ADVERTISEMENT

കൊച്ചി ∙ കെ.ബാബു എംഎൽഎയുടെ തിര‍ഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന സിപിഎം നേതാവ് എം.സ്വരാജിന്റെ ഹർജിയിൽ എതിർ കക്ഷികൾക്കു ഹൈക്കോടതിയുടെ നോട്ടിസ്. കെ.ബാബു ഉൾപ്പെടെയുള്ളവർക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. മതചിഹ്നങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്നാണ് സ്വരാജിന്റെ ആരോപണം.

തിരഞ്ഞെടുപ്പിൽ കെ.ബാബു ശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു. അയ്യപ്പന് ഒരു വോട്ട് എന്നു പറഞ്ഞു തിരഞ്ഞെടുപ്പു സ്ലിപ് വിതരണം ചെയ്തു എന്നും ഹർജിക്കാരൻ ആരോപിച്ചു. സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും കെ.ബാബുവിന്റെ പേരും കൈപ്പത്തി അടയാളവും ഉൾപ്പെടുത്തി, അയ്യപ്പനെതിരെയാണു സ്വരാജിന്റെ മത്സരം എന്നു പ്രചരിപ്പിച്ചു തുടങ്ങിയ ആക്ഷേപങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.

ജനപ്രാതിനിധ്യ നിയമം സെക്‌ഷൻ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ പേരിൽ വോട്ടു ചോദിക്കുന്നതു നിയമവിരുദ്ധമാണ്. ഇതാണ് സ്വരാജ് നൽകിയിട്ടുള്ള ഹർജിയുടെ ആധാരം. തൃപ്പൂണിത്തുറ മണ്ഡലത്തിൽ സ്വരാജിനെതിരെ 992 വോട്ടുകൾക്കാണ് ബാബു ജയിച്ചത്. നേരത്തേ ശബരിമല വിഷയത്തിൽ സ്വരാജ് നടത്തിയ പ്രസംഗം മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതു കാര്യമായി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. വിജയം ഉറച്ചിച്ച മണ്ഡലത്തിൽ സംഭവിച്ച തോൽവിയിൽ ഇടതു മുന്നണിയിലും അസ്വസ്ഥത ഉടലെടുത്തിരുന്നു. പാർട്ടിക്കാർ ബാബുവിന് വോട്ടു മറിച്ചെന്നും ആക്ഷേപമുണ്ട്. ഹർജി ഓണാവധിക്കു ശേഷം പരിഗണിക്കുന്നതിനു മാറ്റി.

English Summary: Petiton against Thripunithura election results, High court sent notice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com