ADVERTISEMENT

കൊച്ചി ∙ വയനാട് മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ അറസ്റ്റിലായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വയനാട് വാഴവറ്റ മൂറ്റാനാനിയില്‍ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മാതാവ് ഇന്ന് (ബുധൻ) രാവിലെ മരിച്ചിരുന്നു. മാതാവ് മരിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ രാവിലെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജി പരിഗണിക്കുന്നതിനു മുൻപുതന്നെ പ്രതികള്‍ അറസ്റ്റിലായിരുന്നു.

കേസ് പരിഗണിക്കുമ്പോഴാണ് പ്രതികളെ അറസ്റ്റു ചെയ്ത വിവരം കോടതിയെ അറിയിച്ചത്. മാതാവിന്റെ സംസ്‌കാര ചടങ്ങില്‍ പ്രതികള്‍ക്കു പങ്കെടുക്കാന്‍ സൗകര്യം ഒരുക്കുന്നതിനു തയാറാണെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. ഒളിവിലായിരുന്ന പ്രതികള്‍ മാതാവിന്റെ സംസ്‌കാര ചടങ്ങിനു പോകുന്ന വഴിക്ക് കുറ്റിപ്പുറം പാലത്തില്‍ വച്ചു തിരൂര്‍ ഡിവൈഎസ്പി അറസ്റ്റു ചെയ്തതായാണ് വിവരം. വ്യാഴാഴ്ച  രാവിലെയാണ് മാതാവിന്റെ സംസ്‌കാരം. അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി നിര്‍ദേശിച്ചു.

അറസ്റ്റ് നടപടികള്‍ തൽക്കാലത്തേക്ക് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍, സര്‍ക്കാര്‍ അഭിഭാഷകനാണ് മാതാവിന്റെ മരണ, സംസ്‌കാര വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. പട്ടയ ഭൂമിയിലെ മരം മുറിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും 701 കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍, കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യാത്തത് ഒത്തുകളിയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചതിന്റെ പിറ്റേന്നാണ്  അറസ്റ്റുണ്ടായത്.

ഇതിനിടെ, മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയഭൂമിയില്‍നിന്ന് ഈട്ടിമരം മുറിച്ചു കടത്തിയ കേസില്‍ 2 മരക്കച്ചവടക്കാരും പിടിയിലായി. മുട്ടില്‍ സ്വദേശി അബ്ദുല്‍ നാസര്‍, അമ്പലവയല്‍ സ്വദേശി അബൂബക്കര്‍ എന്നിവരെയാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റവന്യുവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണു മരങ്ങള്‍ മുറിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കേസില്‍ എത്ര പ്രതികളെ അറസ്റ്റു ചെയ്തു, എന്തു നടപടി എടുത്തു എന്നതുള്‍പ്പടെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ നാടകീയമായി അറസ്റ്റ് ചെയ്തത്. 

English Summary: Three Accused arrested in Muttil Rosewood Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com