‘കരുവന്നൂരിൽ സിപിഎമ്മിനു തെറ്റി; അമിത് ഷായുടെ വരവ് കൊല്ലാനോ വളർത്താനോ?’

Amit-Shah-CJ-John
അമിത് ഷാ, സി.പി.ജോൺ
SHARE

‘കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകുന്നതിനും മുൻപ് തുടങ്ങിയതാണ് സഹകരണസംഘം. നിങ്ങൾ അതിനെ തകർക്കരുത്. സിപിഎമ്മിനോട് എനിക്ക് അഭ്യർഥിക്കാനുള്ളത് അതു മാത്രമാണ്’- മുൻ ആസൂത്രണബോർഡ് അംഗവും സഹകാരിയും ആസൂത്രണ ബോർഡിൽ സഹകരണ പ്രസ്ഥാനങ്ങളുടെ ചുമതലയും വഹിച്ചിരുന്ന സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണിന്റെ വാക്കുകളാണിത്.

‘കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് തെറ്റു പറ്റി. 2020 ഒക്ടോബറിൽതന്നെ അസി. റജിസ്ട്രാറിന്റെ റിപ്പോർട്ടിൽ ഇൗ ബാങ്കിലെ പ്രശ്നങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് കണ്ടിട്ടും സർക്കാർ അനങ്ങിയില്ല. 9 മാസം വരെ കാത്തിരുന്നു. അപ്പോഴേക്കും സംഘം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഇൗ 9 മാസം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ എവിടെയായിരുന്നു? ഇടപെട്ടിരുന്നെങ്കിൽ കറക്ട് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. ഇത്രയും പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല’– ജോൺ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു...

CJ-John
സി.പി.ജോൺ

കേരളത്തിലെ സഹകരണ മേഖലയ്ക്ക് എന്താണു പറ്റിയത്?

20 വർഷത്തിനിടെ കേരളത്തിലെ സഹകരണ മേഖലയിൽ നിക്ഷേപം വൻതോതിൽ വർധിച്ചു. 1500 കോടിവരെ നിക്ഷേപമുള്ള സംഘങ്ങൾ കേരളത്തിലുണ്ട്. ഡോളറിന്റെ വില ഉയരുകയും വിദേശത്തുനിന്നുള്ള നമ്മുടെ ആളുകൾ കൂടുതൽ പണം കേരളത്തിലേക്ക് കൊണ്ടുവരികയും ചെയ്തപ്പോൾ നാട്ടിലുണ്ടായ അഭിവൃദ്ധി സഹകരണമേഖലയിലും പ്രതിഫലിക്കപ്പെട്ടു. വർധിച്ച നിക്ഷേപം എങ്ങനെ കൈകാര്യം ചെയ്യണമെന്നതും ഒരു പ്രശ്നം തന്നെയാണ്. വായ്പ നൽകാതെ എങ്ങനെയാണ് പിടിച്ചുനിൽക്കുക?

അപ്പോഴാണ് സർക്കാരിന്റെ അനുമതിയോടെ സംഘങ്ങൾ ഉപകമ്പനികൾ എന്ന ആലോചന നടത്തിയത്. സംഘങ്ങൾ നേരിട്ട് സൂപ്പർമാർക്കറ്റും മറ്റും നടത്തിത്തുടങ്ങിയതും അങ്ങനെയാണ്. സംഘങ്ങൾ അത് നടത്തുന്നതിൽ തെറ്റില്ല. പക്ഷേ അതിലും കൃത്യമായ ഓഡിറ്റിങ്ങും നിരീക്ഷണവും വേണം. പക്ഷേ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. സംഘങ്ങളുടെ പ്രസിഡന്റും സെക്രട്ടറിയും ഡയറക്ടർമാരും ഭാര്യയും ബന്ധുക്കളും എല്ലാം ചേർന്ന സ്വകാര്യ കമ്പനികൾ തുടങ്ങി സംഘത്തിൽനിന്ന് പണം കൊണ്ടുപോകാൻ തുടങ്ങിയതാണ് പുതിയ പ്രവണത. ഇതാണ് കരുവന്നൂരിലെ പ്രശ്നം. ഇതിന് ആരാണ് അനുമതി കൊടുത്തത്? അവിടെയാണ് പാളിച്ച പറ്റിയത്.

എന്താണ് ഇത്തരം നീക്കങ്ങൾക്കു പരിഹാരം?

സഹകരണസംഘങ്ങൾ പരമ്പരാഗത പ്രവർത്തനങ്ങൾക്ക് പുറമേ പുതിയ മേഖലകളിലേക്ക് ഇറങ്ങുന്നതിൽ തെറ്റില്ല. പക്ഷേ സുതാര്യതയും ലാളിത്യവും സഹകരണസംഘങ്ങൾക്ക് നഷ്ടപ്പെടാൻ പാടില്ല. ചെറിയ സംഘങ്ങൾ പോലും 25 ലക്ഷത്തിന്റെ കാറാണ് വാങ്ങുന്നത്. ചെലവു ചുരുക്കണം. സംഘങ്ങളുടെ പ്രസിഡന്റും െസക്രട്ടറിയും ചേർന്ന കമ്പനികളിൽ സംഘത്തിന്റെ പണം നിക്ഷേപിക്കാൻ പാടില്ല. സ്വന്തം കമ്പനികളിൽ സംഘത്തിന്റെ പണം നിക്ഷേപിക്കുന്നത് വിലക്കണം.

കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം വിളിക്കുന്ന സംസ്ഥാന സെക്രട്ടറി വാണി പ്രയാഗ്.   ചിത്രം: മനോരമ
കരുവന്നൂർ സഹകരണ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ ജാഥ.

അതുപോലെ സംഘത്തിന്റെ ഡയറക്ടർമാർ ഭാര്യയുടെയോ മക്കളുടെയോ പേരിൽ ബിസിനസ് തുടങ്ങി സ്വന്തം സംഘത്തിലെ പണം അങ്ങോട്ട് കൈമാറുന്നത് ശരിയല്ല, ഇത് തടയണം. ഇൗട് വയ്ക്കാതെയും ഒരു ഇൗട് വച്ച് പല വായ്പയെടുക്കാനുമൊക്കെ ഇത്തരത്തിൽ സംഘത്തിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവർക്ക് ഇരിക്കുന്നവർക്ക് നിഷ്പ്രയാസം സാധിക്കും. സോഫ്റ്റ്‌വെയറുകളിൽ തിരിമറി നടത്തിയും തട്ടിപ്പുകൾ നടക്കുന്ന കാലമാണ്. അതും ശക്തമായി പരിശോധിക്കപ്പെടണം

കരുവന്നൂരിൽ എന്താണ് ഇനി ചെയ്യാനാവുക?

ആദ്യം നിക്ഷേപകന്റെ പണം തിരിച്ചു നൽകണം. അല്ലെങ്കിൽ കേരളത്തിലെ സഹകരണ സംഘങ്ങളോടുള്ള നിക്ഷേപകന്റെ വിശ്വാസം തകരും. അല്ലാതെ സിപിഎം അവരെ പുറത്താക്കിയെന്നൊക്കെ പറ‍ഞ്ഞ് വലിയ വാർത്തയാക്കി ജനത്തെ പറ്റിക്കരുത്. അവരെ സിപിഎം പുറത്താക്കിയിട്ട് നാട്ടുകാർക്കെന്ത് കാര്യം? അറസ്റ്റുചെയ്തു ജയിലടയ്ക്കുകയല്ലേ വേണ്ടത്? ജില്ലാ കമ്മിറ്റിയിൽനിന്ന് ഒരാളെ തരംതാഴ്ത്തി ലോക്കൽ കമ്മിറ്റിയിലേക്ക് ഇട്ടുവെന്നൊക്കെ സിപിഎം വിശദീകരിക്കുന്നത് പരിഹാസ്യമാണ്. അയാൾക്ക് അത്രയും പണികുറഞ്ഞു എന്നല്ലാതെ മറ്റെന്താണ്. അയാൾ ചിരിക്കുകയായിരിക്കും. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കണം, ഉടനെ തന്നെ.

സഹകരണ മേഖലയിലെ സുതാര്യതയ്ക്ക് എന്താണ് ചെയ്യേണ്ടത്?

ഭരണസമിതിയിൽ ഉള്ളവരും ജീവനക്കാരും പരസ്പരം നിരീക്ഷിക്കണം. പണത്തിന്റെ കാര്യത്തിൽ ആരെയും കണ്ണടച്ച് വിശ്വസിച്ചുകൂടാ. സഹകരണമേഖലയിലെ ഓഡിറ്റ് വിഭാഗം താരതമ്യേന ദുർബലമാണ്. നല്ല ടീം ഉണ്ടാകണം. ഓഡിറ്റർക്ക് ഉത്തരവാദിത്തം ഉണ്ടാകണം. ഓഡിറ്റർ ഒപ്പിട്ടാൽ ആ ഓഡിറ്റിൽ പിഴവുണ്ടായാൽ, സംഘത്തിൽ തട്ടിപ്പ് നടന്നാൽ അയാൾ ഉത്തരവാദിയും നടപടിയുമുണ്ടാകുമെന്ന നിയമപരമായ ഉറപ്പും വേണം. വലിയ വായ്പകൾ നൽകുന്നതും ഓഡിറ്റ് ചെയ്യപ്പെടണം.

വായ്പാ തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിന് മുൻപിൽ പണം പിൻവലിക്കാനെത്തിയവരുടെ തിരക്ക്
കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിലെ ക്യൂ.

സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലുള്ള സ്വാതന്ത്ര്യം നഷ്ടമാകുന്ന തരത്തിൽ ആകരുത് ഓഡിറ്റ്. പെർഫോമൻസ് ഓഡിറ്റ് പഞ്ചായത്തുകളിൽ ഉണ്ട്. സഹകരണ മേഖലയിൽ ഇല്ല. ഓരോ സംഘവും എന്ത് നേടിയെന്നും തിരുത്താനാകുന്ന പിഴവുകൾ എന്താണെന്നും സംഘത്തിന് നിർദേശങ്ങൾ നൽകുകയും അതിനെ നയിക്കുകയും ചെയ്തിരുന്ന കോ ഓപറേറ്റീവ് എക്സ്റ്റൻഷൻ വകുപ്പ് എത്രയോ കാലമായി നമുക്ക് ഇല്ല. കാരണം പല സഹകാരികൾക്കും എന്തു ചെയ്യാം, ചെയ്യാൻ പാടില്ല എന്നത് അറിയാത്ത സ്ഥിതിയും ഉണ്ട്.

ജില്ലാ ബാങ്കുകൾ ഇല്ലാതാകുകയും കേരള ബാങ്ക് വരികയും ചെയ്ത സാഹചര്യത്തിൽ എന്തൊക്കെ മാറ്റം വരും?

ഇൗ സ്വഭാവമാറ്റം ഭാവിയിൽ എന്താകുമെന്ന് കണ്ടറിയേണ്ടതാണ്. ജില്ലാ ബാങ്കുകളുടെ അംഗസംഘങ്ങൾ ആയിരുന്നു പ്രാഥമിക സംഘങ്ങൾ. ഇന്ന് ജില്ലാ ബാങ്ക് ഇല്ലാതായി. പ്രാഥമിക സംഘങ്ങളിൽ പ്രതിസന്ധി ഉണ്ടായാൽ ഓടിയെത്തിയിരുന്നത് ജില്ലാ ബാങ്കാണ്. ഇന്നതിന്റെ സ്ഥാനം കേരള ബാങ്ക് ഏറ്റെടുക്കുന്നുവെന്നാണ് കേൾക്കുന്നത്. കരകയറ്റാൻ സാധിക്കുമോയെന്ന് കണ്ടറിയണം.

കേന്ദ്രത്തിൽ സഹകരണവകുപ്പ് വരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ ഉദ്ദേശ്യം എന്തായിരിക്കും? കേരളത്തിലെ സഹകരണമേഖലയെ എങ്ങനെ ബാധിക്കും?

കാത്തിരുന്നുകാണാം. കൊല്ലാനാണോ വളർത്താനാണോ എന്നറിഞ്ഞുകൂടാ. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ വരുന്നതിൽ തെറ്റില്ലെങ്കിലും ഇതര സംഘങ്ങളെക്കാൾ കൂടുതൽ പലിശ നൽകി നിലവിലുള്ള സഹകരണ പ്രസ്ഥാനത്തെ ദുർബലമാക്കരുത്. സഹകരണം ഒരു സംസ്ഥാന വിഷയമാണ്. അത് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കി കഴിഞ്ഞു. സഹകരണമേഖല ശക്തിപ്പെടുത്താനാണ് കേന്ദ്രം ഇടപെടുന്നതെങ്കിൽ സ്വാഗതം. അതല്ല രാഷ്ട്രീയ ലക്ഷ്യം വച്ച് നശിപ്പിക്കാനാണെങ്കിൽ അതിനെ എതിർക്കും.– ജോൺ പറഞ്ഞു നിർത്തി.

Amit Shah Photo: @AmitShah /Twitter
അമിത് ഷാ

പുതിയ നിയമവും ചട്ടങ്ങളും അണിയറയിൽ ഒരുങ്ങുന്നു

അതിനിടെ, കേരളത്തിലെ സഹകരണമേഖലയിൽ പ്രധാന ശക്തിയായ സിപിഎമ്മിന് മത്സരം വരുന്ന സാഹചര്യമൊരുക്കുകയാണ് കേന്ദ്രത്തിൽ അമിത് ഷാ നയിക്കുന്ന സഹകരണ വകുപ്പ്. അതിനായി 25 വർഷത്തെ പദ്ധതിയൊരുക്കി വരികയാണ് ആർഎസ്എസ്. പരിവാർ സംഘടനയും രാജ്യത്തെ സഹകരണ മേഖലയിൽ ഏറ്റവും വലിയ സംഘടനയുമായ സഹകാർ ഭാരതിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സഹകരണ മേഖലയെ സുതാര്യമാക്കുന്നതിന് പുതിയ നിയമവും ചട്ടങ്ങളും അണിയറയിൽ ഒരുങ്ങുന്നു.

ആർഎസ്എസിന്റെ സഹകാർ ഭാരതി വരുമ്പോൾ...

സഹകരണ ബാങ്കുകളിൽ എല്ലാ ഇടപടുകളിലും കെവൈസി നിർബന്ധമാക്കുന്നതിനാണ് കേന്ദ്ര സഹകരണ വകുപ്പിന്റെ നീക്കം. സഹകരണ മേഖലയിലെ തട്ടിപ്പുകൾ കണ്ടെത്താനും നടപടിയെടുക്കാനും സഹകരണ എൻഫോഴ്സ്മെന്റും വരുന്നു. സഹകരണ മേഖലയിലെ ക്രമക്കേടുകളിൽ നേരിട്ട് ഇടപെടാൻ കഴിയുന്ന നിയമ പിന്തുണയോടെയാണ് സഹകരണ എൻഫോഴ്സ്മെന്റിന്റെ വരവ്. സഹകരണ വകുപ്പിന്റെ വരവോടെ കേരളത്തിൽ പൂർണമായും ശ്രദ്ധിക്കാൻ ആർഎസ്എസ് സഹകാർ ഭാരതിക്കു നിർദേശം നൽകിയിട്ടുണ്ട്.

VN-Vasavan-Amit-Shah
സഹകരണ മന്ത്രി വി.എൻ.വാസവൻ, കേന്ദ്രമന്ത്രി അമിത് ഷാ

കാർഷിക മേഖലയിൽ ജനോപകാര പദ്ധതികളുമായി 25 വർഷം ലക്ഷ്യമിട്ടുള്ള പദ്ധതികളുമായാണ് സഹകാർഭാരതി കേരളത്തിൽ ചുവടുറപ്പിക്കുന്നത്. സംസ്ഥാനങ്ങളുമായി തർക്കത്തിനല്ലെന്നും കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ സഹകരണ മേഖല വഴി താഴെത്തട്ടിലെത്തിക്കാൻ ഒരുമിച്ചു പ്രവർത്തിക്കാൻ സംസ്ഥാന ഭരണകൂടങ്ങളുമായി ചർച്ച നടത്താനാണ് ആർഎസ്എസ് സഹകാർ ഭാരതിയോട് നിർദേശിച്ചിട്ടുള്ളതെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.

സഹകാർ ഭാരതി 2010ൽ കുടുംബശ്രീ മാതൃകയിൽ കേരളത്തിൽ തുടങ്ങിയ അക്ഷയശ്രീ ഇപ്പോൾ 8400 യൂണിറ്റുകളാണ്. 2 വർഷം കൊണ്ട് 25,000 യൂണിറ്റുകൾ തുടങ്ങും. ഇൗ യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും 25 യൂണിറ്റുകൾക്ക് ഗ്രാമീൺ സമൃദ്ധി സ്റ്റോറുകൾ എന്ന പേരിൽ ഇപ്പോൾ പ്രവർത്തനം തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ കേരളമാകെ വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം.

Paddy Field Kerala

ഇപ്പോൾ കേന്ദ്രഫണ്ട് കേരളത്തിൽ നോഡൽ ഏജൻസിയായ കുടുംബശ്രീ വഴി മാത്രമേ ലഭ്യമാകൂ. അക്ഷയശ്രീയെ കൂടി നോഡൽ ഏജൻസിയാക്കണമെന്ന് സഹകാർ ഭാരതി കേരള ഘടകം കേന്ദ്രസഹകരണ വകുപ്പിന് അപേക്ഷ നൽകി. 50 വീടുകൾക്ക് മുന്തിയ ഇനം പശുക്കളെ വാങ്ങി നൽകി പാലുൽപാദനം വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ദേശീയ ഗോകുൽ മിഷനിൽ, കേരളത്തിൽ അക്ഷയശ്രീ ഗോകുൽമിഷൻ എന്ന പദ്ധതി നടപ്പാക്കുന്നതിനും നടപടികളായി. 200 ഗോകുൽ വില്ലേജുകളാണ് സഹകാർ ഭാരതി ലക്ഷ്യമിടുന്നത്. ഇതിനെല്ലാം കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭിക്കും. ‌

‘കേരളത്തിലെ കർഷകന് വരുമാനവും ഉൽപന്നത്തിന് വിപണിയും എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അല്ലാതെ രാഷ്ട്രീയമില്ല. കേരളം ഇന്ന് എല്ലാം പുറത്തുനിന്നു വാങ്ങിക്കേണ്ട ഉപഭോക്തൃ സംസ്ഥാനമായി മാറിയിരിക്കുന്നു. അതിന് അടിസ്ഥാനപരമായി താഴെത്തട്ടിൽ തന്നെയാണ് മാറ്റം വരേണ്ടത്. കൃഷിയിടങ്ങൾ ഇരട്ടിയാക്കണം. എല്ലാം കൃഷിചെയ്യണം. അതിന് കർഷകന് അവന്റെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ വിപണി വേണം. അതിനും കൂടിയുളള പദ്ധതിയാണ് സഹകാർ ഭാരതി മുന്നോട്ടുവയ്ക്കുന്നത്’– സഹകാർ ഭാരതി സംസ്ഥാന പ്രസിഡന്റ് പി.സുധാകരൻ വ്യക്തമാക്കുന്നു.

കേരളത്തിൽ സംഘങ്ങളിൽ റജിസ്റ്റർ ചെയ്യാൻ അനുമതി ലഭിക്കാത്തതിനാൽ, മൂന്നും നാലും സംസ്ഥാനങ്ങൾ ചേർന്നു റജിസ്റ്റർ ചെയ്യുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലാണ് ഇപ്പോൾ കേരളത്തിൽ സഹകാർ ഭാരതി സംഘങ്ങൾ റജിസ്റ്റർ ചെയ്യുന്നത്. കർണാടകത്തിന്റെ കാംകോ, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭാരത് അഗ്രോപ്രോസസിങ് ആൻഡ് മാർക്കറ്റിങ് സംഘം (ബാംകോ) തുടങ്ങിയവ കേരളത്തിൽ സജീവമായെത്തിക്കഴിഞ്ഞു.

നെല്ല് മുതൽ മത്സ്യം വരെ നല്ല വില നൽകി ശേഖരിച്ച് മറ്റു മൂല്യവർധിത ഉൽപന്നങ്ങളാക്കി മറ്റു സംസ്ഥാനങ്ങളിൽ സൊസൈറ്റിയുടെ വിപണി വഴി വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചസാര പോലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ അവിടെ സംഘങ്ങളിൽനിന്നു വാങ്ങി കേരളത്തിലെ സംഘങ്ങൾ വഴി വിറ്റഴിക്കുന്നതുമാണ് സഹകാർ ഭാരതിയുടെ പദ്ധതികൾ. നിലവിലുള്ള സംഘങ്ങളുമായി ആരോഗ്യകരമായ മത്സരമാണ് കേരളം ഇനി കാണാൻ പോകുന്നതെന്നു ചുരുക്കം.

English Summary: Exclusive Interview with CMP Leader CP John on Karuvannur Bank Fraud Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA