ബിജെപിക്കെതിരെ എന്തു സമീപനം? കോവിഡിനിടെ കമ്യൂണിസ്റ്റ് സമ്മേളനങ്ങള്‍ എങ്ങനെ?

HIGHLIGHTS
  • പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും, എങ്ങനെ നടത്താതിരിക്കും?
  • കോവിഡ് കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികളുടെ ആലോചന ഇങ്ങനെ...
cpm-flag
ചിത്രം: മനോരമ
SHARE

കോട്ടയം ∙ കോവിഡ് ഈ രീതിയിൽ തുടർന്നാൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും? സിപിഐ, സിപിഎം പാർട്ടികളിലെ പ്രധാന ആലോചന കോവിഡ്കാ‌ലത്തെ സമ്മേളനമാണ്. ഇരു കമ്യൂണിസ്റ്റ് പാർട്ടികളിലും പാർട്ടി സമ്മേളനങ്ങൾ ഒരു വർഷം വൈകി. പാർട്ടി നയം അനുസരിച്ച് പാർട്ടി സമ്മേളനങ്ങൾ ഇനിയും വൈകാൻ പാടില്ല. സിപിഎം കേന്ദ്ര കമ്മിറ്റിയും സിപിഐ ദേശീയ കൗൺസിലും കോവിഡിന് ഇടയിൽ എങ്ങനെ സമ്മേളനങ്ങൾ നടത്തുമെന്ന ചർച്ചയിലാണ്.

നയം വിഷമം

അതേസമയം നിലവിലുള്ള സമ്മേളന രീതി മാറ്റാൻ പാർട്ടി കോൺഗ്രസുകൾക്കാണ് അധികാരം. പാർട്ടി സമ്മേളനങ്ങളുടെ ഘടന തീരുമാനിക്കാനുളള അധികാരം പാർട്ടി കോൺഗ്രസിനു മാത്രമാണ്. നിലവിലുള്ള ഘടനയിൽ ഓൺലൈനായി സമ്മേളനം നടത്താൻ നയപരമായി അനുമതി ഇല്ല. സമ്മേളനഘടന പുതുക്കണമെങ്കിൽ സമ്മേളനങ്ങളും പാർട്ടി കോൺഗ്രസും ചേരണം. ഇതാണ് പാർട്ടികൾ നേരിടുന്ന വിഷമ വൃത്തം.  

ഓഗസ്റ്റ് മുതൽ ഏപ്രിൽ വരെ 

സിപിഎമ്മിനും സിപിഐക്കും ഏതാണ്ട് ഒരേ സമയത്താണ് സമ്മേളനങ്ങൾ. ഓഗസ്റ്റിൽ ബ്രാഞ്ച് സമ്മേളനം തുടങ്ങിയാൽ ഏപ്രിലിൽ പാർട്ടി കോൺഗ്രസോടെ സമാപനം. 2021 ഏപ്രിലിൽ പാർട്ടി കോൺഗ്രസ് നടക്കേണ്ടതായിരുന്നു. ഒരു കൊല്ലം വൈകി. വിദേശ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികൾ രണ്ടു പാർട്ടി കോൺഗ്രസിലും പങ്കെടുക്കും. ഇവരുടെ സൗകര്യാർഥമാണ് ഒരുമിച്ച് പാർട്ടി കോൺഗ്രസുകൾ.

പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തണം എന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ തുടർ തീരുമാനങ്ങൾ എടുക്കാം

എ. വിജയരാഘവൻ(സിപിഎം സംസ്ഥാന സെക്രട്ടറി)

ചൈന, വിയറ്റ്നാം, ക്യൂബ, ഗ്രീസ് തുടങ്ങി 15ൽ ഏറെ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുക. സിപിഎം ബ്രാഞ്ച്–ഓഗസ്റ്റ്, ലോക്കൽ– സെപ്റ്റംബർ, എരിയ– നവംബർ, ജില്ല– ജനുവരി, സംസ്ഥാനം– ഫെബ്രുവരി പാർട്ടി കോൺഗ്രസ്– ഏപ്രിൽ എന്ന തരത്തിലാണ് ഏകദേശം സിപിഎം സമ്മേളനങ്ങൾ നടക്കുക. ഇതേ രീതിയിൽ തന്നെയാണ് സിപിഐയും. ഏരിയ കമ്മിറ്റിക്കു പകരം മണ്ഡലം കമ്മിറ്റിയാണെന്നു മാത്രം. 

സമ്മേളനങ്ങൾ വൈകാറില്ല

3 വർഷമാണ് ഓരോ കമ്മിറ്റിയുടെയും കാലാവധി. ഇതിനു മുൻപ് അടിയന്തിരാവസ്ഥയിൽ സിപിഎം സമ്മേളനം ആറര വർഷം വൈകി. 1972 ലെ മധുര പാർട്ടി കോൺഗ്രസിനു ശേഷം 1978ൽ ജലന്ധറിലാണ് അടുത്ത സമ്മേളനം നടന്നത്. പാർട്ടി നയരൂപീകരണം നടത്തുന്നത് പാർട്ടി കോൺഗ്രസിലാണ്. സംഘടനയുടെ നവീകരണവും സമ്മേളനങ്ങൾ വഴി നടക്കും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പു മൂലം പല തസ്തികകളിലും ഒഴിവു വന്നിട്ടുണ്ട്. സിപിഎം അവ താൽക്കാലികമായി നികത്തി. 

cpi-flag-kerala-thrissur

നയരൂപീകരണം പ്രധാനം 

ബിജെപിക്കെതിരെ എന്തു സമീപനം?– ഇരു പാർട്ടി കോൺഗ്രസുകളിൽനിന്നും പ്രതീക്ഷിക്കുന്നത് ഈ ചോദ്യത്തിന് ഉത്തരമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇതുവരെ പാർട്ടി കോൺഗ്രസ് നടന്നിട്ടില്ല. രാഷ്ട്രീയ കാലാവസ്ഥ മാറുകയും ചെയ്തു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, മറ്റു പ്രാദേശിക പാർട്ടികൾ എന്നിവയോടുള്ള നയവും തീരുമാനിക്കുന്നത് പാർട്ടി കോൺഗ്രസിലാണ്. വാജ്പേയി സർക്കാരിന്റെ കാലത്തു നടന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസിലാണ് സിപിഎം കോൺഗ്രസിനോടുള്ള നിലപാട് മാറ്റിയത്. 

സമ്മേളനങ്ങൾ എങ്ങനെ ഓൺലൈനിൽ നടത്തും?

കോവിഡ് മൂലം നിലവിൽ ഓൺലൈനിലാണ് പാർട്ടി യോഗങ്ങൾ. പാർട്ടി ഘടകങ്ങളിൽ സുസജ്ജമായ ഓൺലൈൻ സ്റ്റുഡിയോകളുണ്ട്. എന്നാൽ അംഗത്വ വിതരണം, പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡ‍പത്തിൽ പുഷ്പാർച്ചന എന്നിവ ഒഴിവാക്കാൻ കഴിയില്ല. ഇവ എങ്ങനെ നടത്തുമെന്നാണ് ആലോചന. പാർട്ടി പ്രതിജ്ഞ ചൊല്ലിച്ച ശേഷമാണ് സിപിഐ അംഗത്വം നൽകുന്നത്. ഇതിൽ പലതും ഓൺലൈനിലേക്കു മാറ്റാനും കഴിയില്ല. പാർട്ടി പ്രവർത്തകർക്ക് വികാര നിർഭരമായ നിമിഷങ്ങളാണ് രക്തസാക്ഷി മണ്ഡപങ്ങളിലെ പുഷ്പാർച്ചന. കുറച്ചു പേരെ പങ്കെടുപ്പിച്ച് ഇവ നടത്താനാകുമോ എന്നാണ് പ്രധാന ചോദ്യം. ബ്രാഞ്ച് സമ്മേളത്തിൽ 15 പേർ മതി.

സിപിഎം സംസ്ഥാന സമ്മേളനങ്ങള്‍

∙ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത് കോഴിക്കോട്: 1943 മാർച്ച്

സെക്രട്ടറി: പി.കൃഷ്ണപിള്ള

∙ രണ്ടാം സമ്മേളനം നടന്നത് രഹസ്യമായി

∙ ആലപ്പുഴ: 1951 ജൂലൈ

സെക്രട്ടറി: സി.അച്യുതമേനോന്‍

∙ മലബാർ പാർട്ടി സമ്മേളനം

വടകര: 1953 നവംബർ 20–25

സെക്രട്ടറി: കെ.ദാമോദരൻ

∙ തിരു–കൊച്ചി പാർട്ടി സമ്മേളനം

കൊല്ലം: 1953 ഡിസംബർ 10

∙ മലബാർ പാർട്ടി സമ്മേളനം

മാഹി: 1956 ജനുവരി 17–22

സെക്രട്ടറി: കെ.ദാമോദരൻ

∙ തിരു–കൊച്ചി പാർട്ടി സമ്മേളനം

ആലുവ: 1956 ഫെബ്രുവരി 6–13

സെക്രട്ടറി: സി.അച്യുതമേനോൻ

∙ മലബാർ, തിരു–കൊച്ചി പാർട്ടി സംയോജന സമ്മേളനം

1956 ജൂൺ 22–24

സെക്രട്ടറി: സി.അച്യുതമേനോൻ

∙ നാലാം സമ്മേളനം: കോഴിക്കോട്, 1958

സെക്രട്ടറി: എം.എൻ.ഗോവിന്ദൻ നായർ

∙ അഞ്ചാം സമ്മേളനം: തൃശൂർ, 1959 നവംബർ

സെക്രട്ടറി: ഇഎംഎസ്

∙ ആറാം സമ്മേളനം: കണ്ണൂർ കാട്ടാമ്പള്ളി, 1960 ഡിസംബർ

സെക്രട്ടറി: ഇഎംഎസ്

∙ ഏഴാം സമ്മേളനം: എറണാകുളം, 1964

സെക്രട്ടറി: സി.എച്ച്.കണാരൻ

∙ എട്ടാം സമ്മേളനം: പാലക്കാട്, 1968 നവംബർ 19–24

സെക്രട്ടറി: എകെജി

∙ ഒൻപതാം സമ്മേളനം: കൊല്ലം, 1971 ഡിസംബർ 9–12

സെക്രട്ടറി: സി.എച്ച്.കണാരൻ (1972 ഒക്ടോബർ 20ന് സി.എച്ച്.കണാരൻ അന്തരിച്ചു. 1972 നവംബർ എട്ടിനു ചേർന്ന സംസ്ഥാന കമ്മിറ്റി ഇ.കെ.നായനാരെ സെക്രട്ടറിയായി തിരഞ്ഞെടുത്തു)

∙ പത്താം സമ്മേളനം: കണ്ണൂർ, 1978 ജനുവരി 12–15

സെക്രട്ടറി: ഇ.കെ.നായനാർ

∙ പതിനൊന്നാം സംസ്ഥാന സമ്മേളനം: തൃശൂർ, 1981 ഡിസംബർ 2–6

സെക്രട്ടറി: വി.എസ്.അച്യുതാനന്ദൻ

∙ പന്ത്രണ്ടാം സംസ്ഥാന സമ്മേളനം: കൊച്ചി, 1985 നവംബർ 20–24

സെക്രട്ടറി: വി.എസ്.അച്യുതാനന്ദൻ

∙ പതിമൂന്നാം സംസ്ഥാന സമ്മേളനം: ആലപ്പുഴ, 1988 നവംബർ 17–20

സെക്രട്ടറി: വി.എസ്.അച്യുതാനന്ദൻ

∙ പതിനാലാം സംസ്ഥാന സമ്മേളനം: കോഴിക്കോട്, 1991 ഡിസംബർ 11–15

സെക്രട്ടറി: ഇ.കെ.നായനാർ

∙ പതിനഞ്ചാം സംസ്ഥാന സമ്മേളനം: കൊല്ലം, 1995 ഫെബ്രുവരി 25–28

സെക്രട്ടറി: ഇ.കെ.നായനാർ

(1996 മേയ് 17നു ചേർന്ന സംസ്ഥാന കമ്മിറ്റി നായനാരെ സിപിഎം നിയമസഭാ കക്ഷി നേതാവാക്കാൻ തീരുമാനിച്ചു. നായനാർക്കു പകരം ചടയൻ ഗോവിന്ദൻ സെക്രട്ടറിയായി)

∙ പതിനാറാം സംസ്ഥാന സമ്മേളനം: പാലക്കാട്, 1998 ജനുവരി 2–5

സെക്രട്ടറി: ചടയൻ ഗോവിന്ദൻ

(1998 സെപ്റ്റംബർ 9ന് ചടയൻ ഗോവിന്ദൻ അന്തരിച്ചു. 1998 സെപ്റ്റംബർ 25നു ചേർന്ന സംസ്ഥാന കമ്മിറ്റി പിണറായി വിജയനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു)

∙ പതിനേഴാം സംസ്ഥാന സമ്മേളനം: കണ്ണൂർ, 2002 ഫെബ്രുവരി 15–18

സെക്രട്ടറി: പിണറായി വിജയൻ

∙ പതിനെട്ടാം സംസ്ഥാന സമ്മേളനം: മലപ്പുറം, 2005 ഫെബ്രുവരി 19–22

സെക്രട്ടറി: പിണറായി വിജയൻ

∙ പത്തൊൻപതാം സംസ്ഥാന സമ്മേളനം: കോട്ടയം, 2008 ഫെബ്രുവരി 11–14

സെക്രട്ടറി: പിണറായി വിജയൻ

∙ 20–ാം സംസ്ഥാന സമ്മേളനം: തിരുവനന്തപുരം, 2012 ഫെബ്രുവരി 7–12

സെക്രട്ടറി: പിണറായി വിജയൻ

∙ 21–ാം സംസ്ഥാന സമ്മേളനം: ആലപ്പുഴ, 2015 ഫെബ്രുവരി 20–23

സെക്രട്ടറി: കോടിയേരി ബാലകൃഷ്‌ണൻ

∙ 22–ാം സംസ്ഥാന സമ്മേളനം: തൃശൂര്‍, 2018 ഫെബ്രുവരി 22–25

സെക്രട്ടറി: കോടിയേരി ബാലകൃഷ്‌ണൻ

(ചികിത്സാ ആവശ്യത്തിനായി മാറി നിൽക്കുകയാണെന്ന് 2020 നവംബറിൽ കോടിയേരി പാർട്ടിയെ അറിയിച്ചതിനെത്തുടർന്ന് നിലവിൽ എ.വിജയരാഘവനാണു പകരം ചുമതല)

English Summary: How CPI(M) and CPI are Planning to Host Meetings for Party Congress Amid COVID Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA