ADVERTISEMENT

കോട്ടയം ∙ കേരളത്തിനു പ്രത്യേക റെയില്‍വേ സോണ്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. വരുമാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പരിഗണിച്ചാണ് പുതിയ സോണ്‍ അനുവദിക്കുന്നതെന്നും കേരളത്തിന്റെ അപേക്ഷ പരിശോധിച്ചുവെങ്കിലും പ്രായോഗികമല്ലെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, മധുര ഡിവിഷനുകള്‍ ലയിപ്പിക്കാന്‍ നീക്കമില്ലെന്നും കേന്ദ്രം അറിയിച്ചു. നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള 160 കിലോമീറ്റര്‍ പാത മധുര ഡിവിഷനിലേക്കു മാറ്റാന്‍ നീക്കം നടന്നെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു മറുപടി.

റെയില്‍വേ സോണ്‍ എന്ന കേരളത്തിന്റെ ഏറെ പഴക്കമുള്ള ആവശ്യത്തോടു നിഷേധാത്മകമായ നിലപാടാണു കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ റെയില്‍വേ വികസനം വേഗത്തില്‍ നടപ്പാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ചേര്‍ത്ത് എറണാകുളം ആസ്ഥാനമാക്കി പുതിയ സോണ്‍ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയയ്ക്കുകയും ചെയ്തു.

2019ല്‍ ആന്ധ്ര പ്രദേശിനു പുതിയ സോണ്‍ അനുവദിച്ചിട്ടും കേരളത്തെ അവഗണിച്ചു. ദക്ഷിണേന്ത്യയില്‍ യാത്രാക്കൂലി ഇനത്തില്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം കേരളത്തില്‍നിന്നാണ്. എന്നിട്ടും വികസന വിഷയത്തില്‍ കേരളത്തിനു കേന്ദ്രസഹായം ലഭിക്കുന്നില്ലെന്നാണ് ആരോപണം. രാഷ്ട്രീയ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണു പലപ്പോഴും പുതിയ സോണുകള്‍ക്കും ഡിവിഷനുകള്‍ക്കുമായി ആവശ്യം ഉയരാറുള്ളതെന്നും ഇതു പ്രാവര്‍ത്തികമാക്കുക എളുപ്പമല്ലെന്നുമാണ് റെയില്‍വേയുടെ നിലപാട്.

ഏതാണ്ട് 205 കോടി രൂപയാണ് പുതിയ സോണ്‍ രൂപീകരണത്തിന് വരുന്ന ചെലവ്. ഡിവിഷന്‍ രൂപീകരണത്തിന് 29 കോടി രൂപയും. പുതിയ തസ്തികകളുടെ രൂപീകരണം, സ്ഥാനക്കയറ്റം, നിയമനം, മറ്റു ചെലവുകള്‍ എന്നിവ കൂടാതെയാണ് ഈ കണക്ക്. 2009-13 കാലത്തു ലഭിച്ച അപേക്ഷകള്‍ പരിശോധിക്കാന്‍ റെയില്‍വേ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അപേക്ഷകളൊന്നും നീതീകരിക്കാനാകുന്നതല്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. പുതിയ സോണുകള്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും നിലവിലുള്ളവയുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നുമാണ് വിദഗ്ധ ഉപദേശം. 

English Summary: No Railway zone for Kerala, repeats Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com