ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യം കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം തുടരുകയാണെന്നും എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലുണ്ടായ പ്രതിഷേധങ്ങളെയും സംഘട്ടനങ്ങളെയും അപലപിച്ച അദ്ദേഹം, പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമാണെന്നും വ്യക്തമാക്കി. 75–ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ കുറിച്ചോർക്കുമ്പോൾ ദുഃഖമുണ്ട്. എന്നാൽ കൂടുതൽ ആളുകളുടെ ജീവൻ രക്ഷിക്കാനായി എന്നതിൽ ആരോഗ്യപ്രവർത്തകർക്കു നന്ദി പറയുന്നു. കോവിഡ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നു.

ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭരണനേതൃത്വം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോയത്. ഏറ്റവും ഉയർന്ന സമ്പദ്‌വ്യവസ്ഥയുള്ളവർക്കു പോലും രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടാനായില്ല. 75 വർഷം മുൻപ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുമോ എന്ന് പലരും സംശയിച്ചു. എന്നാൽ കാലങ്ങളായി ഇന്ത്യ ജനാധിപത്യത്തിന്റെ വിളനിലമായി തുടരുകയാണ്, അത് ഇനിയും തുടരും.

സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച രാഷ്ട്രപതി, മഹാത്മാ ഗാന്ധിയുടെ സംഭാവനകളെ ഓർത്തെടുക്കുകയും ചെയ്തു. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ഥിച്ചു. ഒളിംപിക്സിൽ ഇന്ത്യയ്ക്കായി നേട്ടം കൈവരിച്ചവരെ അഭിനന്ദിച്ച അദ്ദേഹം, അതിൽ പെൺകുട്ടികളുടെ വിജയത്തെ പ്രത്യേകം പരാമർശിച്ചു.

ഒരുപാട് കഷ്ടതകൾ മറികടന്നാണ് നമ്മുടെ പെണ്‍കുട്ടികൾ ലോകോത്തര നിലവാരത്തിലുള്ള നേട്ടങ്ങൾ കൈവരിച്ചത്. എല്ലാ മാതാപിതാക്കളും അവരുടെ പെൺമക്കളെ ഇത്തരത്തിൽ വളർത്തിക്കൊണ്ടുവരണം. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്‍റെ കീര്‍ത്തി ഉയര്‍ത്തി. 21 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്– രാഷ്ട്രപതി പറഞ്ഞു.

English Summary : Indian President Ram nath Kovind's Independence Day Message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com