അന്ന് കൊടുംദാരിദ്ര്യം; ഇടാൻ ചെരുപ്പില്ല, നല്ല വസ്ത്രമില്ല; ഇന്ന് 5000 കോടിയുടെ അധിപൻ

dr-arokiaswamy-velumani
ഡോ.ആരോഗ്യസാമി വേലുമണി
SHARE

‘ദാരിദ്ര്യം ഉണ്ടെങ്കിലും അത് ആസ്വദിക്കുന്നവരും അതേക്കുറിച്ച് സദാ സങ്കടപ്പെടുന്നവരുമുണ്ട്. ആദ്യത്തെ വിഭാഗം ദാരിദ്ര്യത്തിൽനിന്നു കരകയറും, രണ്ടാമത്തവർ എന്നും ദരിദ്രരായി തുടരും...’ ഡോ.ആരോഗ്യസാമി വേലുമണി എന്ന മുൻ ദരിദ്രനാണ് ഇതു പറഞ്ഞത്. കുടിലിൽനിന്നു കൊട്ടാരത്തിലേക്ക് എന്നൊരു ചൊല്ലുണ്ടെങ്കിൽ അത് അച്ചട്ടാണ് വേലുമണിയുടെ കാര്യത്തിൽ. 5000 കോടിയുടെ അധിപനാണിന്ന്. സ്വയംകെട്ടിപ്പടുത്ത കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് ഒടുവിൽ ഓഹരികളെല്ലാം വിറ്റൊഴിഞ്ഞ കഥ ഇന്ത്യൻ കോർപറേറ്റ് രംഗത്തെ ഇതിഹാസമാണ്..

കോയമ്പത്തൂരിലെ കുഗ്രാമത്തിൽനിന്ന്... 

കോയമ്പത്തൂരിനടുത്ത് പുതൂർ അപ്പനായിക്കംപട്ടിയിൽ കൃഷിഭൂമി സ്വന്തമായില്ലാത്ത കർഷകത്തൊഴിലാളികളുടെ മകനാണ് വേലുമണി. കോളജ് പഠന കാലത്ത് ചെരുപ്പില്ല, പാന്റ്സ് ഇല്ല. കഷ്ടപ്പെട്ടു പഠിച്ച് കെമിസ്ട്രി ബിഎസ്‌സി പാസായി. ജെമിനി ക്യാപ്സൂൾസിൽ കെമിസ്റ്റായി ചെറിയ ജോലിക്കു കയറിയെങ്കിലും 3 കൊല്ലംകൊണ്ട് കമ്പനി പൂട്ടി.

മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച് സെന്റർ (ബാർക്) സയന്റിഫിക് അസിസ്റ്റന്റിന്റെ തസ്തികയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടത് കോയമ്പത്തൂർ സെൻട്രൽ ലൈബ്രറിയിൽ വച്ചാണ്. അപേക്ഷിച്ചു, മുംബൈയിൽ പോയി ഇന്റർവ്യൂവിൽ പങ്കെടുത്തു, കിട്ടി. 1981. സർക്കാർ ജോലി സ്വപ്നം പോലെ.

ജോലിക്കാരും ചിന്തകരും

ഇവിടെ വേലുമണിയുടെ മറ്റൊരു സൂക്തമുണ്ട്. ജോലിക്കാർ രണ്ടു തരമുണ്ട്–ജോലി മാത്രം ചെയ്യുന്നവരും ജോലിക്കൊപ്പം ചിന്തിക്കുന്നവരും. വേലുമണി രണ്ടാം വിഭാഗത്തിലായിരുന്നു. ജോലിക്കിടെ എംഎസ്‌സി പാസായി. ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് എടുത്തു. ഡോ.വേലുമണിക്ക് അതോടെ സംരംഭക സ്വപ്നങ്ങൾ മുളച്ചു. ആണവകേന്ദ്രങ്ങളിലെല്ലാം റേഡിയഷൻ മൂലം അസുഖങ്ങൾ വരുന്നുണ്ടോ എന്നറിയാൻ ജീവനക്കാർക്കു കർശന പരിശോധനയുണ്ട്. തൈറോയ്ഡ് വരാമെന്നതിനാൽ അതിനും പരിശോധന നടത്തും. അതിൽ വേലുമണി അദ്വിതീയനായി. 1995ൽ ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ചേർന്ന് 14 വർഷമായപ്പോൾ 37–ാം വയസിൽ വേലുമണി ജോലി വിട്ടു. ഭാര്യ എസ്ബിഐയിൽ ഉദ്യോഗസ്ഥയാണ്. അതിനാൽ ബിസിനസിൽ നിക്ഷേപിച്ച് കുത്തുപാളയെടുത്താലും പട്ടിണി കിടക്കേണ്ടി വരില്ല. പിഎഫിൽനിന്നെടുത്ത ഒരു ലക്ഷം രൂപയായിരുന്നു മൂലധനം. 

തൈറോകെയറിന്റെ തുടക്കം

മുംബൈ ബൈക്കുളയിൽ ടാറ്റാ മെമോറിയൽ ആശുപത്രിക്കടുത്ത് തൈറോയ്ഡ് പരിശോധനാ ലാബ് തുടങ്ങി വേലുമണി. മറ്റു ലാബുകൾ ഈടാക്കുന്ന തുകയുടെ നാലിലൊന്ന് മാത്രമേ വേലുമണി ചാർജ് ചെയ്യൂ. ചെലവുകൾ നിയന്ത്രിച്ചാൽ ഇതു സാധ്യമാണെന്നാണു വേലുമണിയുടെ പക്ഷം. 100 രൂപയ്ക്ക് തൈറോയ്ഡ് പരിശോധന നടത്തി. പക്ഷേ ദിവസം 25 സാംപിൾ എങ്കിലും കിട്ടണം. വളരെ വേഗം ലാബ് വളർന്നു.

arokiaswamy-wife
ഭാര്യ സുമതിക്കൊപ്പം ഡോ.ആരോഗ്യസാമി വേലുമണി (ചിത്രം: ട്വിറ്റർ)

ഫ്രാഞ്ചൈസി സമ്പ്രദായം നടപ്പാക്കി. സാംപിളുകൾ മറ്റു ലാബുകളിൽ ശേഖരിച്ച് വേലുമണിയുടെ ലാബിൽ എത്തിച്ചാൽ രാത്രി പരിശോധന നടത്തി പിറ്റേന്നു നേരം വെളുക്കുമ്പോൾ ഫലം നൽകും. ക്രമേണ ലിപിഡ് പ്രൊഫൈലും മറ്റനേകം പരിശോധനകളും വന്നു. വേലുമണി സ്വന്തം കമ്പനി വിടുമ്പോൾ 3300 സാംപിൾ കലക്‌ഷൻ കേന്ദ്രങ്ങളുണ്ട്. സാംപിളുകൾ കൊണ്ടു വന്നു പരിശോധിക്കാൻ 17 പ്രോസസിങ് കേന്ദ്രങ്ങൾ. ഇന്ത്യയ്ക്കു പുറമേ നേപ്പാളിലും ബംഗ്ലദേശിലും ഗൾഫിലും. കോവിഡ് കാലത്ത് ദിവസം 35,000 സാംപിളുകൾ വരെ പരിശോധിച്ചു ഫലം നൽകി. കഴിഞ്ഞ വർഷ തൈറോകെയറിന് 474 കോടി വരവ്, 119 കോടി ലാഭം! 

ഓഹരി വിപണിയിലേക്ക്...

ഇതിനകം വേലുമണി വലിയൊരു പ്രഭാഷകനും മാനേജ്മെന്റ് വിദഗ്ധനുമായി അറിയപ്പെടാൻ തുടങ്ങിയിരുന്നു. ഗംഭീര പ്രസംഗങ്ങൾ കേൾവിക്കാരായ സംരംഭകരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. കണ്ണട വച്ച, കറുത്തു കുറുകിയ ഈ തമിഴൻ ജഗജില്ലിയാണെന്നു പ്രസംഗം കേട്ടാലറിയാം. ഡൽഹിയിലെ സിഎക്സ് പാർട്ട്ണേഴ്സിന് തന്റെ കമ്പനിയുടെ 30% ഓഹരി നൽകി അദ്ദേഹം 2011ൽ 188 കോടി രൂപ നേടി. അക്കാലത്ത് തൈറോകെയറിന് 600 കോടി വാല്യുവേഷൻ കിട്ടിയിരുന്നു. അതോടെ മറ്റനേകം വെഞ്ച്വർ ക്യാപിറ്റൽ കമ്പനികൾ നിക്ഷേപ വാഗ്ദാനവുമായി വേലുമണിയുടെ ചുറ്റും കൂടി.

arokiaswamy-twitter
ഡോ.ആരോഗ്യസാമി വേലുമണി (ചിത്രം: ട്വിറ്റർ).

നിക്ഷേപമായി കിട്ടിയ തുക ഉപയോഗിച്ച് പ്രവർത്തനം വിപുലമാക്കി. കമ്പനിയുടെ മൂല്യം വർധിച്ചു. 4 കൊല്ലം കഴിഞ്ഞ് ഓഹരി വിറ്റ് സിഎക്സ് പാർട്ണേഴ്സ് സ്ഥലം വിട്ടപ്പോൾ അവർക്ക് നാലിരട്ടി ലാഭം കിട്ടി. മണ്ണും ചാരിയിരുന്ന് പെണ്ണുംകൊണ്ട് പോയതു പോലെ. കൈനനയാതെ മറ്റൊരു കമ്പനി മീൻ പിടിച്ചെങ്കിൽ കൈ നനഞ്ഞു പണിയെടുക്കുന്ന തനിക്ക് എന്തുകൊണ്ട് അതായിക്കൂടാ എന്ന ചിന്ത വന്നത് അങ്ങനെയാണ്. തൈറോകെയർ 2016ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. വൻ ഡിമാൻഡായിരുന്നു ഐപിഒയിൽ. തൈറോ കെയറിന്റെ ഓഹരി മൂല്യം 7000 കോടിയിലെത്തി. വേലുമണിയുടെ കയ്യിലുള്ള ഓഹരികളുടെ മൂല്യം 4500 കോടി കവി‍ഞ്ഞു.

വരുന്നു ‘യുവവരൻ’

ഇങ്ങനെയൊരാൾ സ്വന്തമായി ബിസിനസ് കെട്ടിപ്പടുത്താൽ അടുത്ത തലമുറയിലേക്കു പകരും. പക്ഷേ വേലുമണി ആളു വേറെ ലെവൽ. മക്കളെ ബിസിനസിലേക്കു കൊണ്ടു വന്നെങ്കിലും ഫാർമ രംഗത്തെ ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനി ഫാംഈസി വൻ ഓഫറുമായി വന്നപ്പോൾ കൂടുതൽ ആലോചിച്ചില്ല. പെണ്ണുകാണാൻ 25 പേർ വന്നിട്ട് 26–ാമത് വന്നയാളെ ഉറപ്പിച്ചതുപോലെയായിരുന്നു ഫാംഈസി എന്ന് വേലുമണിതന്നെ തമാശ പറഞ്ഞു. ധവാൽ ഷാ, ധർമിൽ ഷേത്ത് എന്നീ രണ്ടു ചെറുപ്പക്കാർ ചേർന്നു തുടങ്ങിയതാണ് ഫാംഈസി എന്ന ഇ–ഫാർമസി. ആശുപത്രികളെയും ഡോക്ടർമാരെയും ബന്ധപ്പെടുത്തുന്ന പോർട്ടൽ. അവരുടെ വാല്യുവേഷൻ 10,000 കോടിയിലേറെ. ഈ രംഗത്തെ ആദ്യ ഇന്ത്യൻ യൂണികോൺ കമ്പനി. 

തന്റെ ഓഹരികൾ വിറ്റപ്പോൾ വേലുമണിക്ക് കിട്ടിയത് 4554 കോടി രൂപ. അതിൽ 1500 കോടി ഫാംഈസിയുടെ ഹോൾഡിങ് കമ്പനിയായ എപിഐ ഹോൾഡിങ്സിൽ വേലുമണി മുടക്കും. അവരുടെ 4.9% ഓഹരി സ്വന്തമാക്കും. എപിഐ ഹോൾഡിങ്സ് ഓഹരി വിപണിയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അന്ന് ഈ ഓഹരിയുടെ മൂല്യം പലമടങ്ങ് ആയേക്കും. അതായത് വേലുമണി ഇനിയും കൂടുതൽ കാശുണ്ടാക്കാനിരിക്കുന്നു. എംഡൻ! അല്ലേ! ‘ബാർക്കിൽ എന്റെ കൂടെ ജോലിക്കു കയറിയവർക്ക് പെൻഷൻ ആനുകൂല്യവും ശമ്പളവുമെല്ലാം ചേ‍ർത്ത് 5 കോടി കിട്ടുമായിരിക്കാം. തൈറോ കെയർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായ എനിക്ക് 5000 കോടി കിട്ടി!’ അതാണ് ആരോഗ്യസാമി വേലുമണി!

ഈ കഥ തീർന്നിട്ടില്ല. ആദ്യ ഭാഗം കഴിഞ്ഞിട്ടേയുള്ളു. ഇനിയും പലഭാഗങ്ങൾ വരാനിരിക്കുന്നുണ്ട്.

English Summary: Who is Arokiaswamy Velumani, the Billionaire Masterbrain Behind Thyrocare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA