ADVERTISEMENT

കൊച്ചി ∙ ജനനവും മരണവും റജിസ്റ്റർ ചെയ്യാനുള്ള സർക്കാർ ഫോമുകളിൽ ഇനി പുതിയ മറ്റൊരു ഫോം കൂടി ഉടനുണ്ടാകും. കാലത്തിനും സാങ്കേതിക വിദ്യയ്ക്കും ജീവിത രീതിയിലുമുള്ള മാറ്റങ്ങൾക്കും അനുസരിച്ച് സർക്കാരും ഉചിതമായ ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണിത്. വിവാഹ മോചിതയായശേഷം അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിച്ചു ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെ ഗർഭിണിയായ യുവതി നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. കൃത്രിമ ബീജസങ്കലനത്തിലൂടെ സിംഗിൾ മദറിനു ജനിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖപ്പെടുത്തണമെന്നു നിർദേശിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

 

കുഞ്ഞിന്റെ ജനന റജിസ്റ്ററുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ സംബന്ധിച്ച ആശങ്കയാണു യുവതി ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജീസ് (എആർടി) വഴി സിംഗിൾ പേരന്റ്/വിവാഹിതരല്ലാത്തവർ ഗർഭിണിയാകുന്ന കേസുകളിൽ ജനനവും മരണവും റജിസ്റ്റർ ചെയ്യാനും സർട്ടിഫിക്കറ്റ് നൽകാനുമായി പ്രത്യേക ഫോമുകൾ ലഭ്യമാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കാനാണു സംസ്ഥാന സർക്കാരിനും ജനന മരണ ചീഫ് റജിസ്ട്രാറിനും നിർദേശം നൽകിയത്. യുവതി എട്ടുമാസം ഗർഭിണിയാണെന്നു കണക്കിലെടുത്ത് എത്രയും വേഗം നടപടിയെടുക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. 

 

ഹർജിയിലെ ആവശ്യം 

 

ജനന മരണ റജിസ്ട്രേഷൻ നിയമ പ്രകാരമുള്ള ചട്ടങ്ങൾ അനുസരിച്ചാണു ഫോമുകൾ ലഭ്യമാക്കിയിരിക്കുന്നത്. കുഞ്ഞിന്റെ പിതാവിന്റെ പേര്, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവ വിവരങ്ങൾ ഫോമിൽ നൽകേണ്ടതുണ്ട്. ജനന സർട്ടിഫിക്കറ്റിലും പിതാവിന്റെ പേര് നൽകേണ്ട കോളമുണ്ട്. മരണ സർട്ടിഫിക്കറ്റിലും പിതാവിന്റെയോ ഭർത്താവിന്റെയോ പേരെഴുതണം. എന്നാൽ ഈ ഫോമിൽ അമ്മയുടെ വിവരങ്ങൾ നൽകാനായി ഭാഗമില്ല. ഫോമിലെ ഈ കോളങ്ങൾ മൗലികാവകാശ ലംഘനമാണെന്നു ഹർജിക്കാരി ചൂണ്ടിക്കാട്ടി. 

ഫോം പ്രകാരം കുഞ്ഞിന്റെ പിതാവിന്റെ പേര് വെളിപ്പെടുത്തേണ്ടതുണ്ടെങ്കിലും തന്റെ കുഞ്ഞിന്റെ പിതാവിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെടാനാവില്ലെന്നു യുവതി വിശദീകരിച്ചു. അതിനുള്ള കാരണങ്ങളും യുവതി നിരത്തി. 1) ബീജദാതാവ് ആര് എന്നുള്ളത് അജ്ഞാതമാക്കി വച്ചിരിക്കുകയാണ്. അത് ഹർജിക്കാരിയോടും വെളിപ്പെടുത്തിയിട്ടില്ല. 2) ഈ ആവശ്യം തന്റെ സ്വകാര്യതയിലും സ്വാതന്ത്ര്യത്തിലും അന്തസ്സിലും കൈകടത്തലാണ്. 

 

കോടതി പറഞ്ഞത്... 

 

മനുഷ്യ അന്തസ്സ് ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ്. കുറച്ചു പതിറ്റാണ്ടുകൾക്കു മുൻപ്, ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ജനിക്കുന്നതുവരെ, എആർടിയിലൂടെ ഗർഭം ധരിക്കുകയെന്ന ആശയം ഈ രാജ്യത്തിന് അപരിചതമായിരുന്നു. എന്നാൽ കാലം കടന്നുപോകുന്നത് അനുസരിച്ച് നിയമങ്ങളിലും ചട്ടങ്ങളിലും നിർദിഷ്ട ഫോമുകളിലും മാറ്റങ്ങളും കൂട്ടിചേർക്കലുകളും മറ്റും വരുത്തേണ്ടതുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു. 

 

എആർടി വഴി ഗർഭിണിയാകുന്നവരുടെ കാര്യത്തിൽ ബീജദാതാവ് ആരെന്ന് വെളിപ്പെടുത്താനാവില്ല. അത് സ്വകാര്യതയ്ക്കുള്ള അവകാശത്തിൽ ഉൾപ്പെടുന്നതാണ്. ദാതാവ് ആരാണെന്ന് ഹർജിക്കാരിയോടും വെളിപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ, ജനന, മരണ റജിസ്ട്രേഷനുള്ള ഫോമിൽ പിതാവിന്റെ പേര് നൽകണമെന്ന് ഹർജിക്കാരിയോട് ആവശ്യപ്പെടുന്നതിന് കാരണങ്ങൾ ഒന്നുമില്ല. 

 

ജനന മരണ സർട്ടിഫിക്കറ്റുകളിൽ പിതാവിന്റെ വിശദാംശങ്ങൾ നൽകേണ്ട ഭാഗം ശൂന്യമായി ഇടുന്നത് മാതാവിന്റെയും കുട്ടിയുടെയും അന്തസ്സിനെ ബാധിക്കുന്നതാണ്. എആർടിവഴി ഗർഭിണിയാകാനുള്ള സിംഗിൾ വുമൺ/വിവാഹിതയല്ലാത്ത അമ്മയുടെ അവകാശങ്ങൾ അംഗീകരിച്ചതാണ്. അതിനാൽ ഇത്തരം കേസുകളിൽ എആർടിയിലൂടെ ജനിച്ച കുട്ടികളുടെ ജനനം, മരണം റജിസ്റ്റർ ചെയ്യാനും സർട്ടിഫിക്കറ്റുകൾക്കും ഉചിതമായ ഫോമുകൾ നൽകേണ്ടത് സംസ്ഥാനമാണെന്നു ഹൈക്കോടതി പറഞ്ഞു. 

 

കുടുംബ വഴക്കുകളിൽ പകരം വീട്ടാനും മറ്റും ഈ ഫോമുകൾ ആവശ്യപ്പെടാറുണ്ട്. ‘അവകാശങ്ങൾ’ പലപ്പോഴും ദുരുപയോഗിക്കുകയാണ്. സിംഗിൾ പേരന്റ്/ വിവാഹിതയല്ലാത്ത അമ്മ എന്നതും എആർടിയിലൂടെയാണു ഗർഭം ധരിച്ചതെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. പിൻബലമാകുന്ന മെഡിക്കൽ രേഖകളും ഹാജരാക്കണം. ഇങ്ങനെയുള്ള അപേക്ഷകർക്ക് വ്യത്യസ്തമായ ഫോം നൽകണം. ഇതിൽ പിതാവിന്റെ പേരും മറ്റു വിവരങ്ങളും വേണമെന്ന് നിർദേശിക്കുന്ന ഭാഗം ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു.

 

English Summary: Kerala soon to add a Separate Form for Birth/Death Registrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com