‘എടിഎം കൗണ്ടറിൽ ക്യൂ നിന്നാലും നിങ്ങൾ ജയിലിലാകാം: പൊലീസ് പറഞ്ഞത് അശ്ലീലം’

gouri-nanda
ചടയമംഗലം പൊലീസുമായി സംസാരിക്കുന്ന ഗൗരിനന്ദ (ഇടത്– വിഡിയോ ചിത്രം), ഗൗരി നന്ദ (വലത്)
SHARE

കൊല്ലം ∙ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഉൾപ്പെടെ ഒപ്പംനിന്നില്ലായിരുന്നെങ്കിൽ 18 വയസ്സുകാരിയായ ഗൗരിനന്ദ ഒരുപക്ഷേ ജയിലിലായേനെ! പ്ലസ്ടു പഠനം പൂർത്തിയാക്കി ഡിഗ്രി പ്രവേശനം പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാർഥിനിയാണ് നന്ദ. ബാങ്കിനു മുന്നിൽ ക്യൂ നിന്നവർക്ക് പെറ്റി നൽകിയതുമായി ബന്ധപ്പെട്ട തർക്കം നടക്കുമ്പോൾ ‘എന്താണ് പ്രശ്നം’ എന്നു ചോദിച്ചതു മുതലാണ് നന്ദയുടെ കഷ്ടകാലം തുടങ്ങുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്നു പറഞ്ഞ് ഗൗരിക്കും പെറ്റി ചുമത്തുമെന്നു പൊലീസ് പറഞ്ഞു.

പ്രതിഷേധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പു ചുമത്തി ചടയമംഗലം പൊലീസ് കേസും എടുത്തു. പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്‌ബുക് പേജിൽ വരെ ശക്തമായ പ്രതിഷേധം നിറഞ്ഞപ്പോൾ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തില്ലെന്നും ജാമ്യം ലഭിക്കുന്ന കേരള പൊലീസ് ആക്ട് 117(ഇ) പ്രകാരമാണ് കേസെടുക്കുന്നതെന്നും പൊലീസ് തിരുത്തി. ഗൗരിനന്ദയും പൊലീസുമായുള്ള തർക്കത്തിന്റെ ദൃശ്യങ്ങൾ ലക്ഷക്കണക്കിനു പേരാണ് കണ്ടത്.

കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന സാധാരണക്കാരനുമേൽ പെറ്റി ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഗൗരിക്കു പിന്തുണ പ്രഖ്യാപിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളുണ്ടായി. ഒട്ടേറെ ഷോർട് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള, ഉപരിപഠനവും കലാജീവിതവും സ്വപ്നം കാണുന്ന ഒരു പെൺകുട്ടി ഒരു ദിവസം പൊലീസ് കേസിൽ പ്രതിയായതെങ്ങനെ? ആ ദിവസം സംഭവിച്ചത് ഗൗരിയുടെതന്നെ വാക്കുകളിൽ...

gouri-nanda
പൊലീസുമായി സംസാരിക്കുന്ന ഗൗരിനന്ദ (വിഡിയോ ചിത്രം)

‘ആശുപത്രിയിൽനിന്നു വരും വഴി കേസ്’

അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടു വരികയായിരുന്നു ഞാൻ. എടിഎമ്മിൽനിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവിൽ നിന്നിരുന്ന ഒരാളും പൊലീസുമായി വാക്കുതർക്കം നടക്കുന്നത് കണ്ട് ഞാൻ അദ്ദേഹത്തോട് എന്താണ് പ്രശ്നമെന്നു ചോദിച്ചു. അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ പൊലീസുകാർ എന്നോട് പേരും മേൽവിലാസവും ചോദിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോൾ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നൽകുകയാണെന്നു പറഞ്ഞു.

ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാൻ അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. അപ്പോൾ അവർ എന്നോട് ഒരു അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ ശബ്ദമുയർത്തി മറുപടി നൽകിയത്. നീ ഒരു ആണായിരുന്നെങ്കിൽ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. പെണ്ണാണോ എന്നൊന്നും സാർ നോക്കേണ്ടന്നു ഞാൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് ഒഴിവാക്കാമെന്ന് പല ഭാഗത്തുനിന്നും സമ്മർദമുണ്ടായി. മാപ്പ് പറയില്ലെന്ന് ഞാൻ വ്യക്തമാക്കി.

മുൻപും ദുരനുഭവം

ചടയമംഗലം പൊലീസിന്റെ ഭാഗത്തുനിന്ന് മുൻപും ദുരനുഭവം ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ഒരു കുടുംബവഴക്കിന്റെ ഭാഗമായി സ്റ്റേഷനിൽ പരാതിയുമായി പോയി. രാവിലെ ചെന്നതാണ്. വൈകിട്ട് മൂന്നു മണിയായിട്ടും വിളിക്കാത്തപ്പോൾ മനുഷ്യത്വപരമായ പരിഗണനയെങ്കിലും തരണമെന്ന് ഉദ്യോഗസ്ഥരോട് പറയേണ്ടി വന്നു. പിന്നീട് ഒരു പരിചയക്കാരൻ ഇടപെട്ടാണ് ഞങ്ങളുടെ പ്രശ്നം ഒത്തുതീർപ്പാക്കിയത്.

gouri-nanda
ഗൗരിനന്ദ.

‘നോട്ടിസല്ല, പെറ്റി തന്നെ’

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന വാണിങ് നോട്ടിസാണ് നൽകിയതെന്നും പെറ്റിയല്ലെന്നുമാണ് പൊലീസ് ഇപ്പോൾ പറയുന്നത്. എന്നാൽ എനിക്കെതിരെ പെറ്റി ചുമത്തുന്നു എന്നുതന്നെയാണ് ഉദ്യോഗസ്ഥർ അന്നു പറഞ്ഞത്. നോട്ടിസ് നൽകിയതാണെങ്കിൽ ഞാൻ പ്രതികരിക്കില്ലായിരുന്നു. എന്നോട് അസഭ്യം പറഞ്ഞപ്പോഴാണ് ശക്തമായി പ്രതികരിച്ചത്. ഞാനും പൊലീസും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അതിൽ പലവട്ടം ഞാൻ പെറ്റി എന്നു പറയുന്നുണ്ട്. അപ്പോഴൊന്നും പെറ്റിയല്ല, നോട്ടിസ് ആണെന്നു പൊലീസ് പറയുന്നില്ല. പെറ്റി ലഭിച്ചയാൾ എനിക്ക് പൊലീസ് അന്യായമായി പെറ്റി തന്നു എന്നു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

gouri-nanda
ഗൗരിനന്ദ.

റിപ്പോർട്ട് ആവശ്യപ്പെട്ട് യുവജന കമ്മിഷൻ

പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥിനിയായ ഗൗരിനന്ദയ്ക്ക് എതിരെ കേസ് എടുത്തതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. സംഭവത്തിൽ കൊല്ലം റൂറൽ പൊലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപാണ് വാക്സീൻ വിതരണത്തിൽ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വനിതാപഞ്ചായത്ത് പ്രസിഡന്റിനും മറ്റു നാല് വനിതകൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത്. നിലമേൽ പഞ്ചായത്ത് പ്രസിഡന്റിനും മറ്റ് ജനപ്രതിനിധികൾക്കും മൂന്നു ദിവസം ജയിലിൽ കഴിയേണ്ടിയും വന്നു.

English Summary: Chadayamangalam Police Officer Used Abusive Words Against Me, says Gouri Nandha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA