സ്വർണ വില 1800 ഡോളറിൽ ക്രമപ്പെടുന്നതും ഗോൾഡ് ലോൺ കമ്പനികൾക്ക് അനുകൂലമാണ്. ഫെഡറൽ ബാങ്ക്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപിറ്റൽ എന്നിവ പരിഗണിക്കാം.

∙ വരാനിരിക്കുന്ന ബിപിസിഎലിന്റെ ഫിനാൻഷ്യൽ ബിഡിന്റെ വിജയം ഇന്ത്യൻ പൊതു മേഖല വിൽപനയുടെ വേഗം കൂട്ടിയേക്കാവുന്നതും ബാങ്കിങ്, ഇൻഷുറൻസ് ക്യാപിറ്റൽ ഗുഡ്‌സ്, മൈനിങ്, മെറ്റൽ പൊതു മേഖല സ്ഥാപനങ്ങൾക്ക് വാങ്ങലുകാരുണ്ടാവുമെന്ന പ്രതീക്ഷയും പൊതു മേഖല ഓഹരികളെ അതി ദീർഘ കാല നിക്ഷേപത്തിന് യോഗ്യമാക്കുന്നു.

∙ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈ കമ്മിഷണർ ഓഫീസിലെത്തി നിക്ഷേപം ക്ഷണിച്ചത് കിറ്റെക്സിന് അനുകൂലമാണ്.

പ്രതീകാത്മക ചിത്രം. Image. Shutterstock
പ്രതീകാത്മക ചിത്രം. Image. Shutterstock

റിസൾട്ടുകൾ

∙ ആക്സിസ് ബാങ്ക്, കൊട്ടക്ക് മഹിന്ദ്ര ബാങ്ക്, ടാറ്റ മോട്ടോർസ് ഡിഎൽഎഫ്, എൽ&ടി എന്നിവയുടെ നാളത്തെ ഫലപ്രഖ്യാപനങ്ങൾ ഇന്ത്യൻ വിപണിയുടെ ഗതി തന്നെ നിർണയിച്ചേക്കാം. വേദാന്ത, നവീൻ ഫ്‌ളോറിൻ, എം&എം ഫിൻ, കെപിഐടി ടെക്, അപ്പോളോ പൈപ്സ്, കോറോമാൻഡാൽ, സെൻസാർ ടെക്ക് മുതലായ കമ്പനികളും നാളെ ഫലപ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക.

∙ മാരുതി, ഡോക്ടർ റെഡ്ഡീസ്, ഡാൽമിയ ഭാരത്, കാനറാ ബാങ്ക്, ഡിക്‌സൺ, ഇൻഡസ് ഇന്ദ് ബാങ്ക്, രാംകോ സിമന്റ്, ലക്സ് ഇന്ത്യ, എബിബി, കോഫോർജ്, സെഞ്ച്വറി ടെക്സ്, ഹാപ്പിയെസ്റ്റ് മൈൻഡ്‌സ്, ഹെറിറ്റേജ് ഫുഡ്സ്, ഇന്റലെക്ട് ഡിസൈൻ, ജെഎം ഫിനാൻഷ്യൽ, നെസ്‌ലെ ഇന്ത്യ , ഫൈസർ, ജെകെ ലക്ഷ്മി, ജ്യോതി ലാബ്സ്, കിൽപെസ്റ്റ്, ലോറസ് ലാബ്സ്, എൽഐസി ഹൗസിങ്, ഒലേക്ട്രാ, റെയ്മണ്ട് , ടിവിഎസ് മോട്ടോഴ്‌സ്, മാരികോ, സൺ ഫാർമ, യുപിഎൽ, വി ഗാർഡ് ശോഭ, ഭെൽ, ജിയോജിത് മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.

ഐപിഒ

ഗ്ലെൻ മാർക്ക് ലൈഫ് സയൻസിന്റെ ഐപിഒ ചൊവ്വാഴ്ചയും റോളെക്‌സ്‌ റിങ്‌സ്, റെക്സ് പൈപ്സ  എന്നിവയുടെ ഐപിഒ ബുധനാഴ്ചയും ആരംഭിക്കുന്നു.

ക്രൂഡ് ഓയിൽ

ഒപെക് ഡീൽ യാഥാർഥ്യമായതിനെ തുടർന്ന് ഗോൾഡ് മാൻ സാക്‌സ് വീണ്ടും ക്രൂഡ് ഓയിൽ വില ലക്ഷ്യം 80 ഡോളറായി വീണ്ടും ഉയർത്തിയത് ക്രൂഡിന് അനുകൂലമാണ്. ഇക്കണോമിക് റിക്കവറി ആശങ്കകളും അമേരിക്കയുടെ ഷെയ്ൽ ഓയിൽ ഉൽപാദനം വർധിക്കുന്നതും ക്രൂഡ് ഓയിലിനു വീണ്ടും ആശങ്ക നൽകുന്ന ഘടകങ്ങളാണ്. ഇന്ത്യയുടെ എസ്പിആർ സൈറ്റുകളിൽ ശേഖരിച്ചിരിക്കുന്ന സ്ട്രാറ്റജിക് റിസേർവിൽ പകുതി സ്വകാര്യ കമ്പനികളുടെ എസ്പിആർ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി കുറയ്ക്കുന്നതും ഇന്ത്യ ഓയിൽ, സ്റ്റീൽ, കെമിക്കൽ സെക്ടറുകളിൽ നിന്നും ക്രൂഡ് ഉപയോഗം കുറച്ച് ഗ്രീൻ ഹൈഡ്രജൻ ഉപയോഗം ഉയർത്തുന്നതും ക്രൂഡ് വിലയെ നേരിയ തോതിൽ ബാധിച്ചേക്കാം.

സ്വർണം

അമേരിക്കൻ വിപണിയുടെ മുന്നേറ്റവും ബോണ്ട് യീൽഡ് മുന്നേറ്റവും സ്വർണത്തിനു കഴിഞ്ഞ വാരം മുന്നേറ്റം തടഞ്ഞു. അടുത്ത ആഴ്ചയിലെ അമേരിക്കൻ ഡേറ്റകളുടെ കുത്തൊഴുക്കും, ഫെഡ് ചെയർമാന്റെ വാർത്താ സമ്മേളനവും സ്വർണത്തിന് അനുകൂലമായേക്കാം.

English Summary: Stock market in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com