വാക്സീൻ ഇല്ലാത്തതിനാലാണോ ഇടവേള കൂട്ടുന്നത്? കിറ്റെക്സിന്റെ സംശയം ശരിയോ?

mexico-vaccination
മെക്‌സിക്കോയിൽ നടന്ന വാക്സിനേഷൻ ക്യാംപിൽനിന്ന്. ചിത്രം: ALFREDO ESTRELLA / AFP
SHARE

കൊച്ചി ∙ ലോകം മുഴുവൻ ഇപ്പോൾ കോവിഡ് വാക്സീന്റെ പിന്നാലെ ഓടുന്ന സമയമാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ വാക്സീൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞാൽ പോലും അതിശയോക്തിയാവില്ല. കാര്യങ്ങൾ അങ്ങനെയാണ്. ഏകദേശം 112 കോവിഡ് വാക്സീനുകളുടെ ക്ലിനിക്കൽ ട്രയലുകളാണ് ലോകത്ത് ഇപ്പോൾ നടക്കുന്നത്. അതായത് മനുഷ്യരിൽ നടക്കുന്ന വാക്സീൻ പരീക്ഷണം. 184 ടീമുകൾ വാക്സീൻ വികസിപ്പിക്കുന്നതിന്റെ പ്രീ–ക്ലിനിക്കൽ നടപടികളിലാണ്.

യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആദ്യ കോവിഡ് വാക്സീന് പൂർണ അനുമതി നൽകിയത് അടുത്തിടെയാണ്. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 23ന്. 16 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ ബയോൺടെക് കോവിഡ് 19 വാക്സീൻ കുത്തിവയ്ക്കാനാണ് ഈ അനുമതി. ഈ അനുമതിക്കു മുൻപേ യുഎസിൽ ഫൈസർ വാക്സീൻ കുത്തിവയ്ക്കാൻ തുടങ്ങിയിരുന്നു. 16 വയസ്സിനു മുകളിലുള്ളവർക്കു പക്ഷേ അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്. 

കോവിഡ് വാക്സീന്റെ കാര്യത്തിൽ ഇതിനകം വിതരണം ആരംഭിച്ച ഒട്ടേറെ വാക്സീനുകൾക്ക് അടിയന്തര ഉപയോഗ അനുമതിയാണു ലഭിച്ചിട്ടുള്ളത്. ആ വാക്സീനുകൾക്കു പൂർണ അനുമതി ലഭിക്കാൻ ഇനിയും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇന്ത്യയിൽ 8 കോവിഡ് വാക്സീനുകളുടെ ക്ലിനിക്കൽ ട്രയലുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 6 വാക്സീനുകൾക്കാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. 

84 ദിവസത്തിനു മുൻപ് ജീവനക്കാർക്ക് രണ്ടാം വാക്സീനെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അടുത്തിടെ കിറ്റെക്സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചതോടെ വാക്സീന്റെ ഇടവേള സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരുന്നു. കോവിഷീല്‍ഡ് വാക്‌സീന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്രം വിശദീകരിക്കണമെന്നും തുടർന്നു ഹൈക്കോടതി ആവശ്യപ്പെട്ടു. വാക്സീൻ ലഭ്യമല്ലാത്തതിനാലാണോ ഇടവേള കൂട്ടുന്നതെന്നും ചോദിച്ചു. 

എന്നാൽ, വാക്സീന്റെ ഫലപ്രാപ്തിക്കു വേണ്ടിയാണ് രണ്ടാം ഡോസ് വാക്സീനെടുക്കുന്നതിനു മുൻപുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അതേസമയം, രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചതിനു ശേഷം മൂന്നാമതൊരു ഡോസിന് നിലവിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്സീനുകൾ സംബന്ധിച്ച സംശയങ്ങൾ കോടതി വരെ കയറിയ സാഹചര്യത്തിൽ ലോകത്തിലെയും ഇന്ത്യയിലെയും വാക്സീനുകളിലൂടെ, അവയുടെ സ്വഭാവ സവിശേഷതകളിലൂടെ, ഫലപ്രാപ്തിയിലൂടെ, പ്രവർത്തനങ്ങളിലൂടെ ഒരന്വേഷണം...

ഉപയോഗം തുടങ്ങി 20 വാക്സീനുകൾ

കോവിഡിനെ പ്രതിരോധിക്കാനായി ലോകത്ത് ഇപ്പോൾ കുത്തിവയ്പ് തുടങ്ങിയത് 20 വാക്സീനുകളാണ്. ഇന്ത്യയിൽ അനുമതിയുള്ളത് 6 വാക്സീനുകൾക്കു മാത്രം. 6 വാക്സീനുകൾ വികസിപ്പിച്ചതു ചൈനയിലാണ്. ലഭ്യത കൂടുതലായതുകൊണ്ടുതന്നെ വിവിധ രാജ്യങ്ങളിൽ ആദ്യം ഉപയോഗം തുടങ്ങിയതും ചൈനീസ് വാക്സീനുകളായിരുന്നു. നിലവിൽ ലോകത്തിൽ പ്രയോഗത്തിലുള്ള വാക്സീനുകൾ ഇവയാണ്.

1) ആസ്ട്രസെനക– ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വാക്സീൻ (കോവിഷീൽഡ്)

∙ ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഉൽപാദകർ.

∙ വൈറൽ വെക്ടർ വാക്സീനാണ്. അതായത് ചിമ്പാൻസികളിലെ അഡിനോവൈറസിൽ കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീൻ സംയോജിപ്പിച്ചാണ് ഈ വാക്സീൻ വികസിപ്പിച്ചിട്ടുള്ളത്.

covishield
കോവിഷീൽഡ്. ∙ഇലസ്‌ട്രേഷനുകൾ: ജെയിൻ ഡേവിഡ്.എം.

∙ യുകെയിലും അർജന്റീനയിലുമാണ് വാക്സീൻ ആദ്യം ഉപയോഗിച്ചു തുടങ്ങിയത്.

∙ ഇപ്പോൾ 45 രാജ്യങ്ങൾ ഈ വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

∙ വാക്സീൻ ഫലക്ഷമത: 63.05%.

∙ ഇന്ത്യയിൽ ഇതിനകം നൽകിയത് 54.88 കോടി കോവിഷീൽഡ് വാക്സീനുകൾ.

കോവിഷീൽ‍ഡിന്റെ ഇടവേളകൾ

∙ ഇന്ത്യയിൽ കോവിഷീൽഡിന്റെ 2 ഡോസുകൾ തമ്മിലുള്ള ഇടവേള 12–16 ആഴ്ചയാണ്. തുടക്കത്തിൽ 4–8 ആഴ്ച വരെയായിരുന്നത് പിന്നീട് വർധിപ്പിക്കുകയായിരുന്നു. കോ–വിൻ പോർട്ടൽ വഴി രേഖപ്പെടുത്തണമെന്നതിനാൽ 84 ദിവസങ്ങൾ കഴിഞ്ഞേ നിലവിൽ രണ്ടാം ഡോസ് സ്വീകരിക്കാൻ കഴിയൂ.

∙ ആസ്ട്രസെനക– ഓക്സ്ഫഡ് വാക്സീന്റെ ഇടവേളയായി ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത് 8–12 ആഴ്ചയാണ്.

∙ ഓക്സ്ഫഡ് വാക്സീന്റെ ഉൽപാദകരായ അസ്ട്രസെനക പറയുന്നു: 2 ഡോസുകൾ തമ്മിലുള്ള ഇടവേള 12 ആഴ്ചയോ, അതിൽ കൂടുതലോ ആണെങ്കിൽ ഫലക്ഷമത 82% ആയി ഉയരും എന്നാണ്.

∙ ആസ്ട്രസെനക– ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് (കോവിഷീൽഡ്) പറയുന്നു: 2 ഡോസുകൾക്കിടയിലുള്ള ഇടവേള 12 ആഴ്ചയോ, അതിൽ കൂടുതലോ ആണെങ്കിൽ ഫലക്ഷമത 78.79% ആയി ഉയരും.

∙ ഫലത്തിൽ വാക്സീൻ ലഭ്യത കുറവാണെങ്കിലും 2 ഡോസുകൾക്കിടയിലെ ഇടവേളകളിലെ ദൈർഘ്യം കൂടുന്നതു വാക്സീൻ ഫലക്ഷമത വർധിപ്പിക്കുമെന്നാണു നിർമാതാക്കൾ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

2) ഫൈസർ– ബയോൺടെക്

∙ 95% വരെ വാക്സീൻ ഫലക്ഷമത അവകാശപ്പെടുന്ന വാക്സീൻ

∙ ആർഎൻഎ വാക്സീനാണിത്. കൊറോണ വൈറസിന്റെ പുറന്തോടിലെ സ്പൈക് പ്രോട്ടീന്റെ ആർഎൻഎ ഘടകമാണ് ഉപയോഗിക്കുന്നത്.

pfizer-vaccine
ഫൈസർ– ബയോൺടെക്.

∙ യുകെയിൽ ആദ്യമായി അനുമതി ലഭിച്ച വാക്സീൻ. ലോകാരോഗ്യ സംഘടന ആദ്യമായി അംഗീകരിക്കുന്നതും ഈ വാക്സീനാണ്.

∙ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ അനുമതി ലഭിച്ചിട്ടില്ല.

∙ 3–4 ആഴ്ചകളുടെ ഇടവേളകളിൽ 2 ഡോസ് വാക്സീൻ കുത്തിവയ്ക്കണം. ചില രാജ്യങ്ങൾ ഇത് 12 ആഴ്ച വരെ നീട്ടിയിട്ടുണ്ട്.

3) മൊഡേണ

∙ ഫൈസർ വാക്സീൻ പോലെത്തന്നെ ആർഎൻഎ വാക്സീൻ.

∙ 94.1% ഫലക്ഷമത

∙ ഫൈസറിനു പിന്നാലെ യുഎസിൽ അടിയന്തര അനുമതി ലഭിച്ചു.

∙ ഇന്ത്യയുൾപ്പെടെ 69 രാജ്യങ്ങളിൽ അനുമതിയുണ്ട്.

∙ 28 ദിവസത്തെ ഇടവേളയിൽ 2 ഡോസ് വാക്സീൻ എടുക്കണം. ഇടവേള 42 ദിവസം വരെ നീട്ടാം.

4) ജാൻസെൻ (ജോൺസൺ ആൻഡ് ജോൺസൺ)

∙ കോവി‍ഷീൽഡ് പോലെ അഡിനോവൈറസുകൾ ഉപയോഗിച്ചാണു പ്രവർത്തനം.

∙ ബഹ്റൈനിലാണ് ആദ്യമായി അനുമതി നൽകിയത്. 

∙ ഇപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്.

∙ ആദ്യ ഡോസ് എടുത്ത് 14 ദിവസത്തെ ഇടവേളയ്ക്കു ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം.

∙ 85.4% ഫലക്ഷമത

5) സ്പുട്നിക് വി വാക്സീൻ

∙ മോസ്കോയിലെ ഗാമലേയ നാഷനൽ സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചത്.

∙ 2 അഡിനോ വൈറസുകളിൽ കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീനെ സന്നിവേശിപ്പിച്ചാണ് പ്രവർത്തനം.

sputnik-vaccine
സ്പുട്നിക് വി വാക്സീൻ.

∙ ആദ്യ ഡോസിലും രണ്ടാമത്തെ ഡോസിലും വ്യത്യസ്ത അഡിനോ വൈറസുകളെ ഉപയോഗിച്ചിരിക്കുന്നു.

∙ 91.6% ഫലക്ഷമതയുണ്ടെന്ന് അവകാശപ്പെടുന്നു.

∙ 21 ദിവസങ്ങളുടെ ഇടവേളകളിൽ 2 ഡോസ് വാക്സീൻ കുത്തിവയ്ക്കണം.

6) എപ്പിവാക് കൊറോണ

∙ റഷ്യയിൽ അനുമതി നൽകിയ രണ്ടാമത്തെ കോവിഡ് വാക്സീൻ

∙ റഷ്യയിലെ വെക്ടർ സ്റ്റേറ്റ് റിസർച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വികസിപ്പിച്ചത്.

∙ കൊറോണ വൈറസിലെ സ്പൈക് പ്രോട്ടീനിന്റെ സബ് യൂണിറ്റുകളെ രാസപദാർഥങ്ങൾ വഴി സൃഷ്ടിച്ചെടുത്താണ് ഇതിൽ ഉപയോഗിക്കുന്നത്.

∙ റഷ്യയ്ക്കു പുറമേ ബലാറസ്, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളും ഈ വാക്സീന് അനുമതി നൽകിയിട്ടുണ്ട്.

∙ 21 ദിവസങ്ങളുടെ ഇടവേളകളിൽ 2 ഡോസ് വാക്സീൻ കുത്തിവയ്ക്കണം.

7) കോവിവാക്

∙ റഷ്യയിൽ ആഭ്യന്തര ഉപയോഗത്തിന് അനുമതി.

∙ ഷുമാകോവ് ഫെഡറൽ സയന്റിഫിക് സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് ഓഫ് ഇമ്യൂൺ ആൻഡ് ബയോളജിക്കൽ പ്രോഡക്ട്സ് ആണ്  ഈ വാക്സീൻ വികസിപ്പിച്ചത്.

∙ നിർജീവമാക്കിയ കൊറോണ വൈറസിനെയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.

∙ 14 ദിവസത്തെ ഇടവേളകളിൽ 2 ഡോസ് വാക്സീൻ നൽകണം.

∙ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നതേയുള്ളൂ.

8) കോവാക്സിൻ

∙ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ.

∙ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്ന് ഭാരത് ബയോടെക്കാണു വികസിപ്പിച്ചത്.

covaccine
കോവാക്സിൻ.

∙ 16 രാജ്യങ്ങളിൽ അനുമതിയുണ്ട്.

∙ നിർജീവമാക്കിയ വൈറസ് ഉപയോഗിക്കുന്ന പരമ്പരാഗത രീതിയിലാണു വാക്സീൻ നിർമാണം.

∙ 77.8% ഫലക്ഷമത; 4-6 ആഴ്‌ചയുടെ ഇടവേളകളിൽ 2 ഡോസ് വാക്സീൻ നൽകണം.

∙ ഇന്ത്യയിൽ ഇതിനകം നൽകിയത് 7.62 കോടി കോവാക്സിൻ ഡോസുകൾ.

9) സിനോവാക്- കൊറോണവാക്

∙ ചൈന വികസിപ്പിച്ച കോവിഡ് വാക്സീൻ

∙ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചു നിർമാണം. 

SINOVAC-CHINA
സിനോവാക് വാക്സീൻ സ്വീകരിക്കുന്ന യുവതി. ചൈനയിൽ നിന്നുള്ള കാഴ്‌ച. ചിത്രം: AFP

∙ 42 രാജ്യങ്ങളിൽ അനുമതി.

∙ 14 ദിവസത്തെ ഇടവേളകളിൽ  2 ഡോസ് കുത്തിവയ്പ്

10) കാൻസിനോ

∙ ചൈനയിലെ മിലിട്ടറി മെഡിക്കൽ സയൻസസ് അക്കാദമിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുമായി സഹകരിച്ചു കാൻസിനോ ബയോളജിക്സ് വികസിപ്പിച്ചത്.

∙ അഡിനോവൈറസുകൾ ഉപയോഗിക്കുന്ന വൈറൽ വെക്ടർ വാക്സീൻ വിഭാഗത്തിൽ പെടുന്നത്.  

∙ ഒട്ടേറെ രാജ്യങ്ങൾ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി.

∙ ഒറ്റ ഡോസ് വാക്സീൻ; 65.7% ഫലക്ഷമത.

11) സിനോഫാം (ബെയ്ജിങ്)

∙ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായി ചേർന്നു ചൈന നാഷനൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിലെ (സിനോഫാം) ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്.

∙ 2020ലെ വേനൽകാലത്ത് ചൈനയിൽ ഉപയോഗിച്ചു തുടങ്ങി.

∙ യുഎഇയിൽ ആദ്യമായി ഉപയോഗിച്ച വാക്സീൻ.

∙ 3–4 ആഴ്ചകളുടെ ഇടവേളയിൽ 2 ഡോസ് കുത്തിവയ്പ് എടുക്കണം.

∙ 79% വരെ ഫലക്ഷമതയെന്ന് പഠനം

12) സിനോഫാം (വുഹാൻ)

∙ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാൻ മേഖലയിൽതന്നെ വികസിപ്പിച്ച വാക്സീൻ.

∙ ചൈനയിലെ സിനോഫാമിന്റെ ഭാഗമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ട്സ് വികസിപ്പിച്ച വാക്സീൻ

SINO-PHARM-VACCINE
സിനോഫാം വാക്സീൻ. ചിത്രം: FADEL SENNA / AFP

∙ ഈ വർഷം ഫെബ്രുവരിയിൽ ചൈനയിൽ അനുമതി. തൊട്ടുപിന്നാലെ യുഎഇയിലും അനുമതി.

∙ നിർജീവമാക്കിയ വൈറസാണു വാക്സീനിൽ ഉപയോഗിച്ചിട്ടുള്ളത്.  

∙ 4 ആഴ്ചകളുടെ ഇടവേളയിൽ 2 ഡോസ് വാക്സീൻ എടുക്കണം.

13) കെകോൺവാക്

∙ അസ്ട്രസെനകയുടെ ചൈനീസ് പങ്കാളിയായ ഷെൻസെൻ കാങ്തായ് ബയോളജിക്കൽ പ്രോഡക്ട്സ് വികസിപ്പിച്ചത്.

∙ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചിരിക്കുന്നു.

∙ മൂന്നാം ഘട്ട ട്രയൽ പുരോഗമിക്കുന്നതേയുള്ളൂ. 

∙ ചൈനയിൽ അടിയന്തര ഉപയോഗത്തിന് അനുമതി.

14) ഇമ്പ്കാംസ് വാക്സീൻ

∙ ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ബയോളജിയും ചേർന്നു വികസിപ്പിച്ച വാക്സീൻ.

∙ ജൂണിൽ ചൈനയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. 

15) സിഫിവാക്സ്

∙ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജിയുമായി ചേർന്ന് അൻഹൂയി സിഫി ലോങ്കോം ബയോഫാർമസ്യൂട്ടിക്കൽ വികസിപ്പിച്ച വാക്സീൻ.

∙ പ്രോട്ടീസ് സബ് യൂണിറ്റുകളാണു വാക്സീനിൽ ഉപയോഗിച്ചിട്ടുള്ളത്. 

∙ ഓരോ മാസത്തിന്റെയും ഇടവേളകളിൽ 3 ഡോസ് കുത്തിവയ്ക്കണം.

∙ ചൈനയ്ക്കു പുറമേ ഉസ്ബക്കിസ്ഥാനിലും അനുമതി.

16) ക്വാസ്‌വാക്

∙ കസഖ്സ്ഥാനിലെ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സേഫ്റ്റി പ്രോബ്ലംസ് വികസിപ്പിച്ചത്.

∙ നിർജീവമാക്കിയ കൊറോണ വൈറസാണ് ഉപയോഗിച്ചിരിക്കുന്നത്.

∙ ജൂലൈ മുതൽ കസഖ്സ്ഥാനിൽ കുത്തിവയ്ക്കാൻ തുടങ്ങി.

∙ 21 ദിവസത്തെ ഇടവേളയിൽ 2 ഡോസുകൾ നൽകണം.

17) കോവ്‌ഇറാൻ ബറേകാത്ത്

∙ ഇറാനിലെ ഷിഫ ഫാർമെഡ് ഇൻഡസ്ട്രിയൽ കമ്പനി വികസിപ്പിച്ച വാക്സീൻ.

COV-IRAN
കോവ്‌ഇറാൻ ബറേകാത്ത്. ചിത്രം: Iranian Presidency / AFP

∙ ജൂൺ മുതൽ ഇറാനിൽ കുത്തിവയ്ക്കാൻ തുടങ്ങി.

∙ 28 ദിവസത്തെ ഇടവേളയിൽ 2 ഡോസ് കുത്തിവയ്ക്കണം.

18) അബ്ദല വാക്സീൻ

∙ ക്യൂബയിലെ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി വികസിപ്പിച്ചത്.

∙ കൊറോണ വൈറസിലെ സ്പൈക് പ്രോട്ടീനിന്റെ സബ് യൂണിറ്റാണു വാക്സീനിൽ ഉപയോഗിച്ചിട്ടുള്ളത്.

∙ ക്യൂബയിലും വെനസ്വേലയിലും അടിയന്തര ഉപയോഗത്തിന് അനുമതി.

19) സോബെറാന 2

∙ ക്യൂബയിലെ ഫിൻലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാക്സീൻ വികസിപ്പിച്ചത്.

∙ പ്രോട്ടീസ് സബ് യൂണിറ്റ് വാക്സീൻ.

∙ ക്യൂബയിൽ ഉപയോഗിക്കുന്നതിനൊപ്പം ഇറാനിലും അടിയന്തര ഉപയോഗത്തിന് അനുമതി.

20) മെഡിജെൻ

∙ തയ്‌വാനിലെ മെഡിജെൻ വാക്സീൻ ബയോളജിക്സ് കോർപറേഷൻ വികസിപ്പിച്ച വാക്സീൻ.

∙ പ്രോട്ടീൻ സബ് യൂണിറ്റുകൾ ഉപയോഗിക്കുന്നു.

∙ തായ്‌വാനിൽ അടിയന്തര ഉപയോഗത്തിന് അനുമതി.

∙ 28 ദിവസത്തെ ഇടവേളകളിൽ 2 ഡോസ് വാക്സീൻ എടുക്കണം.

∙ തായ്‌വാൻ പ്രസിഡന്റ് സായങ് വെൻ ഈ വാക്സീനാണു സ്വീകരിച്ചത്.

വാക്സീൻ വരുന്ന വഴി

വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് ഓരോ വാക്സീനും മനുഷ്യരിൽ ഉപയോഗിക്കാനായി പൂർണ സജ്ജമാകുന്നത്.

പ്രീ ക്ലിനിക്കൽ ഘട്ടം: ലാബുകളിലും മൃഗങ്ങളിലും പരീക്ഷണങ്ങൾ നടക്കുന്ന ഘട്ടം.

ഒന്നാം ഘട്ടം: കുറച്ചു പേരിൽ നടത്തുന്ന ആദ്യ ഘട്ട ക്ലിനിക്കൽ ട്രയലിൽ 3 കാര്യങ്ങളാണു പ്രധാനമായും നോക്കുക. വാക്സീന്റെ സുരക്ഷ, എത്ര ഡോസ് വേണം, എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ടോ?

രണ്ടാം ഘട്ടം: കുറച്ചു കൂടി ആളുകളെ ഉൾപ്പെടുത്തിയുള്ള ഘട്ടം. ഈ ഘട്ടത്തിൽ സുരക്ഷയ്ക്കൊപ്പം വാക്സീന്റെ ഫലക്ഷമത (എഫിക്കസി) കൂടി വിലയിരുത്തും.

മൂന്നാം ഘട്ടം: ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പതിനായിരക്കണക്കിന് ആളുകളെ ഉൾപ്പെടുത്തിയുള്ള പരീക്ഷണ ഘട്ടമാണിത്. വാക്സീന്റെ ഫലക്ഷമത തന്നെയാണു പ്രധാനമായും വിലയിരുത്തുന്നത്. അപൂർവമായി ഉണ്ടാകാൻ സാധ്യതയുള്ള പാർശ്വ ഫലങ്ങൾ കൂടി വളരെയേറെ ആളുകളിൽ പരീക്ഷണം നടത്തുമ്പോൾ കണ്ടെത്താനാകും.

VACCINE
ചിത്രം: Munir Uz zaman / AFP

നാലാം ഘട്ടം: രാജ്യത്തെ റഗുലേറ്ററി ഏജൻസികളുടെ അനുമതി ലഭിച്ചതിനു ശേഷവും തുടരുന്ന പഠനങ്ങളാണ് ഈ ഘട്ടത്തിൽ. വാക്സീൻ സ്വീകരിക്കുന്ന വലിയ ജനസമൂഹത്തെ നിരീക്ഷിക്കുന്ന ഘട്ടം. എന്നാൽ, കോവിഡ് വാക്സീന്റെ കാര്യത്തിൽ ഇതിനകം കുത്തിവയ്പ് ആരംഭിച്ച പല വാക്സീനുകളും നാലാം ഘട്ടത്തിൽ എത്തിയിട്ടില്ല. പല വാക്സീനുകൾക്കും ദേശീയ ഏജൻസികൾ അടിയന്തര ഉപയോഗ അനുമതിയാണു നൽകിയിട്ടുള്ളത്. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ മൂന്നാം ഘട്ടത്തിനു മുൻപു തന്നെ പൊതുജനങ്ങൾക്കു കോവിഡ് വാക്സീൻ കുത്തിവയ്ക്കാൻ അനുമതി നൽകിയിരുന്നു. ജാൻസെൻ (ജോൺസൺ ആൻഡ് ജോൺൺ), മൊഡേണ, ആസ്ട്രസെനക– ഓക്സ്ഫഡ് വാക്സീൻ (കോവിഷീൽഡ്), ഫൈസർ– ബയോൺടെക്, സിനോഫാം (ബെയ്ജിങ്), സിനോവാക്, കാൻസിനോ എന്നീ 7 വാക്സീനുകളാണു നിലവിൽ നാലാം ഘട്ട ട്രയലിലുള്ളത്.

വിവിധ ഘട്ടങ്ങളിലുള്ള വാക്സീനുകൾ

പ്രീ ക്ലിനിക്കൽ ഘട്ടം: 184 വാക്സീനുകൾ

ഒന്നാം ഘട്ടം: 37 വാക്സീനുകൾ

രണ്ടാം ഘട്ടം: 36 വാക്സീനുകൾ

മൂന്നാം ഘട്ടം: 31 വാക്സീനുകൾ

ഉപയോഗത്തിൽ: 20 വാക്സീനുകൾ

നാലാം ഘട്ടം: 7 വാക്സീനുകൾ

8 വാക്സീനുകൾക്ക് ഇന്ത്യയിൽ പഠനം

1. കോവാക്സിൻ: മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കി. അടിയന്തര ഉപയോഗത്തിന് അനുമതി. കുട്ടികളിലെ ക്ലിനിക്കൽ ട്രയലുകൾ ഇപ്പോൾ നടന്നുവരുന്നു.

2. കോവിഷീൽഡ്: മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കി. അടിയന്തര ഉപയോഗത്തിന് അനുമതി.

COVISHIELD
പ്രതീകാത്മക ചിത്രം. ISHARA S. KODIKARA / AFP

3. സൈക്കോവ് ഡി: ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎൻഎ വാക്സീൻ. മൂന്നാം ഘട്ട ട്രയലുകൾ നടക്കുന്നു. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഈ വാക്സീൻ ഇതുവരെ കുത്തിവയ്ക്കാൻ തുടങ്ങിയിട്ടില്ല.

4. സ്പുട്നിക് വി: ഇന്ത്യയിൽ റെഡ്ഡീസ് ലബോറട്ടറിയാണ് ഈ വാക്സീന്റെ ഉൽപാദകർ. രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നു. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി.

5. ബയോളജിക്കൽ ഇയുടെ കോവിഡ് വാക്സീൻ: ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോവിഡ് വാക്സീന്റെ ഒന്നാം ഘട്ട, രണ്ടാം ഘട്ട പരീക്ഷണങ്ങൾ നടക്കുന്നു.

6. ബിബിവി 154: മൂക്കിൽ വലിക്കുന്ന വാക്സീൻ. ഭാരത് ബയോടെക്കാണ് ഉൽപാദകർ. ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നു.

7. കോവോവാക്സ്: ഐസിഎംആറും സീറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നു.

8. എച്ച്ജിസിഒ 19, എംആർഎൻഎ വാക്സീൻ: ജെന്നോവ ബയോഫാർമസ്യൂട്ടിക്കൽസ് ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നു.

അവലംബം: ലോകാരോഗ്യ സംഘടന, ഗവി: ദി വാക്സീൻ അലയൻസ്, കോവിഡ് 19 ട്രാക്ക്‌വാക്സീൻസ്, ഐസിഎംആർ.

English Summary: Covid Vaccines From Across the Globe; All You Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA