‘പിഞ്ചുകുഞ്ഞാണ്, കണ്ടില്ലെങ്കിൽ നിർത്താതെ കരയും; പ്രതിഷേധിച്ചതിന് 3 ദിവസം ജയിലിൽ’

Kollam Nilamel Congress
കോവിഡ് വാക്സീൻ സംബന്ധിച്ച ഉപരോധ സമരത്തെ തുടർന്ന് റിമാൻഡിലായ നിലമേൽ പഞ്ചായത്ത് അംഗങ്ങളായ ഷമീന പറമ്പിൽ, ജയശ്രീ, വി.വിനീത, നിഷ ഹരീന്ദ്രൻ, ഹസീന മുബാദ്.
SHARE

കൊല്ലം ∙ ചടയമംഗലത്ത് ബാങ്കിനു മുന്നിൽ ക്യൂ നിന്നവർക്കു പെറ്റി ചുമത്തിയത് ചോദ്യം ചെയ്തതിന് കേസ് ചുമത്തപ്പെട്ട 18 വയസ്സുകാരി ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പാണു ചുമത്തിയതെന്ന്  അറിഞ്ഞപ്പോൾ, തൊട്ടടുത്തുള്ള നിലമേൽ പഞ്ചായത്തിന്റെ പ്രസിഡന്റ് വി.വിനീതയും ഉൽകണ്ഠയിൽ ആയിരുന്നു. ദിവസങ്ങൾക്കു മുൻപ് ഇതേ പൊലീസ് സ്റ്റേഷൻ അധികൃതർ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെ തുടർന്ന് വിനീത ഉൾപ്പെടെ ജനപ്രതിനിധികളായ 5 സ്ത്രീകൾ മൂന്നു ദിവസമാണു ജയിലിൽ കിടന്നത്.

കോവിഡ് വാക്സീൻ ലഭിക്കാത്തതിന് എതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് അവർ ജയിലിലായത്. മുലകുടി മാറാത്ത, രണ്ടുവയസ്സുള്ള കുഞ്ഞിനെ പിരിഞ്ഞ് മൂന്നു ദിവസം ജയിലിൽ കിടക്കേണ്ടി വന്നതിന്റെ ഓർമകൾ വിനീതയുടെ മനസ്സിൽ ഇപ്പോഴും എരിയുന്നുണ്ട്. ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചേർക്കില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസിന്റെ വിശദീകരണം വന്നപ്പോഴാണ് വിനീത ഉൾപ്പെടെയുള്ളവർക്കും ആശ്വാസമായത്.

കോവിഡ് കാലത്ത് അനാവശ്യമായി പെറ്റി ചുമത്തുന്നതിന് എതിരെ പ്രതിഷേധിച്ച ഗൗരിനന്ദയുടെ പ്രശ്നം കേരളമാകെ ചർച്ച ചെയ്തപ്പോൾ, 5 വനിതാ ജനപ്രതിനിധികൾ വാക്സീൻ വിതരണത്തിലെ പോരായ്മകൾ ചോദ്യം ചെയ്തതിന് ജയിലിൽ കഴിയേണ്ടി വന്നത് വലിയ ചർച്ചയായില്ല. നിലമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉപരോധം നടത്തിയ 5 സ്ത്രീകൾ ഉൾപ്പെടെയുള്ള 10 പേർക്കാണ് ജയിൽവാസം വേണ്ടിവന്നത്. പിഞ്ചുകുഞ്ഞിനെ പിരിഞ്ഞ് ജയിലിൽ കഴിയേണ്ടി വന്ന ദിവസങ്ങളുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് നിലമേൽ പഞ്ചായത്ത് പ്രസിഡന്റ് വി.വിനീത...

‘ആശുപത്രിയിൽ എത്തിയത് പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം’

പ്രദേശത്തുള്ളവർക്കു വാക്സീൻ കിട്ടുന്നില്ലെന്ന പരാതി 12–ാം തീയതി കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയായിരുന്നു. വാക്സീനെടുക്കാൻ ആശുപത്രിയിൽ ചെല്ലുമ്പോൾ നിങ്ങളുടെ മെംബറോട് ചോദിക്കാൻ പറഞ്ഞുവിടും. പഞ്ചായത്തിലാകെ 28 പട്ടികജാതി കോളനികളുണ്ട്. വാക്സീൻ കിട്ടാതെ എല്ലാവരും ദുരിതത്തിലായിരുന്നു. വിവരം അന്വേഷിക്കാനാണ് 19ന് നിലമേൽ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഞങ്ങൾ പറയുന്നത് കേൾക്കാൻ സൂപ്രണ്ട് തയാറായില്ല, അത്യാവശ്യമായി ഓൺലൈൻ യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു. ഞങ്ങളോട് മോശമായി പെരുമാറി. തുടർന്നാണ് ഞങ്ങൾ സൂപ്രണ്ടിനെ ഉപരോധിച്ചത്.

തുടർന്ന് പൊലീസ് എത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം വന്നതിനാൽ സിപിഎമ്മിലെ ജനപ്രതിനിധികളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ അവരെ ഒഴിവാക്കി യുഡിഎഫ് അംഗങ്ങൾക്കെതിരെ മാത്രം കേസെടുത്തു. സാധാരണ ഉപരോധസമരം നടത്തുമ്പോൾ ചുമത്തുന്ന വകുപ്പുകൾ മാത്രമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. വൈകിട്ടോടെയാണ് റിമാൻഡിലാകും എന്ന് അറിയുന്നത്. എന്നെ കൂടാതെ വൈസ് പ്രസിഡന്റ് നിയാസ് മാറ്റപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷരായ ഷമീന പറമ്പിൽ, ജയശ്രീ, പഞ്ചായത്ത് അംഗങ്ങളായ എ.എം.റാഫി, നിഷ, ഹസീന, സുനിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എൽ.സുജിത്ത് എന്നിവരാണ് റിമാൻഡിലായത്. 

3 ജയിൽ ദിനങ്ങൾ

ഞാൻ ഉൾപ്പെടെ 5 വനിതകളെ അട്ടക്കുളങ്ങര സബ് ജയിലിലേക്കാണ് കൊണ്ടുപോയത്. പാർട്ടി പ്രവർത്തകർ ഞങ്ങളുടെ വീടുകളിലെത്തി നടന്ന സംഭവങ്ങളൊക്കെ ധരിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിലും എല്ലാവർക്കും നല്ല വിഷമമുണ്ടായി. എന്റെ ഇളയമകൻ ആദിവിനായകിന് രണ്ട് വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ. പകൽ ഞാൻ പഞ്ചായത്തിൽ പോകുന്നത് അവന് അറിയാം. അതിനാൽ പകൽ വലിയ കുഴപ്പമില്ല. വൈകിട്ട് കണ്ടില്ലെങ്കിൽ പിന്നെ കരച്ചിൽ തുടങ്ങും. ഞാൻ വരുന്നതുവരെ കരച്ചിൽ നിർത്തില്ല. അതോർത്തായിരുന്നു ടെൻഷൻ.

Oommen-Chandy-Kollam
നിലമേൽ പഞ്ചായത്ത് പ്രസിഡന്റ് വി.വിനീതയുടെ വീട്ടിലേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തിയപ്പോൾ.

ഭർത്താവ് രഞ്ജിത്ത് പെയിന്റിങ് തൊഴിലാളിയാണ്. മൂത്ത മകൾ അർച്ചനയ്ക്ക് എട്ടു വയസ്സ്. എന്റെ അമ്മ ഉൾപ്പെടെ ഭർത്താവിന്റെ വീട്ടിൽ വന്നുനിന്നാണ് മൂന്നുദിവസം കുട്ടിയെ ആശ്വസിപ്പിച്ചത്. എന്റെയൊപ്പമുള്ള മറ്റു വനിതാ ജനപ്രതിനിധികളുടെ വീട്ടിലും ചെറിയ കുട്ടികൾ ഉണ്ടായിരുന്നു. പരസ്പരം വിഷമങ്ങൾ പങ്കുവച്ചെങ്കിലും ഞങ്ങൾ ധൈര്യം കൈവിടാതെ നിന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ആ സമയത്ത് വീട്ടിലെത്തി ഭർത്താവിനെയും മകനെയും കണ്ട് ധൈര്യം പകർന്നു. 22–ാം തീയതിയാണ് ഞങ്ങൾ പുറത്തിറങ്ങിയത്.

നിർത്തില്ല പ്രതിഷേധം

സാധാരണ കുടുംബത്തി‍ൽനിന്നു വരുന്നയാളാണ് ഞാൻ. മുൻപ് ഒരു കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്തി‌ട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകയായിരുന്നു. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു വളർന്നവരാണ്. വാക്സിനേഷനെ സംബന്ധിച്ച് ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച ഞങ്ങളെ ജയിലിൽ അടച്ചതു കൊണ്ട് പ്രതിഷേധം അവസാനിക്കില്ല. നിയമ പോരാട്ടവും തുടരും.

gouri-nanda-main
എടിഎം ക്യൂവിനു മുന്നിലെ തർക്കത്തെത്തുടർന്ന് ചടയമംഗലം പൊലീസിനോടു സംസാരിക്കുന്ന ഗൗരി നന്ദ.

അന്നത്തെ സംഭവത്തിൽ, ഞങ്ങൾ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ആശുപത്രിയിൽ പ്രതിഷേധിക്കാൻ എത്തിയപ്പോൾ ഞങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും ചിലരെ ജാതീയമായി അധിക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല– വിനീത പറഞ്ഞു.

എംടിഎം കൗണ്ടറിനു മുന്നിൽ ക്യൂ നിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കൊല്ലം ചടയമംഗലം സ്വദേശിനി ഗൗരിനന്ദയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പെടുക്കാൻ പൊലീസ് ശ്രമിച്ചത് വൻ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് പൊലീസ് ഇക്കാര്യം തിരുത്തിയെങ്കിലും ഗൗരിനന്ദ യുവജന കമ്മിഷന് പരാതി നൽകുകയും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ആ വിവാദം കത്തിപ്പടരുന്നതിനിടെയാണ്, അതിന് ഏതാനും ദിവസം മുൻപുണ്ടായ ജനപ്രതിനിധികളുടെ അറസ്റ്റും ചർച്ചയായത്.

English Summary: Another Story from Kollam about Police Intervention in the Backdrop of Gouri Nandha Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA