ADVERTISEMENT

കൊച്ചി∙ നിയമസഭാ അക്രമക്കേസ് സുപ്രീം കോടതിയുടെ ഉത്തരവിലൂടെ വിചാരണയിലേക്കു നീങ്ങുമ്പോൾ തങ്ങളുടെ ശ്രമം പാഴായില്ലെന്ന് ആഹ്ലാദിക്കുന്ന രണ്ടുപേർ അണിയറയ്ക്കു പിന്നിലുണ്ട്.‌ കേസ് വൈകിപ്പിക്കാനുള്ള കുതന്ത്രങ്ങൾക്കെതിരെ ഫലപ്രദമായ കവചം തീർത്ത രണ്ടുപേർ. കോട്ടയം പെരുവ മുളക്കുളം സൗത്ത്, മുറംതൂക്കിൽ എം.ടി. തോമസും കടുത്തുരുത്തി പീറ്റർ മ്യാലിപറമ്പിലും. നാഷനൽ ക്യാംപെയ്ൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫർമേഷൻ (എൻസിപിആർഐ) കോട്ടയം ജില്ലാ കോഓർ‍ഡിനേറ്ററാണ് തോമസ്. സംസ്ഥാന കോഓർഡിനേറ്ററാണ് പീറ്റർ.

വിവരാവകാശ നിയമത്തിന്റെ കൈപിടിച്ചായിരുന്നു ഇവർ പോരാട്ടം തുടങ്ങിയത്. നിയമസഭാ അക്രമക്കേസ് വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതിവരെ പോയ ഇവർ അനുകൂല ഉത്തരവും നേടി. ഇവരുടെ ഹർജിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുൺ പുറപ്പെടുവിച്ച ഉത്തരവാണ് കേസ് വൈകിപ്പിക്കാനുള്ള നീക്കങ്ങളുടെ മുനയൊടിച്ചത്. ഈ കേസിൽ തോമസും പീറ്ററും മാത്രമായിരുന്നു പരാതിക്കാർ. ഇവരുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ  കേസ് ഇനിയും വെളിച്ചം കാണാതെ ഏറെനാൾ കുടുങ്ങികിടന്നേനെ.

Kerala-Assembly-violence-12
നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽനിന്ന്.

തുടക്കം വിവരാവകാശ രേഖയിൽ

2015 മാർച്ച് 13ന് ബജറ്റ് സമ്മേളനത്തിനിടെ അതിക്രമം കാട്ടിയതിന്റെ പേരിൽ ഇപ്പോഴത്തെ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ അന്ന് പ്രതിപക്ഷ എംഎൽഎമാരായിരുന്ന കെ. അജിത്, കെ. കെ. കുഞ്ഞമ്മദ്, ഇ.പി. ജയരാജൻ, സി.കെ. സദാശിവൻ, കെ.ടി. ജലീൽ എന്നിവർക്കെതിരെയാണു കേസെടുത്തിരുന്നത്.

2015 മുതൽ ഈ സംഭവങ്ങൾക്കു പിന്നാലെ കൂടിയതാണ് ഇരുവരും. ഇവർക്കൊപ്പം അഭിഭാഷകൻ അജിത് ജോയികൂടി ചേർന്നതോടെ പോരാട്ടത്തിനു നിയമ വീര്യം കൂടി. പൊതുതാൽപര്യം മാത്രമായിരുന്നു കേസിന്റെ പിന്നാലെ കൂടാൻ പ്രചോദനമായതെന്നു തോമസും പീറ്ററും പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിക്കേണ്ടതുണ്ട്. ശ്രീകോവിൽ തല്ലിതകർത്താൽ വിശ്വാസികൾക്കുള്ള വികാരം തന്നെയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നടന്ന അക്രമ സംഭവങ്ങൾ ഞങ്ങളിൽ ഉണർത്തിയതെന്ന് ഇരുവരും പറഞ്ഞു.

പൊതുമുതൽ നശിപ്പിച്ച സംഭവമാണിത്. അതും നിയമസഭയിൽ. അതിനാൽ മാർച്ചിൽ നിയമസഭയിൽ അക്രമം നടന്ന് അധികം വൈകുന്നതിനു മുൻപ് വിവരാവകാശ നിയമപ്രകാരം 2015 ജൂൺ 15ന് അപേക്ഷ നൽകിയിരുന്നെന്നു തോമസ് പറഞ്ഞു. ഈ അപേക്ഷയായിരുന്നു തുടക്കം. അക്രമത്തിൽ നശിപ്പിക്കപ്പെട്ട വസ്തുക്കളും അവയുടെ വിലയും വ്യക്തമാക്കി 2015 ജൂൺ 15ന് സ്പീക്കറുടെ കാര്യാലയത്തിൽനിന്നു മറുപടിയും ലഭിച്ചു.

Kerala-Assembly-Violence-8-JPG
നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽനിന്ന്.

സ്പീക്കറുടെ കസേര ഒന്ന്: 20,000 രൂപ

സ്പീക്കറുടെ കസേര ഒന്ന്: 20,000 രൂപ, എമർജൻസി ലാംപ് (1): 2185 രൂപ, മൈക്ക് യൂണിറ്റ് (4): 1,45,920 രൂപ, സ്റ്റാൻഡ് ബൈ മൈക്ക് (1): 22,000, ഡിജിറ്റൽ ക്ലോക്ക്–(2): 200 രൂപ, മോണിറ്റർ(2): 28,000, ഹെഡ്ഫോൺ (3):1,788. എന്നിങ്ങനെയായിരുന്നു നിരക്കുകൾ. അന്വേഷണ നടപടികൾ പൂർത്തീകരിച്ചിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം ഈടാക്കുന്നതു സംബന്ധിച്ചു അന്തിമ തീരുമാനമായിട്ടില്ലെന്നും രേഖയിൽ വ്യക്തമാക്കിയിരുന്നു.

നിയമസഭാ സെക്രട്ടറി 2015 മാർച്ച് 14ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. 2016 മാർച്ച് 21ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകിയെങ്കിലും കേസ് വലിച്ചു നീട്ടുകയായിരുന്നു.

തിരുവനന്തപുരം, എറണാകുളം കോടതികളിൽ കേസ് നടപടികൾ നടന്നെങ്കിലും കേസിൽ ഹാജരാകാതെയും ജാമ്യം എടുക്കാതെയും മറ്റും പ്രതിഭാഗം പരമാവധി കേസ് വൈകിപ്പിക്കുകയായിരുന്നു. ഇതിനിടെയാണു വി. ശിവൻകുട്ടി 2017 മാർച്ച് 19ന് നൽകിയ അപേക്ഷയുടെയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയുടെ കത്തിന്റെയും അടിസ്ഥാനത്തിൽ, കോടതിയുടെ അനുമതിയോടെ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.

കേസ് പിൻവലിക്കാൻ ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി തിരുവനന്തപുരം ജില്ലാ കലക്ടർക്ക് 2018 ഫെബ്രുവരി രണ്ടിനുള്ള കത്തിലൂടെ നിർദേശം നൽകി. തുടർന്നു കോടതിയുടെ മുന്നനുമതിയോടെ കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്നു സർക്കാർ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും നിർദേശിച്ച് പ്രോസിക്യൂഷൻ ഡപ്യൂട്ടി ഡയറക്ടർക്ക് 2018 ഫെബ്രുവരി 24ന് തിരുവനന്തപുരം ജില്ലാ കലക്ടർ കത്ത് നൽകി. ഇതിനിടെ കേസ് എറണാകുളം പ്രത്യേക കോടതിയിലേക്കു മാറ്റി. കേസ് പിൻവലിക്കാനുള്ള അപേക്ഷ പബ്ലിക് പ്രോസിക്യൂട്ടർ പ്രത്യേക കോടതിയിൽ നൽകുകയും ചെയ്തു.

ഇതിനെതിരെ തോമസും പീറ്ററും 2018 ഓഗസ്റ്റ് 22ന് തടസ്സവാദം ഉന്നയിച്ച് അപേക്ഷ നൽകിയത്. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചിരുന്നു.

വി.ശിവൻകുട്ടി
നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽനിന്ന്.

പ്രോസിക്യൂട്ടർ നൽകിയ അപേക്ഷയിൽ വാദം കേൾക്കാൻ പ്രത്യേക കോടതിയിൽ പല കാരണങ്ങൾ പറഞ്ഞു പലതവണ കേസ് മാറ്റിവച്ചു. ഇതിനിടെ, സുപ്രീം കോടതി ഉത്തരവ് പ്രകാരം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് കേസ് മാറ്റിയെങ്കിലും അന്തിമ ഉത്തരവുണ്ടായില്ല. ഇതിനിടെ ഇരുപതിലേറെ തവണ കേസ് മാറ്റിവയ്ക്കുകയും ചെയ്തു. തുടർന്നായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ

കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ അപേക്ഷ ഹൈക്കോടതി സമയപരിധി നിശ്ചയിച്ച് തീർപ്പാക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു 2020 ജൂൺ 15ന് അഡ്വ. അജിത് ജോയി വഴി ഹൈക്കോടതിയിൽ ഹർജി നൽകിയത്. പബ്ലിക് പ്രോസിക്യൂട്ടറുടെയോ പ്രതിഭാഗം അഭിഭാഷകന്റെയോ ആവശ്യപ്രകാരം 2018 ഓഗസ്റ്റ് 23നും നവംബർ 29നും ഇടയിൽ കേസ് വാദം കേൾക്കാനായി മാറ്റിയത് ഏഴ് തവണയാണെന്ന് ഇവർ ഹൈക്കോടതിയിൽ അറിയിച്ചു. പിന്നീട് കേസ് 2019 മേയ് 27നും 2020 ജൂൺ 16നും ഇടയിൽ 15 തവണ പോസ്റ്റ് ചെയ്തെങ്കിലും കേസ് പിൻവലിക്കാനുള്ള ഹർജി പ്രോസിക്യൂഷന്റെയോ പ്രതികളുടെയോ ആവശ്യപ്രകാരം ദീർഘമായി മാറ്റിവയ്ക്കുകയാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി.

കേസ് പിൻവലിക്കാൻ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ അനിശ്ചിതമായി നീട്ടുന്നത്, പ്രത്യേകിച്ചു പ്രതികൾ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ അംഗങ്ങൾ ആയിരിക്കെ, നീതികരിക്കാനാവില്ലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടർന്നു കേസ് പിൻവിലക്കണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ ഹർജിയും അതിനെതിരെ എം.ടി. തോമസ്, പീറ്റർ മ്യാലിപറമ്പിൽ എന്നിവർ നൽകിയ തടസ്സഹർജിയും രണ്ടുമാസത്തിനുള്ളിൽ തീർപ്പാക്കാൻ ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുൺ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു 2020 ഓഗസ്റ്റ് 20ന് നിർദേശം നൽകുകയായിരുന്നു.

Kerala Assebly
നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽനിന്ന്.

തുടർന്നാണു പിറ്റേ മാസം തന്നെ തിരുവനന്തപുരം കോടതി കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂട്ടറുടെ ഹർജി തള്ളിയത്. ഹൈക്കോടതിയും കടന്ന് സുപ്രീം കോടതിയിലെത്തിയ കേസിലും ഇപ്പോൾ സർക്കാരിനു തിരിച്ചടിയുണ്ടായി.

ഇവിടെ നിർത്തില്ല

വിചാരണ കോടതിയിൽ കേസ് നീണ്ടാൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നു തോമസ് അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസിൽ ഹർജി ചേരുന്നതു സംബന്ധിച്ച് നിയമാഭിപ്രായം ഇവർ തേടിയിട്ടുണ്ട്. സാമാജികർ അനുകൂലമായ ഉത്തരവ് നേടിയിരുന്നെങ്കിൽ പൊതുമുതൽ നശിപ്പിക്കാനുള്ള അവകാശം പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള എല്ലാ ജനപ്രതിനിധികൾക്കും ലഭിക്കുമായിരുന്നെന്നും അത് ജനാധിപത്യത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുമായിരുന്നെന്നും പീറ്റർ മ്യാലിപറമ്പിൽ അഭിപ്രായപ്പെട്ടു.

Content Highlights: Kerala Assembly Ruckus, Niyamasabha Violence Against KM Mani, KM Mani Budget Speech Protest By LDF MLA's, MT Thomas, Peter Myaliparambil, National Campaign For Peoples Right To Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com