കടലാസിന് അസാധാരണ കനം; കള്ളനോട്ടിൽ സാനിറ്റൈസര്‍ സ്പ്രേ ചെയ്തു, തന്ത്രം പാളി

INDIA-ECONOMY-CURRENCY
ചിത്രം: INDRANIL MUKHERJEE / AFP
SHARE

കൊച്ചി∙ രഹസ്യാന്വേഷണ ഏജൻസികൾക്കു രണ്ടാഴ്ച മുൻപു ലഭിച്ച വിവരം മധ്യകേരളത്തിലെ ആറിടങ്ങളി‍ൽ കള്ളനോട്ടു നിർമാണം നടക്കുന്നതായാണ്. കള്ളനോട്ട് അച്ചടിക്കാനുള്ള പ്രത്യേക നിറത്തിലുള്ള മഷിയും പശയും ഓൺലൈനിൽ കൊച്ചിയിലേക്കു വരുത്തിയെന്ന വിവരമാണു രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചത്. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ കച്ചവടം നടക്കുന്ന ഡാർക്ക്‌നെറ്റിൽനിന്നാണു കേന്ദ്ര ഏജൻസികൾക്കു വിവരം ചോർന്നുകിട്ടിയത്. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡിനും (എടിഎസ്) വിവരം കൈമാറിയിരുന്നു.

ഇതിനിടയിലാണു കൂത്താട്ടുകുളം ഇലഞ്ഞിയിലെ വാടകവീട്ടിൽ താമസിക്കുന്ന യുവാക്കളുടെ സംഘം സമീപത്തെ മാർക്കറ്റിൽനിന്നു ഭക്ഷ്യവസ്തുക്കൾ വാങ്ങിയ ശേഷം നൽകിയ 500 രൂപയിൽ വ്യാപാരികൾക്കു സംശയം തോന്നിയത്. സാധാരണ 500 രൂപ നോട്ട് കയ്യിൽപിടിക്കുമ്പോൾ തോന്നാത്ത കനം അതിന്റെ കടലാസിനു തോന്നിയതോടെ വ്യാപാരികളിൽ ചിലർ പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ വഴി എടിഎസിനും വിവരം കൈമാറി. കള്ളനോട്ട് കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം 500 രൂപ നോട്ടുകൾ പരിശോധിച്ചതോടെ ഇവ വ്യാജമാണെന്നും കണ്ടെത്തി. ചില കച്ചവടക്കാർ കടയിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസർ നോട്ടിൽ സ്പ്രെ ചെയ്തപ്പോൾ 2 പാളിയായി കള്ളനോട്ടു പൊളിഞ്ഞു. 

palakkad-fake-currency
പാലക്കാട് കണ്ടെടുത്ത കള്ളനോട്ട്.

ഇന്ത്യ കറൻസി നോട്ടുകൾ അച്ചടിക്കുന്ന അതേ നിലവാരത്തിലുള്ള പേപ്പറിൽ അച്ചടിച്ചു വിദേശത്തുനിന്ന് ഇന്ത്യയിലേക്കു കടത്തുന്ന തരം കള്ളനോട്ടുകളല്ല ഇലഞ്ഞിയിലെ യുവാക്കൾ മാർക്കറ്റിൽ നൽകിയതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. നിർമാണത്തിന്റെ പുതുമ, കണ്ടെത്തിയ കള്ളനോട്ടുകൾക്കു നഷ്ടപെട്ടിരുന്നില്ല. ഇതോടെ കള്ളനോട്ട് നിർമാണം നടക്കുന്നത് സമീപ പ്രദേശത്തു തന്നെയാണെന്നു ബോധ്യപ്പെട്ടു. നോട്ടുമായി മാർക്കറ്റിലെത്തിയ യുവാക്കളെ നിരീക്ഷിച്ചതോടെ നിർമാണം നടക്കുന്ന വീട് പൊലീസ് കണ്ടെത്തി. ഇതിനിടയിൽ യുവാക്കളെ ചുറ്റിപ്പറ്റി കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇവർക്കു വിദേശബന്ധമുള്ളതിന്റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അറസ്റ്റിലായ യുവാക്കളെ വിവിധ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ വിശദമായ വിവരങ്ങൾ പുറത്തുവരും.

കള്ളനോട്ടും നല്ല നോട്ടും എങ്ങനെ തിരിച്ചറിയാം?

∙ കടലാസ് 

റാഗ് എന്ന കടലാസിലാണ് ഇന്ത്യൻ കറൻസി അച്ചടിക്കുന്നത്. ലോകത്തുതന്നെ ഏറ്റവും മുന്തിയ ഇനം നോട്ടടി കടലാസാണത്. റാഗ് നോട്ടുകൾ മടക്കിയാൽ ഒടിയുകയും എണ്ണുമ്പോൾ പടപട ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്യും. കാലപ്പഴക്കം ഈ ഗുണങ്ങളിൽ കുറവു വരുത്തും.

fake-currency
വണ്ണപ്പുറത്ത് പിടികൂടിയ കള്ളനോട്ടുകൾ. പ്രതികളുടെ ചിത്രം ഇൻസെറ്റിൽ.

∙ സുരക്ഷാ ടേപ്പ്

കറൻസി നോട്ടുകളിൽ വീതി കൂടിയ നൂലുപോലെ കാണുന്നതാണ് സുരക്ഷിത ടേപ്പ്. പുതിയ ഇനം നോട്ടുകളിലെല്ലാം ഇതു കാണാം. ഇടമുറിഞ്ഞു കാണുന്ന ഈ നാട വെളിച്ചത്തിനു നേരെ കാണിച്ചാൽ ധാരമുറിയാതെ കാണാം. മൂല്യം കൂടിയ നോട്ടുകളിൽ ഹിന്ദിയിൽ ഭാരത്, ആർബിഐ എന്നിങ്ങനെ എഴുതിയിട്ടുണ്ടാകും.

∙ വാട്ടർമാർക്ക്

കടലാസിൽ വെള്ളംകൊണ്ടു വരച്ചപോലെ ഗാന്ധിജിയെ കാണുന്നതാണ് വാട്ടർമാർക്ക്. വെളിച്ചത്തിനു നേരെ പിടിക്കുമ്പോഴാണ് ഇതും കാണുന്നത്. യഥാർഥനോട്ടിൽ ഗാന്ധിജിയുടെ രൂപം കൃത്യവും സുന്ദരവുമായിരിക്കും. കള്ളനോട്ടിൽ പലപ്പോഴും ചിത്രത്തിനു രൂപമാറ്റം കാണും.

fake-currency
പ്രതീകാത്മക ചിത്രം.

∙ മറഞ്ഞ മൂല്യം

ഗാന്ധിജി ചിത്രത്തിനു വലതുവശത്തുള്ള ഭാഗത്തു നോട്ടിന്റെ മൂല്യം കണ്ണിനു തിരശ്‌ചീനമായി പിടിച്ചാൽ അക്കത്തിൽ കാണാം.

∙ ലെൻസിൽ മാത്രം കാണുന്ന അച്ചടി

സൂക്ഷ്മമായ നിരവധി ദൃശ്യങ്ങളും എഴുത്തുകളും നിറഞ്ഞതാണ് ഓരോ നോട്ടും.

fake-currency
കാസർഗോഡ് പിടിച്ച കള്ളനോട്ട്.

∙ ബ്രെയിൽ രേഖ

കാഴ്‌ചശക്‌തി കുറഞ്ഞവർക്കു നോട്ടിൽ സ്പർശിച്ചു തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ തുക രേഖപ്പെടുത്തിയിട്ടുണ്ട്.

തിളങ്ങുന്ന മഷി

അൾട്രാ വയലറ്റ് രശ്മികൾ പതിപ്പിക്കുമ്പോൾ മാത്രം തിളക്കത്തോടെ കാണുന്ന ചില ത്രിമാന സ്വഭാവമുള്ള കുത്തും കുറികളും നമ്മുടെ നോട്ടുകളിലുണ്ട്.

ernakulam-fake-currency
എറണാകുളത്ത് നിന്ന് പിടിച്ച കള്ളനോട്ട്.

ക്രമനമ്പർ

ക്രമനമ്പറിന്റെ വലുപ്പം കള്ളനോട്ടിൽ വ്യത്യസ്തമായിരിക്കും.

കയ്യിൽ കിട്ടുന്ന നോട്ടുകൾ വ്യാജമാണെന്നു തോന്നിയാൽ ഒറിജിനലുമായി ഒത്തുനോക്കുക. സംശയം തോന്നുന്ന നോട്ടുകൾ സമീപത്തെ ബാങ്ക് ശാഖയിൽ എത്തിച്ചു പരിശോധിക്കുന്നതാണ് ഏറ്റവും നല്ലത്.

English Summary: How can we Identify Original and Fake Currency Notes?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA