‘കരുവന്നൂർ തട്ടിപ്പ്: 5 വർഷം മുൻപേ പാർട്ടിയെ അറിയിച്ചു; പരാതിക്കു പിന്നാലെ വധഭീഷണി’

SHARE

തൃശൂർ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് താൻ നേരത്തെ കൊടുത്ത പരാതികൾ പ്രാദേശിക നേതാക്കൾ മുക്കിയെന്ന് കഴിഞ്ഞ ദിവസം സിപിഎം പുറത്താക്കിയ കരുവന്നൂർ മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട്. പ്രതിയായ ബിജു കരീമിനെതിരെ സംസാരിച്ചപ്പോള്‍ പാർട്ടി താക്കീത് ചെയ്തെന്നും സുജേഷ് പറഞ്ഞു. ഇപ്പോൾ പുറത്താക്കിയതു വിശദീകരണം പോലും ചോദിക്കാതെയാണെന്നും സുജേഷ് പറഞ്ഞു.

2017ൽ ഇരിങ്ങാലക്കുടയിൽ കോണ്‍ഗ്രസ് ഭരിക്കുന്ന ബ്രാഞ്ചിനെതിരെ സിപിഎം സമരം നടത്തിയിരുന്നു. അന്നുതന്നെ കരുവന്നൂർ ബാങ്കിലും ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടെന്നു പാർട്ടിയെ ധരിപ്പിച്ചിരുന്നു. എന്നാൽ അതിൽ കൃത്യമായ നടപടിയുണ്ടായില്ല. ക്ഷീര കർഷകർക്ക് ഉൾപ്പെടെ ആശുപത്രി ആവശ്യങ്ങൾക്കായിപ്പോലും പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിൽ ഒരു ഒറ്റയാൾ സമരം നടത്തിയത്. 

സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകൾ നടക്കുന്നു എന്ന വിവരം 5 വർഷം മുൻപേ സുജേഷ് ഏരിയ, ജില്ലാ കമ്മിറ്റികളെ അറിയിച്ചിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെ പൊലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നൽകി. പാർട്ടി ഭരിക്കുന്ന ബാങ്കിനെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്നെ പരാതിയുമായി ഇറങ്ങിയതു നേതാക്കളുടെ അപ്രീതിക്കു കാരണമായി. പിന്നീട് മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെ സുജേഷിനു വധഭീഷണികളുമുണ്ടായി.

sujesh
സുജേഷ് കണ്ണാട്ട്

അപ്പോഴും പാർട്ടി പ്രവർത്തനം സുജേഷ് മുടക്കിയില്ല. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷം കമ്മിറ്റി അംഗമായി പ്രവർത്തനം തുടർന്നു. ആർആർടി അംഗം എന്ന നിലയിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓടിനടന്നു. കൂലിപ്പണിക്കാരും നിർധനരും അടക്കമുള്ളവരുടെ ബുദ്ധിമുട്ടു കണ്ടു ജൂൺ 14ന് ബാങ്കിനു മുന്നിലെ റോഡിൽ ഒറ്റയ്ക്കു കുത്തിയിരുന്നു സമരം നടത്തിയതോടെയാണു പ്രതിഷേധ പരമ്പരയ്ക്കു തുടക്കമായത്.

എന്നാൽ, അഴിമതിയെപ്പറ്റി താൻ പരാതി നൽകിയ സമയത്തു തന്നെ പാർട്ടി നടപടിയെടുത്തിരുന്നെങ്കിൽ ഇത്രമാത്രം നാണക്കേടുണ്ടാക്കുമായിരുന്നില്ലെന്നു സുജേഷ് പറയുന്നു. ബാങ്കിന്റെ മുൻ പ്രസിഡന്റും മാടായിക്കോണം ബ്രാഞ്ച് അംഗവുമായിരുന്ന കെ.കെ. ദിവാകരനെ നേരത്തെ ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ഡിവൈഎഫ്ഐ നേതാക്കൾ അടക്കമുള്ളവരുടെയും പേരിൽ ബാങ്കിലുള്ള ബെനാമി വായ്പകളെപ്പറ്റി സുജേഷ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് നടപടി വേഗത്തിലാക്കിയതിനു പിന്നിലെന്നു സൂചന.

Englsih Summary: Former Karuvannur branch secretary reveals against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS