ADVERTISEMENT

ഏതൻസ്∙ വനപ്രദേശങ്ങളെ ചാരമാക്കി ഗ്രീസിലുടനീളം കാട്ടുതീ പടരുന്നു. നൂറോളം പേര്‍ക്കാണ് ഇതുവരെ കാട്ടുതീയില്‍ വീടുകള്‍ നഷ്ടമായത്. 15 വിമാനങ്ങളിലായി 1400ല്‍ അധികം അഗ്‌നിശമന സേനാംഗങ്ങളാണ് തീയണയ്ക്കുന്നതിനായി പരിശ്രമിക്കുന്നത്.  ഒരു അഗ്‌നിശമന സേനാംഗം അടക്കം രണ്ടു പേര്‍ ഇതുവരെ മരിച്ചു. ഇരുപതോളം പേരെ പരുക്കുകളോടെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഗ്രീസിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

GREECE-FIRE
മൗണ്ട് പർനീതയ്ക്കു സമീപമുണ്ടായ തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങളെ സഹായിക്കുന്ന പൊലീസുകാർ. Louisa GOULIAMAKI / AFP

'ഇതൊരു ഭീകരമായ ദുരന്ത'മാണെന്നാണ് ആളിപ്പടരുന്ന അഗ്‌നിഗോളത്തില്‍നിന്ന് രക്ഷപ്പെട്ട പെഫ്‌കോഫ്യോട്ടോ സ്വദേശി കണ്ണീരോടെ പറഞ്ഞു.  കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതസ്ഥാനത്തെത്തിയ മറ്റൊരു 62കാരന്‍ തന്റെ വീട് കത്തിയമരുന്നത് കണ്ടത് ടിവിയിലൂടെയാണ്. തന്റെ കുട്ടി ഇപ്പോഴും അതിന്റെ ഞെട്ടലില്‍നിന്ന് മോചിതനാകാതെ കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മൂന്ന് വലിയ കാട്ടിതീകളാണ് ഗ്രീസിലുടനീളം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ ഏതന്‍സിന്റെ വടക്കുഭാഗത്താണ് ഏറ്റവും ശക്തമായ തീ പടര്‍ന്നു പിടിച്ചത്. എവിയ ദ്വീപിലും ഒളിമ്പിയയിലും സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

GREECE-FIRE
പടിഞ്ഞാറൻ ഐതൻസിൽ കാട്ടുതീ വ്യാപിച്ച കുന്നുകൾ LOUISA GOULIAMAKI / AFP

മൂന്ന് ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന ഉഷ്ണതരംഗമാണ് ഗ്രീസില്‍ അനുഭവപ്പെട്ടത്. 45 ഡിഗ്രി സെലിഷ്യസിലേക്ക് താപനില ഉയര്‍ന്നു. വെള്ളിയാഴ്ചയോടെ താപനിലയില്‍ കുറവ് അനുഭവപ്പെട്ടെങ്കിലും കാറ്റ് ശക്തമായത് സ്ഥിതി കൂടുതല്‍ വഷളാക്കി. കഴിഞ്ഞ ആഴ്ച 154 കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഗ്രീസില്‍ 56,655 ഹെക്ടര്‍ വനഭൂമിയാണ് കത്തി നശിച്ചതെന്നാണ് യുറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വ്യക്തമാക്കി.

GREECE-FIRE
മൗണ്ട് പർനീതയ്ക്കു സമീപമുണ്ടായ തീ അണയ്ക്കാൻ ഹെലികോപ്റ്ററിൽനിന്ന് വെള്ളമൊഴിക്കുന്ന അഗ്നിശമന സേനാംഗങ്ങളെ. Louisa GOULIAMAKI / AFP

ശക്തമായ കാറ്റും 38 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാതെ നില്‍ക്കുന്ന താപനിലയും തീ കെട്ടടങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്രീസില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത്തവണയാണ് ഇത്രയധികം നാശനഷ്ടം ഉണ്ടായത്. 

GREECE-FIRE

കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തഫലങ്ങളുടെ നേര്‍ക്കാഴ്ചയ്ക്കാണ് ഗ്രീസ് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി കിര്യാകോസ് മിറ്റ്‌സോതാക്കീസ് അറിയിച്ചു. അയല്‍ രാജ്യമായ തുര്‍ക്കിയിലേക്കും കാട്ടുതീ പടര്‍ന്ന് വ്യാപക  നാശനഷ്ടം ഉണ്ടായിരുന്നു. എട്ടോളം പേരാണ് തുര്‍ക്കിയില്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ തുര്‍ക്കിക്ക് ആശ്വാസം നല്‍കുന്നുണ്ട്.  കനത്ത മഴയില്‍ വിവിധയിടങ്ങളിലെ കാട്ടുതീ ശമിച്ചതായി അധികൃതര്‍ അറിയിച്ചു.

English Summary :"Horrible Disaster": Hundreds Of Families Homeless As Greek Fires Rage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com