ADVERTISEMENT

കൊച്ചി ∙ പിറവം ഇലഞ്ഞിയിൽ സീരിയൽ നിർമാണത്തിന് എന്ന പേരിൽ ആഡംബര വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് അച്ചടിച്ചിരുന്ന സംഘത്തിന് സംസ്ഥാനത്തിനു പുറത്തും ബന്ധം. പ്രതികളിൽ ഒരാളായ സുനിൽകുമാർ നേരത്തേ ബെംഗളൂരുവിൽ കള്ളനോട്ട് അച്ചടിച്ചിരുന്നതായി വെളിപ്പെടുത്തി. ഇലഞ്ഞിയിൽ അച്ചടിച്ച കള്ളനോട്ട് കേരളത്തിനു പുറത്തേയ്ക്കു കടത്തി വിതരണം ചെയ്തിരുന്നതായും വിവരം ലഭിച്ചു.

പരിശോധനയിൽ പ്രതികളിൽനിന്ന് ഏഴര ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളാണ് കണ്ടെത്തിയത്. ഇവർ 15 ലക്ഷം രൂപ അച്ചടിച്ചതായാണ് വെളിപ്പെടുത്തൽ. ബാക്കി തുക സംസ്ഥാനത്തിനു പുറത്ത് എത്തിച്ചെന്നും സമ്മതിച്ചു. അതിൽ കൂടുതൽ തുക പ്രതികൾ വിതരണം ചെയ്തിട്ടുണ്ടാകാം എന്നു സംശയിക്കുന്നു. അച്ചടിച്ച തുക എന്തിനെല്ലാം ഉപയോഗിച്ചു എന്ന കാര്യത്തിലും ആശങ്കയുണ്ട്. പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ, അയൽ സംസ്ഥാനങ്ങളിലെ കള്ളനോട്ട് മാഫിയകളുമായി ബന്ധമുണ്ടോ തുട‌ങ്ങിയ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്.

നോട്ട് നിരോധനത്തിനു ശേഷം ഇത്ര വിപുലമായ സംവിധാനങ്ങളോടെ കള്ളനോട്ടുകൾ അച്ചടിക്കുന്നത് പിടികൂടിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിൽനിന്നു വ്യക്തമാകുന്നത്. അഞ്ചു പ്രിന്ററുകൾ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, സ്ക്രീൻ പ്രിന്റിങ് മെഷീൻ, നോട്ടെണ്ണുന്ന മെഷീൻ, മഷി, പേപ്പറുകൾ തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് പരിശോധനയ്ക്കെത്തിയ സംഘത്തിനു കാണാനായത്. നോട്ടുകൾ ഒറ്റ നോട്ടത്തിൽ കള്ളനോട്ടാണ് എന്നു തിരിച്ചറിയാൻ സാധിക്കാത്തവ ആയിരുന്നു. 

കള്ളനോട്ട് പ്രിന്റു ചെയ്യുന്നതിനുള്ള പേപ്പർ എത്തിച്ചിരുന്നത് ഹൈദരാബാദിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞു. മഷി ഉൾപ്പെടെയുള്ളവ ഡാർക് വെബ് വഴി ഓർഡർ ചെയ്ത് വരുത്തുകയായിരുന്നു. മാസങ്ങളായി സംഘം ഇവിടെ തമ്പടിച്ചിരുന്നു എന്നതിനാൽ ഈ കാലയളവിൽ വലിയ തുക അച്ചടിച്ചിട്ടുണ്ടാകും എന്നാണു കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏഴു പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലും ഒരാളെ പിടികൂടിയിരുന്നു.

English Summary: Fake currency printing Piravom; Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com