ADVERTISEMENT

കോട്ടയം∙ ‘ വീടു വിറ്റ് പണം നൽകാൻ ഞാൻ പറ‍ഞ്ഞതാ..വീട് വിൽക്കാമെന്നും അവർ പറഞ്ഞിരുന്നു. വീട്ടില്‍ ജപ്തി നോട്ടിസ് ഒട്ടിക്കുന്നത് നാണക്കേടെന്ന് മക്കൾ പറഞ്ഞു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയും അവർ വന്നു. വീട് നിങ്ങൾ എടുത്തോ. എനിക്കെന്റെ മക്കളെ താ..’ കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോ‌ദരന്മാർ ആത്മഹത്യ ചെയ്തത് ഉൾക്കൊള്ളാനാകാതെ അലമുറിയിട്ട് കരയുകയാണ് ഇവരുടെ മാതാവ് ഫാത്തിമ. കടബാധ്യത കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. 

അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നെന്നും തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി നേരിട്ടിരുന്നെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ആളെത്തി കുടിശിക തുകയുടെ കാര്യം അറിയിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസമായി ഇവർ പുറത്തേക്ക് ഒന്നും ഇറങ്ങാറില്ലായിരുന്നു. സഹകരണബാങ്കില്‍ ‍12 ലക്ഷത്തിലേറെ ബാധ്യതയുണ്ടായിരുന്നതായി സുഹൃത്ത് പറഞ്ഞു.

twin-brothers-mother-fathima
നിസാറും നസീറും, ഇവരുടെ അമ്മ ഫാത്തിമ

ഇരട്ട സഹോദരങ്ങളായ കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാൻ, നസീർ ഖാൻ (34) എന്നിവരാണ് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഇരു മുറികളിലുമായാണു മൃതദേഹം കണ്ടെത്തിയത്. മാതാവ് ഫാത്തിമയാണ് ഇവരെക്കൂടാതെ വീട്ടിലുണ്ടായിരുന്നത്. ഫാത്തിമ രാവിലെ എത്തി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

house-twin-brothers-kottayam
നിസാറിന്റെയും നസീറിന്റെയും വീട്

രണ്ട് വർഷമായി കൊല്ലാട് ഭാഗത്ത് എത്തി താമസിക്കുകയാണ് ഇവർ. നേരത്തെ നാട്ടകം സിമന്റ് കവല ഭാഗത്തായിരുന്നു ഇവരുടെ വീട്. ഇരുവരും ക്രെയിൻ ഓപ്പറേറ്റർ‍മാർ ആണെന്നു പറയപ്പെടുന്നു. കോവിഡ് പ്രതിസന്ധിയിൽ ജോലി ഇല്ലായിരുന്ന മനോവിഷമം ഇവരെ അലട്ടിയിരുന്നതായും പ്രദേശവാസികൾ അറിയിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുന്നു. ഇരുവരും അവിവാഹിതരാണ്. ഇവരെക്കൂടാതെ ഫാത്തിമയ്ക്ക് രണ്ട് പെൺമക്കളുമുണ്ട്.

English Summary : Mother's reaction on the death of twin brothers in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com