ADVERTISEMENT

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന. താലിബാനിൽ ഉൾപ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് താരതമ്യേന സുപരിചിതനല്ലാത്ത രണ്ടാംനിര നേതാവ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമെന്ന വാർത്ത പുറത്തുവരുന്നത്. താലിബാന്‍റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ശൂരയുടെ അധ്യക്ഷനാണ് ഹസന്‍ അഖുന്‍ദ്. പഴയ തലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. യുഎന്നിന്റെ ഭീകരരുടെ പട്ടികയിലും അഖുൻദയുടെ പേരുണ്ട്. താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻഡസാദായാണ് ഹസൻ അഖുൻദിന്റെ പേര് നിർദേശിച്ചത്.

മുല്ല അബ്ദുൽ ഗനി ബറാദറുടെ നേതൃത്വത്തിലുള്ള താലിബാൻ ദോഹ യൂണിറ്റ്, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഹഖാനി നെറ്റ്‌വർക്ക്, കാണ്ഡഹാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു താലിബാൻ യൂണിറ്റ് എന്നിവർ തമ്മിലുള്ള അധികാര വടംവലിയാണ് സർക്കാർ രൂപീകരണം വൈകിക്കുന്നതെന്നാണ് റിപ്പോർട്ട്. താലിബാൻ സംഘം കാബൂൾ പിടിച്ചെടുത്തിട്ട് മൂന്നാഴ്ച പിന്നിട്ടു. യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാൻ വിട്ടിട്ട് ഒരാഴ്ചയും കഴിഞ്ഞു. എന്നിട്ടും ഭരണത്തലവനെ നിശ്ചയിക്കാൻ സാധിക്കാത്ത പ്രതിസന്ധിയിലായിരുന്നു താലിബാൻ. ഇതോടെയാണ് പുതിയ ഫോർമുല ഉരുത്തിരിഞ്ഞത്.

ഇതുപ്രകാരം, ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകുകയും മുല്ല ബറാദർ, മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബ് എന്നിവർ ഉപപ്രധാനമന്ത്രിമാരാകുകയും ചെയ്യും. ഹഖാനി നെറ്റ്‌വർക്ക് തലവൻ സിറാജ് ഹഖാനിക്ക് സുപ്രധാനമായ ആഭ്യന്തര മന്ത്രാലയം നൽകും. ഹിബാത്തുല്ല അഖുൻഡസാദയായിരിക്കും പരോമന്നത നേതാവ്. കഴിഞ്ഞയാഴ്ച, പാക്കിസ്ഥാൻ ചാരസംഘടനായ ഐഎസ്ഐയുടെ മേധാവി ഫായിസ് ഹമീദിന്റെ സാന്നിധ്യത്തിൽ കാബൂളിൽ നടന്ന ചർച്ചയിലാണ് സമവായമുണ്ടെന്നാണ് റിപ്പോർട്ട്. ഫായിസ് ഹമീദ് ഇസ്‌ലാമാബാദിൽ തിരിച്ചെത്തി.

കാബൂൾ പിടിച്ചെടുത്തശേഷം താലിബാൻ നേതൃത്വം ചർച്ച നടത്തിയിരുന്നെങ്കിലും മുൻ പ്രസിഡന്റ് ഹമീദ് കർസായി, മുൻ വിദേശകാര്യമന്ത്രി അബ്ദുല്ല അബ്ദുല്ല എന്നിവർക്ക് പുതിയ സർക്കാരിൽ സ്ഥാനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പായി. പുതിയ ഫോർമുല പുറത്തുവന്നതോടെ, സുസ്ഥിര സർക്കാരുണ്ടാകുമെന്ന് താലിബാന്റെ വാഗ്ദാനം എത്രത്തോളം നടപ്പാകുമെന്ന ആശങ്ക വിവിധയാളുകൾ പങ്കുവച്ചു. ‌

English Summary: With Pak Help, "Lightweight Leader" May Be Picked As Afghan PM: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com