ADVERTISEMENT

കൊട്ടിയൂർ ∙ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി, ഇരയായ പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. ഉഭയസമ്മത പ്രകാരമാണ് ശാരീരികമായി ബന്ധപ്പെട്ടതെന്നും അതിനാൽ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ഈ ആവശ്യം ജസ്റ്റിസ്മാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഇത്തരം കേസുകളിൽ വിവാഹത്തിനും ജാമ്യം അടക്കമുള്ള ആനുകൂല്യങ്ങൾക്കും അനുമതി നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന നിഗമനത്തിലാണ് ഹൈക്കോടതി ആവശ്യം തള്ളിയത്.

ലൈംഗിക അതിക്രമ കേസുകളിൽ ഒത്തുതീർപ്പുകൾ ഉണ്ടാകുന്നത് ഇരകളോടുള്ള അനീതിയായി പിന്നീട് വ്യാഖ്യാനിക്കാൻ ഇടവരുമെന്നും തെറ്റായ കീഴ്‌വഴക്കമാകുമെന്നും കുറ്റവാളികൾ രക്ഷപ്പെടാനിടയാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. തുടർന്നാണ് പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നും പെൺകുട്ടി ആവശ്യപ്പെട്ടു.

robin-vadakkumchery

2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂർ പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. വിദേശയാത്രയ്ക്കായി കൊച്ചിയിലേക്കു പോകും വഴി പുതുക്കാടു വച്ചായിരുന്നു അറസ്റ്റ്. പത്തോളം പേരെയും കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ റോബിൻ ഒഴികെയുള്ളവരെ കോടതി വിട്ടയച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ സുപ്രീം കോടതി തന്നെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.

പോക്സോ നിയമം നടപ്പിലാക്കിയ ശേഷം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലൊന്നായിരുന്നു കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തോലിക്കാ പുരോഹിതൻ പീഡിപ്പിച്ച സംഭവം. അന്ന് പ്ലസ് ടു വിദ്യാർഥിനിയായിരുന്നു കുട്ടി. മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ് റോബിനു ലഭിച്ചത്. ഒന്നിച്ച് 20 വർഷം തടവ് അനുഭവിക്കണം എന്നായിരുന്നു തലശ്ശേരി പോക്സോ കോടതിയുടെ വിധി.

English Summary: Victim approches Supreme Court for marrying accused in Kottiyoor rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com