അന്ന് പാക്ക് മിസൈൽ ‘യുഎസിന്’ നേരെ വന്നിരുന്നെങ്കിൽ ലോകയുദ്ധം; തടഞ്ഞത് ഇന്ത്യ

CHINA-US ATTACKS-LADEN-COVER
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളുമായിറങ്ങിയ മാഗസിനുകൾ. ഷാങ്‌ഹായിയിൽനിന്നുള്ള 2001ലെ കാഴ്ച. ചിത്രം: LIU JIN / AFP
SHARE

ഫ്ഗാനിസ്ഥാൻ താലിബാനു വിട്ടുകൊടുത്ത് അമേരിക്കൻ സൈന്യം പിൻവാങ്ങിയിരിക്കുന്നു. ഇനിയെന്താണ് യുഎസിന്റെ ലക്ഷ്യം? എന്തുവില കൊടുത്തും അയ്‌മൻ അൽ സവാഹിരിയെന്ന അൽ ഖായിദ തലവനെ പിടികൂടുകയെന്നതാണത്. അയാളുടെ തലയ്ക്കു വിലയിട്ടിരിക്കുന്നതാകട്ടെ രണ്ടരക്കോടി യുഎസ് ഡോളറും! എന്താണു കാരണം? അയാൾ അപകടകാരിയായ തന്ത്രജ്ഞനാണ്. അൽ ഖായിദ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രവുമാണ്. സവാഹിരി എന്ന ഭീകരൻ യുഎസിനെതിരെ മുൻപും പ്രവർത്തിച്ചിട്ടുണ്ട്.

ഒരുപക്ഷേ വേൾഡ് ട്രേഡ് സെന്ററിനേക്കാളും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന ആക്രമണം യുഎസിനെതിരെ പദ്ധതിയിട്ടയാളാണ് സവാഹിരി. 2014ലായിരുന്നു അത്. പാക്കിസ്ഥാൻ നാവികസേനയുടെ സുൾഫിക്കർ എന്ന യുദ്ധക്കപ്പൽ റാഞ്ചി ഇന്ത്യൻ മഹാസമുദ്രത്തിൽ ക്യാംപ് ചെയ്തിരുന്ന യുഎസ് നാവികസേനയുടെ കപ്പലിനെ തകർക്കുകയായിരുന്നു അൽ ഖായിദയുടെ ലക്ഷ്യം. അവസാന നിമിഷത്തിൽ ആ തന്ത്രം തകർക്കപ്പെട്ടു. അന്ന് ഇന്ത്യൻ ഇന്റലിജൻസ് വിഭാഗത്തിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ് ഒരു വലിയ ദുരന്തം ഒഴിവാക്കുന്നതിൽ നിർണായകമായത്.

Al Zawahiri
അയ്‌മൻ അൽ–സവാഹിരി (2001ലെ ചിത്രം: AL-JAZEERA / AFP)

അന്ന് അത്തരമൊരു ആക്രമണം നടന്നിരുന്നെങ്കിൽ അത് യുഎസ്–പാക്കിസ്ഥാൻ യുദ്ധത്തിലേക്കു വഴിമാറുമായിരുന്നു. ലോകരാഷ്ട്ര ബന്ധങ്ങൾ മാറിമറിയുമായിരുന്നു. അന്ന് ഇന്ത്യ എടുത്ത ചുവടുവയ്പ്പുകൾ ചരിത്രത്തിൽ ആരാലുമറിയാതെ ഇന്റലിജൻസ് വൃത്തങ്ങളിൽ ഒതുങ്ങിനിൽക്കുന്നു. 2021ലെത്തി നിൽക്കുമ്പോഴും, ലോകത്തിന്റെ രാഷ്ട്രീയഭൂപടത്തിൽ 2014ൽ നടന്ന സംഭവത്തിന്റെ പ്രസക്‌തിക്ക് ഒരിറ്റു മങ്ങൽപോലും ഏറ്റിട്ടില്ല.

അൽ സവാഹിരിയുടെ ‘ഇഷ്ട പദ്ധതി’

2014 സെപ്റ്റംബർ. 2011ലുണ്ടായ ഒസാമ ബിൻ ലാദന്റെ മരണം അൽ ഖായിദയെ തളര്‍ത്തിയെന്ന് ലോകം കരുതിയിരുന്ന നാളുകള്‍. പാക്ക് നാവികസേന ആസ്ഥാനം കേന്ദ്രീകരിച്ച് ആക്രമണം നടത്താനായിരുന്നു അൽ ഖായിദ പദ്ധതി. ഒറ്റ ആക്രമണത്തിൽ തന്നെ ഇന്ത്യയെയും യുഎസിനെയും തളർത്തുക എന്ന പദ്ധതി. പാക്കിസ്ഥാന്റെ സ്വന്തം യുദ്ധക്കപ്പലായ പിഎൻഎസ് സുൾഫിക്കർ അവരിൽനിന്ന് പിടിച്ചെടുത്ത ശേഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു കടന്നുചെന്ന് ഇന്ത്യയുടെ യുദ്ധക്കപ്പലുകളും അമേരിക്കയുടെ നാവികക്കപ്പലുകളും തച്ചുടയ്ക്കുകയായിരുന്നു മിഷൻ. ആ പദ്ധതിയുടെ വിജയത്തിനായി അവർ ട്രയൽ പരീക്ഷണങ്ങളും നടത്തി. ആവശ്യമായ മുന്നൊരുക്കങ്ങളോടെയുള്ള അൽ ഖായിദയുടെ ആ നീക്കത്തിനു പിന്നിൽ പല ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്:

1) അമേരിക്കയുടെ അൽ ഖായിദ വേട്ടയ്ക്ക് അവസാനം കുറിക്കുക.
2) പാക്കിസ്ഥാൻ- അമേരിക്ക നയതന്ത്രബന്ധം വഷളാക്കുക.
3 ) ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങളുടെ വഴി തിരിച്ചുവിടുക.
4) ഇന്ത്യയും പാക്കിസ്ഥാനും തമ്മിലും, പാക്കിസ്ഥാനും യുഎസും തമ്മിലും യുദ്ധത്തിനു വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കുക.

PAKISTAN-US-ATTACKS-OSAMA
ഇസ്‌ലാമാബാദിലെ പുസ്തക ശാലയിൽനിന്നുള്ള കാഴ്ച. 2001ലെ ചിത്രം: SAEED KHAN / AFP

ലാദന്റെ മരണശേഷം അൽ ഖായിദയുടെ ഭീകരാക്രമണ പദ്ധതികളെല്ലാം അൽ സവാഹിരിയുടെ നേതൃത്വത്തിലായിരുന്നു. അയാളുടെ ‘ഇഷ്ടപദ്ധതികളിൽ’ ഒന്നായിരുന്നു മിഷൻ സുൾഫിക്കർ. മിഷന്റെ ആസൂത്രകരുമായി അയാൾ നിരന്തരം ആശയവിനിമയം നടത്തുകയും അവർക്ക് ആവശ്യമായ പണം എത്തിക്കാൻ മുൻകയ്യെടുക്കുകയും ചെയ്‌തു. ലാദനെ കൊലപ്പെടുത്തിയ രാജ്യത്തിനും ഭീകരർക്കെതിരെ അന്വേഷണം നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയ്ക്കും ഈ ദൗത്യം ഏൽപ്പിക്കാനിടയുള്ള കനത്ത പ്രഹരമോർത്താണ്, അന്ന് അനാരോഗ്യം വേട്ടയാടിയിട്ടും സവാഹിരി മിഷൻ സുൾഫിക്കറിനു വേണ്ടി മുന്നിട്ടിറങ്ങിയത്.

ഇത്തരമൊരു ഭാരിച്ച മിഷന് സുൾഫിക്കർ യുദ്ധക്കപ്പൽ തിരഞ്ഞെടുക്കാൻ പലതാണ് കാരണം. അന്തർവാഹിനികളെ തകർക്കാന്‍ ശേഷിയുള്ള ആന്റി സബ്‌മറൈൻ ടോർപിഡോകൾ, 120 കി.മീ. വേഗതയുള്ള മിസൈലുകൾ, സർഫസ് ടു സർഫസ് എയർ മിസൈൽ പ്രയോഗിക്കാനുള്ള ശേഷി, അത്യാധുനിക യുദ്ധസംവിധാനം ഇവയെല്ലാം അടങ്ങിയതായിരുന്നു ആ യുദ്ധക്കപ്പൽ. അതിനെ മുഖ്യായുധമാക്കാൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല.

‘ലീവ്’ എടുത്ത് ഭീകരാക്രമണ പദ്ധതി!

പാക്കിസ്ഥാനിലെ നാവികസേനയിൽ സബ് ലഫ്റ്റനന്റ് ആയിരുന്ന ജഖ്‌റാനി എന്ന യുവാവായിരുന്നു പദ്ധതിയുടെ പ്രധാന ആസൂത്രകൻ. രാജ്യത്തെ സീനിയർ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അയാളുടെ പിതാവ്. ഇങ്ങനെയൊരു പദ്ധതി മനസ്സിൽ ഉദിക്കുമ്പോൾ അയാളുടെ പ്രായം 26 വയസ്സ്! കടുത്ത ഇസ്‌ലാമിക നയങ്ങളുടെ വിശ്വാസിയും അൽ ഖായിദ അനുകൂലിയുമായിരുന്നു അയാൾ. തന്റെ പ്രബേഷൻ കാലയളവിൽ ഉന്നതാധികാരികളുമായി തുടരെ നടത്തിയ കലഹങ്ങൾ അയാളെ സേനയുടെ നോട്ടപ്പുള്ളിയാക്കുന്നതിലും എത്തിച്ചു.

അതിനിടെ അഫ്‌ഗാനിലെ അൽ ഖായിദ നേതാക്കളുമായി ചങ്ങാത്തത്തിലേർപ്പെടാൻ ജഖ്‌റാനി തീരുമാനിച്ചു. അഫ്‌ഗാൻ അതിർത്തിയിൽ ആരുമറിയാതെ എത്തിച്ചേർന്ന ശേഷം സൈനികപരിശീലനം നേടി. ഈ കാലയളവിൽ പരീക്ഷയ്ക്ക് പഠിക്കുന്നതിന് ‘ലീവ്’ ആവശ്യമാണ് എന്ന കാരണം നിരത്തിയാണ് ഇയാൾ ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെട്ടത്. നാവികസേനയുടെ റഡാറിൽനിന്ന് പതിയെ അപ്രത്യക്ഷനായ ഇയാളുടെ പിന്നീടുള്ള നീക്കങ്ങൾ എന്തായിരുന്നു എന്നതിന് പാക്ക് സേനയ്ക്ക് ഇപ്പോഴും ഉത്തരമില്ല. എന്നാൽ ഇന്റലിജൻസ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ പ്രകാരം, ഇയാൾ തന്റെ വിശദമായ പ്ലാൻ താലിബാന് സമർപ്പിക്കുകയും അൽ സവാഹിരിയുടെ പിൻബലത്തിൽ വലിയ മുന്നൊരുക്കങ്ങളോടെ ഒരു പ്രോജക്ടായി ‘മിഷൻ സുൾഫിക്കർ’ രൂപപ്പെടുത്തുകയുമായിരുന്നു.

മിഷൻ തുടങ്ങുന്നു...

2014ൽ അൽ ഖായിദയുടെ പുതിയ ദൗത്യസേനയായ അൽ ഖായിദ ഇന്ത്യൻ ഉപഭൂഖണ്ഡം (al-Qaeda in the Indian Subcontinent) രൂപപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞാണ് മിഷന് തുടക്കം കുറിച്ചത്. ഉപഭൂഖണ്ഡത്തിലെ വൻശക്തിയാവുകയായിരുന്നു അൽ ഖായിദയുടെ ലക്ഷ്യം. മിഷന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നത് ഉറപ്പാക്കാനാണ് അവർ ചെറുപ്പക്കാരനായ ജഖ്റാനിയെ ആക്രമണത്തിന്റെ മുൻനിരയിൽ നിർത്തിയത്. കറാച്ചിയിലെ നാവിക ആസ്ഥാനത്തു കിടന്ന സുൾഫിക്കർ യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് അൽ ഖായിദ ഭീകരർ പല സംഘങ്ങളായി യാത്ര പുറപ്പെട്ടു. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് പാക്ക് നാവികസേനയെ തുരത്താമെന്നും കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ.

AFGHANISTAN-US-ATTACKS-ENDURING FREEDOM-SOLDIER-GUARD
അഫ്ഗാനിൽനിന്നുള്ള കാഴ്ച. ചിത്രം: JEWEL SAMAD / AFP

ഇതേ സമയം, പാക്ക് അതിർത്തിയിൽ അൽ ഖായിദയുടെ സാന്നിധ്യവും അവർ പാക്ക് സൈനികസേനയിലെ ചില ഉന്നതരെ വലയിലാക്കാൻ ശ്രമിക്കുന്നതുമായ ഇന്റലിജൻസ് സന്ദേശം ഇന്ത്യയ്ക്ക് ലഭിക്കുന്നു. ആ സന്ദേശം ഇന്ത്യ യുഎസിനും പാക്കിസ്ഥാനും കൈമാറി. ഇന്ത്യൻ മഹാസമുദ്രത്തിലെ നാവികസേനയുടെ അംഗബലം കൂട്ടാൻ യുഎസ് തീരുമാനിച്ചു. ജാഗ്രത വെടിയാതെ നിൽക്കാനുള്ള സന്ദേശം ഇന്ത്യ എല്ലാ സൈനിക-നാവിക-വ്യോമസേന യൂണിറ്റുകൾക്കും കൈമാറി. എന്നാൽ ഇന്ത്യയുടെ കെട്ടുകഥയും അടിസ്ഥാനരഹിതമായ വാദമുനകളുമാണ് അൽ ഖായിദ ബന്ധം എന്നായിരുന്നു ആ സമയം പാക്കിസ്ഥാന്റെ പ്രതികരണം.

എന്താണ് ആക്രമണത്തിൽ സംഭവിച്ചത്?

2014 സെപ്റ്റംബർ 6 ശനിയാഴ്‌ചയാണ് ജഖ്‌റാനിയും അനുയായികളും യാത്രയാരംഭിച്ചത്. രണ്ട് ദിവസത്തിൽ അവർ ലക്ഷ്യസ്ഥാനത്തെത്തി. എന്നാൽ പിന്നീട് നടന്നത് ശക്തമായ ആക്രമണ-പ്രത്യാക്രമണം. പാക്ക് നാവിക യൂണിഫോംധാരികളായ നാലു പേർ പട്രോളിങ് ബോട്ട് മറികടന്ന് സുൾഫിക്കറിന് അടുത്തെത്തിയത് കണ്ട നാവികസേനാംഗം അവരെ തടയാൻ പോവുകയും പ്രകോപിതരായ അൽ ഖായിദ സൈനികർ വെടിയുതിർക്കുകയുമായിരുന്നു. അതോടെ നാവിക സേനയും തിരിച്ചടിച്ചു. സുൽഫിക്കറിലെ ഗണ്ണർ ചുമതല വഹിച്ചയാൾ അക്രമണകാരികളുടെ നേർക്ക് ആന്റി ഷിപ് ഗൺ പ്രയോഗിച്ചതോടെയാണ് ഭീകരരെ തുരത്താനായത്.

ഇതേത്തുടർന്ന് സമീപ യൂണിറ്റുകളിൽ വിവരമെത്തുകയും തിരക്കിട്ട അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഭീകരരെ മുഴുവനായി ഇല്ലായ്മ ചെയ്തെന്നും തിരച്ചിലിന്റെ അടിസ്ഥാനത്തിൽ ഉറപ്പാക്കി. യുദ്ധക്കപ്പലിലെ ഡേറ്റയുടെയും സുരക്ഷ ഉറപ്പുവരുത്തി. കറാച്ചി സംഭവത്തിൽ മൂന്ന് അക്രമികളും ഒരു നാവികനും മരണമടഞ്ഞതായാണ് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചത്. ആക്രമണം നടന്ന് രണ്ട് ദിവസങ്ങൾക്കു ശേഷമാണ് സംഭവത്തിന്റെ ഉത്തരവാദിത്തം അൽ ഖായിദ ഏറ്റെടുത്തതും മിഷൻ സുൾഫിക്കർ വാർത്തയായതും.

AFGHANISTAN-US-ATTACKS-LADEN
അൽ ഖായിദയുടെ ഭീകര ക്യാംപിൽനിന്ന്. ചിത്രം: AFP

ജഖ്‌റാനിയുടെ മരണത്തോടെ സുൽഫിക്കർ പദ്ധതിയുടെ താളം തെറ്റുകയും ചെയ്‌തു. ജഖ്‌റാനിക്ക് പകരമൊരാളെ പദ്ധതിക്കു വേണ്ടി അന്ന് പുതുതായി രൂപീകരിച്ച അൽ ഖായിദ വിഭാഗത്തിന് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. അത്രയേറെ ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു അയാൾ പദ്ധതിയൊരുക്കിയിരുന്നത്. പക്ഷേ എല്ലാം തോക്കിൻമുനയിൽ തീർന്നു.

മിഷൻ സുൾഫിക്കർ സത്യമോ, കെട്ടുകഥയോ?

നാവികസേനാ ആസ്ഥാനത്തു നടന്ന ആക്രമണത്തിൽ കാര്യമായി പ്രതികരിച്ചു സംഭവത്തെ ‘പെരുപ്പിച്ചു കാട്ടാനില്ല’ എന്നായിരുന്നു പാക്ക് നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. മാധ്യമ പ്രവർത്തരോടു പോലും നിയന്ത്രണങ്ങളോടെയായിരുന്നു മറുപടി. ‘മിഷൻ സുൾഫിക്കർ ഒരു പരാജയമായിരുന്നു. ആ സംഭവത്തെ അനാവശ്യമായി പ്രചരിപ്പിക്കേണ്ട കാര്യമില്ല. ഒരു നാവിക കപ്പൽ ഹൈജാക്ക് ചെയ്യുക എന്നത് തമാശയല്ല, അതോർക്കുക. ജാഗ്രത ഉണ്ടാവുന്നത് എപ്പോഴും നല്ലതു തന്നെ. പക്ഷേ നാലു പേർ ചേർന്ന് യുദ്ധക്കപ്പൽ തകർക്കാൻ ഇതൊരു ഹോളിവുഡ് സിനിമയൊന്നുമല്ല...’- ഒരു ഉയർന്ന സേനാംഗം അന്നു പ്രതികരിച്ചതിങ്ങനെ.

എന്നാൽ ‘മിഷൻ സുൾഫിക്കർ’ അൽ ഖായിദയുടെ സ്വപ്നപദ്ധതി ആണെന്ന ഇന്റലിജൻസ് വിവരമായിരുന്നു യുഎസ് അന്വേഷണത്തിൽ ലഭിച്ചത്. അതേത്തുടർന്ന് പാക്ക് സേനയിലെ അൽ ഖായിദ ബന്ധം അവർ രഹസ്യമായി അന്വേഷിക്കാനും തുടങ്ങി. കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ നൽകുന്ന ഇന്ത്യയെ അടുത്ത സൈനിക സുഹൃത്തായി യുഎസ് കാണുന്ന നയങ്ങൾക്കുമാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. സുൾഫിക്കർ ആക്രമണം പോലൊന്ന് നടക്കാൻ സാധ്യതയുണ്ടെന്ന ജാഗ്രത ഇപ്പോഴും പുലർത്തുന്ന ഇന്ത്യയ്ക്ക് ഈ വിഷയത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് സംശയങ്ങൾ ഒന്നും തോന്നിയിരുന്നില്ല.

സുൾഫിക്കർ സംഭവിച്ചിരുന്നെങ്കിൽ...

മിഷൻ സുൾഫിക്കർ സംഭവിച്ചിരുന്നെങ്കിൽ, ലോകത്ത് ഉണ്ടാകുമായിരുന്ന വിപത്തുകൾ ആലോചിക്കുമ്പോഴാണ് ആ മിഷൻ പരാജയമായിത്തീർന്നത് എത്ര ആശ്വാസകരമായ വാർത്തയാണെന്നു തിരിച്ചറിയാനാവുക. ലോകത്തെ പ്രധാന ആയുധശക്തിയായ യുഎസിനു നേരെ ഉണ്ടാവുന്ന ഏത് ആക്രമണത്തിനും ലോകസമാധാനത്തെ തകിടം മറിക്കാൻ സാധിക്കുമെന്നത് ചരിത്രത്തിൽനിന്നു പഠിച്ച പാഠമാണ്. യുഎസും ഇന്ത്യയും ചേർന്നൊരു ശാക്തികചേരി രൂപപ്പെടാൻ പോലും സാധ്യതയുണ്ടായിരുന്നു. പാക്ക് നാവികസേനയ്ക്കു കീഴിലെ യുദ്ധക്കപ്പൽതന്നെ ആക്രമിക്കുമ്പോൾ യുഎസിനു പോലും അൽ ഖായിദയെ സംശയിക്കാൻ ബുദ്ധിമുട്ടാകും. അതൊരു കയ്യബദ്ധമാണെന്നു വിശ്വസിക്കാനും വയ്യ. അതെല്ലാം ലക്ഷ്യമിട്ടായിരുന്നു മിഷൻ സുൾഫിക്കർ നീങ്ങിയിരുന്നത്.

ഇത്തരമൊരു ആക്രമണം ഉണ്ടായാൽ ഇന്ത്യയ്‌ക്കെതിരെ നിലകൊള്ളുന്ന ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളും പാക്കിസ്ഥാനു പിന്തുണ നൽകുകയും ലോകരാജ്യങ്ങൾ രണ്ടു ചേരിയായി തിരിയുകയും ആക്രമണം കൂടുതൽ ഭാഗങ്ങളിലേക്ക് പൊട്ടിപ്പുറപ്പെടുകയും ചെയ്യാനാണ് വളരെയേറെ സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. അതുവഴി ഏഷ്യാ ഭൂഖണ്ഡത്തിൽ വൻ ശക്തിയായി അൽ ഖായിദ രൂപപ്പെടുകയും ചെയ്യും. ലാദന്റെ മരണശേഷവും തളർന്നിട്ടില്ല എന്ന ശക്തമായ സന്ദേശവും ലോകത്തിന് നൽകാനായിരുന്നു അൽ സവാഹിരിയുടെ ശ്രമം.

എന്നാൽ ഇന്ത്യൻ ഇടപെടലിൽ എല്ലാം തകിടം മറിഞ്ഞു. സവാഹിരി കൂടുതൽ ‘ക്ഷീണിതനായി’ പിൻവലിഞ്ഞു. ഇപ്പോൾ അയാളെക്കുറിച്ച് ആകെ കേൾക്കാനുള്ളത് പാക്ക്–അഫ്ഗാൻ അതിർത്തിയിലെവിടെയോ ഒളിവിലുണ്ടെന്നാണ്. തൽക്കാലത്തേക്ക് ആശ്വസിക്കാം, സുൾഫിക്കർ സംഭവിച്ചില്ല... ആ ശ്രമം പരാജയപ്പെട്ടു. പക്ഷേ, 2014 മോഡൽ സംഭവങ്ങൾ ഇനിയും ആവർത്തിക്കാമെന്ന ജാഗ്രതയിലാണ് ഇപ്പോഴും ലോകരാജ്യങ്ങൾ.

English Summary: How India, Pakistan and US Averted 'Mission Zulfiquar', the Grand Plan of Al Qaeda and a former Pak Naval Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA