അനാഥാലയത്തിലെ പിതാവും മടങ്ങുന്ന മകനും: ചിത്രത്തിനു പിന്നിലൊരു കഥയുണ്ട്; കുറ്റപ്പെടുത്തും മുമ്പ്..

father-son-orphanage-photo
അനാഥാലയത്തിൽനിന്നു മടങ്ങുന്ന മകനെ നോക്കുന്ന പിതാവ്. സമൂഹമാധ്യമത്തിൽ വൈറലായ ചിത്രം
SHARE

പത്തനംതിട്ട∙ ‘അനാഥാലയത്തിലാക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ’ എന്ന കുറിപ്പിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രമാണിത്. പക്ഷേ ചിത്രത്തിന്റെ സാഹചര്യമെന്തെന്നോ അതു പോസ്റ്റ് ചെയ്തതിന്റെ ഉദ്ദേശ്യശുദ്ധി എന്തെന്നോ മനസ്സിലാക്കാതെ സ്വന്തം മനോധർമമനുസരിച്ച് പലരും അതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ മകൻ വില്ലനും ചിത്രമെടുത്തു പോസ്റ്റ് ചെയ്തയാൾ കുറ്റക്കാരനുമായി. എന്നാൽ ചിത്രം ദുർവ്യാഖ്യാനിക്കപ്പെടുകയാണെന്ന് അത് പോസ്റ്റ് ചെയ്ത ബത് സേഥായുടെ നടത്തിപ്പുകാരൻ ഫാ. സന്തോഷ് പറയുന്നു. അനാഥർക്കും നിർധനരായ രോഗികൾക്കുമുള്ള ആശ്രയകേന്ദ്രമായ ബത് സേഥാ പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണിനടുത്തു പുന്നകുന്നിലാണ് പ്രവർത്തിക്കുന്നത്.

പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ വയോധികനാണ് ചിത്രത്തിലുള്ളത്. അദ്ദേഹത്തിന്റെ മകന് തൃശൂർ ജില്ലയുടെ ഉൾപ്രദേശത്തെവിടെയോ വനമേഖലയ്ക്കടുത്ത് ടാപ്പിങ് ജോലിയാണ്. ഭാര്യ കുറച്ചു കാലമായി പിണങ്ങി വേറേ താമസിക്കുകയാണ്. കാട്ടിലേക്കു പിതാവിനെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടു കാരണം വീട്ടിൽ ഒറ്റയ്ക്കാക്കിയാണ് മുൻപ് മകൻ ജോലിക്കു പോയത്. എന്നാൽ ഇദ്ദേഹം തനിച്ചാണെന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസ് മകനെ ബന്ധപ്പെട്ട് പിതാവിനെ സുരക്ഷിതമായി എവിടെയെങ്കിലും ആക്കണമെന്നു നിർദേശിച്ചു. ജോലിക്കു പോകാതെ പറ്റില്ലെന്നതിനാലാണ് തന്നെ വിളിച്ചു ചോദിച്ച് അദ്ദേഹത്തെ ബത് സേഥായിൽ എത്തിച്ചതെന്ന് ഫാ. സന്തോഷ് പറയുന്നു.

പിതാവിനെ ഒരു അനാഥാലയത്തിലാക്കി പോകുന്നതിന്റെ എല്ലാ വിഷമവും ആ മകനുണ്ടായിരുന്നു. മകൻ യാത്ര പറഞ്ഞ് ഓട്ടോയിൽ കയറുമ്പോഴുള്ള പിതാവിന്റെ നിസ്സഹായത നിറഞ്ഞ നോട്ടമാണ് ആ ചിത്രത്തിലുള്ളത്. നിറഞ്ഞു കലങ്ങിയ കണ്ണുകളടച്ച് മകൻ ഓട്ടോറിക്ഷയിൽ കുനിഞ്ഞിരിക്കുകയായിരുന്നു അപ്പോൾ. മകൻ പോയശേഷം പത്തു മിനിറ്റോളം കഴിഞ്ഞാണ് പിതാവ് നോട്ടം പിൻവലിച്ച് അകത്തേക്കു കയറിയത്. ഇതിനിടയിൽ പകർത്തിയതായിരുന്നു ചിത്രം. പക്ഷേ ചില മാധ്യമങ്ങൾ മകനെ കുറ്റപ്പെടുത്തി വാർത്ത നൽകി. പലരും മനോധർമം പോലെ അതിനെ വ്യാഖ്യാനിച്ച് ആ പിതാവിന്റെയും മകന്റെയും നിസ്സഹായതകളെ മറന്നു കളഞ്ഞെന്നും ഫാ. സന്തോഷ് പറയുന്നു.

പത്തനംതിട്ട തുമ്പമണ്ണിനടുത്തു പുന്നകുന്നിലാണ് ബത് സേഥാ പ്രവർത്തിക്കുന്നത്. തെരുവിൽ അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി ഇവിടെ കൊണ്ടുവന്നു മുടി വെട്ടി കുളിപ്പിച്ച് പുതിയ ഒരു ജീവിതം നൽകാനുള്ള ശ്രമമാണിതെന്നു ഫാ. സന്തോഷ് പറയുന്നു. സ്വന്തം പിതാവ് ഉൾപ്പെടെ 23 പേർ നിലവിൽ ഇവിടെ അന്തേവാസികളായി ഉണ്ട്. ഇതിനു പുറമേ തിരുവനന്തപുരത്ത് ആർസിസിക്കു സമീപം നിർധനരായ കാൻസർ രോഗികൾക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവുമൊരുക്കി തണൽ വീട് എന്ന കാൻസർ കെയർ ഹോമും നടത്തുന്നു.

ചിത്രത്തോടൊപ്പം ഫാ. സന്തോഷ് പോസ്റ്റ് ചെയ്ത കുറിപ്പ്:

ഞാൻ പകർത്തിയ ഒരു ചിത്രമാണ്.. ഇന്ന് ബത് സേഥായിൽ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം. പക്ഷേ വൃദ്ധനേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിന്റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു.. തന്റെ സ്വന്തം മകൻ. മകന്റെ നിസ്സഹായതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്. ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ് തുടർന്നു.. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും. പക്ഷേ ഇവിടെ അദ്ദേഹത്തിന് ദുഃഖിക്കേണ്ടി വരില്ല... തനിച്ചുമായിരിക്കില്ല... 85 വയസ്സുള്ള എന്റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയിൽ കസേരയിൽ ഇരുന്ന് ഈ കാഴ്ച കാണുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആൾ വന്നതാണ് എന്ന്. എന്റെ കൈയിൽ ബലം കുറഞ്ഞ ആ കൈകൾ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നൽകി. ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.

English Summary: Story behind viral photo of father and son at orphanage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA