ADVERTISEMENT

കൊച്ചി ∙ തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും നഗരസഭാ പരിസരത്ത് കുഴിച്ചിടുകയും ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെഎച്ച്ഐ) ഹൈക്കോടതിയിൽ. നായകളെ കൊല്ലാൻ തീരുമാനമെടുത്തത് നഗരസഭാ അധ്യക്ഷ, സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എന്നിവരാണെന്നു ജെഎച്ച്ഐ സജി കുമാർ നല്‍കിയ ഹർജിയിൽ പറയുന്നു. 

അറസ്റ്റിലായവർ നഗരസഭാ അധ്യക്ഷയെയും മറ്റുള്ളവരെയും രക്ഷിക്കുന്നതിനാണ് തനിക്കെതിരെ മൊഴി നൽകിയത്. വെറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ തനിക്ക് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാനോ നടപ്പാക്കുന്നതിനോ സാധിക്കില്ല എന്നിരിക്കെയാണ് തന്നെ പ്രതിസ്ഥാനത്തു നിർത്തുന്നത്. സംഭവത്തിൽ താൻ കുറ്റക്കാരനല്ലെന്നും സജി കുമാർ പറയുന്നു. 

കാക്കനാട് ഈച്ചമുക്ക് ഭാഗത്ത് തെരുവുനായ്ക്കളെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ മൃഗസ്നേഹികളുടെ സംഘടന നടത്തിയ ഇടപെടലാണ് കേസിലേയ്ക്കു വഴി തെളിച്ചത്. ആദ്യഘട്ടത്തിൽ ഇറച്ചിക്കുവേണ്ടി നായയെ പിടികൂടുന്നു എന്ന സംശയം ഉയർന്നെങ്കിലും കൊന്നു കുഴിച്ചുമൂടുകയാണെന്നു വ്യക്തമായി. പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിൽ നഗരസഭാ പരിസരത്തുനിന്ന് 30ൽ അധികം നായ്ക്കളുടെ ജഡമാണ് കണ്ടെത്തിയത്.

ആദ്യ ദിവസം തന്നെ വാഹന ഉടമ പൊലീസ് പിടിയിലായി. കേസിലെ പ്രധാന പ്രതികളായ പ്രബീഷ്, രഞ്ജിത്, രഘു എന്നിവർ പൊലീസിന് മുന്നിൽ പിന്നീടു ഹാജരാവുകയായിരുന്നു. ഇവരുടെ എല്ലാം അറസ്റ്റ് ഇൻഫോപാർക്ക് പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ ഹൈക്കോടതി കൂടി ഇടപെട്ടതോടെ അന്വേഷണം ശക്തമായി. ഇതിനിടെ നായവേട്ടയ്ക്കു നിർദേശം നൽകിയ നഗരസഭാ അധ്യക്ഷ  ഉൾപ്പെടെയുള്ളവർ രാജിവയ്ക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

നായ്ക്കളെ കൊന്നുതള്ളുന്നതിന് നഗരസഭ നിർദേശം നൽകിയിട്ടുണ്ടെങ്കിൽ നിയമവിരുദ്ധമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ഹെൽത്ത് ഇൻസ്പെക്ടർ ഫോണിൽ നൽകിയ നിർദേശപ്രകാരമാണ് നായ്ക്കളെ പിടികൂടിയത് എന്നാണു പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജെഎച്ച്ഐ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നാണു വിവരം.

English Summary: Stray dog killing case Thrikkakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com