ADVERTISEMENT

ചെങ്കൊടിക്കു മുകളിലാണു രാജ്യത്തിന്റെ മൂവർണക്കൊടി പാറേണ്ടതെന്നു സിപിഎമ്മിന് ഉൾവിളിയുണ്ടായതു കഴിഞ്ഞ ദിവസമാണ്. അങ്ങനെ ആദ്യമായി, ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിനാഘോഷത്തിനു രാജ്യത്തെ സിപിഎം പാർട്ടി ഓഫിസുകളിൽ ദേശീയപതാക ഉയർന്നു. പതാകയുടെ കാര്യത്തിലുണ്ടായപോലെ മറ്റൊരു ആശയക്കൊടിമാറ്റവും കഴിഞ്ഞ ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലുണ്ടായി. മുഖ്യശത്രു ബിജെപിയാണെന്നും ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട വിശാല പ്രതിപക്ഷ നിരയുടെ ഭാഗമാകുന്നതിൽ തെറ്റില്ലെന്നുമായിരുന്നു ആ വിലയിരുത്തൽ.

ഒരു കാലത്ത് മുഖ്യശത്രുവായിരുന്ന കോണ്‍ഗ്രസിനെയും 34 വര്‍ഷം അടക്കിവാണ ബംഗാളിന്റെ അധികാരക്കസേരയില്‍നിന്ന് 'അടിച്ചിറക്കി' വിട്ട തൃണമൂലിനെയും ഒപ്പം ചേര്‍ത്ത് പുതിയ മുഖ്യശത്രുവായ ബിജെപിയെ നേരിടാനുള്ള വിപ്ലവകരമായ ചുവടുവയ്പിലാണു സിപിഎം. ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമം സഹിക്കാതെ ബിജെപിക്കൊപ്പം ചേര്‍ന്നതും ചരിത്രത്തിന്റെ ഭാഗം.

ബംഗാളിലെ ഏറ്റവും വലിയ ശത്രുവായ തൃണമൂലിനെയും മുഖ്യമന്ത്രി മമത ബാനർജിയെയും മിത്രങ്ങളായി കൂടെക്കൂട്ടാനാണു തീരുമാനം. ഐക്യപ്പെടലിന്റെ പുതുവഴി സിപിഎം വെട്ടുമ്പോൾ, ബംഗാളിൽ മാത്രമല്ല രാജ്യത്താകെയും അതിന്റെ അനുരണനങ്ങൾ ഉണ്ടാവുക സ്വാഭാവികം. എന്നാലും എന്തുകൊണ്ടായിരിക്കാം ശത്രുത മറന്നു തൃണമൂലിന്റെ തോളിൽ കയ്യിടാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്? ‘കനലൊരു തരി മതി’യെന്നു പറഞ്ഞുകൊണ്ടു തുടർന്നാൽ ദേശീയ രാഷ്ട്രീയത്തിൽ ആളിക്കത്താനാകില്ലെന്നു മനസ്സിലാക്കിയാണോ പുതിയ ‘അടവുനയം’? ബിജെപി വിരുദ്ധത മുൻനിർത്തിയുള്ള പ്രതിപക്ഷ നിരയിൽ സിപിഎമ്മും തൃണമൂലും മുൻപും ഭാഗമായിരുന്നുവെന്നാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇതിനു മറുപടി പറയുന്നത്.

ദേശീയ തലത്തിൽ തൃണമൂൽ ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി സഹകരിക്കും. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സഖ്യങ്ങളുടെ കാര്യം പിന്നീട് തീരുമാനിക്കും. കേരളത്തിൽ നേർക്കുനേർ പോരാടുന്നവരാണു സിപിഎമ്മും കോൺഗ്രസും. അപ്പോഴും ദേശീയ തലത്തിൽ കോൺഗ്രസുമായി പാർട്ടി സഹകരിക്കുന്നുണ്ട്. ഇതേ നയമായിരിക്കും തൃണമൂലിനോടും. ദേശീയതലത്തിൽ യോജിക്കുമ്പോഴു‌ം ബംഗാളിലും ത്രിപുരയിലും സൗഹൃദമുണ്ടാകില്ല. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ താനെഴുതിയ പ്രമേയം മമത ഒപ്പിട്ട കാര്യവും യച്ചൂരി ഓർമിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി ദേശീയ തലത്തിൽ സഹകരിക്കുമെന്നു സിപിഎം നേരത്തേ വ്യക്തമാക്കിയതാണ്. തൃണമൂലുമായി സഹകരണം ഉണ്ടാകില്ലെന്ന നിലപാടിലാണ് ഇപ്പോൾ മാറ്റമുണ്ടായത്.

∙ ഉണങ്ങാത്ത മുറിപ്പാടായി ബംഗാളിലെ പതനം

ബംഗാളിൽ തുടർച്ചയായി 34 വർഷം ഭരിച്ചതിന്റെ ‘ചരിത്രഭാരം’ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ഇപ്പോഴും ഇടതുമുന്നണിക്ക് ഉത്തരംകിട്ടാത്ത ചോദ്യമാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൈ പിടിച്ചുള്ള മഹാസഖ്യത്തിന്റെ പരാജയം അതിദയനീയമായിരുന്നു. അതിന്റെ ഷോക്കിൽനിന്ന് സിപിഎം ഉൾപ്പെടെയുള്ളവർ മോചിതരായിട്ടില്ല. പ്രധാനമായും സിപിഎമ്മും സിപിഐയും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായിരുന്നു (ഐഎസ്എഫ്) ബംഗാളിലെ സംയുക്ത മുന്നണി. സിപിഎം 170 സീറ്റിലും കോൺഗ്രസ് 90 സീറ്റിലും ഐഎസ്എഫ് 10 സീറ്റിലുമാണു മത്സരിച്ചത്. ഇതിൽ ആകെ 42 സീറ്റിൽ മാത്രമാണു കെട്ടിവച്ച പണം തിരിച്ചു കിട്ടിയത്; ഇടതു പാർട്ടികൾക്ക് 21 സീറ്റിലും കോൺഗ്രസിന് 11ലും സഖ്യകക്ഷിയായ ഐഎസ്എഫിന് 10 സീറ്റിലും.

ഐഎസ്എഫിനോടു കൈകോർക്കേണ്ടി വന്നത് ഇരുപാർട്ടികളിലും നയപരമായ ആശയക്കുഴപ്പമുണ്ടാക്കി. അവരുടെ ഒരു സ്ഥാനാർഥി ഭാംഗറിൽ ജയിച്ചതു മാത്രമാണു മുന്നണിയുടെ നേട്ടം. ഒരു സീറ്റ് പോലും നേടാതെ ബംഗാളിൽ ഇടതുപതനം ഏതാണ്ടു പൂർണമായി. 1957 മുതലുള്ള ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷം സംപൂജ്യരാകുന്നത്. കോൺഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികളുമായി പരസ്യ കൂട്ടുകെട്ടെന്ന 2018ലെ പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പാക്കിയ തിരഞ്ഞെടുപ്പുകളെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. എന്നിട്ടും തോറ്റു. ഈ തകർച്ച സിപിഎമ്മിന്റെ സംഘടനാതലത്തിലും പ്രതിഫലിച്ചതിന്റെ തുടർച്ചയാണു മൃതസഞ്ജീവനിയായി തൃണമൂലിനെത്തന്നെ പുണരാൻ കാരണം. 

2016ൽ കോൺഗ്രസിനു 44 സീറ്റും 12.25% വോട്ടും, സിപിഎമ്മിന് 26 സീറ്റും 19.75% വോട്ടും ലഭിച്ചിരുന്നു; സിപിഐക്ക് ഒരു സീറ്റും 1.45 % വോട്ടും. ഇത്തവണ മൂന്നു പാർട്ടിക്കും സീറ്റൊന്നുമില്ല. സിപിഎം കേന്ദ്ര നിലപാടിനു വിരുദ്ധമായാണു ബംഗാളിൽ 2016ൽ കോൺഗ്രസുമായി സഹകരിച്ചത്. ആ തെറ്റു തിരുത്തണമെന്നായിരുന്നു അന്നു കേന്ദ്ര കമ്മിറ്റി ബംഗാൾ ഘടകത്തിനു നൽകിയ നിർദേശം.

CPM
പ്രതീകാത്മക ചിത്രം

കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ കക്ഷികളുമായി ധാരണയാവാമെന്ന് 2018ലെ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു. ഇത്തവണ ഇടതും കോൺഗ്രസും കൂടിയാലോചിച്ചു ധാരണയുണ്ടാക്കി. അതിനിടെയാണ് അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫ് എന്ന പുതിയ പാർട്ടി വന്നത്. ഈ ന്യൂനപക്ഷ പാർട്ടിയുമായുള്ള സഹകരണം കോൺഗ്രസിലും സിപിഎമ്മിലും തർക്കങ്ങൾക്കും വഴിവച്ചു.

∙ പ്രതിപക്ഷത്തിന്റെ ധീരമുഖമായി മാറിയ മമത

മുൻ സഹപ്രവർത്തകനും വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ തോറ്റെങ്കിലും കഴിഞ്ഞ തവണത്തേക്കാളേറെ സീറ്റുകൾ നേടിയാണു ബംഗാളിൽ മമത അധികാരത്തുടർച്ച നേടിയത്. 200 സീറ്റ് ലക്ഷ്യമിട്ട ബിജെപി 100 പോലും തികച്ചതുമില്ല. ഇതോടെ മമത ദേശീയ രാഷ്ട്രീയത്തിലും താരമായി. ഇത്തവണ ബിജെപി മമതയ്ക്കെതിരെ സർവ സന്നാഹങ്ങളും അണിനിരത്തിയിരുന്നു. മമതയുമായി ചേർന്നു നിന്നവർക്കെതിരെ ഇഡി, ആദായനികുതി റെയ്ഡുകളും ചോദ്യം ചെയ്യലുകളുമുണ്ടായി. ജയിച്ചാൽ മോദിയുടെ പ്രതിപുരുഷൻ ബംഗാൾ ഭരിക്കുമെന്നും വികസനക്കുത്തൊഴുക്കുണ്ടാകുമെന്നും ബിജെപി പറഞ്ഞു. ഗ്രാമങ്ങളിൽ ധ്രുവീകരണവും നഗരങ്ങളിൽ വികസന വിഷയങ്ങളും വോട്ടായി മാറുമെന്ന് ഉറപ്പിച്ചു.

sonia-gandhi-mamata-banerjee
സോണിയ ഗാന്ധി, മമത ബാനർജി (ഫയൽ ചിത്രം)

ഇടതു സഖ്യത്തിന്റെ ഭാഗമായ ഇന്ത്യൻ സെകുലർ ഫ്രണ്ടും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും മുസ്‌ലിം വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കുമെന്നു പ്രതീക്ഷിച്ചു. എന്നാൽ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പൊലിഞ്ഞു, മമത പൊളിച്ചു. ബിജെപിയുടെ താരനിരയും മമതയെന്ന ഒറ്റയാൾപ്പട്ടാളവും തമ്മിലുള്ള പോരാട്ടം രാജ്യം സാകൂതം നോക്കിനിന്നു.

2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽനിന്നു മമത പാഠമുൾക്കൊണ്ടു. മുസ്‌ലിം വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനുള്ള തന്ത്രം മെനഞ്ഞു. മുസ്‌ലിം ഭൂരിപക്ഷമുള്ള ആറു ജില്ലകളിലെ ബഹുഭൂരിപക്ഷം വോട്ടർമാരും ഒപ്പം നിന്നു. അത്യുത്തര ബംഗാളും മധ്യബംഗാളിലെ ചില ഭാഗങ്ങളും മാത്രമാണ്യ ബിജെപിക്കൊപ്പം ചേർന്നുള്ളൂ. ബംഗാൾ നിലനിർത്തിക്കഴിഞ്ഞാൽ അടുത്തതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം അവസാനിപ്പിക്കലാണെന്നു മമത നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

INDIA-POLITICS-ELECTION-MODI
ഫയൽ ചിത്രം

ദേശീയതലത്തിൽ വിശാലസഖ്യം രൂപപ്പെടുത്തുകയാണു മമതയുടെ അടുത്ത ലക്ഷ്യം. മമതയുടെ ഒരാഴ്ചനീണ്ട ഡൽഹി സന്ദർശനം ബിജെപിവിരുദ്ധ കക്ഷികൾക്കിടയിൽ വീണ്ടുവിചാരങ്ങൾക്ക് അവസരമൊരുക്കി. ബിജെപിയെ ബംഗാളിൽ തോൽപ്പിച്ചതിന്റെ കരുത്തും ആത്മവിശ്വാസവുമായി, രണ്ടു വർഷത്തിനിടെ മമത നടത്തിയ ആദ്യ ഡൽഹി സന്ദർശനമായിരുന്നു അത്. ഈ വർഷം അവസാനത്തോടെ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു രണ്ടരവർഷം മാത്രം ബാക്കിനിൽക്കെ, ബിജെപിവിരുദ്ധ കക്ഷികളുടെ വൻറാലി കൊൽക്കത്തയിൽ നടത്താനാണു മമത ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിസ്ഥാനത്തുനിന്നു നരേന്ദ്ര മോദിയെ പുറത്താക്കുക എന്ന ലക്ഷ്യത്തിലാണു മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.

∙ തൃണമൂലിനെ നേരിടാൻ ബിജെപിക്കൊപ്പം

ഇന്നു ബിജെപിയെ നേരിടാൻ തൃണമൂലിനൊപ്പം നിൽക്കുന്ന സിപിഎം, കഴിഞ്ഞ വർഷങ്ങളിൽ തൃണമൂലിനെ നേരിടാൻ ബിജെപിക്കൊപ്പവും നിന്നിട്ടുണ്ട്. നിലനിൽപിന്റെ ഭാഗമായി ബംഗാളിൽ സിപിഎം ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയതു വലിയ വാർത്തയായിരുന്നു. 2018ൽ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ സിപിഎമ്മും ബിജെപിയും പലയിടങ്ങളിലും ധാരണയിൽ മത്സരിച്ചതായി ഇരുപാർട്ടികളുടെയും പ്രാദേശിക നേതൃത്വം സമ്മതിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത സാഹചര്യങ്ങളാണു ബംഗാളിൽ അപൂർവ പ്രതിപക്ഷ ഐക്യത്തിലേക്കു നയിച്ചത്.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലെ വസതിയിലെത്തി പ്രധാനമന്ത്രിയെ കണ്ടപ്പോൾ
മമത ബാനർജി, നരേന്ദ്ര മോദി (ഫയൽ ചിത്രം)

അധികാരത്തിന്റെ അഹങ്കാരത്തിൽ ഭരണപക്ഷത്തിന്റെ അക്രമം പാരമ്യത്തിൽ എത്തിയതോടെ, തൃണമൂലിനെതിരെ ഒന്നിച്ചുനിൽക്കാതെ നിലനിൽപില്ലെന്ന സ്ഥിതിയായി. പാർട്ടികളുടെ ഉന്നതസമിതി തീരുമാനങ്ങളോ ഭരണഘടനയോ ഒന്നും താഴേത്തട്ടിലുള്ള സാധാരണ പ്രവർത്തകർ ‘വൈരുധ്യാത്മക കൂട്ടുകെട്ടിന്’ കണക്കിലെടുത്തില്ല. നന്ദിഗ്രാം ഉൾപ്പെടുന്ന മിഡ്നാപുർ, നദിയ, ബീർഭൂം ജില്ലകളിൽ സിപിഎം – ബിജെപി ധാരണ പരസ്യമായിരുന്നു. ബീർഭൂമിൽ 61 ഗ്രാമപഞ്ചായത്തുകളിലും 15 പഞ്ചായത്ത് സമിതികളിലും (ബ്ലോക്ക് പഞ്ചായത്ത്) ധാരണയുണ്ടെന്നു വാർത്തകൾ പ്രചരിച്ചു.

ചിലയിടങ്ങളിൽ സിപിഎമ്മും ബിജെപിയും ചേർന്നു സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നതും കണ്ടു. പലയിടത്തും ഒരുമിച്ചുള്ള ചുവരെഴുത്തുകളുമുണ്ടായി. തൃണമൂൽ ഗുണ്ടായിസത്തെ നേരിടാൻ പരസ്പരം പിന്തുണച്ചു സഹായിക്കുക മാത്രമാണു പോംവഴിയെന്ന് ഇരുകൂട്ടരും ന്യായീകരിക്കുകയും ചെയ്തു. എൻഡിഎയുടെ ഒരു കാലത്തെ പ്രധാന സഖ്യകക്ഷികളിൽ ഒന്നായിരുന്നു മമതയുടെ തൃണമൂൽ. ആ മമതയ്ക്കെതിരെയാണു പിന്നീട് ബിജെപി സിപിഎമ്മുമായി സഖ്യത്തിലായത് എന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.

∙ പരുത്തി സാരിയുടുത്ത പരുക്കൻ നേതാവ്

പരുത്തി സാരിയാണു ദീദിയെന്ന് ഇഷ്ടക്കാർ വിളിക്കുന്ന മമതയുടെ ഇഷ്ടവേഷം. വള്ളിച്ചെരുപ്പിട്ട്, കോട്ടൺ സാരിയുടുത്ത്, ആർഭാടങ്ങളേതുമില്ലാതെ മമത മുന്നിൽവന്നു നിന്നാൽ ആരുമൊന്നു ഒതുങ്ങിനിൽക്കും. ലാളിത്യത്തിന്റെ മേലാപ്പിനുള്ളിലും കാർക്കശ്യത്തിന്റെ പരുക്കൻ ഭാവം ദീദിയുടെ കണ്ണിലും മുഖത്തും കാണാം. എതിർഭാഗത്തുള്ളവരുടെ ശക്തി കൂടുന്തോറും സ്വയം വീര്യമാർജിക്കുന്ന മനസ്സാണു മമതയുടേത്. 23 വർഷമായി ഒരു പിളർപ്പു പോലുമില്ലാതെ സ്വന്തം പാർട്ടിയെ നയിക്കുന്ന മമതയ്ക്കു ബംഗാളിൽ മാത്രമല്ല, രാജ്യത്തെങ്ങും ആരാധകരും അനുയായികളുമുണ്ട്. ഇതു ചെറിയ കാര്യമല്ലെന്ന് ഇടതുപാർട്ടിയും മനസ്സിലാക്കുന്നു.

mamata-banerjee-1

1997 ഓഗസ്റ്റിലാണു ബംഗാൾ കോൺഗ്രസിൽ മമത കലാപം പ്രഖ്യാപിക്കുന്നത്. കൊൽക്കത്തയിൽ നിശ്ചയിച്ച എഐസിസി പ്ലീനറി സമ്മേളനത്തെപ്പോലും ഇതു പ്രതിസന്ധിയിലാക്കി. സോണിയ ഗാന്ധിയുടെ ഒൗദ്യോഗിക രാഷ്ട്രീയ പ്രവേശത്തിനു നിശ്ചയിച്ച വേദിയെന്ന പ്രാധാന്യവുമുള്ളതായിരുന്നു പ്ലീനറി. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയുമില്ലാത്ത കോൺഗ്രസിൽ എന്തുണ്ടെന്ന ചോദ്യമെറിഞ്ഞു ബ്രിഗേഡ് ഗ്രൗണ്ടിൽ മമത നടത്തിയ റാലിയിൽ 3 ലക്ഷം പേരാണു പങ്കെടുത്തത്. പിന്നാലെ രൂപമെടുത്ത തൃണമൂലിലേക്കു ബംഗാളിലെ കോൺഗ്രസ് വോട്ടുകളേറെയും വഴിമാറിയൊഴുകി. പക്ഷേ, തൃണമൂൽ കോൺഗ്രസിനെ ബംഗാളിനപ്പുറം വളർത്തുകയെന്ന ലക്ഷ്യം മാത്രം മമതയ്ക്കു സാധിച്ചില്ല.

∙ ബിജെപിക്കും മോദിക്കും എതിരെ രാഷ്ട്രീയക്കൂട്ട്

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടക്കുകയാണ്. ഐക്യ കൂട്ടായ്മകളിൽ ഭാഗമാകാൻ സിപിഎമ്മും ശ്രദ്ധിക്കുന്നുണ്ട്. അതിന്റെകൂടി ഭാഗമാണു തൃണമൂലിനോടു സഹകരിക്കാമെന്ന നിലപാടുമാറ്റം. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പിറന്നാൾ ആഘോഷച്ചടങ്ങിലും പ്രതിപക്ഷ ഐക്യം ചൂടുള്ള ചർച്ചാവിഷയമായി. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾക്കു പുറമേ അകാലിദൾ, ബിജെഡി എന്നിവയിലെ നേതാക്കളും ചടങ്ങിനെത്തിയത് ശ്രദ്ധേയമാണ്.

എം.കെ.സ്റ്റാലിൻ, ശരദ് പവാർ, രാഹുൽ ഗാന്ധി, മമതാ ബാനർജി, അരവിന്ദ് കേജ്‌രിവാൾ
എം.കെ.സ്റ്റാലിൻ, ശരദ് പവാർ, രാഹുൽ ഗാന്ധി, മമത ബാനർജി, അരവിന്ദ് കേജ്‍രിവാൾ (ഫയൽ ചിത്രം)

ഇതിനിടെ, പ്രതിപക്ഷ പാർട്ടികളുടെ ഓൺലൈൻ യോഗം വിളിച്ചിരിക്കുകയാണു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മമത, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെയാണു വിളിച്ചത്. കേന്ദ്ര സർക്കാരിനെതിര പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് ഓഗസ്റ്റ് 20ന് നേതാക്കളുടെ യോഗം. കാർഷിക നിയമത്തിനെതിരെയും പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിനെതിരെയും 15 പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു കേന്ദ്രത്തിനെതിരെ പാർമെന്റിൽ പ്രതിഷേധിച്ചിരുന്നു. ഇവരെ തുടർന്നും ഒരുമിച്ചു നിർത്താനാണു കോൺഗ്രസിന്റെ നീക്കം.

Pinarayi Vijayan | Sitaram Yechury
പിണറായി വിജയൻ, സീതാറാം യച്ചൂരി (ഫയൽ ചിത്രം)

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിനു ലഭിച്ച ഭരണത്തുടർച്ചയ്ക്കു വീണ്ടും തുടർച്ച വേണമെന്നാണു സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ആഹ്വാനം. ഇന്ത്യയിലെ ഏക ‘ചുവപ്പൻ തുരുത്തിൽ’ അധികാര സാന്നിധ്യം വേണമെന്നു ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നു. മുൻപ് അധികാരം കയ്യാളിയിരുന്ന ബംഗാളിലും ത്രിപുരയിലും വേരുറയ്ക്കണം. അതിനൊപ്പം, ദേശീയതലത്തിലും പടരേണ്ടതു പാർട്ടിയുടെ മുന്നോട്ടുപോക്കിന് ആവശ്യമാണ്. ബംഗാളിൽ ബിജെപിയെ തോൽപ്പിക്കാൻ തൃണമൂൽ സ്ഥാനാർഥികൾക്കു വോട്ട് ചെയ്യണമെന്നു സിപിഎം അണികളോടു പറഞ്ഞയാളാണു മമത. അവർക്കൊപ്പം വേദി പങ്കിട്ട്, ഭാവിയിലേക്ക് ശക്തി സമാഹരിക്കുന്നതിൽ അത്ര വലിയ സൈദ്ധാന്തിക പ്രശ്നം സിപിഎം കാണുന്നുമില്ല. 

English Summary: CPM open to national alliance with TMC, but no tie-up in Bengal, Tripura: Sitaram Yechury– Political Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com