പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വര്‍ഷം ലാഭം 4,000 കോടി: തിടുക്കപ്പെടാതെ സര്‍ക്കാര്‍

Kerala-Secretariat-1248
SHARE

തിരുവനന്തപുരം∙ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ സിപിഎമ്മും ഇടതുമുന്നണിയും ചര്‍ച്ച ചെയ്യും. തിടുക്കത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വര്‍ഷം 4,000 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാനാകും.  

പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നത് പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആക്കണമെന്ന ശുപാര്‍ശയാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകള്‍ എതിര്‍പ്പ് വ്യക്തമാക്കി കഴിഞ്ഞു. ശുപാര്‍ശ നടപ്പിലാക്കുമോ എന്ന ചോദ്യത്തോട് ഇന്നലെ ധനമന്ത്രി കെ.എന്‍. ബാലഗോപാലോ സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനോ നിലപാട് വ്യക്തമാക്കിയില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് പറയാന്‍ ഇരുവരും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. 

കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് പല തവണ വ്യക്തമാക്കിയിരുന്നു. ഇത്തവണ വിഷയം ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണ് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ഉണ്ടാകാത്തത് എന്നാണ്  നേതാക്കള്‍ പറയുന്നത്. സിപിഎമ്മും ഇടതുമുന്നണിയും ചര്‍ച്ച ചെയ്ത ശേഷം ശുപാര്‍ശയില്‍ രാഷ്ട്രീയ തീരുമാനമെടുക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പെന്‍ഷന്‍ പ്രായമുയത്തുന്നതിന്റെ സാമ്പത്തിക വശമാണ് സര്‍ക്കാരിനെ അകര്‍ഷിക്കുന്ന ഘടകം. പ്രതിവര്‍ഷം ഇരുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നു എന്നാണ് കണക്ക്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ആ വര്‍ഷം സര്‍ക്കാരിന് 4,000 കോടി രുപ ലാഭിക്കാമെന്ന് ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. പെന്‍ഷന്‍ പ്രായം സംബന്ധിച്ച് പ്രതിപക്ഷവും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു പെന്‍ഷന്‍ പ്രായം 56 ആക്കിയത്. തിങ്കളാഴ്ച യുഡിഎഫ് വിഷയം ചര്‍ച്ച ചെയ്തതിന്  ശേഷമേ പ്രതിപക്ഷ നിലപാട് വ്യക്തമാകൂ.

English Summary: CPM, LDF to discuss Kerala pay revision commission recommendations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA