ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ സംസ്കാരം നടത്തിയ ശ്മശാനത്തിലെ പുരോഹിതനുൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിക്കുന്നു. 

ഡൽഹി കന്റോൺമെന്റ് ഏരിയയിലെ പുരാനാ നങ്കലിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്മശാനത്തിലെ കൂളറിൽനിന്ന് വെള്ളമെടുക്കാൻ പോയ പെൺകുട്ടി തിരിച്ചെത്തിയില്ല. വൈകുന്നേരം 6 മണിയോടെ, ശ്മശാനത്തിലെ പുരോഹിതനായ രാധേഷ്യം പെൺകുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടി മരിച്ച വിവരം അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു. കൂളറിൽനിന്ന് വെള്ളമെടുക്കുമ്പോൾ പെൺകുട്ടിക്ക് വൈദ്യുതാഘാതമേറ്റതാണെന്നും പറഞ്ഞു.

പെൺകുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ചുണ്ടുകൾക്ക് നീല നിറമായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കുകടക്കാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് തട‍ഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താൽ കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉടൻ സംസ്കാരം നടത്തണമെന്ന് നിർദേശിക്കുകയുമായിരുന്നു.

ശ്മശാനത്തിനു പുറത്തെത്തിയശേഷം കുടുംബം വിവരം പ്രദേശവാസികളെ അറിയിച്ചു. ഗ്രാമത്തിലെ ഇരുനൂറോളം ഗ്രാമവാസികൾ ശ്മശാനത്തിൽ ഒത്തുകൂടുകയും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുത്തതായി സൗത്ത് വെസ്റ്റ് ജില്ലാ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതാപ് സിങ് പറഞ്ഞു. കുടുംബത്തിന് പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. നീതി ലഭിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

English Summary: 9-year-old girl allegedly raped, murdered and forcibly cremated by accused in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com