‘റഷ്യ സഹായിക്കില്ല; ചൈന–പാക്ക്–താലിബാൻ സർക്കാർ വരുമ്പോൾ ഇന്ത്യയ്ക്ക് വൻ ഭീഷണി’

HIGHLIGHTS
  • ഈ യുദ്ധം നിർത്തണമെന്നായിരുന്നു യുഎസിലെ 3 പ്രസിഡന്റുമാരുടെയും ആഗ്രഹം
  • പാക്കിസ്ഥാന്റെയും ചൈനയുടെയും ഉൾപ്പെടെ അതിർത്തികൾ താലിബാൻ അടച്ചിട്ടു
  • ഉടൻ അമേരിക്ക ഇടപെട്ടില്ലെങ്കിൽ താലിബാൻ അധികാരത്തിൽ വരും
  • പാക്കിസ്ഥാൻ, ചൈന എന്നിവരെ നേരിടുന്നതിനൊപ്പം അഫ്ഗാനെയും ഇന്ത്യ കണക്കിലെടുക്കണം
Afghanistan Militia Fighters Photo by FARSHAD USYAN / AFP
ബാൽഖ് പ്രവിശ്യയിലെ ചർകിന്ത് ജില്ലയിലുള്ള ഔട്ട്‌പോസ്റ്റിൽ താലിബാന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്ന അഫ്ഗാൻ സേനാംഗങ്ങൾ. ജൂലൈ 15ലെ ചിത്രം: FARSHAD USYAN / AFP
SHARE

പ്രതീക്ഷിതമല്ലെങ്കിലും പ്രഖ്യാപിച്ച സമയത്തിനു മുൻപേ അഫ്ഗാൻ വിട്ടു പോയിരിക്കുകയാണ് അമേരിക്ക. അവസരം മുതലെടുത്തു താലിബാൻ അവിടെ വലിയ മുന്നേറ്റം നടത്തുന്നു. അഫ്ഗാനിലെ മാറ്റങ്ങൾ ഇന്ത്യയ്ക്കു വലിയ ഭീഷണിയാണെന്നു പറയുന്നു മുതിർന്ന നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസന്‍. താലിബാന് ഇത്തവണ പാക്കിസ്ഥാന്റെ മാത്രമല്ല ചൈനയുടെ കൂടി പിന്തുണയുണ്ടാകും. ചൈന–പാക്ക്–താലിബാൻ അച്ചുതണ്ടിലുള്ള സർക്കാർ അഫ്ഗാനിസ്ഥാനിൽ വന്നാൽ ഇന്ത്യയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാകും. പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധിക്കുന്നതിനൊപ്പം അഫ്ഗാനെയും ഇനി കണക്കിലെടുക്കേണ്ടി വരും.

താലിബാനെപ്പോലെ തീവ്രനിലപാടുള്ളവർ ഒരു രാജ്യത്തെ ഭരണം ഏറ്റെടുക്കുന്നതു ലോകത്താകെ ഭീകരസംഘങ്ങൾക്ക് ഉണർവേകുന്ന നീക്കമായി മാറാം. താലിബാന്റെ വരവിലൂടെ നെഗറ്റീവ് ഇംപാക്ടാണു പൊതുവേ ഉണ്ടാവുകയെന്നും ശ്രീനിവാസൻ പറയുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡറായും ഐക്യരാഷ്ട്ര സംഘടനയില്‍ സ്ഥിരം പ്രതിനിധിയായും മറ്റും നാലു പതിറ്റാണ്ടോളം വിദേശകാര്യ സർവീസിൽ സേവനമനുഷ്ഠിച്ച മലയാളിയായ ശ്രീനിവാസൻ, അഫ്ഗാനിലെ പ്രതിസന്ധിയെപ്പറ്റി ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു.

∙ അഫ്ഗാനിസ്ഥാനിലെ യുഎസ് സേനാപിന്മാറ്റം മേഖലയിൽ അസ്ഥിരതയ്ക്കു കാരണമാകുമോ?

അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് പിന്മാറുമെന്നതു മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്തുതന്നെ തീരുമാനിച്ചിരുന്നതാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തിനെതിരായ ന‌ടപടികളുടെ ഭാഗമായുള്ള യുദ്ധത്തിനാണ് അഫ്ഗാനിലെത്തിയത്. ആ രാജ്യത്തെ വികസിപ്പിക്കലോ അവിട‌െ ജനാധിപത്യം സ്ഥാപിക്കലോ ഒന്നുമായിരുന്നില്ല യുഎസിന്റെ ഉദ്ദേശ്യം. ഇതിനിടെ, അമേരിക്കയ്ക്ക് ഒരുപാട‌ു നാശനഷ്ടങ്ങൾ ഉണ്ടായി, കോടിക്കണക്കിനു ഡോളർ ചെലവായി.

TP Sreenivasan
ടി.പി.ശ്രീനിവാസൻ (ഫയൽ ചിത്രം)

ഈ സാഹചര്യത്തിലാണു കഴിയുന്നതുംവേഗം പിൻവാങ്ങണമെന്ന് ഒബാമ തീരുമാനിച്ചത്. പിന്മാറുന്നതു പരാജയത്തിലായിക്കൂടാ എന്നും ആഗ്രഹിച്ചു. അതിനാലാണ് ഇത്രയുംനാൾ തുടർന്നതും സൈനികരെ കൂടുതലായി അയച്ചതുമെല്ലാം. പിന്നീടു പ്രസിഡന്റായി വന്ന ഡോണൾഡ് ട്രംപും പിന്മാറ്റം വേണമെന്ന നിലപാടിലായിരുന്നു. 2020 ൽ തന്നെ സേനയെ പിൻവലിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ പോളിസിയും അതുതന്നെയാണ്. ഭീകരവാദത്തെ അടിച്ചമർത്തിയ സ്ഥിതിക്ക് അഫ്ഗാനിൽ ഇനി താൽപര്യമില്ല എന്നാണ് അമേരിക്കയുടെ വിചാരവും നിലപാടും.

20 വർഷം നീണ്ട, അവസാനിക്കാത്ത യുദ്ധം എന്നാണ് അഫ്ഗാനിലെ യുഎസ് ന‌ടപടി വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടു പതിറ്റാണ്ടത്തെ ഈ യുദ്ധം നിർത്തണമെന്നായിരുന്നു യുഎസിലെ മൂന്നു പ്രസിഡന്റുമാരുടെയും ആവശ്യവും ആഗ്രഹവും. പക്ഷേ, ഓടിപ്പോകാൻ പറ്റില്ലല്ലോ. വിയറ്റ്നാമിൽനിന്നോ ഇറാഖിൽനിന്നോ പോയതുപോലെ പോകാൻ പറ്റാത്തതുകൊണ്ടു പരസ്പര ബഹുമാനത്തിലധിഷ്ഠിതമായി അഫ്ഗാനിൽനിന്നു മടങ്ങണമെന്ന് അമേരിക്ക കരുതി. അതിന്റെ ഭാഗമായാണു താലിബാനുമായി മാസങ്ങളായി ചർച്ച നടത്തിയിരുന്നത്. സമാധാനപരമായ മാറ്റം വേണമെന്നു യുഎസ് ആഗ്രഹിച്ചു.

1200-biden-trump-2020-election
ജോ ബൈഡൻ, ഡോണൾഡ് ട്രംപ് (ഫയൽ ചിത്രം)

യുഎസ് വിട്ടുപോകുമ്പോൾ, അഫ്ഗാനിലെ ഇപ്പോഴത്തെ സർക്കാരിൽ താലിബാനു കൂടി പങ്കാളിത്തമുണ്ടാകണം എന്നായിരുന്നു ചർച്ചകളുടെ കാതൽ. എന്നാൽ, അങ്ങനെ നടപ്പാകുംമുൻപേ, സെപ്റ്റംബറിൽ പിന്മാറുമെന്ന പ്രഖ്യാപത്തിനു മുൻപുതന്നെ, അപ്രതീക്ഷിതമായി ജൂലൈയിൽ അമേരിക്കൻ സൈന്യം പിൻവാങ്ങി. കരാർ ഉടമ്പടികൾ യാഥാർഥ്യമാകും മുന്നേ യുഎസ് മടങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇതു താലിബാനു വലിയ അവസരമാണു നൽകിയത്. പിന്മാറ്റം പെട്ടെന്നായപ്പോൾ, രാജ്യത്തിന്റെ 90 ശതമാനം പ്രദേശവും താലിബാൻ പിടിച്ചെടുത്തു. അമേരിക്ക പോയി, സൈനികർ ആരുമില്ല, എതിർക്കാൻ ആരുമില്ല. ഈ സാഹചര്യം അവർ മുതലെടുത്തു.

US-soldiers-prepare-to-depart-from-Kunduz-Afghanistan
അഫ്‌ഗാനിൽനിന്നു മടങ്ങുന്ന യുഎസ് സൈന്യം

∙ യുഎസ് പ്രധാനമായും താലിബാനുമായാണു ചർച്ചകൾ നടത്തിയത്. എങ്ങനെയും കയ്യൊഴിയുക എന്ന മനോഭാവത്തിലായിരുന്നോ അമേരിക്ക?

താലിബാനുമായി മാത്രമല്ല, അഷ്റഫ് ഗനിയുമായും അമേരിക്ക ചർച്ചകൾ നടത്തിയിരുന്നു. ദോഹയിൽ നടന്ന ചർച്ചയിലേക്കു പലരേയും വിളിച്ചിരുന്നതുമാണ്. പാക്കിസ്ഥാൻ, തുർക്കി തുട‌ങ്ങിയവർ പങ്കെടുത്തു. ഇന്ത്യയെ വിളിക്കാൻ യുഎസ് ശ്രമിച്ചെങ്കിലും പാക്കിസ്ഥാൻ സമ്മതിച്ചില്ല. ഈ രാജ്യങ്ങളെല്ലാം ചേർന്നു പിന്തുണച്ച്, ഗനിയെ നിലനിർത്തി, താലിബാനും കൂടി പങ്കാളിത്തമുള്ള സർക്കാരുണ്ടാക്കാനായിരുന്നു ശ്രമം. അതിനുവേണ്ടി കൂടുതൽ സമയം കാത്തിരിക്കാൻ ബൈഡൻ തയാറാകാത്തതു കൊണ്ടാണ് ഇപ്പോഴത്തെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയുണ്ടായത്. ഉ‌ടമ്പടികൾ പലതും ഉണ്ടായിയെന്നു പറയുന്നുണ്ടെങ്കിലും പുറത്തുവന്നിട്ടില്ല, പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.

യുഎസ് പിൻവാങ്ങിയാലും ഗനിക്കു സൈനികമായും സാമ്പത്തികമായും കുറച്ചു പിന്തുണ കൊടുക്കേണ്ടിയിരുന്നു. കാരണം, താലിബാന്റെ പ്രതിരോധത്തെ മറികടക്കാൻ ഗനിക്കു പുറമേനിന്നുള്ള ശക്തി ആവശ്യമാണ്. താലിബാനെ ഏകപക്ഷീയമായി അധികാരമേറ്റെടുക്കാൻ സമ്മതിക്കില്ലെന്നാണു ഗനി പറയുന്നത്. ചെറിയ പോരാട്ടങ്ങളൊക്കെ അവർ വിജയിക്കുന്നുണ്ടായിരിക്കും, യുദ്ധത്തിലെ അന്തിമവിജയം ഞങ്ങൾക്കു തന്നെ എന്നാണു ഗനി പറയുന്നത്. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ അജൻഡയിലെ പ്രധാന വിഷയം അഫ്ഗാനായിരിക്കും.

∙ താലിബാൻ എത്രമാത്രം ശക്തരാണ്? അവർ അധികാരത്തിൽ തിരിച്ചുവരുമ്പോൾ എന്തൊക്കെയാകും സംഭവിക്കുക?

അന്തിമജയം തങ്ങൾക്കായിരിക്കുമെന്ന ഗനിയുടെ പ്രസ്താവനയെ ആരും വിശ്വസിക്കുന്നില്ല, കാര്യമായി എടുക്കുന്നുമില്ല. കാരണം, താലിബാൻ സർവശക്തിയുമെടുത്തു പോരാടിയാൽ ഗനിക്ക് അധികാരത്തിൽ തുടരാനാവില്ലെന്നതാണു യാഥാർഥ്യം. അഫ്ഗാന്റെ അതിർത്തി ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളാണു താലിബാൻ പിടിച്ചെടുത്തിട്ടുള്ളത്. തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ തുടങ്ങി മധ്യേഷ്യയിലെ പ്രധാന അതിർത്തികളിലെല്ലാം താലിബാൻ ക്യാംപ് ചെയ്യുകയാണ്.

AFGHANISTAN-CONFLICT-MILITIA

ഗനിയുടെ ആളുകൾ പുറത്തേക്ക് ഓടിപ്പോകാതിരിക്കാനും രാജ്യത്തിനകത്തേക്ക് എതിർശക്തികൾ വരാതിരിക്കാനുമുള്ള ജാഗ്രതയിലാണ് അതിർത്തിയിൽ കാവൽ നിൽക്കുന്നത്. പാക്കിസ്ഥാന്റെയും ചൈനയുടെയും അതിർത്തികളും താലിബാൻ അടച്ചിട്ടിരിക്കുകയാണ്. ഉടൻ അമേരിക്ക ഇടപെട്ടില്ലെങ്കിൽ അട‌ുത്ത ദിവസങ്ങളിൽത്തന്നെ അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ വരുമെന്നാണു ഞാൻ കരുതുന്നത്.
സോവിയറ്റ് യൂണിയൻ അഫ്ഗാൻ വിട്ടുപോയപ്പോൾ ഉണ്ടായതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാം. ഭീകരവാദവും സങ്കുചിത മനോഭാവവും പൊതുക്രമമായി മാറും. സ്ത്രീകൾക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടും. സ്വാതന്ത്ര്യം ഇല്ലാതാകും. സംസ്കാരങ്ങൾ നശിപ്പിക്കപ്പെടും. ലോകത്തിനു മാത്രമല്ല, അഫ്ഗാൻ ജനതയ്ക്കും വലിയ ഭീഷണിയാകും താലിബാൻ ഭരണം. ഗനി സർക്കാരുമായി അധികാരം പങ്കിട്ടുകൊണ്ടാണു താലിബാൻ ഭരണത്തലപ്പത്ത് എത്തുന്നതെങ്കിൽ താരതമ്യേന നല്ലതായിരിക്കും. അങ്ങനെ ആവില്ലെന്നു പറയാനാവില്ലെങ്കിലും സാധ്യത വളരെ കുറവാണ്. ഇന്ത്യയുമായിട്ടെല്ലാം കൂടിയാലോചിച്ച് അഫ്ഗാനെ സഹായിക്കാനുള്ള പദ്ധതി അമേരിക്ക കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ട്. അതു വിജയിച്ചില്ലെങ്കിൽ, സ്വാഭാവികമായും രാജ്യഭരണം താലിബാൻ ഏറ്റെടുക്കും.

∙ അഫ്ഗാനിൽ പുതിയൊരു ഭരണക്രമം വരാനാണല്ലോ സാധ്യത. അത് ഇന്ത്യയ്ക്ക് എത്രമാത്രം ഭീഷണിയാണ്?

പുതിയ സർക്കാരിന്റെ പ്രധാന ഭാഗമായിരിക്കും താലിബാൻ എന്നു പണ്ടേ അറിയാം. പക്ഷേ സ്ഥിരതയുള്ള, സ്വതന്ത്രവും ജനാധിപത്യപരവുമായ സർക്കാർ സ്ഥാപിക്കാനായിരുന്നു ശ്രമങ്ങൾ നടന്നത്. ഇന്ത്യയും അതിനുവേണ്ടി ശ്രമിച്ചിരുന്നു, എന്നാൽ നേരിട്ടുള്ള ചർച്ചകളിൽ ഭാഗമായിരുന്നില്ല. ആശുപത്രിയും റോഡും മറ്റുമായി പുനരുദ്ധാരണ പ്രവർത്തനങ്ങളായിരുന്നു നമ്മുടേത്. 3 ബില്യൻ ഡോളർ ഇന്ത്യ അവിടെ ചെലവാക്കിയിട്ടുണ്ട്. നമ്മൾ യുദ്ധത്തിന്റെ ഭാഗമല്ല, അഷ്റഫ് ഗനി സർക്കാരിനുവേണ്ട പിന്തുണ കൊടുക്കുകയായിരുന്നു.

പോകുന്നതിനു മുൻപായി അഫ്ഗാനിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, അവർ അവരുടെ താൽപര്യമനുസരിച്ചു പോവുകയായിരുന്നു. താലിബാന് ഇത്തവണ പാക്കിസ്ഥാന്റെ മാത്രമല്ല ചൈനയുടെ കൂടി പിന്തുണയുണ്ടാകും എന്നതാണു പ്രത്യേകത. ചൈന–പാക്കിസ്ഥാൻ–താലിബാൻ അച്ചുതണ്ടിലുള്ള സർക്കാർ അഫ്ഗാനിൽ വന്നാൽ ഇന്ത്യയ്ക്കാണു വലിയ നഷ്ടം വരാൻ പോകുന്നത്. ഇന്ത്യയുമായി വിരോധത്തിലാണു താലിബാൻ.

QATAR-US-AFGHANISTAN-DIPLOMACY-CONFLICT-TALIBAN
യുഎസും താലിബാനും തമ്മിൽ നടന്ന ഉടമ്പടി ചർച്ചയിൽനിന്ന് (ഫയൽ ചിത്രം)

നേരിട്ടില്ലെങ്കിലും അനൗദ്യോഗിക ബന്ധങ്ങൾ ഇന്ത്യയും താലിബാനുമായുമുണ്ട്. എന്നാൽ ഇപ്പോൾ കിട്ടുന്ന സന്ദേശങ്ങൾ താലിബാൻ ഇന്ത്യയ്ക്ക് എതിരാണെന്നാണ്. അഫ്ഗാനിലുള്ള ഇന്ത്യയുടെ സൗഹൃദ പ്രതീകങ്ങളെല്ലാം തകർക്കുമെന്നാണു പറയുന്നത്. ഇന്ത്യ നിർമിച്ച സൽമ അണക്കെട്ടിനു നേരേ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായി. ഇന്ത്യയ്ക്ക് എതിരായി ചൈന–പാക്കിസ്ഥാൻ–താലിബാൻ സഖ്യം രൂപപ്പെട്ടാൽ വലിയ പ്രശ്നമായി മാറും. അതിർത്തിയിൽ പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധിക്കുന്നതിനൊപ്പം അഫ്ഗാനെയും ഇനി നമ്മൾ കണക്കിലെടുക്കേണ്ടി വരും.

∙ ചൈന–പാക്ക്–താലിബാൻ അച്ചുതണ്ട് ഇന്ത്യയ്ക്ക് എന്തുമാത്രം വെല്ലുവിളിയുയർത്തും?

ഇന്ത്യയ്ക്കെതിരായ താലിബാന്റെ നീക്കത്തെ പിന്തുണച്ച് ചൈന നേരിട്ടു രംഗത്തുവരില്ല, പിന്നിലൂടെ പിന്തുണ കൊടുക്കും. അതുപോലെ റഷ്യയും ഗനിക്കു വേണ്ടി എന്തെങ്കിലും ചെയ്യുമെന്നു കരുതാനാവില്ല. അഫ്ഗാനിലെ ഇന്ത്യയുടെ ആശങ്കകൾ റഷ്യയ്ക്ക് അത്ര പ്രശ്നമല്ലെന്നതുതന്നെ കാരണം. റഷ്യ കൂടുതലും ചൈനയോട് അടുത്താണല്ലോ നിൽക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വരും ദിവസങ്ങളിൽ അമേരിക്കയുടെ ഇടപെടൽ വിജയിച്ചില്ലെങ്കിൽ, തൊണ്ണൂറുകളിലെ സാഹചര്യത്തിലേക്കു മടങ്ങിപ്പോകേണ്ടി വരും. വിദ്വേഷിയായ അഫ്ഗാനോടാണ് ഇന്ത്യ ഇടപെടേണ്ടി വരിക.

പാക്കിസ്ഥാനുമായും ചൈനയുമായുമുള്ള നമ്മുടെ ബന്ധം മോശമായിരിക്കുന്ന അവസ്ഥയിൽ അതു കാര്യങ്ങൾ സങ്കീർണമാക്കും. തൊണ്ണൂറുകളിലേക്കാൾ കൂടുതൽ പ്രശ്നങ്ങളാണ് അഫ്ഗാനുമായി ഇന്ത്യയ്ക്കുണ്ടാവുക. ഇതു മുന്നിൽക്കണ്ടാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ‘അഫ്ഗാന്റെ ഭാവി അതിന്റെ ഭൂതകാലം ആയിക്കൂടാ’ എന്ന് അഭിപ്രായപ്പെട്ടത്. അഫ്ഗാന്റെ ഭാവി ജനം തീരുമാനിക്കണമെന്നും താലിബാൻ ബലം പ്രയോഗിച്ച് അധികാരത്തിലെത്തിയാൽ ആ സർക്കാരിനെ അംഗീകരിക്കില്ലെന്നും അമേരിക്ക പ്രഖ്യാപിച്ചത് എത്രത്തോളം പാലിക്കപ്പെടുമെന്നതിൽ ഇപ്പോൾ ആശങ്കയുമുണ്ട്.

FILES-AFGHANISTAN-US-CONFLICT-PHOTOESSAY
അഫ്ഗാനിലെ യുഎസ് സേന (ഫയൽ ചിത്രം)

∙ അഫ്ഗാനിൽ വൻതോതിലുള്ള നിക്ഷേപങ്ങളും സഹായങ്ങളുമാണ് ഇന്ത്യ നടത്തിയിരുന്നത്. അതെല്ലാം അമേരിക്കയുടെ സാന്നിധ്യം കൂടിയുള്ളതിനാലുമായിരുന്നു. അമേരിക്ക പോകുമ്പോൾ ഇന്ത്യ ഒറ്റപ്പെട്ടു പോവുകയാണോ?

സോവിയറ്റ് യൂണിയന്റെ സമയത്തും ഇതുതന്നെയായിരുന്നു അവസ്ഥ. ഇന്ത്യ സോവിയറ്റിനെ പിന്തുണച്ചു. ഇപ്പോൾ യുഎസിനെയാണു പിന്തുണച്ചത്. ആഭ്യന്തര സ്ഥിതികൾ കൊണ്ടുമാത്രം അഫ്ഗാൻ നിയന്ത്രിക്കപ്പെടാൻ പാടില്ലെന്നതാണ് എല്ലാക്കാലത്തും നമ്മുടെ നിലപാട്. അതുകൊണ്ടാണ് ഇന്ദിരാ ഗാന്ധി 1979 ൽ സോവിയറ്റിനെ പിന്തുണച്ചത്. സോവിയറ്റ് യൂണിയൻ മടങ്ങിപ്പോയപ്പോഴും നമുക്കു തിരിച്ചടിയുണ്ടായി. അതേ സാഹചര്യമാണ് ആവർത്തിക്കപ്പെടാൻ പോകുന്നത്.

അമേരിക്ക ശക്തമായി ഇടപെട്ടില്ലെങ്കിൽ, 1996 ൽ അഫ്ഗാനിലുണ്ടായിരുന്ന സർക്കാരിനെ പോലൊന്നിനെ നേരിടേണ്ടിവരും. ഇത്തവണ അവർക്കു ചൈനയുടെ കൂടി അധികപിന്തുണയുമുണ്ടാകും. ഇന്ത്യയ്ക്കാണെങ്കിൽ, ചൈനയുമായുള്ള ബന്ധങ്ങളെല്ലാം തകർന്നു കിടക്കുകയാണ്. പാക്കിസ്ഥാനെയും അഫ്ഗാനിലെ താലിബാനെയും ചൈന തുറന്നു പിന്തുണയ്ക്കാനാണു സാധ്യത. അതോടെ കശ്മീരിലെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകും.

indira-gandhi-3
ഇന്ദിര ഗാന്ധി (ഫയൽ ചിത്രം)

∙ ഇന്ത്യയുടെ ആശങ്ക അമേരിക്ക കണക്കിലെടുക്കാൻ ഇനി സാധ്യതയുണ്ടോ?

ഉണ്ട്, അമേരിക്കയിലാണ് ഇപ്പോൾ നമ്മൾ പ്രതീക്ഷ വയ്ക്കുന്നത്. ഇടയ്ക്കിടയ്ക്കു വിഷയം യുഎസിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നുമുണ്ട്. ഇന്ത്യയെ അമേരിക്ക പരിഗണിക്കുകയും ചെയ്യും. എന്നാൽ ജോ ബൈഡനു പാക്കിസ്ഥാനോട് ചെറിയൊരു ചായ്‌വുണ്ട്. ഈ വിഷയത്തിൽ ചൈനയോടും റഷ്യയോടും ഏറ്റുമുട്ടാൻ ബൈഡനു താൽപര്യവുമില്ല. അഫ്ഗാനിൽ ഭീകരവാദം ഇല്ലാതാക്കാൻ വേണ്ടിയാണു യുഎസ് വന്നത്. അവർക്കവിടെ മറ്റു താൽപര്യങ്ങളില്ലതാനും.

ഇത്ര മതി എന്നു പറഞ്ഞാണ് അമേരിക്ക പിന്മാറിയത്. അതിനാൽത്തന്നെ സജീവമായ യുഎസ് ഇടപെടലിനു പകരം താൽക്കാലിക പരിഹാരത്തിനു ശ്രമമുണ്ടായേക്കാം. അതു പരാജയപ്പെടാനുമാണു സാധ്യത. ഇന്ത്യയ്ക്കാണ് ഇതിന്റെയെല്ലാം വലിയ പ്രത്യാഘാതം ഉണ്ടാകാൻ പോകുന്നത്. അതിനാലാണു നമ്മുടെ വിദേശകാര്യമന്ത്രി ഇറാനിലും റഷ്യയിലും ഷാങ്ഹായി കോർപറേഷൻ കൗൺസിലിലും പോയതും അവിടെയെല്ലാം വിഷയത്തിന്റെ ഗൗരവം ഉന്നയിച്ചതും.

Bomb Blast In Afghanistan Photo by HOSHANG HASHIMI / AFP
അഫ്ഗാനിലുണ്ടായ ബോംബാക്രമണത്തിൽ തകർന്ന വീട് (ഫയൽ ചിത്രം)

താലിബാൻ വന്നാൽ ഇന്ത്യയ്ക്കു മാത്രമല്ല, അഫ്ഗാൻ ജനതയ്ക്കും പ്രയാസമാണ്. സ്വാതന്ത്ര്യമില്ല, പാട്ടില്ല, നൃത്തമില്ല, സ്ത്രീകൾക്കു വിദ്യാഭ്യാസമില്ല, വസ്ത്രധാരണത്തിൽ പോലും നിയന്ത്രണങ്ങൾ വരും. മനുഷ്യത്വമില്ലാത്ത രാജ്യമായി പോകുമത്. ഈ വിഷയങ്ങളെല്ലാം ഇന്ത്യ രാജ്യാന്തര വേദികളിൽ ഉന്നയിച്ചിട്ടുണ്ട്.

S Jaishankar Photo: @DrSJaishankar / Twitter
എസ്.ജയ്‌ശങ്കർ (ഫയൽ ചിത്രം)

∙ യുഎസ് പിന്മാറ്റത്തെ എതിർത്ത പ്രധാന ശബ്ദങ്ങളിലൊന്നു മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ആയിരുന്നു. അദ്ദേഹം തുടങ്ങിവച്ചതിനാലായിരിക്കുമോ വിമർശിച്ചത്?

2001 സെപ്റ്റംബർ 11ന്‌ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരരെ അമർച്ച ചെയ്യാൻ അഫ്ഗാനിലേക്കു സൈന്യത്തെ അയച്ചത് അന്നു പ്രസിഡന്റായിരുന്ന ബുഷ് ആണ്. ‘അഫ്ഗാൻ സ്ത്രീകളും പെൺകുട്ടികളും പറഞ്ഞറിയിക്കാനാവാത്ത ദുരിതം നേരിടാൻ പോകുന്നു. ഇതു തെറ്റാണ്. ക്രൂരരായ താലിബാൻ സാധാരണക്കാരായ ജനങ്ങളെ കശാപ്പ് ചെയ്യും’– എന്നായിരുന്നു ബുഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

യുഎസ് ഭീകരാക്രമണം ആസൂത്രണം ചെയ്ത അല്‍ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദനെ വേട്ടയാടാനാണ് അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യസേന അഫ്ഗാനിലെത്തിയത്. ലാദനെ കൈമാറാന്‍ താലിബാന്‍ തയാറാകാതിരുന്നതോടെ അവരുടെ ചെറുവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും സഖ്യസേന തകര്‍ത്തു. പിന്നാലെ താലിബാന്‍ സൈന്യം പലായനം ചെയ്തു.

George W. Bush Photo by Cliff Hawkins / GETTY IMAGES NORTH AMERICA / Getty Images via AFP
ജോർജ് ഡബ്ല്യു.ബുഷ് (ഫയൽ ചിത്രം)

‌യുഎസ് പെട്ടെന്നു പിന്മാറുന്നതിനെയും അതിനെ തുടർന്ന് അഫ്ഗാനിൽ താലിബാന്റെ മേൽക്കൈ തിരിച്ചു വരുന്നതിനെയും ഒരുപോലെ വിമർശിക്കുകയാണ് ബുഷ് ചെയ്തിരിക്കുന്നത്. അഫ്ഗാനിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ അമേരിക്കയല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

∙ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ വിദേശനയം, പ്രത്യേകിച്ചും അഫ്ഗാനുമായി ബന്ധപ്പെട്ടത് ഏതു തരത്തിലാണു നിലവിലെ സാഹചര്യത്തെ സ്വാധീനിക്കുക?

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, മോദി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചുകഴിഞ്ഞു. നിങ്ങൾ താലിബാനുമായി ചർച്ചയ്ക്കു തയാറാണ്, എന്തുകൊണ്ടാണു പാക്കിസ്ഥാനുമായി സംസാരിക്കാത്തത് എന്നാണു മെഹബൂബ ചോദിച്ചത്. പാക്കിസ്ഥാനുമായും ചർച്ച തുടങ്ങിവയ്ക്കണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു മുഫ്തി ആവശ്യപ്പെട്ടിട്ടുള്ളത്. രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്നു റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇന്ത്യ നിലപാടു മാറ്റിയിട്ടില്ല.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ പല രാജ്യങ്ങളിൽവച്ചു ചർച്ചകൾ നടത്തിയതായി വാർത്തകളുണ്ട്. പല അഭിപ്രായങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ടെങ്കിലും മോദി വ്യക്തമായി ഒന്നിനോടും പ്രതികരിച്ചിട്ടില്ല. താലിബാനെ ഉൾപ്പെടുത്തിയുള്ള സർക്കാർ അഫ്ഗാനിൽ വരുന്നതിനോട് എതിർപ്പില്ലെന്ന തരത്തിൽ ഒത്തുതീർപ്പിനു തയാറാണെന്ന സന്ദേശമാണു ജയ്ശങ്കർ യോഗങ്ങളിൽ നൽകുന്നതെന്നാണു മനസ്സിലാക്കുന്നത്.

Narendra Modi (Photo - PIB)
നരേന്ദ്ര മോദി

∙ താലിബാന് എന്തുകൊണ്ടാണ് ഇന്ത്യയോട് ഇത്ര വിദ്വേഷം?

ചരിത്രം ഇടയ്ക്കിടെ ആവർത്തിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഒരു രാജ്യത്തിനും ഇതുവരെ അവരെ കീഴടക്കാൻ കഴിഞ്ഞിട്ടില്ല. അതിനു ശ്രമിച്ച എല്ലാ വൻശക്തികളും ഒടുവിൽ പിന്മാറി. ഗോത്രത്തലവന്മാരും യുദ്ധപ്രഭുക്കന്മാരും ആധിപത്യത്തിനായി നടത്തിയ പോരാട്ടങ്ങൾ മേഖലയിലെ സമാധാനം തകിടംമറിക്കുമെന്നായപ്പോഴാണ് 1979 ൽ സോവിയറ്റ് യൂണിയൻ ഇടപെട്ടത്. 10 വർഷത്തിനപ്പുറം സോവിയറ്റിനു മുന്നോട്ടുപോകാൻ കഴിഞ്ഞില്ല.

യുഎസ് ചേരിയുടെ പിന്തുണയോടെ ദേശീയവാദി ഗോത്രവിഭാഗങ്ങളും മതതീവ്രവാദികളും നടത്തിയ ചെറുത്തുനിൽപിനു മുന്നിൽ അവർക്കു പിന്മാറേണ്ടിവന്നു. തുടർന്ന് ആധിപത്യം നേടിയ മതതീവ്രവാദികൾ യുഎസിനെ ആക്രമിക്കുന്നതാണു പിന്നീടു കണ്ടത്. മുജാഹിദ്ദീനെ ആയുധമണിയിച്ചു സോവിയറ്റ് സേനയെ പുറത്താക്കിയശേഷം, 2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേ‍ഡ് സെന്റർ ആക്രമിക്കപ്പെടുന്നതുവരെ അഫ്ഗാന്റെ കാര്യം യുഎസ് അത്ര ശ്രദ്ധിച്ചിരുന്നില്ല.

സോവിയറ്റ് യൂണിയൻ അഫ്ഗാനിൽ പോയപ്പോൾ, കമ്യൂണിസ്റ്റ് രാജ്യമല്ലാത്ത ഒറ്റ രാഷ്ട്രമേ അതിനു പിന്തുണച്ചുള്ളൂ. അത് ഇന്ത്യയാണ്. സോവിയറ്റിന്റെ പിന്തുണക്കാർ എന്നതാണ് ഇന്ത്യയോടുള്ള ശത്രുതയ്ക്കു താലിബാനെ പ്രകോപിപ്പിച്ച ആദ്യ ഘടകം. പിന്നീട്, അമേരിക്ക അഫ്ഗാനിൽ എത്തിയപ്പോഴും ഇന്ത്യ പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയ്ക്കെതിരായ പഴയ വിരോധം കൂടുതൽ തീവ്രതയോടെ തുടർന്നു കൊണ്ടേയിരിക്കുന്നു. അഫ്ഗാനുമായി അടുപ്പം പുലർത്തുമ്പോഴും താലിബാനുമായി നമുക്കു ബന്ധമില്ലെന്നതും ശ്രദ്ധേയമാണ്.

BINLADEN/
2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേ‍ഡ് സെന്റിലുണ്ടായ ഭീകരാക്രമണം (ഫയൽ ചിത്രം)

∙ യുഎസ് പിന്മാറ്റത്തിനുശേഷമുള്ള താലിബാന്റെ അപ്രതീക്ഷിത ഉയർച്ചയിൽ ചൈന അസ്വസ്ഥരാണെന്നു നിരീക്ഷണമുണ്ടല്ലോ?

അങ്ങനെ തോന്നുന്നില്ല. സേനയെ പൂർണമായി പിൻവലിക്കുന്ന യുഎസ് തീരുമാനത്തെ ചൈന കുറ്റപ്പെടുത്തിയിരുന്നു എന്നതു ശരിയാണ്. എന്നാൽ, വികസനത്തിനു ചൈനയുടെ സഹായം വേണമെന്നു താലിബാൻ പറഞ്ഞുകഴിഞ്ഞു. ബിആർഐയുടെ (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് അഥവാ വൺ ബെൽറ്റ് വൺ റോഡ്) കാര്യമാണ് അവർ ഉദ്ദേശിച്ചത്. താലിബാൻ പിന്തുണ കൂടിയാകുമ്പോൾ ബിആർഐ ദുർബലമാവുകയല്ല, ശക്തിപ്പെടുകയാണു ചെയ്യുക. ഫലത്തിൽ ചൈനയ്ക്കു നഷ്ടമൊന്നും വരാൻ പോകുന്നില്ല.

∙ അഫ്ഗാനിലേക്കുള്ള യുഎസിന്റെ വരവും മടങ്ങിപ്പോക്കും അമേരിക്കയ്ക്കും ലോകത്തിനും എന്തു മാറ്റങ്ങളുണ്ടാക്കുമെന്നാണു കരുതുന്നത്?

സ്വന്തം രാജ്യത്തെ ഭീകരത അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു യുഎസ് വന്നത്. അതിൽ അവർ വിജയിച്ചെന്നു പറയാം. പക്ഷേ അഫ്ഗാനിലെ കാര്യങ്ങളിൽ പൂർണമായി വിജയം അവകാശപ്പെടാനാകാതെ, ഒളിച്ചോടിപ്പോയി എന്നൊരു പ്രതീതി ഇപ്പോഴുണ്ടായിട്ടുണ്ട്. വിജയപ്രഖ്യാപനം നടത്തി പിൻവാങ്ങണമെന്ന അവരുടെ ആഗ്രഹം നടന്നില്ല. അതു മാറ്റാൻ കഴിഞ്ഞാൽ നല്ലതെന്നു മാത്രം. പിന്മാറിയാലും കുറച്ചൊക്കെ സഹായിച്ചാൽ താലിബാന്റെ വരവ് ഒരു വർഷത്തേക്കെങ്കിലും താമസിപ്പിക്കാമായിരുന്നെന്ന സാധ്യതയുമുണ്ട്.

അയൽ രാജ്യമായ ഇറാന് അഫ്ഗാനിസ്ഥാനോട് അനുകൂല നിലപാടാണ്. ആണവവിഷയത്തിൽ യുഎസുമായുള്ള സംഘർഷത്തിനു പിന്നാലെ, ചൈനയുമായി നല്ല ബന്ധമുണ്ടാക്കാനാണ് ഇറാന്റെ ശ്രമം. ഇറാൻ ബന്ധത്തിൽ, ഇന്ത്യ കൂടുതലായും യുഎസ് താൽപര്യങ്ങൾക്ക് അനുസൃതമായ നിലപാടുകളാണു സ്വീകരിച്ചത്. ചൈനയ്ക്ക് അനുകൂലവും അമേരിക്കാവിരുദ്ധവുമായ നിലപാടുകളാണു റഷ്യയും ഇറാനും സ്വീകരിക്കുക. ഇവരിൽനിന്ന് ഇന്ത്യയ്ക്ക് ഒന്നും പ്രതീക്ഷിക്കാനാവില്ല.

Taliban and Islamic State Militants
പിടിയിലായ താലിബാൻ, ഐഎസ് ഭീകരർ (ഫയൽ ചിത്രം)

താലിബാനെ പോലെ തീവ്രനിലപാടുള്ളവർ ഒരു രാജ്യത്തെ ഭരണം ഏറ്റെടുക്കുന്നതു ലോകത്താകെ ഭീകരസംഘങ്ങൾക്ക് ഉണർവേകുന്ന നീക്കമാകും. അൽ ഖായിദയുമായുള്ള ബന്ധം അവസാനിപ്പിക്കും, ഭീകര പ്രവർത്തനത്തിൽ ഏർപ്പെടില്ല തുടങ്ങിയ ഉടമ്പടികൾ അനുസരിക്കാമെന്നു യുഎസിനു താലിബാൻ ഉറപ്പു കൊടുത്തെന്നാണു റിപ്പോർട്ടുകൾ. നടപ്പാകുമോ എന്നു കണ്ടറിയേണ്ടതാണ്. ഇപ്പോഴത്തെ സ്ഥിതി നോക്കിയാൽ ഇന്ത്യയ്ക്കു ഗുരുതര പ്രശ്നങ്ങളുണ്ടാകും. ഭീകരവാദം വർധിക്കും.‍ പാക്കിസ്ഥാനും ചൈനയും കൂടുതൽ പ്രകോപനം സൃഷ്ടിക്കും. താലിബാന്റെ വരവിലൂടെ നെഗറ്റീവ് ഇംപാക്ടാണു പൊതുവേ ഉണ്ടാവുകയെന്നാണു വിലയിരുത്തുന്നത്.

English Summary: Former Ambassador TP Sreenivasan talks about US withdrawal from Afghanistan and its impact on India- Exclusive Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA