ADVERTISEMENT

തെങ്കാശി ∙ മഴയെ പേടിച്ച് തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ ഇക്കുറി സൂര്യകാന്തിപ്പാടങ്ങൾ നെൽകൃഷിക്കു വഴിമാറി. മഴയും വെയിലും സമമായി വേണ്ടുന്ന സൂര്യകാന്തിക്ക് കാലംതെറ്റിയെത്തിയ മഴയാണ് വില്ലനായത്. തെങ്കാശി ജില്ലയിൽ ഏക്കറുകണക്കിന് സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ നാമമാത്രമാണ്.

തെങ്കാശി ജില്ലയിലെ ചുരണ്ട, കമ്പിളി, പമ്പ്ളി, സുന്ധരപാണ്ഡ്യപുരം എന്നിവടങ്ങളില്‍ സൂര്യകാന്തി ഇത്തവണ കൃഷി ചെയ്തിട്ടേയില്ല. സാമ്പുവർ വടകരയിൽ മാത്രമാണ് പേരിനു മാത്രമെങ്കിലും കൃഷി. ഒരു കാലത്ത് തെങ്കാശി, തിരുനെൽവേലി ജില്ലയിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങളിൽ സൂര്യകാന്തി പൂത്തുനിൽക്കുന്നത് കാണാമായിരുന്നു. കാലാവസ്ഥാ വ്യതിയാനവും കൃഷിച്ചെലവു കൂടിയതുമെല്ലാം സൂര്യകാന്തിക്കൃഷിയിൽനിന്നു കർഷകരെ പിൻതിരിപ്പിക്കാൻ കാരണമായി.

മുൻകൊല്ലങ്ങളെക്കാൾ വളരെ താമസിച്ചാണ് ഇത്തവണ സൂര്യകാന്തി കൃഷിയിറക്കിയത്. വിളവെടുക്കുന്ന സൂര്യകാന്തി വിത്തുകൾ വാങ്ങാന്‍ നിരവധിപ്പേരെത്തുന്നുണ്ട്. സൂര്യകാന്തി എണ്ണയുണ്ടാക്കാനും ഔഷധക്കൂട്ടുകൾക്കും സൂര്യകാന്തി വിത്ത് ഉപയോഗിക്കുന്നുണ്ട്. 

ദുരിതം പൂവിട്ട പൂപ്പാടങ്ങൾ

കോവിഡിന്റെ രണ്ടാംവരവിൽ സൂര്യകാന്തിപ്പാടത്തും ദുരിതക്കാഴ്ചകൾ മാത്രം. സാമ്പുവർ വടകരയിൽ സ്വർണവർണത്തിന്റെ ദൃശ്യഭംഗിയേകി സൂര്യകാന്തികൾ മിഴി തുറന്നതു കാണാൻ ഇത്തവണയും സഞ്ചാരികൾ എത്തുന്നില്ല. സന്ദർശകരില്ലാത്ത സൂര്യകാന്തിപ്പാടം കർഷകർക്ക് അനുഗ്രഹമാണെങ്കിലും ആളൊഴിഞ്ഞ പാടങ്ങൾ ഇവർക്ക് തെല്ലു നിരാശയുമുണ്ടാക്കുന്നു. ചിത്രങ്ങൾ പകർത്താനെത്തുന്ന സഞ്ചാരികൾ പൂക്കളും ചെടികളും നശിപ്പിക്കുന്നതായിരുന്നു മുൻപ് കർഷകരുടെ തലവേദന.

sunflower-thenmala1
തെങ്കാശി ജില്ലയിലെ സൂര്യകാന്തിപ്പാടം

സിനിമാ, സീരിയൽ, ആൽബം ചിത്രീകരണങ്ങൾക്കു സ്ഥിരം വേദിയുമായിരുന്നു ഈ പാടങ്ങൾ. കൊല്ലം ജില്ലാ അതിർത്തിയിൽനിന്നു 30 കിലോമീറ്റർ സഞ്ചരിച്ചാൽ തെങ്കാശി ജില്ലയിലെ സൂര്യകാന്തിപ്പാടത്തെത്താം. രണ്ടു കൊല്ലം മുന്‍പുവരെ നൂറുകണക്കിന് മലയാളികളാണ് സൂര്യകാന്തിയുടെ പൂപ്പാടം കാണാൻ സകുടുംബം എത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലക്കാർക്ക് സൂര്യകാന്തി സീസൺ കാണാപ്പാഠമായിരുന്നു.

ഇത്തവണ കോവിഡ് വ്യാപനം മൂലം അതിർത്തി കടന്നെത്താൻ കടമ്പകളേറെയായതിനാൽ ആരും വരുന്നില്ല. തമിഴ്നാട്ടിൽ കോവിഡ് ഭീതി ഒഴിഞ്ഞ് ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലേക്കെത്തി. ഓണ അവധിക്കാലത്ത് ഇ– പാസുമായി സൂര്യകാന്തിപ്പാടത്തേക്ക് മലയാളികൾ എത്തുമെന്ന പ്രതീക്ഷയും ഇവിടെയുള്ള കർഷകർക്കുണ്ട്. കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് തമിഴ്നാട് ഇ– പാസ് എടുത്താൽ അതിർത്തികടന്നെത്തുന്നതിന് തടസ്സമില്ല.

English Summary: Farmers facing problems in Sunflower farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com