വിറകടുപ്പിലേക്കു മടങ്ങേണ്ടി വരുമോ നാം?; ഗാർഹിക സിലിണ്ടർ വില ആയിരത്തിലേക്ക്!

lpg-india
പാചകവാതക വിലവർധനയ്ക്കെതിരെ കൊൽക്കത്തയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽനിന്ന്. ചിത്രം: Dibyangshu SARKAR / AFP
SHARE

കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറാൻ പാടുപെടുന്ന ജനങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് പാചകവാതക വിലവർധന. ആയിരം രൂപയിലേക്ക് കുതിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില, വരുമാനം പോലും വഴിമുട്ടി നിൽക്കുന്ന ജനത്തിന് മറ്റൊരു ആഘാതമാകുകയാണ്. ജൂലൈയിൽ സെഞ്ചുറി തികച്ചശേഷം ഇതുവരെയും നൂറിൽനിന്നു താഴേക്കു പോരാൻ കൂട്ടാക്കാതെ പെട്രോൾ വില നിൽക്കുമ്പോഴാണ് ഗാർഹിക സിലിണ്ടർ വില ആയിരത്തിലേക്കു പായുന്നത്.

കഴിഞ്ഞ 62 ദിവസം കൊണ്ട് 75 രൂപയാണ് ഗാർഹിക സിലിണ്ടറിനു കൂടിയത്. ഈ വർഷം ഇതുവരെ 190 രൂപയുടെ വർധന. കഴിഞ്ഞ വർഷം ജൂലൈയിൽ ഏകദേശം 590നു മുകളിൽ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരു സിലിണ്ടറിന് കൊച്ചിയിൽ വില 891.50 രൂപ. തിരുവനന്തപുരം നഗരത്തിൽ 894 രൂപയും കോഴിക്കോട് നഗരത്തിൽ 893 രൂപയും. ഈ വിലവർധന സാധാരണക്കാരന്റെ വീട്ടുബജറ്റിനെയാണ് താളം തെറ്റിക്കുന്നത്. 

വിറകടുപ്പുകളില്ലാത്ത, ഗ്യാസ് സിലിണ്ടറിനെ മാത്രം ആശ്രയിക്കുന്ന വീടുകളിൽ ഒരു മാസം ഒരു സിലിണ്ടർ ഓടിയാൽ ഭാഗ്യം എന്ന അവസ്ഥയാണ്. വീട്ടിൽ ഏകദേശം 25 ദിവസം ഒരു ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു വർഷം വേണ്ടത് ഏകദേശം 14 സിലിണ്ടറാണ്. വില ഓരോ മാസവും കൂടിക്കൊണ്ടിരിക്കുമ്പോൾ അടുക്കളയ്ക്കൊപ്പം ജനമനസ്സും പുകയുകയാണ്.

29 കോടി ഉപഭോക്താക്കൾ

ഇന്ത്യയിൽ ഏകദേശം 29 കോടി ഗാർഹിക സിലിണ്ടർ ഉപഭോക്താക്കളുണ്ടെന്നാണു കണക്ക്. കഴിഞ്ഞ 5 വർഷം കൊണ്ട് ഇരട്ടി വർധനയാണ് എൽപിജി ഉപഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് ഉണ്ടായിട്ടുള്ളത്. 2015ൽ 14 കോടി ഉപഭോക്താക്കളായിരുന്നെങ്കിൽ 2021ൽ അത് ഇരട്ടിയായി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വനിതകൾക്ക് സൗജന്യ പാചകവാതക കണക്‌ഷൻ നൽകുന്ന പ്രധാനമന്ത്രിയുടെ ഉജ്വല പദ്ധതിയോടെ എൽപിജി ഉപയോഗത്തിന് ഗ്രാമപ്രദേശങ്ങളിലും വലിയ ഉണർവാണുണ്ടായത്. എന്നാൽ അടിക്കടിയുള്ള പാചകവാതക വില ജനത്തെ ആശങ്കയിലാക്കുന്നു.

എന്താണ് എൽപിജി? 

ദ്രവീകൃത പെട്രോളിയം വാതകം എന്ന എൽപിജി ഒരു ഫോസിൽ ഇന്ധനമാണ്. ക്രൂഡ് ഓയിൽ അഥവാ പെട്രോളിയത്തിൽനിന്നാണ് പ്രധാനമായും വേർതിരിച്ചെടുക്കുന്നത്. പ്രകൃതിവാതകത്തിൽനിന്നും ഈ ഇന്ധനം ലഭിക്കാറുണ്ട്. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും തെളിമയുള്ളതുമായ എൽപിജിയുടെ പ്രധാന ഘടകങ്ങൾ പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ വാതകങ്ങളാണ്. ആയിരത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ധനമാണ് ഇത്. 

വെള്ളം പോലെ നിറമില്ലാത്ത ദ്രാവകമാണ് എൽപിജി. സാധാരണ ഊഷ്മാവിൽ വാതകമാണെങ്കിലും തണുപ്പിച്ചാൽ ഇത് ദ്രാവകാവസ്ഥയിലേക്ക് മാറും. ഉയർന്ന മർദം പ്രയോഗിച്ച് ദ്രാവകമാക്കി മാറ്റിയാണ് സിലിണ്ടറുകളിൽ ഇന്ധനം നിറയ്ക്കുന്നത്. അതുകൊണ്ടുതന്നെ കൈകാര്യം ചെയ്യാനും വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനും എളുപ്പമാണ്. ദ്രാവകാവസ്ഥയിലുള്ള ഒരു ലീറ്റർ എൽപിജിയെ 270 ലീറ്റർ വാതകമാക്കി മാറ്റാം. പാചകവാതകമായിട്ടാണ് എൽപിജി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾ, ഗതാഗതം, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിലും എൽപിജി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ക്രൂഡ് ഓയിൽ വില താഴണം

ക്രൂഡ് ഓയിൽ വിലതന്നെയാണ് പാചകവാതക വില നിർണയിക്കുന്ന പ്രധാന ഘടകം. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ബാരലിന് 20 ഡോളർ വരെ താഴ്ന്ന ക്രൂഡ് വില ഇന്ന് 74 ഡോളറിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 66 ഡോളറിലേക്ക് താഴ്ന്നുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ ക്രൂഡ് ഓയിൽ വില 70നു മുകളിലെത്തി. കഴിഞ്ഞ മൂന്നു മാസങ്ങളായി ക്രൂഡ് ഓയിൽ വില 65–74 ഡോളറിന് ഇടയിലാണ്. ജൂലൈയിലെ ശരാശരി വില 74 ഡോളർ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നതിനു പുറമേ, പാശ്ചാത്യ രാജ്യങ്ങളിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ എൽപിജി ഉപഭോഗം കൂടുമെന്നതിനാൽ വരും മാസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത.

എഫ്ഒബി തീരുമാനിക്കും

ഇറക്കുമതി തുല്യത വില (ഐപിപി) അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ പാചകവാതക വില നിശ്ചയിക്കുന്നത്. രാജ്യാന്തര പാചകവാതക വില, കപ്പൽ ചാർജ്, ഇൻഷൂറൻസ്, കസ്റ്റംസ് തീരുവ, തുറമുഖ നികുതി, ഡോളറിന്റെ വിനിമയ നിരക്ക് എന്നിവയെല്ലാം ചേരുന്ന ഫ്രീ ഓൺ ബോർഡ് നിരക്കാണ് (എഫ്ഒബി) ഇതിൽ പ്രധാനം. ജനുവരിയിൽ 538 ഡോളർ/മെട്രിക് ടൺ ആയിരുന്ന എഫ്ഒബി ജൂലൈയിൽ 620 ഡോളർ/മെട്രിക് ടൺ എന്ന ഉയർന്ന നിരക്കിലാണ്.

ഈ വർഷത്തെ കണക്കുകൾ നോക്കിയാൽ എഫ്ഒബി നിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തിയതും ജൂലൈ മാസത്തിലാണ്. മേയിൽ 483 ഡോളർ/മെട്രിക് ടൺ ആയി താഴ്ന്ന ശേഷം ഘട്ടംഘട്ടമായി ഉയരുകയായിരുന്നു. 2019–20 കാലഘട്ടത്തിൽ എഫ്ഒബി 453 ആയിരുന്നപ്പോൾ രാജ്യത്ത് ഇന്ധനവില 680–750 രൂപയ്ക്കിടയിലായിരുന്നു. എഫ്ഒബി ഏറ്റവും ഉയർന്നത് 2011–14 കാലഘട്ടത്തിലാണ്; 880–899 ആയിരുന്നു ആ സമയത്തെ എഫ്ഒബി. പാചകവാതക വില രാജ്യത്ത് ഏറ്റവും ഉയർന്നതും ഈ സമയത്താണ്. ഒരു കിലോഗ്രാമിന് 45.88 രൂപ

എഫ്ഒബി 620 ഡോളർ/മെട്രിക് ടൺ എന്നു പറയുമ്പോൾ ഒരു കിലോഗ്രാം പാചകവാതകത്തിന് 45.88 രൂപ. അപ്പോൾ 14.2 കിലോഗ്രാമുള്ള സിലിണ്ടറിന്റെ വില 651.49 രൂപ. ഇന്ത്യയിൽ എത്തുമ്പോഴുള്ള അടിസ്ഥാന വിലയാണിത്. ഇതിനു പുറമേ ഇന്ധന കമ്പനികൾ ഈടാക്കുന്ന തുക, ബോട്ടിലിങ് ചാർജ്, ഡീലർ കമ്മിഷൻ, ജിഎസ്ടി തുടങ്ങിയ നിരക്കുകൾ കൂടി ചേർത്താണ് വിപണിവില നിശ്ചയിക്കുന്നത്. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 5% ജിഎസ്ടിയാണുള്ളത്. ഇത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായാണ് (2.5%) ഈടാക്കുന്നത്. 2019 മുതലുള്ള ഡീലർ കമ്മിഷൻ 61.84 രൂപയാണ്.

കൊച്ചിയിലെ പാചക വാതക സിലിണ്ടറിന്റെ അടിസ്ഥാനവില: 849.04

ജിഎസ്ടി: 42.46

ഉപഭോക്താവ് ആകെ നൽകേണ്ടത്: 891.50 രൂപ

സബ്സിഡി എവിടെ?

ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) വിലയുടെ കാര്യത്തിൽ ജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി സബ്സിഡി അനുവദിക്കാത്തതാണ്. സബ്സിഡിയുണ്ടായിരുന്നെങ്കിൽ ഏകദേശം 600–750 രൂപയ്ക്കടുത്താകുമായിരുന്നു ഇപ്പോഴത്തെ സിലിണ്ടർ വില. എന്നാൽ 2020 ജൂലൈ മുതൽ സർക്കാർ സബ്സിഡി നൽകുന്നില്ല. 2013–14 വർഷം ക്രൂഡ് ഓയിൽ വില 110 ഡോളർ വരെ ഉയർന്ന സമയത്താണ് ഇന്ത്യയിൽ പാചകവാതക വില 1000 കടന്നത്. എന്നാൽ സർക്കാർ സബ്സിഡിയുണ്ടായിരുന്നതിനാൽ അന്ന് യഥാർഥ വിലയുടെ പകുതി പോലും ഉപഭോക്താക്കൾക്ക് നൽകേണ്ടി വന്നില്ല. 

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ സിലിണ്ടറിന് ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയിട്ടുള്ളത് 2014 ജനുവരി ഒന്നിനാണ്. അന്ന് ഡൽഹിയിൽ 1241 രൂപയായിരുന്നു ഗാർഹിക സിലിണ്ടർ വില. സബ്സിഡി ഉണ്ടായിരുന്നതിനാൽ ഉപഭോക്താവിന് ചെലവാക്കേണ്ടിയിരുന്നത് 414 രൂപ. 2012 നവംബറിൽ 922 രൂപയുണ്ടായിരുന്ന സമയത്ത് സബ്സിഡി വില 410 രൂപയും 2016 ഡിസംബറിൽ 584 രൂപയുണ്ടായിരുന്നപ്പോൾ സബ്സിഡി 432 രൂപയുമായിരുന്നു. 2018ൽ 308 രൂപയും 2019 ഡിസംബറിൽ 200 രൂപ വരെ സബ്സിഡിത്തുകയായി സർക്കാർ നൽകിയിരുന്നു. 

2020 ഫെബ്രുവരിയിൽ സിലിണ്ടറിന് 858 രൂപയുണ്ടായിരുന്നപ്പോൾ 290 രൂപയ്ക്കടുത്തായിരുന്നു സബസിഡിത്തുക. എന്നാൽ 2020 ജൂലൈയിൽ പാചകവാതക വില ഘട്ടംഘട്ടമായി കുറഞ്ഞ് സബ്സിഡി നിരക്കായ 594 രൂപയിൽ എത്തിയതോടെയാണ് സബ്സിഡി കേന്ദ്രസർക്കാർ ഒഴിവാക്കിയത്. ഇപ്പോൾ വില 900ത്തിന് അടുത്ത് എത്തുമ്പോഴും സബ്സിഡിയെ കുറിച്ച് സർക്കാർ മിണ്ടുന്നില്ല. സബ്സിഡി രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന ഒന്നാണെങ്കിലും ജനങ്ങളിൽ അമിതവിലയുടെ ഭാരം ഒഴിവാക്കാൻ മുൻ സർക്കാരുകൾ സബ്സിഡി നൽകുന്നത് തുടരുകയായിരുന്നു. 

സബ്സിഡി പൂർണമായും നിർത്തലാക്കിയോ പുനഃസ്ഥാപിക്കുമോ എന്നീ ചോദ്യങ്ങൾക്ക് പാർലമെന്റിൽ പോലും വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരമുള്ള 8 കോടിയാളുകൾക്കാണ് നിലവിൽ സബ്സിഡി ലഭിക്കുന്നത്. 2015ൽ ആണ് 10 ലക്ഷത്തിനുമേൽ വരുമാനമുള്ള 1.5 കോടിയാളുകളുടെ ഗാർഹിക സിലിണ്ടർ സബ്സിഡി സർക്കാർ നിർത്തലാക്കിയത്. സ്വമേധയാ സബ്സിഡി ഒഴിവാക്കാനുള്ള ആഹ്വാന പ്രകാരം (ഗിവ് ഇറ്റ് അപ്) 2016ൽ 1.5 കോടി ആളുകൾ സബ്സിഡി ഒഴിവാക്കി. 2019- 20 സാമ്പത്തിക വർഷം ബജറ്റിൽ സർക്കാർ നീക്കിവച്ച പാചകവാതക സബ്സിഡി തുക 22,635 കോടി ആയിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് വെറും 3559 കോടി രൂപയാണ്. സബ്സിഡി പുനഃരാരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കണക്കുകൾ.

കച്ചവടക്കാരും ദുരിതത്തിൽ

ഗാർഹിക സിലിണ്ടർ മാത്രമല്ല, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും (19 കിലോഗ്രാം) കഴിഞ്ഞ 9 മാസത്തിനിടെ 164 രൂപ കൂടിയിട്ടുണ്ട്. നിലവിൽ 1692.50 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ. ഹോട്ടലുകളെയും ചെറുകിട കച്ചവടക്കാരെയുമാണ് ഇതു പ്രതികൂലമായി ബാധിക്കുന്നത്. അടിക്കടിയുള്ള ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ കാരണം നഷ്ടത്തിലോടുന്ന കച്ചവടക്കാർക്ക് ഇപ്പോഴുള്ള സിലിണ്ടർ വില താങ്ങാവുന്നതിനും അപ്പുറമാണ്. കച്ചവടം പൊതുവെ കുറവായതിനാൽ സാധനങ്ങൾക്ക് വില കൂട്ടാനും ഇവർക്കാകില്ല.

പാക്കിസ്ഥാനിൽ കൂടുതൽ; ബംഗ്ലദേശിൽ കുറവ്

പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ റിപ്പോർട്ട് പ്രകാരം അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇന്ത്യയേക്കാൾ പാചകവാതക സിലിണ്ടറിന് കൂടിയ തുകയുള്ളത് പാക്കിസ്ഥാനിലാണ് (947.88,) ഏറ്റവും കുറവ് തുക ബംഗ്ലദേശിലും: 593.90.

English Summary: Do we have to Switch to Firewood Because of LPG Price Hike in India! An Analysis of LPG Price Hike 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA