ADVERTISEMENT

ന്യൂഡല്‍ഹി∙ നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയുടെ നിശിത വിമർശനം. കേസിൽ സർക്കാരിന്റെ ഹർജി തളളിയ കോടതി നിലവിലെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്നും വ്യക്തമാക്കി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.

കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ അതിര് ജനപ്രതിനിധികൾ ലംഘിച്ചു. സർക്കാർ ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനാണ്. സ്വന്തം ഉത്തരവാദിത്തം സഭയിൽ നിർഭയമായി നിർവഹിക്കാനുള്ളതാണ് ഈ ഉത്തരവാദിത്തങ്ങൾ. ഈ പ്രത്യേക അവകാശവും പരിരക്ഷയും പൊതുനിയമങ്ങളിൽനിന്ന് ഒഴിവാകാനുള്ള കവാടമല്ല. പൊതുനിയമം ജനപ്രതിനിധികൾക്കും ബാധകമാണ്. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ല. കേസുകൾ പിൻവലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി.

ഹർജി പിൻവലിക്കണമെന്ന് സർക്കാരിനു വേണ്ടി കോടതിയിൽ ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെയും കോടതി വിമർശനം നടത്തി. 184 അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹർജി സമർപ്പിച്ചത്. പ്രോസിക്യൂട്ടർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. നിയമസഭയിൽ കയ്യാങ്കളി നടത്തിയ എംഎൽഎമാർക്കെതിരെ ക്രിമിനൽ നടപടിച്ചട്ടത്തിലെ 321 വകുപ്പ് പ്രകാരം റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചതിനെതിരായാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

വാദത്തിനിടെ സര്‍ക്കാരിനെതിരെ നേരത്തേതന്നെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. സംസ്ഥാന സർക്കാരിനു പുറമേ, കേസിൽ പ്രതികളായ വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, സി.കെ.സദാശിവൻ, കെ.കുഞ്ഞമ്മദ്, കെ.അജിത് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എംഎല്‍എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി, കേസ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതിയിൽ സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.

Violence-in-Kerala-Assembly-3
2015ല്‍ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെ എല്‍ഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിൽ നടത്തിയ കയ്യാങ്കളി (ഫയൽ ചിത്രം)

2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യുഡിഎഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് (എം) ഇന്ന് എല്‍ഡിഎഫിന്റെ ഭാഗമാണ്. വാദത്തിനിടെ, കെ.എം.മാണി അഴിമതിക്കാരനാണെന്ന പരാമർശം സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ നടത്തിയതും വിമർശനത്തിനിടയാക്കിയിരുന്നു.

English Summary: Supreme Court rejects Kerala government plea to withdraw prosecution in Assembly Ruckus Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com