ADVERTISEMENT

തിരുവനന്തപുരം ∙ ബൂർഷ്വാ പാർട്ടികളിലുള്ളതുപോലെ സ്ഥാനാര്‍ഥിയാകാൻ മുൻകൂർ പ്രവർത്തനങ്ങളും ചരടുവലികളും നടത്തുന്ന ചിലർ പാർട്ടിയിലുണ്ടെന്ന് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഘടക കക്ഷികൾ മത്സരിച്ച ചില സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് ആവശ്യത്തിന് അവരിൽനിന്നു നേരിട്ടു പണം വാങ്ങുന്ന രീതി ശരിയല്ല. സ്ഥാനാർഥിത്വം കിട്ടാൻ ശുപാർശ ചെയ്യിക്കുന്നവർ പാർട്ടിയിലുണ്ട്. ഇത്തരം ദൗർബല്യങ്ങൾക്കെതിരെ കർശനമായ സമീപനം സ്വീകരിക്കണമെന്ന് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പാർട്ടി കത്തിൽ പറയുന്നു.

പാര്‍ലമെന്‍ററി സ്ഥാനത്തിന്‍റെയും മന്ത്രിസ്ഥാനത്തിന്‍റെയും ആകർഷണീയതയിൽ പല പ്രവർത്തകരും തൽപരരാകുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. അപൂർവം ചിലയിടങ്ങളിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. പൊന്നാനിയിലും കുറ്റ്യാടിയിലും നടന്ന പ്രകടനങ്ങൾ പാർട്ടിക്കെതിരെ മാധ്യമങ്ങളും എതിരാളികളും വ്യാപകമായി ഉപയോഗിച്ചത് പ്രവർത്തകർ സ്വീകരിച്ച തെറ്റായ സമീപനം കാരണമാണ്. കുറ്റ്യാടിയിലെ പ്രകടനത്തിൽ ജില്ലാ സെക്രട്ടറി പി.മോഹനനെയും കുടുംബത്തെയും കടന്നാക്രമിക്കുന്ന മുദ്രാവാക്യങ്ങൾ ഉണ്ടായി. പാർട്ടി സ്ഥാനാർഥിയെ നിർണയിക്കുന്നതിനു മുൻപുതന്നെ സമൂഹ മാധ്യമങ്ങൾ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചാരണ ശൈലിയും കണാനായതായി കത്തിൽ പറയുന്നു.

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തിൽ തെറ്റായ സംഘടനാ സമീപനം ജില്ലയിലെ ചില നേതാക്കളിൽനിന്നുണ്ടായത് പരിശോധിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളായ ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ബിജെപി ശക്തിപ്പെടുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഈ മണ്ഡലങ്ങളിൽ ബിജെപിക്കു പതിനായിരത്തിലധികം വോട്ട് വർധിച്ചു.

അമ്പലപ്പുഴയിൽ ചില സംഘടനാ വിഷയങ്ങൾ ഉയർന്നു വന്നു. അവിടെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു സഹായകരമല്ലാത്ത ചില നിലപാടുകളുണ്ടായി. ഈ വീഴ്ച സംസ്ഥാന കമ്മിറ്റി പ്രത്യേകം പരിശോധിക്കണം. തൃപ്പൂണിത്തുറ മണ്ഡലത്തിൽ സ്വരാജിന്റെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. ജില്ലയിലെ പല മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞത് സംഘടനാ ദൗർബല്യം തെളിയിക്കുന്നു. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അംഗീകരിക്കാൻ ബന്ധപ്പെട്ട കമ്മിറ്റികൾ തയാറാകാതിരുന്നത് പരിശോധിക്കണം.

സംസ്ഥാനത്താകെ ബിജെപിക്കു വോട്ടു കുറഞ്ഞപ്പോൾ പാലക്കാട്ടു വോട്ട് കൂടിയത് ഗൗരവത്തോടെ കാണണം. പാലക്കാട് ന്യൂനപക്ഷ വോട്ടുകൾ പൂർണമായി ലഭിച്ചില്ല. വടകരയിലെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കണം. മലപ്പുറത്ത് പാർട്ടിക്കൊപ്പം വരുന്ന ജനവിഭാഗങ്ങളെ സ്വീകരിക്കാനുള്ള വിമുഖത മാറ്റണം. സ്വതന്ത്ര സ്ഥാനാർഥികളെ ഉൾക്കൊള്ളുന്നതിൽ ജില്ലാ നേതൃത്വത്തിനുള്ള വൈമനസ്യം പരിശോധിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

English Summary: CPM assembly election analysis report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com