രാജിവച്ചെങ്കിലും യെഡിയൂരപ്പയ്ക്ക് ‘തുടർച്ച’; വരുന്നത് വിശ്വസ്തൻ ബസവരാജ് ബൊമ്മെ

HIGHLIGHTS
  • രാജിക്കു മുൻപു പൊഴിച്ച കണ്ണീർ വീണ്ടും ചിരിക്കാനെന്നു തെളിയിച്ചു രാഷ്ട്രീയ ഭീഷ്മാചാര്യൻ
Yediyurappa-Basavaraj-Bommai-1
ബി.എസ്.യെഡിയൂരപ്പ, ബസവരാജ് ബൊമ്മെ (ചിത്രങ്ങൾ: PTI/ Twitter)
SHARE

രാജിവച്ചെങ്കിലും, കർണാടക ഭരണത്തിൽ ലിംഗായത്ത് സമുദായത്തിന്റെ പിടി അരക്കിട്ടുറപ്പിച്ചു ബി.എസ്.യെഡിയൂരപ്പ. തന്റെ അടുത്ത വിശ്വസ്തനായ ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിപദത്തിലേക്കു കൈപിടിച്ചുയർത്തുമ്പോൾ യെഡിയൂരപ്പയെന്ന ‘രാഷ്ട്രീയ ഭീഷ്മാചാര്യൻ’ ഉറപ്പാക്കുന്നത് ഒരുതരത്തിൽ തുടർഭരണം തന്നെ. കർണാടകയിൽ ബിജെപി എന്ന പാർട്ടിയെ പടുത്തുയർത്തിയതിനു താനൊഴുക്കിയ വിയർപ്പും പ്രയത്നവും അങ്ങനെ വൃഥാവിലാകാൻ വിടില്ലെന്ന മുന്നറിയിപ്പു നൽകുകയാണു യെഡിയൂരപ്പ. അങ്ങനെ മറ്റൊരു മുഖ്യമന്ത്രിയുടെ മകൻ കൂടി കർണാടകയിൽ മുഖ്യമന്ത്രിപദത്തിലേക്ക്.

ആരാണ് ബസവരാജ് ബൊമ്മെ?

ജനതാദളിന്റെ ലിംഗായത്ത് മുഖവും കർണാടകയുടെ കരുത്തനായ മുഖ്യമന്ത്രിയുമായിരുന്ന എസ്.ആർ.ബൊമ്മെയുടെ മകനാണു ബസവരാജ് ബൊമ്മെ. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയും മകൻ എച്ച്.ഡി.കുമാരസ്വാമിയും കർണാടകയിൽ മുഖ്യമന്ത്രിമാരായ പിതാവും പുത്രനുമാണ്. ദേവെഗൗഡയുടെ കൗശല രാഷ്ട്രീയത്തിനു പിടികൊടുക്കാതെ അദ്ദേഹത്തിന്റെ ജനതാദൾ വിട്ടു ജനതാദൾ (യു)വിലേക്കു പോയ നേതാവാണു ബൊമ്മെ. പിതാവിന്റെ പാർട്ടിയിൽതന്നെയായിരുന്നു ബസവരാജും തുടക്കത്തിൽ.

Basavaraj-Bommai-1
ബസവരാജ് ബൊമ്മെ. ചിത്രം: PTI

കർണാടക നിയമനിർമാണ സഭയിലെ ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ 1998ലും 2004ലും ധാർവാർഡ് ജില്ലയിൽനിന്ന് അംഗമായ അദ്ദേഹം 2008ലാണു ജനതാദൾ (യു) വിട്ടു യെഡിയൂരപ്പയ്ക്കൊപ്പം ചേർന്നത്. അന്നു വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗോണിൽ ബിജെപി ടിക്കറ്റിൽ സ്ഥാനാർഥിയുമായി. 2008ൽ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിയിച്ച ചരിത്രപരമായ തിരഞ്ഞെടുപ്പിൽ ഷിഗോൺ ബസവരാജിനും വിജയം നൽകി. 2013ലും 2018ലും ബൊമ്മെ തുടർച്ചയായി അവിടെനിന്നു വിജയിച്ചു. കന്നിവിജയത്തിൽതന്നെ വിശ്വസ്തനു യെഡിയൂരപ്പ മന്ത്രിപദവും നൽകി. പിന്നീട് എല്ലാ ബിജെപി മന്ത്രിസഭകളിലും ജൂനിയർ ബൊമ്മെയെ യെഡിയൂരപ്പ കൂടെക്കൂട്ടി.

സഹകരണം, ജലവിഭവം, കായികം തുടങ്ങിയ വകുപ്പുകൾ ൈകകാര്യം െചയ്തിട്ടുള്ള ബസവരാജ് നിലവിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ബി.എസ്.യെഡിയൂരപ്പയുടെ വിശ്വസ്തരായ ലിംഗായത്ത് നേതാക്കൾ ബിജെപിയിൽ വേറെയുമുണ്ടായിരുന്നു. അവരിൽതന്നെ ഏറ്റവും വിശ്വസ്തനാണു യെഡിയൂരപ്പ ബാറ്റൺ കൈമാറുന്നത്. ഒരുപക്ഷേ ഈ മന്ത്രിസഭയുടെ കാലാവധി തീരും മുൻപു വീണ്ടുമൊരങ്കത്തിനു തനിക്ക് അവസരം വന്നാൽ മാറിത്തരുന്നയാളായിട്ടാകും യെഡിയൂരപ്പ ബസവരാജിനെ കാണുക.

മുൻപു സദാനന്ദ ഗൗഡയ്ക്കു ഭരണം വിട്ടുനൽകിയതിനെത്തുടർന്നുണ്ടായ കാര്യങ്ങളും താൻ കെട്ടിപ്പടുത്ത പാർട്ടിയെ വിട്ടു കെജെപിയെന്ന പാർട്ടി രൂപീകരിക്കേണ്ടിവന്നതും അദ്ദേഹം ഓർക്കുന്നുണ്ടാകും. തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ യെഡിയൂരപ്പയില്ലാത്ത ബിജെപിക്ക് അടിതെറ്റി. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

B.S. Yediyurappa
രാജിപ്രഖ്യാപനം നടത്തുമ്പോൾ വിതുമ്പുന്ന യെഡിയൂരപ്പ.

ചിരിക്കാനായി പൊഴിച്ച കണ്ണീർ

തിങ്കളാഴ്ച രാജി പ്രഖ്യാപിക്കുമ്പോൾ പൊഴിച്ച കണ്ണുനീർ കണ്ടു ചിരിച്ച എതിരാളികൾക്കു ചിരിയുടെ ഒരുദിനം മാത്രം സമ്മാനിച്ചാണു യെഡിയൂരപ്പ ചിരി വീണ്ടും തന്റേതാക്കി മാറ്റുന്നത്. ഭരണം ലിംഗായത്ത് വിഭാഗത്തിൽപെട്ടയാൾക്കു യെഡിയൂരപ്പ വിട്ടുനൽകില്ലെന്ന ശ്രുതി ഇന്നലെ ശക്തമായിരുന്നു. മുരുഗേഷ് നിറാനിയെപ്പോലെ കരുത്തരായ ലിംഗായത്ത് നേതാക്കളുടെ പേരു മുഖ്യമന്ത്രിസ്ഥാനത്തേക്കു കേട്ടിരുന്നു. താനല്ലാതെ മറ്റൊരാൾ ലിംഗായത്ത് വിഭാഗത്തിൽനിന്നു മുഖ്യമന്ത്രിപദത്തിലേക്കു വരാൻ യെഡിയൂരപ്പ ആഗ്രഹിക്കുന്നുണ്ടാകില്ലെന്ന ശ്രുതിയും പരന്നു. ആ ഘട്ടത്തിലാണു ലിംഗായത്ത് സന്യാസിമാരുടെ മനസ്സു വായിച്ചിട്ടെന്ന പോലെ യെഡിയൂരപ്പ തന്റെ വിശ്വസ്തനും സ്വന്തം വിഭാഗക്കാരനുമായ ബൊമ്മെയെ പകരക്കാരനാക്കുന്നത്.

ലിംഗായത്തിൽ ഒരേയൊരു ‘യെഡ്ഡി’

ലിംഗായത്ത് വിഭാഗത്തിൽ ബിജെപിയില്‍നിന്നു സ്വാധീനം തനിക്കു മാത്രമാണെന്നു മുൻപും യെഡിയൂരപ്പ തെളിയിച്ചിട്ടുണ്ട്. 2008ലെ മന്ത്രിസഭയിൽ നേതൃമാറ്റം ശക്തമായപ്പോൾ യെഡിയൂരപ്പ ബെംഗളൂരു പാലസ് മൈതാനത്തു നടത്തിയ മഹാസമ്മേളനത്തിലാണു രാജി പ്രഖ്യാപിച്ചത്. അന്നും കരഞ്ഞുകൊണ്ടായിരുന്നു രാജിപ്രഖ്യാപനം. വൻ അഴിമതി ആരോപണങ്ങളാണു മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ അന്നുയർന്നത്. രാജി പ്രഖ്യാപിച്ചു നടത്തിയ പ്രസംഗത്തിൽ യെഡിയൂരപ്പ തന്റെ സംശുദ്ധി വെളിപ്പെടുത്താൻ കൂട്ടുപിടിച്ചതു തിരുവിതാംകൂർ രാജാക്കന്മാരെയായിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സ്വർണശേഖരം അതേപടി നിലനിൽക്കുന്നതു തിരുവിതാംകൂർ രാജാക്കന്മാർ സംശുദ്ധ ഭരണത്തിനുടമകളായിരുന്നതിനാലാണെന്നു പറഞ്ഞ അദ്ദേഹം താനും കർണാടകയ്ക്ക് അത്തരത്തിലാണെന്നാണു പറഞ്ഞുവച്ചത്.

BS Yediyurappa (Image - @BSYBJP)
യെഡിയൂരപ്പ

അന്നു പകരക്കാരനായി വൊക്കലിഗ വിഭാഗക്കാരനെങ്കിലും തനിക്കു വിശ്വസ്തനായ ഡി.വി.സദാനന്ദ ഗൗഡയെയാണു യെഡിയൂരപ്പ വച്ചത്. പിന്നീടു ഗൗഡയ്ക്കും വഴിമാറേണ്ടിവന്നു. യെഡിയൂരപ്പയുടെ ഭരണസമ്മർദങ്ങൾ ഉലച്ചിരുന്ന ഗൗഡ രാജിവച്ചൊഴിഞ്ഞപ്പോൾ പകരം വന്നതു ലിംഗായത്ത് വിഭാഗക്കാരനായ ജഗദീഷ് ഷെട്ടറായിരുന്നു. എന്നാൽ യെഡിയൂരപ്പയ്ക്കു ലഭിച്ച ലിംഗായത്ത് സന്യാസി സമൂഹ പിന്തുണ ഷെട്ടർക്കു ലഭിച്ചില്ല. ഇതാ ഇപ്പോഴും സന്യാസി മഠങ്ങൾ തനിക്കൊപ്പമാണെന്നു യെഡിയൂരപ്പ തെളിയിക്കുന്നു. അതാണു മുഖ്യമന്ത്രിയെ മാറ്റരുതെന്നു സന്യാസിമാർ ആവശ്യപ്പെട്ടതും. ഇപ്പോൾ പകരം ലിംഗായത്ത് വിഭാഗക്കാരനെത്തന്നെ മുഖ്യമന്ത്രിയാക്കുന്ന യെഡിയൂരപ്പ സമുദായത്തോടുള്ള തന്റെ കൂറുകൂടിയാണു പ്രഖ്യാപിക്കുന്നത്.

Karnataka-Vidhan-Sabha
കർണാടക വിധാൻ സഭ കെട്ടിടം.

എളുപ്പമാകുമോ വിശ്വാസം നേടൽ?

യെഡിയൂരപ്പയ്ക്കെതിരെ നേതൃമാറ്റ ഭീഷണി മുഴക്കിയ ബിജെപി എംഎൽഎമാർ ഇനി എന്തു ചെയ്യുമെന്ന ചോദ്യം ബാക്കി നിൽക്കുന്നു. നേതൃത്വമാറ്റമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. പക്ഷേ പകരംവന്നത് ഏറെക്കുറെ യെഡിയൂരപ്പതന്നെ. ഇനി ഇവർ വിശ്വാസവോട്ടെടുപ്പിൽ കൂടെ നിൽക്കുമോ എന്നു ചോദിച്ചാൽ, നിൽക്കാതെ തരമില്ല എന്നാകും ഉത്തരം. ഭരണം നഷ്ടപ്പെടുത്തുന്ന തരത്തിൽ യെഡിയൂരപ്പയെ പിണക്കാൻ തൽക്കാലത്തേക്കെങ്കിലും ബിജെപി കേന്ദ്ര നേതൃത്വവും തയാറാകില്ല. തൽക്കാലം ബസവരാജ് ബൊമ്മെയെ പിന്തുണയ്ക്കുക മാത്രമാകും എതിർവിഭാഗത്തിനു മുന്നിലുള്ള മാർഗം. മനസ്സില്ലാമനസ്സോടെയാണെങ്കിലും. മന്ത്രിപദമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും കുറച്ചു കാലത്തേക്കെങ്കിലും അവർ. അതിനു പക്ഷേ, യെഡിയൂരപ്പയുടെ മൗനസമ്മതം ബസവരാജ് ബൊമ്മെയ്ക്കു തേടേണ്ടിവരും.

സന്ദേശം നേതൃത്വത്തിനും

ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ യെഡിയൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിനുകൂടിയാണു സന്ദേശം നൽകുന്നത്. തന്നെ അവഗണിച്ചു കർണാടകയിൽ തൽക്കാലത്തേക്കെങ്കിലും മുന്നോട്ടുപോകാനാകില്ലെന്ന സുവ്യക്തമായ സന്ദേശം. മാത്രമല്ല, ലിംഗായത്ത് വിഭാഗത്തെ അവഗണിച്ചുള്ള നേതൃമാറ്റവും സാധ്യമല്ലെന്ന മുന്നറിയിപ്പുകൂടിയായി ഇത്.

Sadananda-Gowda
സദാനന്ദ ഗൗഡ

താനോ തന്റെ അനുയായിയോ അല്ലാതെ ആരു മുഖ്യമന്ത്രിയായാലും പിന്തുണയ്ക്കില്ലെന്ന സൂചന യെഡിയൂരപ്പ വിഭാഗം നേരത്തെതന്നെ നൽകിയിരുന്നു. അതിനാൽതന്നെ ഭരണം നിലനിർത്താൻ യെഡിയൂരപ്പയ്ക്കു വഴങ്ങുകയാണു കേന്ദ്ര നേതൃത്വം. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പോയപ്പോൾ നേതാക്കളോടു സ്ഥാനമൊഴിയാമെന്നും പകരം താൻ നിശ്ചയിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കുമെന്നു യെഡിയൂരപ്പ വ്യക്തമാക്കിയെന്നുവേണം ഇന്നലത്തെ സംഭവവികാസത്തിൽനിന്ന് അനുമാനിക്കാൻ.

ബൊമ്മെയുടെ ഭാവി

യെഡിയൂരപ്പയുടെ വിശ്വസ്തനാണെങ്കിലും ബസവരാജ് ബൊമ്മെ അഴിമതി വിരുദ്ധനായാണു പൊതുവെ അറിയപ്പെടുന്നത്. അദ്ദേഹം മൃദുഭാഷിയും വിദ്യാസമ്പന്നനുമാണ്. യെഡിയൂരപ്പയുടെ രണ്ടാമത്തെ മകൻ വിജയേന്ദ്ര ഭരണത്തിൽ കൈകടത്തുന്നതും അഴിമതിക്കു നേതൃത്വം നൽകുന്നതുമാണു ബിജെപിയിൽ നേതൃമാറ്റ ആവശ്യം ശക്തമാക്കിയത്. ആ അഴിമതിക്ക് എതിരാണു ബൊമ്മെയും. എന്നാൽ പരസ്യമായി യെഡിയൂരപ്പയ്ക്കെതിരെ നിലപാടെടുക്കാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല. എന്നാൽ തന്റെ ഭരണത്തിലും വിജയേന്ദ്രയുടെയും യെഡിയൂരപ്പയുടെയും ഇടപെടലുണ്ടായാൽ ഒരു ‘ബൊമ്മ’ മുഖ്യമന്ത്രിയായി തുടരുമോ എന്നതാണു പ്രസക്തമായ ചോദ്യം. മുൻപു സദാനന്ദ ഗൗഡയും ഇത്തരം ഇടപെടൽ സഹിക്കാതെയാണു മുഖ്യമന്ത്രിപദം വിട്ടതും.

English Summary: Who is Basavaraj Bommai Who Replaced CM BS Yediyurappa in Karnataka?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA