‘രാക്ഷസബോംബും’ വിഷപ്പൊടിയും പതിച്ച നാളുകൾ; 9/11 ആക്രമണം ഗ്രാഫിക്‌സിൽ

World-Trade-Center-Attack-InfoGraphics
ഇലസ്‌ട്രേഷൻ: ജെയിൻ ഡേവിഡ് എം.
SHARE

റ്റയടിക്ക് രണ്ടു പടുകൂറ്റൻ കെട്ടിടങ്ങളെ നിലംപരിശാക്കുന്നതു മാത്രമായിരുന്നില്ല 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം. ലോക പൊലീസ് എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന, അല്ലെങ്കിൽ അഹങ്കരിച്ചിരുന്ന യുഎസിന്റെ നെഞ്ചിലെ മിന്നൽ കൂടിയായിരുന്നു ഓരോ ആക്രമണവും. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അവരുടെ പ്രതിരോധ ആസ്ഥാനത്തുതന്നെ വന്നിടിച്ച വിമാനം! ഭീകരർ തട്ടിയെടുത്ത നാലു വിമാനങ്ങളിൽ മൂന്നും ലക്ഷ്യം കണ്ടു; നാലാമത്തെ വിമാനത്തിലുള്ള ഭീകരർ പക്ഷേ അപാരമായ അമേരിക്കൻ ആത്മധൈര്യത്തിനു മുന്നിൽ ലക്ഷ്യം കാണാനാകാതെ തോറ്റുവീണു.

World Trade Center Attack in Graphics
ഇലസ്‌ട്രേഷൻ: ജെയിൻ ഡേവിഡ് എം.

എന്തുകൊണ്ട് യുഎസിനു നേരെയുള്ള ആക്രമണത്തിന് വിമാനങ്ങൾ ഹൈജാക്ക് ചെയ്തു എന്ന ചോദ്യം ഇന്നും ഒട്ടേറെ പേർ ഉന്നയിക്കുന്നുണ്ട്. അതിന്റെ ഉത്തരങ്ങളിലൊന്ന്, ഏറ്റവും മാരകമായ വിധത്തിലുള്ള നാശമുണ്ടാക്കാൻ അത്തരമൊരു ആക്രമണത്തിലൂടെ സാധിക്കുമെന്നതാണ്. ഹൈജാക്ക് ചെയ്യപ്പെട്ട നാലു വിമാനങ്ങളിലും ആഭ്യന്തര യാത്രയ്ക്ക് ആവശ്യമുള്ളതിലും ഏറെ ഇന്ധനം ഉണ്ടെന്ന് ഭീകരർക്ക് അറിയാമായിരുന്നു.

പൂർണമായി ഇന്ധനം നിറച്ച ഒരു ബോയിങ് 767 അല്ലെങ്കിൽ 757 വിമാനം കെട്ടിടത്തിന്റെ വശത്തുനിന്നു വന്നിടിച്ചാൽ ഏകദേശം ഒരു കിലോടൺ ടിഎൻടി പൊട്ടിത്തെറിച്ചാലുള്ളത്ര ഊർജം സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ധർ പറയുന്നു. ചെറിയൊരു ആണവസ്ഫോടനത്തിനു തുല്യം! പറക്കുന്ന ഒരു ‘രാക്ഷസബോംബ്’ ആയി വിമാനത്തെ ഉപയോഗിക്കാനുള്ള ഭീകരരുടെ ഈ നീക്കമാണ് വേൾഡ് ട്രേഡ് സെന്ററിനു നേരെ ഉൾപ്പെടെയുണ്ടായത്. ആക്രമണങ്ങളുടെ വിശദമായ ഗ്രാഫിക്സ് കാഴ്ചകൾ കാണാം താഴെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

എന്നാൽ 20 വർഷമായിട്ടും അവസാനിച്ചിട്ടില്ല വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലൂടെയുണ്ടായ ദുരിതം. അതിൽ ഏറ്റവും കുപ്രസിദ്ധമായിരുന്നു, രണ്ടു കൂറ്റൻ കെട്ടിടങ്ങൾ ഇടിഞ്ഞു വീണപ്പോൾ രൂപപ്പെട്ട പൊടിയുണ്ടാക്കിയ തിരിച്ചടി. വിഷലിപ്തമായ ആ പൊടി ശ്വസിച്ചുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ഇന്നും അമേരിക്കയെ വേട്ടയാടുന്നു. രാക്ഷസ ബോംബ് പോലെ ‘വിഷബോംബായും’ വിമാനാക്രമണം മാറിയതും അങ്ങനെയാണ്. കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ മൂന്നു പേരെപ്പറ്റി പറയുന്നുണ്ട്. ഒരാൾ കാൾ സാഡ്‌ലർ. പൊളിഞ്ഞു വീഴാൻ തുടങ്ങിയ വേൾഡ് ട്രേഡ് സെന്ററിൽനിന്ന് ഒരു വിധം ഓടി രക്ഷപ്പെട്ട വ്യക്തിയാണ് അദ്ദേഹം.

കെട്ടിടത്തിനു സമീപമായിരുന്നു മരിയ ജയിംസിന്റെ അപാർട്മെന്റ്. അപാർട്മെന്റിന്റെ തറയിലും കുട്ടികളുടെ മുറിയിലും വരെ അന്നു പൊടി കനംകെട്ടിക്കിടന്നു. ഒരു മാസ്ക് പോലുമില്ലാതെയായിരുന്നു ബാർബറ ബ്രുണെ എന്ന പൊലീസുകാരിയുടെ പ്രവർത്തനം. അവർ പിന്നീട് ആഴ്ചകളോളമാണ് വായിലും തൊണ്ടയിലും കുടുങ്ങിയ പൊടി തുപ്പിക്കൊണ്ടിരുന്നത്. ഈ മൂന്നു പേരും വേൾഡ് ട്രേഡ് സെന്ററിൽനിന്നുള്ള ‘വിഷപ്പൊടി’യേറ്റ അനേകരിൽ ഏതാനും പേർ മാത്രമാണ്. ഇവരും വേൾഡ് ട്രേഡ് സെന്റർ ഹെൽത്ത് പ്രോഗ്രാമിൽ ഇപ്പോൾ അംഗമാണ്.

ഏകദേശം 1.11 ലക്ഷം പേരാണ് പദ്ധതിയിലുള്ളത്. എല്ലാവർക്കും സൗജന്യ വൈദ്യസേവനമാണ് സർക്കാർ പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. കെട്ടിടം തകർന്നപ്പോഴുണ്ടായ പൊടി കാരണം ആരോഗ്യ പ്രശ്നങ്ങളുണ്ടായവരാണ് പദ്ധതിയിൽ കൂടുതലുമെന്ന് അറിയുമ്പോഴാണ് എത്രയേറെ രൂക്ഷമായ പ്രത്യാഘാതമാണ് 9/11 ആക്രമണത്തിലൂടെയുണ്ടായതെന്നു വ്യക്തമാവുക. പൊടി കാരണം പ്രശ്നമുണ്ടായവർക്ക് ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനും ഇതിനോടകം യുഎസ് കൊടുത്തുതീർത്തത് 1170 കോടി ഡോളർ!

വിഷപ്പൊടി എങ്ങനെ ബാധിച്ചു?

ഗവേഷകർക്കു പോലും ഇപ്പോഴും പൂർണമായി കണ്ടെത്താനായിട്ടില്ല വേൾഡ് ട്രേഡ് സെന്ററിൽനിന്നുള്ള പൊടി മനുഷ്യശരീരത്തിലുണ്ടാക്കിയ പ്രശ്നങ്ങൾ. കോൺക്രീറ്റ്, ഗ്ലാസ്, ആസ്ബസ്റ്റോസ്, ജിപ്സം... തുടങ്ങി പലതരം വസ്തുക്കളാണ് അന്ന് പൊടിഞ്ഞ് അന്തരീക്ഷത്തിൽ പടർന്നത്. ഉറക്കമില്ലായ്മ മുതൽ ത്വക്ക് കാൻസർ വരെ ഈ പൊടിയിൽനിന്നുണ്ടായെന്നാണ് ചിലർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡോക്ടർമാർക്കാകട്ടെ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താനും സാധിക്കുന്നില്ല.

വർഷങ്ങളുടെ ഗവേഷണത്തിനൊടുവിൽ, ചില പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ പൊടി കാരണം ഉണ്ടായതായി ഗവേഷകർ കണ്ടെത്തിയിരുന്നു. ചെവിയിലെ പഴുപ്പ്, സൈനസ് അണുബാധ, ആസ്മ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. അത്തരം കണ്ടെത്തലുകൾ വന്നതുകൊണ്ടു മാത്രമായിരുന്നു മരിയ ജെയിംസ് പോലുള്ളവർക്ക് ഹെൽത്ത് പ്രോഗ്രാമിന്റെ ഗുണം കിട്ടിയതുതന്നെ. തുടർച്ചയായ തൊണ്ടവേദനയും കഫക്കെട്ടും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും മരിയയ്ക്കു മാത്രമല്ല മക്കൾക്കും നേരിടേണ്ടി വന്നു.

അന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങളിൽ 9% പേര്‍ക്കും ഇപ്പോഴും വിട്ടുമാറാത്ത ചുമയാണ്. 22% പേർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. 40% പേർക്ക് സൈനസ് അണുബാധയുടെ പ്രശ്നങ്ങളും. പ്രായമേറുന്തോറും ശ്വാസകോശത്തിന്റെ പ്രവർത്തന കാര്യക്ഷമത കുറഞ്ഞു വരും. സമാനമായ അവസ്ഥയിലേക്കാണ് വേൾഡ് ട്രേഡ് സെന്ററിലെ അവശിഷ്ടങ്ങൾ മാറ്റിയ അഗ്നിരക്ഷാസേനാംഗങ്ങൾ വീണുപോയത്. പ്രായമാകും മുൻപേതന്നെ അവരുടെ ശ്വാസകോശത്തിൽ വാർധക്യത്തിന്റെ ആഘാതം ഏറ്റെന്നു ചുരുക്കം.

കാൻസർ ഭയം!

വിഷപ്പൊടി ശ്വസിച്ച് മാരകമായ കാൻസറുണ്ടാകുമോയെന്ന ഭയമായിരുന്നു 2001ൽ അപകടസമയത്ത് ഡോക്ടർമാർ ഏറ്റവുമധികം പങ്കുവച്ചിരുന്നത്. എന്നാൽ 20 വർഷമായിട്ടും അത്തരത്തിൽ വൻതോതിലുള്ള കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണെന്നും അവർ പറയുന്നു. അപ്പോഴും വേൾഡ് ട്രേഡ് സെന്റർ തകർന്നപ്പോഴുണ്ടായ പൊടി ശ്വസിച്ച 24,000ത്തോളം പേരിൽ പലതരം കാൻസർ കണ്ടെത്തിയിരുന്നു. അവയൊന്നും സംഭവവുമായി നേരിട്ടു ബന്ധമുള്ളതല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. നിരീക്ഷണം തുടരുകയാണ് ആരോഗ്യവിദഗ്ധർ.

world-trade-center-attack-Burn-down-Smoke-121
വേള്‍ഡ് ട്രേഡ് സെന്ററിൽ വിമാനം ഇടിച്ചു കയറിയപ്പോൾ (ഇടത്), പ്രദേശത്ത് പുകയും പൊടിയും നിറഞ്ഞപ്പോൾ (വലത്). ചിത്രങ്ങൾ: AFP

‘ശ്വാസകോശാർബുദം പകർച്ചവ്യാധി പോലെ രൂപപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഭയന്നതു പോലെ അതു സംഭവിച്ചില്ല...’ മൗണ്ട് സിനായിയിലെ വേൾഡ് ട്രേഡ് സെന്റർ ഹെൽത്ത് ക്ലിനിക്കിലെ ഡോക്ടർ മൈക്കെൽ ക്രെയ്ൻ പറയുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളിൽ കാൻസർ വഴിയുള്ള മരണവും കുറവായിരുന്നു. തുടർച്ചയായ ആരോഗ്യ പരിശോധന കാരണം പല കാൻസറുകളും നേരത്തേ തിരിച്ചറിയാനായതും മരണം കുറയാൻ കാരണമായിട്ടുണ്ടാകാം. ബാർബറ ബ്രുണെയെപ്പോലുള്ളവരുടെ ശ്വാസകോശ കാൻസർ അത്തരത്തിലാണു കണ്ടെത്തിയതും പരിഹരിക്കപ്പെട്ടതും.

പൊടിയേറ്റത് തുടക്കത്തിൽ ഒരു ശല്യമായിപ്പോലും തോന്നാതിരുന്ന പലരും പക്ഷേ പിൽക്കാലത്ത് അതിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു. മുൻപത്തേതു പോലെ ഫുട്ബോൾ കളിക്കാനും സൈക്കിൾ ചവിട്ടാനുമൊന്നും സാധിക്കാതെ വന്നതോടെയാണ് പലരും ശ്വാസകോശത്തിന്റെ ശേഷിയെക്കുറിച്ചു  ചിന്തിച്ചതുതന്നെ. 9/11 ആക്രമണത്തിൽ ഇരുപതാം വർഷത്തിൽ പക്ഷേ ഇതൊന്നുമല്ല ആരോഗ്യവിദഗ്ധരെ അലട്ടുന്നത്. അടുത്ത 20 വർഷം ഇനി എന്തൊക്കെ പ്രശ്നങ്ങളാണു വരികയെന്നതാണ്. ആ ചിന്തയ്ക്കു പിന്നിലൊരു കാരണവുമുണ്ട്.

വേൾഡ് ട്രേഡ് സെന്റർ ഹെൽത്ത് പ്രോഗ്രാമിൽ ഇപ്പോൾ അംഗങ്ങളായിട്ടുള്ളവരുടെ ശരാശരി പ്രായം 60 വയസ്സാണ്. ഈ പ്രായത്തിനപ്പുറമാണ് ഓരോരുത്തരുടെയും ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളുണ്ടായിത്തുടങ്ങുക. മാത്രവുമല്ല, ആസ്ബസ്റ്റോസ് ശ്വസിച്ചുണ്ടാകുന്ന കാൻസർ രൂപപ്പെടാൻ ഏകദേശം 40 വർഷമെങ്കിലുമെടുക്കും. ‘പ്രശ്നങ്ങളൊന്നും അവസാനിക്കുന്നില്ല. അവ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. അതിനിയും തുടരുകയും ചെയ്യും...’ വേൾഡ് ട്രേഡ് സെന്റർ ഹെൽത്ത് ക്ലിനിക് ഡയറക്ടർമാരിലൊരാളായ ഡോ.ജാക്വലിൻ മോലിന്റെ വാക്കുകളിലുണ്ട് ഒരിക്കലും അവസാനിക്കാത്ത വേൾഡ് ട്രേഡ് സെന്റർ ദുരിതത്തിന്റെ അടയാളപ്പെടുത്തൽ!

English Summary: How Toxic Dust from World Trade Center Debris Affects People's Health; 09/11 Attack in Infographic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA