ADVERTISEMENT

കൊൽക്കത്ത ∙ എതിരാളികളെ പരാജയപ്പെടുത്താൻ എന്തുവഴിയും സ്വീകരിക്കുന്ന ‘ടഫ് നേതാവ്’ എന്ന ഇമേജാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്കുള്ളത്. ആരോടും മുഖം തിരിഞ്ഞു നിൽക്കാത്തതിനാൽ ദേശീയ ചാനലുകൾക്കും പ്രിയങ്കരൻ. ആരോടെങ്കിലും യുദ്ധം ചെയ്യാതെ ഹിമന്ദയ്ക്ക് അടങ്ങിയിരിക്കാനാവില്ല എന്നാണ് അടുപ്പക്കാർ പറയുന്നത്. 

കുറച്ചുദിവസമായി അസം മുഖ്യമന്ത്രിയുടെ മുഖ്യ ടാർജറ്റ് ലഹരി കടത്തുകാരാണ്. മറ്റൊരു സംസ്ഥാനവും ചെയ്യാത്ത തരത്തിലുള്ള ലഹരി വേട്ടയാണ് അസമിലേത്. മുഖ്യമന്ത്രി തന്നെ ഇതിന് മുന്നിട്ടിറങ്ങുന്നു. സഹസ്രകോടികളുടെ ലഹരി കച്ചവടത്തിന്റെ ട്രാൻസിറ്റ് പോയിന്റാണ് അസം എന്നും ഇത് തകർക്കുകയാണ് തന്റെ ആദ്യ ലക്ഷ്യങ്ങളിലൊന്ന് എന്നും ഹിമന്ദ അധികാരമേറ്റ അന്നുതന്നെ പറഞ്ഞിരുന്നു.

പൊതുവെ സൗമന്യനായ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെ വെട്ടിയാണ് ബിജെപിയുടെ വടക്കുകിഴക്കിലെ ട്രബിൾ ഷൂട്ടറായ ഹിമന്ദ മുഖ്യമന്ത്രിയായത്. 5000 കോടിയുടെ ലഹരിമരുന്നാണ് ഒരു വർഷം അസം വഴി  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കടന്നു പോകുന്നതെന്ന് ഏകദേശകണക്ക്. മുഖ്യമന്ത്രി തന്നെ നേരിട്ട് റെയ്ഡിന് ഇറങ്ങിയതോടെ രണ്ടു മാസം കൊണ്ടു മാത്രം പിടിച്ചെടുത്തത് 200  കോടിയിലധികം രൂപയുടെ ലഹരിമരുന്നാണ്. ഇതിന്റെ പലമടങ്ങാണ് യഥാർഥ കച്ചവടം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല മലഞ്ചെരുവുകളിലും വ്യാപകമായി കഞ്ചാവു കൃഷി നടക്കുന്നുണ്ട്. ഒപ്പം മ്യാൻമർ ഉൾപ്പെടെ അതിർത്തി രാജ്യങ്ങളിൽനിന്നുള്ള കടത്തും. പല വിഘടനവാദി ഗ്രൂപ്പുകളുടെയും പ്രധാന വരുമാനങ്ങളിലൊന്നും ലഹരിമരുന്ന് ഉൽപാദനമാണ്. അസം വഴിയാണ് ഇവ മറ്റു സംസ്ഥാനങ്ങളിലേക്ക് വിൽപനയ്ക്കായി കൊണ്ടുപോകുന്നത്. കഞ്ചാവിനു പുറമെ ഓപിയം, ഹെറോയിൻ, ബ്രൗൺ ഷുഗർ എന്നിവയും മറ്റു ലഹരികളും ഇങ്ങനെ കടത്തുന്നു. നാഗാലൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന കൃഷികളിൽ പലതും പ്രാദേശിക ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ്.

റെയ്ഡ് നടത്തി ലഹരിമരുന്ന് പിടിച്ചെടുത്ത് നശിപ്പിക്കുന്നത് അസമിലെ ഏറ്റവും വലിയ മീഡിയ ഇവന്റുമായി മാറി. കർബി ആംഗ്ലോങ് ജില്ലയിൽനിന്നു പിടിച്ചെടുത്ത 163 കോടി രൂപയുടെ ലഹരി കൂട്ടിയിട്ട് തീ കത്തിക്കാൻ ഹിമന്ദ ഹെലികോപ്റ്ററിൽ ദിഫു പട്ടണത്തിൽ പറന്നിറങ്ങി. നൗഗാവ് ജില്ലയിൽ റോഡ് റോളർ ഉരുട്ടിയാണ് മുഖ്യമന്ത്രി ലഹരിമരുന്ന് നശിപ്പിച്ചത്. പിടിച്ചെടുത്ത ലഹരി മരുന്നുകളുടെ ചിത്രങ്ങളും നശിപ്പിക്കുന്ന ദൃശ്യങ്ങളും ഹിമന്ദ പതിവായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്യുന്നുമുണ്ട്.

English summary: Assam CM crushes seized narcotics with road roller, says drug trade in state worth at least ₹5,000 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com