മൂന്നാം തരംഗത്തിലേക്ക് തയാറെടുത്ത് ഇന്ത്യ; വീണ്ടും ശ്വാസംമുട്ടിക്കുമോ കോവിഡ്?

covid-india
ന്യൂഡൽഹിയിലെ വാക്സിനേഷൻ സെന്ററിൽനിന്നുള്ള ദൃശ്യം. ചിത്രം: Prakash SINGH / AFP
SHARE

കോവിഡിന്റെ ആദ്യ തരംഗത്തിൽ വെന്റിലേറ്ററുകൾക്കു വേണ്ടിയുള്ള പരക്കംപാച്ചിലിലായിരുന്നു ഇന്ത്യ. വെന്റിലേറ്റർ‍ ഉപയോഗത്തിനു പ്രധാനമായും വിദേശ കമ്പനികളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം വല്ലാത്ത പരിഭ്രമത്തിലേക്കു വീണു. പതിയെ തദ്ദേശീയ വെന്റിലേറ്റർ ഉൽപാദനത്തിലേക്കും ഇന്ത്യ കടന്നു. എന്നാൽ, ഈ വെന്റിലേറ്റർ ഒരു പരിഹാരമായിരുന്നോ എന്ന ചോദ്യത്തിനു മുന്നിൽ ഇന്ത്യയ്ക്കു തലതാഴ്ത്തേണ്ടി വരും. ഗുണത്തെക്കാൾ ഏറെ ദോഷമാണ് കോവിഡിന്റെ ഒന്നാം തരംഗത്തിൽ വെന്റിലേറ്ററുകൾ നൽകിയത്. ദീർഘനാളത്തെ വെന്റിലേറ്റർ ജീവിതം രോഗികളെ കൂടുതൽ ക്ഷീണിപ്പിച്ചു. പലരുടെയും ജീവനെടുത്തു. ഇതൊരു പാഠമായിരുന്നു.

ഉടനടി വെന്റിലേറ്ററിലേക്കു മാറ്റാതെ, ഓക്സിജൻ സഹായികളെ ആശ്രയിക്കുന്നതാകും കൂടുതൽ ഉചിതമെന്ന പാഠം കോവിഡിന്റെ ഒന്നാം തരംഗത്തോടെ ആരോഗ്യവിദഗ്ധർ മനസ്സിലാക്കി. അറ്റക്കൈ പ്രയോഗമെന്ന നിലയ്ക്കു മാത്രം വെന്റിലേറ്റർ എന്നതായി കോവിഡ് ചികിത്സയിലെ സൂത്രവാക്യം. ഇതിനുതക്ക രീതിയിൽ പക്ഷേ, സർക്കാർ തയാറെടുക്കാതെ വന്നതോടെ രണ്ടാം തരംഗത്തിലും രാജ്യത്തിനു തിരിച്ചടി നേരിടേണ്ടി വന്നു. ഓക്സിജൻ ആവശ്യം കൂടുകയും മതിയായ അളവിൽ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രികളിൽ ലഭിക്കാതെ വരികയും ചെയ്തതാണ് രണ്ടാം കോവിഡ് തരംഗത്തിൽ ഇന്ത്യയെ ശ്വാസംമുട്ടിച്ചതും അനേകം ജീവനുകളെടുത്തതും.ഇത്തരം തിരിച്ചറിവുകളും അതിനൊത്ത ഒരുക്കങ്ങളുമാണ് സ്വാഭാവികമായും കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആലോചനകളിലും വേണ്ടത്. ഇനിയൊരു തരംഗം ഉണ്ടായാലും ഇല്ലെങ്കിലും നാം തയാറായേ മതിയാവൂ എന്ന അവസ്ഥയിലാണ് കോവിഡ് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്.

കൈവിട്ടു കളഞ്ഞ സർക്കാർ

ഒന്നാം തരംഗം കൊണ്ടു കാര്യങ്ങൾ അവസാനിച്ചുവെന്നു കരുതിയിരിക്കെ, ആഞ്ഞടിച്ച കോവിഡ് തരംഗത്തിൽ ആളുകൾ ഭയന്നുപോയതാണ് മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ സ്ഥിതി വഷളാക്കിയതിലെ ഒരു കാരണം. ഒരാവശ്യവുമില്ലാതെ ആളുകൾ ആശുപത്രിയിലെത്തുന്നതും കിടക്കകളും മുറിയും ബുക്ക് ചെയ്ത് ആശുപത്രിയിൽ കഴിയുന്നതും ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ നാം കണ്ടു. ഇത്, ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ അനേകായിരങ്ങൾക്ക് അവശ്യനേരത്ത് ഓക്സിജൻ സിലിണ്ടറോ ആശുപത്രിക്കിടക്കയോ കിട്ടാത്ത സ്ഥിതിയുണ്ടാക്കി. ചുരുക്കത്തിൽ ആശുപത്രി സംവിധാനമാകെ തകർന്നു.

covid-oxygen
ഓക്‌സിജൻ ക്ഷാമം രൂക്ഷമായ രണ്ടാം തരംഗത്തിനിടെ ഡൽഹിയിൽ നിന്നുള്ള കാഴ്‌ച. ചിത്രം: പിടിഐ

ആളുകൾ ഭയപ്പെട്ടുവെന്നതാണ് രണ്ടാം തരംഗത്തിന്റെ തീവ്രത വർധിപ്പിച്ച ഒരു ഘടകം. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന അന്വേഷണത്തിൽ പ്രധാന പ്രതി സർക്കാരാണ്. കോവിഡ് കേസുകൾ കുറഞ്ഞതോടെ സർക്കാരും ജാഗ്രത കൈവിട്ടു. തയാറെടുപ്പുകളും കോവിഡ് ചികിത്സാരംഗത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ കിട്ടിയ സമയവും അവർ പാഴാക്കി. കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഉദാഹരണത്തിന്, കോവിഡ് ആദ്യ തരംഗം പാരമ്യത്തിലായിരുന്ന 2020 ഒക്ടോബറിൽ 150 ഓക്സിജൻ പ്ലാന്റുകൾക്ക് അനുമതി കൊടുത്ത സർക്കാർ, ഏപ്രിൽ ആകുമ്പോഴേക്കും (രണ്ടാം തരംഗത്തിന്റെ പാരമ്യത്തിൽ) പ്രവർത്തന സജ്ജമാക്കിയത് 33 എണ്ണം മാത്രമായിരുന്നു.

പാഠം പഠിച്ച സർക്കാർ

മൂന്നാം തരംഗം മുന്നിൽക്കണ്ടു അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ മുന്നൊരുക്കം നടത്തുന്നുവെന്ന വാർത്ത ഈ ദിവസങ്ങളിൽ പുറത്തു വന്നു. വാക്സീൻ കുത്തിവയ്പ് ഉൾപ്പെടെ മറ്റു പല കാരണങ്ങൾ കൊണ്ടും ഇനിയൊരു കോവിഡ് തരംഗം കാര്യമായ നാശം വിതയ്ക്കില്ലെന്നാണു വിദഗ്ധരുടെ പക്ഷം. അപ്പോഴും തയാറെടുപ്പ് അനിവാര്യമാണെന്നതിൽ ആർക്കും തർക്കമില്ല. ഇതിനുള്ള ആദ്യ പടിയാണ് ആരോഗ്യമേഖലയ്ക്കായി കേന്ദ്രം അനുവദിച്ച 23,123 കോടി രൂപ.

covid-vaccine
മുംബൈയിൽ വാക്സിനേഷൻ സെന്ററിൽ വാക്സീൻ സ്റ്റോക്കില്ലെന്ന അറിയിപ്പ്. ജൂലൈ 9ലെ ചിത്രം: Punit PARANJPE / AFP

ആരോഗ്യമേഖലയിലെ മുൻഗണനാ വിഷയങ്ങളിലും മാറ്റം കൊണ്ടുവരാനാണ് പുതിയ പാക്കേജിലൂടെ കേന്ദ്രം ശ്രദ്ധിക്കുന്നത്. ഈ പാക്കേജ് വഴിയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്ന സമയം 9 മാസമാണ്. അതായത് 2022 മാർച്ചിനു മുൻപ് ഇതിലെ മാറ്റങ്ങൾ രാജ്യത്തു പ്രതിഫലിക്കണം. 2.4 ലക്ഷം അധിക ആശുപത്രി കിടക്കകൾ സജ്ജമാക്കുമെന്നാണു കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിനു പുറമേ, 20,000 ഐസിയു കിടക്കകളും ലഭ്യമാകും.

സംസ്ഥാനങ്ങളിലെ മാറ്റം

അനുവദിച്ച തുകയിലെ 15,000 കോടി രൂപ സംസ്ഥാനങ്ങൾക്കു കൈമാറാനാണ്. 8000 കോടി രൂപ നേരിട്ടു കേന്ദ്രം ചെലവിടും. അതിന്റെയും ഗുണഫലം സംസ്ഥാനങ്ങൾക്കു തന്നെയായിരിക്കും. പിഎം കെയർ വഴി അനുവദിച്ച ഓക്സിജൻ പ്ലാന്റുകൾ നിശ്ചിത സമയപരിധി നിശ്ചയിച്ചു പൂർത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക ദൗത്യ മാതൃകയിൽ പദ്ധതി തയാറാക്കണം. ഇതിനായി സംസ്ഥാന തലത്തിൽ പ്രത്യേക നോഡൽ ഓഫിസറെ നിയോഗിക്കണമെന്നു പ്രധാനമന്ത്രി നേരിട്ടു മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ആകെ അനുവദിച്ച 332 ഓക്സിജൻ പ്ലാന്റുകളിൽ 53 എണ്ണമാണ് ഇതുവരെ പൂർത്തിയായത്.

oxygen-plant-malappuram
മലപ്പുറത്തെ ഓക്‌സിജൻ പ്ലാന്റ്. ചിത്രം: മനോരമ

കുട്ടികൾക്കും കരുതൽ

രണ്ടാം കോവിഡ് തരംഗം കുട്ടികളെ കാര്യമായി ബാധിക്കുമെന്നു വിദഗ്ധരിൽ ചിലരെങ്കിലും മുന്നറിയിപ്പു നൽകുന്ന പശ്ചാത്തലത്തിൽ ഇതുകൂടി മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾക്കാണു സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തെ 736 ജില്ലകളിലും പ്രത്യേക ശിശു സംരക്ഷണ യൂണിറ്റുകൾ സ്ഥാപിക്കാനാണ് ശ്രമം. എല്ലാ സംസ്ഥാനങ്ങളിലും പീഡിയാട്രിക് സെന്റർ ഓഫ് എക്സലൻസ്, ഐസിയുകളിൽ, കുട്ടികൾക്കായി 20% കിടക്കകൾ തുടങ്ങിയവയും കോവിഡ് ഒരുക്കങ്ങളുടെ കൂടി ഭാഗമാണ്.

മരുന്നു സംഭരണം

ഫലപ്രാപ്തി ഉറപ്പിച്ചിട്ടില്ലെങ്കിലും രണ്ടാം തരംഗത്തിനിടെ ഏറ്റവുമധികം വേണ്ടിവന്ന റെംഡെസിവിർ, ഫാവിപിരാവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകൾ മുതൽ പാരസെറ്റമോൾ, വൈറ്റമിൻ, ആന്റിബയോട്ടിക് തുടങ്ങിയവയുടെ വരെ അധികലഭ്യത ഉറപ്പാക്കാൻ മരുന്നുകമ്പനികൾക്കും നിർദേശം നൽകി. 50 ലക്ഷം റെംഡിസിവിർ ഇ‍ൻജക്‌ഷനുകൾക്ക് കേന്ദ്ര സർക്കാർതന്നെ ഓർഡർ നൽകിയെന്നാണ് വിവരം.

covid-medicine
റെംഡിസിവിർ ഡ്രഗ് വാങ്ങാൻ ഗവൺമെന്റ് മരുന്നുകടയുടെ മുൻപിൽ ക്യൂ നിൽക്കുന്ന ജനം. ചെന്നൈയിലെ കാഴ്‌ച. ചിത്രം: Arun SANKAR / AFP

വാക്സീൻ കമ്പനികൾക്കെന്ന പോലെ മരുന്നുകമ്പനികൾക്കും മുൻകൂർ പണം നൽകുന്ന രീതിയും കേന്ദ്രം നടപ്പാക്കുന്നു. ഇക്കാര്യങ്ങൾക്കായി ഫാർമസ്യൂട്ടിക്കൽസ് മന്ത്രാലയം മരുന്നു കമ്പനികളുടെ പ്രത്യേകം യോഗം വിളിച്ചു. കോവിഡ് മരുന്നുകൾക്കു പുറമേ, ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ മരുന്നിന്റെ നിർമാണ അനുമതി കാര്യത്തിൽ കമ്പനികൾക്ക് കൂടുതൽ ഇളവുണ്ടാകുമെന്ന സൂചനയും സർക്കാർ നൽകിയിട്ടുണ്ട്. ‌മരുന്നു മുൻകൂർ സംഭരിക്കാൻ ചില സംസ്ഥാനങ്ങളും ഉൽപാദക കമ്പനികളുമായി നേരിട്ടു ബന്ധപ്പെടുന്നുമുണ്ട്.

ഇതു മതിയാകുമോ?

പുലി വരുന്നേ പുലി എന്ന് പലവട്ടം കേൾക്കുമ്പോഴുള്ള ജാഗ്രതക്കുറവു പോലെയാണ് കോവിഡിന്റെ കാര്യവും. ആളുകൾക്കെന്ന പോലെ സർക്കാരിനും പിടിവിട്ടുപോകുമ്പോൾ ശരിക്കും കോവിഡ് പ്രശ്നമാകുന്ന സ്ഥിതി. ഇതിനെതിരെ ആളുകൾക്ക് ചെയ്യാവുന്നത് മാസ്ക്കും ശുചിത്വവും സാമൂഹികാകലവും പോലെ ജാഗ്രതാ നടപടികളാണ്.

covid-amritsar
അമൃത്‌സറില്‍നിന്നുള്ള ദൃശ്യം. ചിത്രം: NARINDER NANU / AFP

സർക്കാരിനു ചെയ്യാവുന്നത് കോവിഡ് പരിശോധന, ഏറ്റവും പെട്ടെന്നു ചികിത്സ, സമ്പർക്കരോഗികളെ കണ്ടെത്തൽ തുടങ്ങിയവയും. ഇക്കാര്യത്തിലെ വീഴ്ചയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് അർഥം. കോവിഡ് പരിശോധനയിൽ വരുത്തുന്ന കുറവു ശ്രദ്ധിച്ചാൽ മതിയാകും. ഒരു ഘട്ടത്തിൽ പ്രതിദിനം 20 ലക്ഷത്തിനടുത്തേക്ക് എത്തിയ കോവിഡ് പരിശോധന പ്രതിദിനം 5 ലക്ഷത്തിലേക്ക് താഴ്ന്ന ഘട്ടത്തിലായിരുന്നു രണ്ടാം കോവിഡ് തരംഗം.

കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്തില്ലെങ്കിലും തൽക്കാലം കോവിഡ് പരിശോധന നിർത്താൻ സമയമായിട്ടില്ലെന്ന് ചുരുക്കം. ഒപ്പം, കൂടുതൽ പേരിൽ വാക്സീൻ ലഭ്യത ഉറപ്പാക്കി, സമൂഹത്തിനു പൊതുവിൽ ലഭിക്കുന്ന പ്രതിരോധമായ ‘ഹേർഡ് ഇമ്യൂണിറ്റിയിലേക്ക്’ എത്തിയാൽ ഇനിയൊരു വൈറസ് വ്യാപനത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിയുമെന്നു വിദഗ്ധരും ഉറപ്പിക്കുന്നു.

English Summary: Amid Threat of Covid Third Wave, Is India Ready to Face the Upcoming Health Challenges?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA