ADVERTISEMENT

സുഹൃത്തുക്കൾക്കു ‘സർപ്രൈസ്’ നൽകുന്നതു വി.എസ്.ജോ‌യിയുടെ ശീലമാണ്. ജന്മദിനങ്ങളിൽ അവരെ തേടിയെത്തുന്ന ആദ്യ ആശംസകളിലൊന്ന് ഈ പഴയ കെഎസ്‌യു പ്രസിഡന്റിന്റേതായിരിക്കും. പ്രാർഥന പോലെ, ഉറങ്ങുന്നതിനു മുൻപ് ജോയ് മറന്നുപോകാത്തൊരു ശീലമുണ്ട്– പിറ്റേ ദിവസം ജന്മദിനം ആഘോഷിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ആശംസാ സന്ദേശമയയ്ക്കൽ.

കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക വന്നപ്പോഴും ജോയ് പലർക്കും സർപ്രൈസ് സമ്മാനിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയുടെ അധ്യക്ഷ സ്ഥാനത്ത് ഇനി ഈ 36 കാരന്റെ ഊഴമാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ്. മലപ്പുറം ജില്ലയുടെ അതിർത്തി പഞ്ചായത്തുകളിലൊന്നായ പോത്തുകല്ലിൽനിന്നു വരുന്ന ജോയിയാണ് ഇനി ജില്ലയുടെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരത്ത്. എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് ലീഡർ പദവിയിൽനിന്നു മലപ്പുറം ജില്ലയുടെ കോൺഗ്രസ് അധ്യക്ഷന്റെ കസേരയിലേക്കുള്ള ജോയിയുടെ യാത്രയിൽ നിറയെ ഇത്തരം സർപ്രൈസുകളുണ്ട്.

പത്താം ക്ലാസിലെ ലീഡർ

തലമുറകൾക്കു മുൻപ് കോട്ടയത്തുനിന്നു കുടിയേറിയവരാണു ജോയിയുടെ കുടുംബം. കോൺഗ്രസ് അനുഭാവികളാണെങ്കിലും കുടുംബത്തിലാരും സജീവ പ്രവർത്തകരല്ല. വി.എ. സേവ്യർ- എൽസി ദമ്പതികളുടെ മകനെ കോൺഗ്രസിലേക്ക് ആകർഷിച്ചതു വായനയാണ്. എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. പ്രസംഗത്തിൽ മിടുക്കനായിരുന്ന പയ്യൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ലീഡറായി. ജീവിതത്തിലെ ആദ്യത്തെ നേതൃപദവി. സുകുമാർ അഴീക്കോടിനെ ഇഷ്ടപ്പെടുന്ന ജോയ് കോൺഗ്രസ് വേദികളിലെ മുഖ്യ പ്രസംഗകരിലൊരാളുമാണ്. പ്രാസമൊപ്പിച്ചുള്ള പ്രസംഗമാണ് ഇഷ്ടം. ഇതിനായി വായനയ്ക്കിടയിൽ വാക്കുകൾ കുറിച്ചുവയ്ക്കുന്ന ശീലമുണ്ട്.

‘ലോഞ്ചിങ് പാഡായി’ രാഹുൽ പ്ലാൻ

കോഴിക്കോട് ലോ കോളജിലെ പഠനകാലമാണു ജോയിയെന്ന കോൺഗ്രസുകാരനെ വാർത്തെടുത്തത്. കെഎസ്‌യുവിന്റെ യൂണിറ്റ് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി അങ്ങനെ അതിവേഗം പടികൾ കയറി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസ് ലോ കോളജിൽ സീനിയറായിരുന്നു. ലോ കോളജിലും നാട്ടിലുമായി പാർട്ടിയിൽ സജീവമായ ജോയിയുടെ ടേണിങ് പോയിന്റ് 2009 ലെ കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പായിരുന്നു. രാഹുൽ ഗാന്ധിയുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോയ് സംസ്ഥാന ജനറൽ സെക്രട്ടറിയായി.

vs-joy-priyanka-gandhi
വി.എസ്. ജോയ്, പ്രിയങ്കാ ഗാന്ധി.

എ ഗ്രൂപ്പ് പ്രതിനിധിയായി ഷാഫി പറമ്പിലും ഐ ഗ്രൂപ്പിന്റെ റിജിൽ മാക്കുറ്റിയും തമ്മിലായിരുന്നു മത്സരം. ഗ്രൂപ്പില്ലാ സ്വതന്ത്രനായി ജോയിയും മത്സരത്തിനിറങ്ങി. ഷാഫി പ്രസിഡന്റായി. റിജിൽ വൈസ് പ്രസിഡന്റ്. കിട്ടിയ വോട്ടിന്റെ ബലത്തിൽ ജോയ് ഒന്നാം ജനറൽ സെക്രട്ടറി. പിന്നീട് കെഎസ്‌യു പ്രസിഡന്റ് സ്ഥാനത്തേക്കു വഴി തുറന്നതു സ്വതന്ത്രനായി കാഴ്ച വച്ച മികച്ച പ്രകടനമായിരുന്നു.

വിഎസിനെതിരെ അങ്കം

ജോയിയുടെ പഞ്ചായത്തായ പോത്തുകല്ല് കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ്. മലപ്പുറം ജില്ലയുടെ പൊതു ചിത്രത്തിൽനിന്നു ഭിന്നമായി, യുഡിഎഫിലെ പ്രബല കക്ഷി കോൺഗ്രസാണ്. മലപ്പുറം ജില്ലയിലെ കോൺഗ്രസ് ആദ്യം മുതൽ എ ഗ്രൂപ്പിന്റെ തട്ടകമാണ്. ആര്യാടൻ മുഹമ്മദിനെയും വി.വി.പ്രകാശിനെയും റോൾ മോഡലായി കണ്ടിരുന്ന ജോയ് സ്വാഭാവികമായും എ ഗ്രൂപ്പിന്റെ ഭാഗമായി.

vs-joy
വി.എസ്.ജോ‌യ്.

എ ഗ്രൂപ്പ് നോമിനിയായാണു 2012 ൽ കെ‌എസ്‌യു പ്രസിഡന്റായത്. അഞ്ചു വർഷം നീണ്ട ജോയിയുടെ പ്രസിഡന്റ് കാലം കെഎസ്‌യുവിനു നല്ല കാലമായിരുന്നു. അന്നത്തെ സംഘടനാ മികവ് കൂടി ഡിസിസി പ്രസിഡന്റ് പദവിയിലേക്കുള്ള ചവിട്ടുപടിയായി. ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം കാലിക്കറ്റ് സർവകലാശാല തിരിച്ചുപിടിച്ചതാണു മധുരമുള്ള ഓർമ. രണ്ടു വർഷം അതു നിലനിർത്തുകയും ചെയ്തു. നാട്ടുകാരൻ കൂടിയായ ടി.പി. അഷ്റഫലിയായിരുന്നു അന്നത്തെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്. കാലിക്കറ്റ് ഉൾപ്പെടെ 5 സർവകലാശാലകളിൽ കെഎസ്‌യു അക്കാലത്ത് ഭരണം പിടിച്ചു.

ജിഷ്ണു പ്രണോയിയെന്ന വിദ്യാർഥിയുടെ മരണത്തിനു പിന്നാലെ നടന്ന ലോ അക്കാദമി സമരത്തിൽ കെഎസ്‌യു ജ്വലിച്ചപ്പോൾ മുന്നിൽനിന്നു നയിച്ചതു ജോയിയായിരുന്നു. കെഎസ്‌യുവിന്റെ മുഖമാസികയായ കലാശാല പുനഃപ്രസിദ്ധീകരണം തുടങ്ങിയതും ജോയ് പ്രസിഡന്റായ കാലത്താണ്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദനെതിരെ അങ്കം കുറിച്ചതും കെഎസ്‍യു പ്രസിഡന്റായിരിക്കെയാണ്. ലഹരിമുക്ത, അക്രമരഹിത, മതേതര ക്യാംപസെന്ന മുദ്രാവാക്യവുമായി കാസർകോട്ടുനി‌ന്നു തിരുവനന്തപുരത്തേക്കു നടത്തിയ പദയാത്രയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

vs-joy-ak-antony
വി.എസ്.ജോ‌യ്, എ.കെ. ആന്റണി.

കെഎസ്‌യു പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. എന്നാൽ, കമ്മിറ്റിയുടെ പ്രവർത്തനം പിന്നീട് മരവിപ്പിച്ചു. ഫലത്തിൽ കെഎസ്‌യുവിൽനിന്നു കെപിസിസിയിലേക്കു ഡബിൾ പ്രമോഷനായിരുന്നു. സംഘടനയ്ക്കു യുവത്വം നൽകാനുള്ള രാഹുൽ ഗാന്ധിയുടെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണു കെപിസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ ഡിസിസി പ്രസിഡന്റ് പദവിയിലും.

അതിജീവിച്ച അപകടകാലം

കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെയാണു ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. 2013 ൽ സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന കാറിൽ കുറ്റിപ്പുറത്തു വച്ച് ലോറിയിടിച്ചു ഗുരുതര പരുക്കേറ്റു. കാൽ നാലായി ഒടിഞ്ഞു തൂങ്ങി. കൈയ്ക്കും സാരമായി പരുക്കേറ്റു. ആശുപത്രിയിൽ രണ്ടാഴ്ച. പിന്നീട് 3 മാസത്തെ പൂർണ വിശ്രമം കൂടിയായപ്പോൾ സ്ട്രെച്ചറിൽ നടക്കാമെന്നായി. ജീവിതത്തിലേക്കും സംഘടനാ രംഗത്തേക്കും ജോയ് വീണ്ടും പിച്ചവച്ചു.

vs-joy
കെ.എസ്.യു പ്രകടനം നയിക്കുന്ന വി.എസ്. ജോയ്.

മനസ്സിലുണ്ട്, പോത്തുകല്ല് മോഡൽ

ചെറുപ്പത്തിന്റെ പ്രസരിപ്പുമായി ഡിസിസി അധ്യക്ഷ പദവിയിലെത്തുന്ന ജോയിയുടെ മനസ്സിലെ ആദ്യത്തെ പ്ലാൻ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലെ വിജയിച്ചൊരു മാതൃകയാണ്. നാട്ടിലെ സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ പോത്തുകല്ല് പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റിക്കു കീഴിൽ ജയ് ഹിന്ദ് ആർമിയെന്ന പേരിൽ ഒരു സന്നദ്ധ സംഘമുണ്ട്. ഈ മാതൃക ജില്ലയിലെമ്പാടും വ്യാപിപ്പിക്കാനാണു പദ്ധതി.

സർവസജ്ജരായ സന്നദ്ധ സേവകരുടെ ഒരു കൂട്ടായ്മയെങ്കിലും ഓരോ പഞ്ചായത്തിലും വാർത്തെടുക്കുകയെന്നതാണ് ലക്ഷ്യം. മുതിർന്ന നേതാക്കളുമായി ചർച്ചചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്നു ജോയ് പറയുന്നു.ആദർശത്തിനൊപ്പം കാരുണ്യ-സേവന പ്രവർത്തനങ്ങൾ കൂടി അടങ്ങുന്നതാണു പുതിയ കാലത്തിന്റെ രാഷ്ട്രീയമെന്നു ജോയ് പറയുന്നു. നോക്കിനിന്ന് അഭിപ്രായം പറയാതെ രാഷ്ട്രീയത്തിൽ ക്രിയാത്മകമായ ഇടപെടലിനു യുവതലമുറ തയാറാകണം.

vs-joy-oommen-chandi
ഉമ്മൻ ചാണ്ടി, വി.എസ്. ജോയ്.

ചെറുപ്പക്കാരെ ആകർഷിക്കാൻ പ്രത്യേക പദ്ധതികളുണ്ടാകും. സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ ശക്തിപ്പെടുത്തും- മനസ്സിലെ പദ്ധതി ജോയ് തുറന്നു പറയുന്നു. ഡിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട പൊട്ടലും ചീറ്റലുമൊക്കെ മലപ്പുറത്തുമുണ്ട്. കോൺഗ്രസ് ജനാധിപത്യ പ്രസ്ഥാനമാണെന്നും എല്ലാം പരിഹരിച്ചു മുന്നോട്ടുപോകുമെന്നുമാണു ജോയിയുടെ മറുപടി. ഡോ. ലയയാണു ഭാര്യ. മൂന്നര വയസ്സുകാരി എവിലിൻ എൽസ ജോയ് ഏക മകൾ.

സുഹൃദ്‌വലയത്തിലാകുന്നവരോടെല്ലാം ജോയ് അവരുടെ ജന്മദിനം ചോദിക്കും. അതു മൊബൈലിൽ നമ്പറിനൊപ്പം ഫീഡ് ചെയ്യും. ജന്മദിനത്തിനു മറക്കാതെ സുഹൃത്തിനെത്തേടി ജോയിയുടെ സന്ദേശമെത്തും. ബന്ധങ്ങൾ നിലനിർത്തുന്നതിലെ ഈ ‘ജോയ്ഫുൾ ടെക്നിക്കാണ്’ മുള്ളും മുരുക്കും നിറഞ്ഞ കോൺഗ്രസ് രാഷ്ട്രീയത്തിൽ വി.എസ്.ജോയിയെന്ന യുവ നേതാവിന്റെ വലിയ കരുത്ത്.

English Summary: All About VS Joy, the Youngest DCC President of Kerala now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com