ADVERTISEMENT

പട്ന ∙ പ്രതിപക്ഷ ഐക്യത്തിൽ ‘കിങ് മേക്കർ’ റോൾ വഹിക്കാൻ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യത്തിലിറങ്ങിയ ലാലു ഡൽഹിയിൽ തമ്പടിക്കുന്നതു ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നാണ് സൂചന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു സുശക്തമായ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുകയെന്നതാണ് ലാലുവിന്റെ ദൗത്യം. 

എൻസിപി നേതാവ് ശരദ് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് എന്നിവരുമായി ലാലു കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സൗഹൃദ സന്ദർശനങ്ങളിൽ പ്രതിപക്ഷ ഐക്യമായിരുന്നു മുഖ്യവിഷയം. പാർലമെന്റ് സമ്മേളനത്തിൽ സർക്കാരിനെതിരെ പ്രയോഗിക്കേണ്ട തന്ത്രങ്ങളും ചർച്ച ചെയ്തതായാണു സൂചന. 

കോൺഗ്രസ് ഇതര പ്രതിപക്ഷ ഐക്യമെന്ന പേരിൽ പ്രാദേശിക കക്ഷികളുടെ മുന്നണിയുണ്ടാക്കാൻ നടന്ന ശ്രമത്തെ അട്ടിമറിച്ചത് ആർജെഡിയാണ്. കോൺഗ്രസ് ഉൾപ്പെടാത്ത പ്രതിപക്ഷ മുന്നണിക്ക് ആർജെഡി ഇല്ലെന്നു തേജസ്വി യാദവ് നിലപാടു പരസ്യമാക്കിയിരുന്നു. ഇരുനൂറിലേറെ ലോക്സഭാ സീറ്റുകളിൽ ബിജെപിയുമായി നേരിട്ടു മൽസരിക്കുന്ന കോൺഗ്രസിനെ അവഗണിച്ചു മുന്നണിയുണ്ടാക്കുന്നത് വിഡ്ഢിത്തമാണെന്നു തേജസ്വി തുറന്നടിച്ചു. 

പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യമാണ് ഐക്യത്തിനു കീറാമുട്ടിയായി നിൽക്കുന്നത്. തർക്ക വിഷയങ്ങളിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ലാലു പ്രതിപക്ഷ കക്ഷി നേതാക്കളെ അറിയിച്ചിട്ടുണ്ട്. 

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാലു വർഷത്തിലേറെ ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു വരെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാനാണ് ലാലുവിന്റെ നീക്കം. എട്ടു വർഷത്തിനു ശേഷം ലാലു യാദവ് പാർലമെന്റ് മന്ദിരം സന്ദർശിച്ചതു മാധ്യമ ശ്രദ്ധ നേടി. കോവിഡ് വാക്സിനേഷനു വേണ്ടിയാണു എത്തിയതെങ്കിലും ലാലു മാധ്യമപ്രവർത്തകരുമായി രാഷ്ട്രീയം ചർച്ച ചെയ്യാൻ മടിച്ചില്ല. 

English Summary : Lalu Prasad Yadav to play major role in opposition front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com