‘നേമം ഗുജറാത്ത്’ പ്രയോഗം കുഴപ്പം ചെയ്തു; ഒരു കാലത്തും വർഗീയവാദിയല്ല, സുരേന്ദ്രൻ ധീരൻ’

Kummanam Rajasekharan
കുമ്മനം രാജശേഖരൻ
SHARE

പല തട്ടുകളായി നിൽക്കുന്ന കേരളത്തിലെ ബിജെപിയിൽ എല്ലാവർക്കും സ്വീകാര്യൻ എന്ന പരിവേഷമാണ് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുള്ളത്. പക്ഷേ പാർട്ടിക്കുള്ളിലെ കുമ്മനത്തിന്റെ സ്വീകാര്യത നിയമസഭാ തിരഞ്ഞടുപ്പിൽ ഏക സീറ്റിങ് സീറ്റായ നേമത്ത് മുതലാക്കാൻ ബിജെപിക്കു കഴിഞ്ഞില്ല. സിറ്റിങ് എംഎൽഎ ആയിരുന്ന ഒ.രാജഗോപാൽ വരെ ഒളിയമ്പെയ്തതോടെ ഉണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഇരിക്കെ ഗവർണറാകുകയും ഒടുവിൽ ഈ രണ്ടു പദവികളും പെട്ടെന്നു നഷ്ടപ്പെടുകയും ചെയ്ത കുമ്മനത്തിന് രാഷ്ട്രീയത്തോട്‌തന്നെ മടുപ്പുണ്ടെന്ന് ആരോപിക്കുന്നവരുണ്ട്.

ബിജെപിയുടെ നിർണായക കോർകമ്മിറ്റി യോഗം കൊച്ചിയിൽ ചേരുമ്പോൾ പാർട്ടിക്കും തനിക്കും ഉണ്ടായ തിരിച്ചടികളെക്കുറിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കുമ്മനം ആദ്യമായി വിശദമായി സംസാരിക്കുന്നു. നേമത്തു സംഭവിച്ചത് എന്ത്? ചിലർ ആരോപിക്കുന്നതു പോലെ വർഗീയ വാദിയാണോ? ഗവർണർ പദവിയോട് പൊരുത്തപ്പെട്ടോ? തോൽവികളെ തുടർന്നു തഴയപ്പെടുകയാണോ? ഉയരുന്ന ചോദ്യങ്ങളോട് ‘മലയാള മനോരമ’സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ്ഫയറിൽ’ കുമ്മനം പ്രതികരിക്കുന്നു.

kummanam-1
കുമ്മനം രാജശേഖരൻ

നേമത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ഇനിയും അവസാനിക്കാത്തതു കൊണ്ട് അവിടെ നിന്നു തുടങ്ങാം.‘കേരളത്തിലെ ഗുജറാത്താണ് നേമം’എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ശേഷം സംഭവിച്ച തോൽവിക്കു കാരണം എന്താണ്?

നേമം ഗുജറാത്താണ് എന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞത് വികസനത്തിന്റെ ദൃഷ്ടിയിലാണ്. അവിടെ എംഎൽഎ ആയി പ്രവർത്തിച്ച ഒ.രാജഗോപാൽ കേന്ദ്ര സർക്കാർ സ്കീമുകൾ ഉൾപ്പെടെ ഉപയോഗിച്ച് 700 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കിയിരുന്നു. പക്ഷേ ഗുജറാത്തിൽ നടന്ന വർഗീയ സംഘർഷങ്ങളെക്കുറിച്ച് പെരുപ്പിച്ചു കാണിച്ച് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നതെന്ന പ്രചാരണം കോൺഗ്രസും സിപിഎമ്മും അഴിച്ചുവിട്ടു. അതു ന്യൂനപക്ഷ വിഭാഗങ്ങളിൽ ഒരു പക്ഷേ ഭയാശങ്ക ഉയർത്തിയിട്ടുണ്ടാകാം. പക്ഷേ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഗുജറാത്തിന്റെ വളർച്ചയാണ് ഞാൻ വിവരിച്ചത്. അങ്ങനെ ഒരു കുതിപ്പ് നേമത്തിന് ഉണ്ടാവണം എന്നായിരുന്നു ആഗ്രഹിച്ചത്.

അപ്പോൾ ആ ഉപമയ്ക്കു താങ്കൾ നേമത്തു വലിയ വില കൊടുക്കേണ്ടി വന്നോ?

അങ്ങനെയില്ല. നാടിനെ സ്നേഹിക്കുന്ന, വികസനം കാംക്ഷിക്കുന്ന എല്ലാവരും അതു പ്രചോദനമായി കണ്ടാണു സ്വീകരിച്ചത്. പക്ഷേ വർഗീയത പറഞ്ഞു നടക്കാൻ ശ്രമിക്കുന്നവർ ഒരു ധ്രുവീകരണത്തിനുള്ള ആയുധമാക്കി അതിനെ മാറ്റി. ഞാൻ പറഞ്ഞതിനേക്കാൾ ശക്തമായാണ് അത് അവർ ഉപയോഗിച്ചത്. വീണു കിട്ടിയ അവസരം പോലെ അവർ അതു പ്രയോജനപ്പെടുത്താൻ നോക്കി. ചില തെറ്റിദ്ധാരണകൾ അതുണ്ടാക്കി. പക്ഷേ തെറ്റു പറ്റിയെന്ന് കരുതുന്നില്ല. ഇനിയും ഞാൻ അങ്ങനെത്തന്നെ പറയും.

സ്ഥാനാർഥി ആയി കെ.മുരളീധരന്റെ ഒടുവിലത്തെ വരവാണോ അവിടെ താങ്കളുടെ വിജയസാധ്യതയ്ക്കു മങ്ങലേൽപ്പിച്ചത്?

മുരളീധരന് ജയിക്കണമെന്ന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. ജയിക്കുമെന്നു കരുതിയുമില്ല. കാരണം 13,000 വോട്ടു കിട്ടിയ സ്ഥലത്ത് എങ്ങനെ ജയിക്കാനാണ്? അദ്ദേഹത്തിനു വേണ്ടി പ്രവർത്തിക്കാൻ അവിടുത്തെ കോൺഗ്രസുകാരും ഉണ്ടായില്ല. ബിജെപി വോട്ടുകൾ പരമാവധി സമാഹരിച്ച് എന്നെ തോൽപിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നിട്ടു വളരെ ദയനീയമായി മൂന്നാം സ്ഥാനത്തു പോയി.

ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ എംപി സ്ഥാനം രാജിവച്ചല്ലേ അദ്ദേഹം മത്സരിക്കേണ്ടിയിരുന്നത്? ഞാൻ ഗവർണർ സ്ഥാനം രാജിവച്ചതിനു ശേഷമല്ലേ തിരുവനന്തപുരം പാർലമെന്റിലേക്കു മത്സരിച്ചത്? ലോക്സഭാംഗമായിരിക്കുമ്പോൾതന്നെ അദ്ദേഹം നിയമസഭയിലേക്കും മത്സരിച്ചതു ജനങ്ങളിൽ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്. വലിയ നേതാവും തൊട്ടടുത്തെ സ്ഥലത്തെ പഴയ എംഎൽഎയും എല്ലാം ആയിട്ടും പരിമിതമായ വോട്ടല്ലേ മുരളീധരനു ലഭിച്ചത്.

Kummanam-Rajasekharan-1
കുമ്മനം രാജശേഖരൻ

താങ്കൾക്കെതിരെ നേമത്ത് ന്യൂനപക്ഷ കേന്ദ്രീകരണം തന്നെ നടന്നോ? അത്രമാത്രം താങ്കളോട് ആ വിഭാഗങ്ങൾക്ക് അകൽച്ചയുണ്ടോ?

അവരെ തെറ്റിദ്ധരിപ്പിക്കാൻ വേഗം കഴിയുമല്ലോ. ഞാൻ ഇന്നേ വരെ വർഗീയത പറഞ്ഞിട്ടില്ല. ക്രൈസ്തവ–മുസ്‌ലിം വിഭാഗങ്ങളോട് വളരേയെറെ സൗഹൃദത്തിൽ കഴിയണമെന്ന് ആഗ്രഹിക്കുകയും അവരോടു സൗഹാർദ്ദപരമായ സമീപനം സ്വീകരിക്കുകയും ചെയ്തയാളാണ് ഞാൻ. പക്ഷേ എന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്.

സംഘപരിവാർ പ്രസ്ഥാനങ്ങൾ സാത്വികനായി വിശേഷിപ്പിക്കുന്ന താങ്കൾ എന്തു കൊണ്ടാണ് പുറത്ത് വർഗീയ വാദിയായി ചിത്രീകരിക്കപ്പെടുന്നത്? അതിൽ പ്രയാസം തോന്നിയിട്ടുണ്ടോ?

പ്രയാസമൊന്നും തോന്നിയിട്ടില്ല. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും രീതി അതു തന്നെയാണ്. ഒരു കാര്യവും വസ്തുനിഷ്ഠമായല്ല അവർ വിലയിരുത്തുന്നത്. രാഷ്ട്രീയ മുതലെടുപ്പു നടത്താനായി പക്ഷപാതപരമായാണ് അവർ കാര്യങ്ങൾ ചിത്രീകരിക്കുന്നത്. എന്തെങ്കിലും ലാഭത്തിനായി പച്ചനുണ പ്രചരിപ്പിക്കുന്ന രീതി എനിക്കില്ല. തോറ്റാലും ജയിച്ചാലും ഞാൻ ഞാൻ തന്നെയാണ്. കാലം എല്ലാം ബോധ്യപ്പെടുത്തും. ഇത് അവസാനത്തെ തിര‍ഞ്ഞെടുപ്പല്ലല്ലോ. ഇനിയും വരും. ‘കുമ്മനം രാജശേഖരനെ തോൽപിക്കാനാണ് ഞങ്ങൾ മത്സരിക്കുന്നത്’ എന്നായിരുന്നല്ലോ മുന്നണികളുടെ പ്രചാരണ രീതി. ആരു ജയിക്കണം എന്നല്ല, ആരു തോൽക്കണം എന്നതായിരുന്നു അവരുടെ പ്രശ്നം.

അവിടെ ഇരു കൂട്ടരും താങ്കളെ തോൽപിക്കാൻ കൈകോർത്തു എന്നാണോ?

ഉണ്ടാകണമല്ലോ. ശിവൻകുട്ടിയുടെ ഒരു പ്രചാരണ പരിപാടിയിലും മുരളീധരനെ വിമർശിച്ചിട്ടില്ല. എന്നെ തോൽപ്പിക്കണം എന്നതായിരുന്നല്ലോ രണ്ടു ഭാഗത്തിന്റെയും ആവശ്യം. അതിനാണല്ലോ കോൺഗ്രസ് ഉന്നതനായ നേതാവിനെ കൊണ്ടു വന്നത്. രണ്ടു കൂട്ടരും അവിടെ പറഞ്ഞത് നെഗറ്റീവ് പൊളിറ്റിക്സാണ്. ഞാൻ ആ നില സ്വീകരിച്ചിട്ടില്ല. ഞാൻ മത്സരിച്ചത് ജയിക്കാനാണ്.

നേമത്തെ തിരഞ്ഞടുപ്പ് പ്രചാരണം, സംഘടനാ പ്രവർത്തനം എന്നിവയിൽ എന്തെങ്കിലും പോരായ്മ ബിജെപിക്കും ആർഎസ്എസിനും സംഭവിട്ടുണ്ടോ?

പ്രവർത്തകരെല്ലാം ആത്മാർഥമായി ജോലി ചെയ്തിട്ടുണ്ട്. കുറ്റപ്പെടുത്തലിന് ഇട നൽകുന്ന ഒരു കാരണവും ചൂണ്ടിക്കാട്ടാനില്ല. ഫലം വരുന്നതിനു മുൻപും അതിനു ശേഷവും എല്ലാവരുമായും ഇടപഴകി. പ്രവർത്തനത്തിലെ പോരായ്മകൊണ്ട് അവിടെ വോട്ടു കുറഞ്ഞിട്ടില്ല.

o-rajagopal-5
ഒ.രാജഗോപാൽ

എല്ലാ വിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാൻ തനിക്കു സാധിക്കുമെങ്കിൽ കുമ്മനം രാജശേഖരന് അതിനു കഴിയുമോയെന്ന കാര്യം ഉറപ്പില്ലെന്ന സ്വരത്തിൽ ഒ.രാജഗോപാൽ പ്രതികരിച്ചത് എന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ?

എന്റെ തിര‍ഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത് ഒ.രാജഗോപാലാണ്. അവിടെ അദ്ദേഹം ശക്തമായും വ്യക്തമായും തിരഞ്ഞെടുപ്പ് സംബന്ധിച്ച തന്റെ നിലപാട് പറഞ്ഞിരുന്നു. അതാണ് എനിക്കു കൂടുതൽ വിശ്വാസയോഗ്യമായി തോന്നിയത്. എന്റെ വിജയത്തിനായി ഏതറ്റം വരെയും പ്രവർത്തിക്കാൻ തയാറാണ് എന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. ഇതു ബിജെപിക്ക് അനിവാര്യമായ വിജയമാണെന്നും പറഞ്ഞു. വളരെ നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. ഒരു പൊതുവേദിയിൽ, പരസ്യമായാണ് അതു പറഞ്ഞത്. വേറെ പറഞ്ഞ കാര്യങ്ങൾ എനിക്ക് നേരിട്ടു കേൾക്കാനായിട്ടില്ല. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നും അറിയില്ല. പക്ഷേ അത്തരം വാർത്തകൾ പത്രത്തിൽ വന്നതിന്റെ പേരിൽ എനിക്കു ലഭിക്കേണ്ട വോട്ട് മറ്റൊരാൾക്കു പോയി എന്നു കരുതുന്നില്ല.

താങ്കളുടെ വിജയസാധ്യതയെക്കുറിച്ചു പോലും രാജഗോപാൽ മൗനം പാലിച്ചത് പ്രയാസപ്പെടുത്തിയോ?

എത്രയോ സ്ഥലങ്ങളിൽ അദ്ദേഹം വന്നിരുന്നു. പ്രായാധിക്യം ഉണ്ടാക്കിയ അവശതകൾക്കിടയിലും വളരെ സജീവമായിതന്നെ ഉണ്ടായി.

നേമത്തെ തോൽവിക്കു ശേഷം താങ്കൾ പൊതുവിൽ പിൻവാങ്ങിയതു പോലെ തോന്നി. വല്ലാതെ നിരാശപ്പെടുത്തിയോ?

ഒട്ടുമില്ല. അവിടുത്തെ വോട്ടർമാരിൽ വിശ്വാസം അർപ്പിച്ചുകൊണ്ടു താമസം പോലും അവിടെ തുടരുകയാണ്. തിരഞ്ഞെടുപ്പിനു മുൻപായാണ് മണ്ഡലത്തിൽ വീട് വാടകയ്ക്ക് എടുത്തത്. വാടക കാലാവധി കഴിഞ്ഞിട്ടും ആ വീട്ടിൽ തന്നെയാണ് തുടരുന്നത്. ദിവസവും അവിടെയുള്ളവരെ കാണുന്നുണ്ട്, തിരുവനന്തപുരത്തുള്ളപ്പോൾ ഭക്ഷണം കഴിക്കുന്നതും അവരുടെ വീടുകളിൽനിന്നാണ്. വലിയ ബഹളമൊന്നും ഉണ്ടാക്കുന്നില്ല എന്നേയുള്ളൂ. ആ മണ്ഡലത്തിലുള്ളവർക്ക് എന്നെക്കൊണ്ടു ചെയ്യാവുന്ന സഹായങ്ങൾ ചെയ്യുന്നു.

നേമത്തുതന്നെ കേന്ദ്രീകരിക്കാനാണോ താങ്കളുടെ തീരുമാനം?

അതെ. ഇപ്പോഴുമുണ്ടല്ലോ. മിനിയാന്നും അവിടെ കുട്ടികൾക്കു ഫോൺ വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു. ഒരു വാർഡിലെ ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു. തോറ്റു എന്നതുകൊണ്ട് അവരെ ഉപേക്ഷിക്കില്ല. ജയവും തോൽവിയും എല്ലാം ജനാധിപത്യത്തിൽ സ്വാഭാവികമാണ്. രാഷ്ട്രീയപ്രവർത്തനത്തിൽ ഇറങ്ങിത്തിരിച്ചാൽ അതുണ്ടാകും.

kummanam-rajasekharan
കുമ്മനം രാജശേഖരൻ. ∙മനോരമ ഫയൽ ചിത്രം.

വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഒടുവിൽ നേമം, മൂന്നു തോൽവികളെക്കുറിച്ച് എന്താണ് പറയാനുള്ളത്? തിരുവനന്തപുരം കുമ്മനം രാജശേഖരന് ഐശ്വര്യമുള്ള സ്ഥലമല്ലേ?

എനിക്കു വലിയ പ്രതീക്ഷയുണ്ട്. അവർ എന്നെ ഉപേക്ഷിക്കില്ല എന്നു തന്നെയാണ് കരുതുന്നത്. ചുവടോടെ പറിച്ചെടുത്ത് മാറ്റിയിട്ടില്ലല്ലോ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നേകാൽ ലക്ഷം വോട്ടു കിട്ടി. ജനങ്ങളുടെ പിന്തുണയുണ്ട് എന്നാണ് അതു വ്യക്തമാക്കുന്നത്. 64 വർഷമായി കേരളം മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന മുന്നണികളോട് ഏറ്റുമുട്ടി വളരെ പെട്ടെന്നു മുന്നിലെത്താൻ കൂടുതൽ കഠിനാധ്വാനം വേണം. തിരുവനന്തപുരത്തു നിന്നുകൊണ്ടുതന്നെ ഞാൻ പോരാടും. ഇവിടുത്തെ ജനങ്ങൾ എന്നെ ഉപേക്ഷിക്കില്ല.

നിയമസഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ തോൽവിയെക്കുറിച്ച് ഒരുപിടി നിഗമനങ്ങൾ പുറത്തു വന്നിട്ടുണ്ട്. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനത്തിൽ ജനബന്ധമുള്ള നേതാക്കളിൽ ഒരാൾ എന്ന നിലയിൽ എന്താണു പാർട്ടിക്ക് പറ്റിയത്?

ബഹുജനാടിത്തറ ഉള്ള പാർട്ടി ബിജെപിയാണെന്ന് ഈ ഫലം തെളിയിക്കുന്നു. 12% വോട്ട് ലഭിച്ചില്ലേ? ശക്തരായ രണ്ടു മുന്നണികളോടല്ലേ ഏറ്റുമുട്ടിയത്. ഇടതുപക്ഷത്തിന്റെ വലിയ കാറ്റടിച്ചപ്പോൾ യുഡിഎഫിന് ഉണ്ടായ തകർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ വാസ്തവത്തിൽ ബിജെപിക്ക് തകർച്ച ഉണ്ടായില്ല. ‘എൽഡിഎഫ് ബൂം’ ആണ് സംഭവിച്ചത്. എന്നിട്ടും നിലംപരിശായ സ്ഥിതി ബിജെപിക്ക് ഉണ്ടായില്ല. എത്ര ശക്തമായ കൊടുങ്കാറ്റ് അടിച്ചാലും ഇളകാത്ത അടിത്തറ ഞങ്ങൾക്കുണ്ട് എന്നാണ് ഫലം തെളിയിച്ചത്. 9 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തു വന്നു. തളർച്ച ഉണ്ടായി, പക്ഷേ തകർച്ച സംഭവിച്ചിട്ടില്ല.

പക്ഷേ ആ പ്രകടനം വിജയത്തിലേയ്ക്ക് മാറുന്നില്ലല്ലോ? ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കാത്തതാണോ കാരണം?

തിരഞ്ഞെടുപ്പിൽ എപ്പോഴും എണ്ണമാണല്ലോ കാര്യം. തൃശൂരും പാലക്കാടും എല്ലാം ‍ഞങ്ങൾക്ക് ഉണ്ടായ വളർച്ചയും നോക്കണം. ഒരു വോട്ടിനു തോറ്റാലും തോൽവിയാണ്. എന്നാൽ ജനഹൃദയങ്ങളിൽ സീറ്റ് ബിജെപിക്ക് ഉണ്ടെന്നാണ് ഇത്രയും വോട്ടുകൾ കിട്ടിയതു തെളിയിക്കുന്നത്. സംഖ്യാത്മകമായി ഞങ്ങൾ വിജയിച്ചില്ല. പക്ഷേ ഭാവാത്മകമായി ഞങ്ങൾക്ക് സ്ഥാനമുണ്ട്.

k-surendran-1248-16
കെ.സുരേന്ദ്രൻ

നിയമസഭാ തിരഞ്ഞടുപ്പിലെ വലിയ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അഴിച്ചുപണി ആവശ്യമല്ലേ?

ആ നിലയ്ക്ക് നിലംപരിശായി കിടക്കുന്ന അവസ്ഥയൊന്നും പാ‍ർട്ടിക്കില്ല. ധീരമായ നേതൃത്വമാണ് കെ.സുരേന്ദ്രൻ പാർട്ടിക്കു നൽകുന്നത്. ഞങ്ങൾ ഒരു ടീമായിതന്നെ പ്രവർത്തിച്ചു. അല്ലാതെ ഒരു ശൈഥില്യമൊന്നും പാർട്ടിയിൽ ഇല്ല. വലിയ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു നീങ്ങാനുള്ള ബലം ഉണ്ടായില്ല എന്നേയുള്ളൂ. അതു കാലക്രമത്തിൽ നേടിയെടുക്കാൻ കഴിയും. കേരളത്തിൽ ഒരു മഹാസൗധം കെട്ടിപ്പടുക്കാനുള്ള അടിത്തറ ഞങ്ങൾക്കുണ്ട്. അതു ബിജെപി ചെയ്യും.

കെ.സുരേന്ദ്രന്റെ പുതിയ നേതൃത്വത്തിന് പാർട്ടിയിലെ എല്ലാ വിഭാഗങ്ങളുടെയും സ്വീകാര്യത ആർജിക്കാൻ സാധിക്കുന്നില്ലെന്ന വിമർശനത്തെക്കുറിച്ച് എന്താണു പറയാനുള്ളത്?

അതെല്ലാം പുറത്തു നിന്ന് ഓരോരുത്തർ പറയുന്നതാണ്. ആരു പ്രസിഡന്റായി വന്നാലും ഇത്തരം പ്രചാരണങ്ങൾ നടക്കും. ഓരോ യോഗം കഴിയുമ്പോഴും ഇതു പോലത്തെ വാർത്തകൾ വരും. പക്ഷേ ഇന്നേവരെ അങ്ങനെയൊരു സംഘർഷം ഉണ്ടായിട്ടില്ല. സിപിഎമ്മും കോൺഗ്രസും പോലെയാണ് ബിജെപി എന്ന രീതിയിലാണ് മാധ്യമങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. പക്ഷേ ഇവിടെ നേതാക്കൾക്കിടയിൽ ഒരു ശത്രുതയും ഇല്ല, വളരെയേറെ ഐക്യവുമുണ്ട്. ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷേ പാർട്ടിയെ ബാധിക്കുന്ന തരത്തിലുള്ള അന്തച്ഛിദ്രമില്ല...

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയോടെ കെ.സുരേന്ദ്രൻ മാറണമെന്ന വാദം ഉയർന്നപ്പോൾ കുമ്മനം രാജശേഖരനെ തിരികെ സംസ്ഥാന പ്രസിഡന്റാക്കിയേക്കുമെന്ന ശ്രുതി ഉണ്ടായല്ലോ? ആ സാധ്യത താങ്കളും കേട്ടിരിക്കില്ലേ?

അതൊന്നും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഞാനൊരു സ്ഥാനമോഹിയല്ല. എന്നെ സ്തുതിച്ചോ നിന്ദിച്ചോ പറയുന്നതിൽ ഞാൻ മനസ്സു കൊടുക്കാറില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു ഞാൻ വരണമെന്ന് ആരും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അങ്ങോട്ടും പറഞ്ഞിട്ടില്ല.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു കാലത്ത് താങ്കളെ നിന്ന നിൽപിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയതുകൊണ്ട് പ്രയോജനമൊന്നും പാർട്ടിയിൽ ഉണ്ടായില്ല എന്നല്ലേ ഈ തോൽവികളെല്ലാം വിളിച്ചോതുന്നത്?

ഒരു ഘടകത്തിലെ നേതാവിനെ ഗവർണറാക്കുക എന്നത് ആ ഘടകത്തിനു ദേശീയ തലത്തിൽ നൽകുന്ന അംഗീകാരമല്ലേ! എനിക്കു ശേഷം പി.എസ്.ശ്രീധരൻപിള്ളയ്ക്കും ആ അംഗീകാരം ലഭിച്ചു. പൊതു പ്രവർത്തകൻ എന്ന നിലയിൽ ബഹുമതി കൂടിയാണ് ആ പദവി. ഉന്നതമായ ഒരു ഭരണഘടനാ പദവിയിലേക്ക് കേരളത്തിൽനിന്ന് ഒരാളെ നിയോഗിക്കുന്നത് നല്ല കാര്യമാണല്ലോ.

പക്ഷേ ആ മാറ്റം താങ്കൾ പോലും അറിയാതെ ആയിരുന്നു, ആർഎസ്എസ് അതിൽ പ്രകോപിതരായി. കേന്ദ്ര നേതൃത്വത്തിന്റെ ആ തീരുമാനം സംഘടനയിൽ സൃഷ്ടിച്ച ചലനങ്ങൾ ‘പോസിറ്റീവ്’ ആയിരുന്നില്ല എന്നു ചിന്തിക്കുന്നവരുണ്ട്. കുറേക്കൂടി ആലോചിച്ച് എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നില്ലേ അത്?

ഒരാളെ ഗവർണറാക്കാൻ പിന്നാലെ നടന്നു ‘പറ്റുമോ ഇല്ലയോ’ എന്നു ചോദിക്കേണ്ട കാര്യമില്ലല്ലോ. വേണ്ടെങ്കിൽ എനിക്ക് അപ്പോൾതന്നെ പറയാമായിരുന്നു. അതിനെല്ലാം ഉള്ള സ്വാതന്ത്ര്യമുണ്ട്. ആ സമയത്തു പത്രങ്ങളിൽ ചില പ്രതികരണങ്ങൾ വന്നിട്ടുണ്ട്. ദേശീയനേതൃത്വം കേരളത്തിനു നൽകിയ ഒരു അംഗീകാരമായിട്ടാണ് പക്ഷേ പാർട്ടിയും ആർഎസ്എസും കരുതുന്നത്. ഞാനും അങ്ങനെയാണ് കണ്ടിട്ടുള്ളത്. ഗവർണറാകാൻ എനിക്ക് ആഗ്രഹമില്ലല്ലോ, അതുകൊണ്ട് എന്നോട് ആലോചിച്ചില്ല എന്നൊന്നും കരുതിയില്ല. കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത് അതാണെങ്കിൽ അങ്ങനെ, അത്രയേയുള്ളൂ.

മിസോറം ഗവർണറായതിനു ശേഷം ആ പദവിയോട് താങ്കൾക്കു പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നു കരുതുന്നവരുണ്ടല്ലോ?

അങ്ങനെയൊന്നുമില്ല. ഏതു കാര്യം ആവശ്യപ്പെട്ടാലും അതു പഠിച്ചു വിജയം കൈവരിക്കാൻ ശ്രമിക്കുക എന്നതാണ് എന്റെ ശൈലി. സംഘടന ഏൽപിക്കുന്നത് ഞാൻ ചെയ്യും. ഞാൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന ആളല്ല. പെട്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റാകണമെന്നു പറഞ്ഞപ്പോൾ രണ്ടു കയ്യും ഉയർത്തി അതിനെ സ്വാഗതം ചെയ്തു. എന്റെ ഇഷ്ടമല്ല അതിൽ പ്രധാനം.

Kummanam-Rajasekharan1
കുമ്മനം രാജശേഖരൻ

മിസോറം ഗവർണർ പദവി ഉപേക്ഷിക്കാനുള്ള തീരുമാനം താങ്കളുടെതന്നെ ആയിരുന്നോ? തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ കേന്ദ്രനേതൃത്വം തീരുമാനിക്കുന്നതിനു മുൻപുതന്നെ ഗവർണർ പദവി രാജിവയ്ക്കാൻ താങ്കൾ തീരുമാനിച്ചു എന്നതു ശരിയാണോ?

കേരളത്തിലെ പാർട്ടിയുടെ ആകെ ആവശ്യം ഞാൻ തിരുവനന്തപുരത്തു മത്സരിക്കണം എന്നതായിരുന്നു. അക്കാര്യം ദേശീയ അധ്യക്ഷൻ എന്നോടു പറഞ്ഞു. അത് അംഗീകരിച്ചുകൊണ്ട് ഗവർണർ പദവി രാജിവച്ചു. എനിക്ക് ആ പദവിയോട് ഒരു അറ്റാച്ച്മെന്റും ഉണ്ടായിരുന്നില്ല. ഇവിടെ വന്നു മത്സരിച്ചു, തോറ്റു. അതുകൊണ്ട് എന്നിലെ എന്നിൽ ഒരു മാറ്റവും ഇല്ല.

ആദ്യം സംസ്ഥാന പ്രസിഡന്റ് സ്ഥാനം പോയി, പിന്നീട് ഗവർണർ പദവി നഷ്ടപ്പെട്ടു, വ്യക്തിപരമായി ഇതെല്ലാം നഷ്ടമല്ലേ?

അതെല്ലാം നേട്ടമായിരുന്നു എന്നു വിശ്വസിക്കുമ്പോഴല്ലേ നഷ്ടം എന്നു തോന്നൂ. ആ സ്ഥാനമെല്ലാം ഒരു ജീവിതാഭിലാഷമായോ വിജയമായോ കണ്ടിരുന്നില്ല പദവി ആയിട്ട് കണ്ടിട്ടില്ല, ചുമതല ആയാണ് കണ്ടത്. പദവിയിൽ കടിച്ചു തൂങ്ങിയിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനോട് ഒരു അറ്റാച്ച്മെന്റ് ഉണ്ടാകും. ഞാൻ പൊതുവിൽ ഡിറ്റാച്ച്ഡ് ആണ്. ദിവസവും ഷർട്ടു മാറുന്നതുകൊണ്ട് ഞാൻ മാറുന്നില്ലല്ലോ.

തുടർച്ചയായി വിവാദങ്ങളിൽ പെട്ടിരിക്കുകയാണല്ലോ ബിജെപി. കൊടകര കുഴൽപ്പണ കേസിൽ അടക്കം പാർട്ടിയെ വേട്ടയാടുന്നു. കേന്ദ്രം ഭരിക്കുന്ന പാ‍ർട്ടിക്ക് കേരളത്തിൽ ഉണ്ടാകുന്ന ഈ അവസ്ഥയ്ക്കു കാരണക്കാർ ആരാണ്? പാർട്ടിയുടെ ശബ്ദംതന്നെ വേണ്ട രീതിയിൽ ഉയരാത്ത സ്ഥിതിയില്ലേ?

ഉയർന്നു വന്ന കേസുകളിലെല്ലാം ബിജെപിയുടെ നിരപരാധിത്വം ജനങ്ങൾക്കു ബോധ്യമാക്കിക്കഴി‍ഞ്ഞു. കൊട്ടിഘോഷിച്ച കുഴൽപ്പണക്കേസിൽ കുറ്റക്കാരാണെങ്കിൽ പ്രതിസ്ഥാനത്തല്ല നേതാക്കൾ വരേണ്ടത്? അങ്ങനെ സംഭവിച്ചില്ലല്ലോ. മല പോലെ വന്നത് എലിപോലെ ആയി. ബിജെപിയെ അവഹേളിക്കാൻ സംഘടിതമായി നടത്തിയ നീക്കമായിരുന്നു അത്. ബിജെപിയുടെ സത്യസന്ധത തെളിയിക്കാൻ കിട്ടിയ അവസരമായിട്ടാണ് ഇതിനെയെല്ലാം ഞാൻ കാണുന്നത്. ചെളി വാരിയെറിയുന്തോറും വിശ്വാസ്യത ശക്തമാക്കി പാർട്ടി മുന്നോട്ടു പോകും.

kummanam-3
വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ.

വിശ്വാസ്യത ഉറപ്പിക്കണമെങ്കിൽ ചില മാറ്റങ്ങൾ സംഘടന തലത്തിൽ നടപ്പാക്കുക കൂടി വേണ്ടേ?

ഈ കേസുകൾ വന്നത് നേതാക്കളുടെ വീഴ്ച കൊണ്ടല്ല. ഏതു തിരഞ്ഞെടുപ്പിലും പാർട്ടികൾ തോൽക്കാറുണ്ട്. വീണ്ടും ഉയിർത്തെഴുന്നേറ്റു വരും. എന്തു വേണമെന്നു പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അതിൽ എന്റെ വ്യക്തിപരമായ അഭിപ്രായത്തിനു പ്രസക്തിയില്ല. എങ്ങനെ മുന്നോട്ടു പോകണമെന്ന് നേതൃത്വം ആലോചിച്ചു തീരുമാനിക്കും.

ബിജെപിയുടെ കേന്ദ്രസർക്കാരിന്റെ ഏജൻസികൾ കേരളത്തിലെ സർക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങൾ സിപിഎം ആരോപിക്കുന്നതു പോലെ ചീറ്റിപ്പോയോ?

ഇത്രയും പേർ ജയിലിൽ കിടപ്പുണ്ടല്ലോ. അന്വേഷണം നടക്കുമ്പോൾ പലരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതുകൊണ്ട് അവർ പ്രതികളാകണം എന്നില്ല. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ലല്ലോ ഏജൻസികൾ ശ്രമിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുത്തു. ശക്തമായ നടപടി എടുക്കുന്നവർ ആയതു കൊണ്ടാണല്ലോ അവർക്ക് എന്തിന് പരാതി നൽകിയെന്നു കെ.ടി.ജലീലിനോട് മുഖ്യമന്ത്രി ചോദിച്ചത്! കേന്ദ്ര ഏജൻസികളെ കേരളത്തിൽ കൂച്ചു വിലങ്ങിടാനാണു പിണറായി വിജയൻ ശ്രമിക്കുന്നത്

തിരഞ്ഞെടുപ്പിനു ശേഷം ബിജെപി ഒരു മാറ്റത്തിനും തയാറായില്ല, കോൺഗ്രസ് അഴിച്ചുപണിയുടെ പാതയിലും?

തകർന്നു തരിപ്പണമായ ഒരു കുടുംബത്തെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത്. അത് അവരുടെ തകർച്ചയുടെ ലക്ഷണമാണ്. ബിജെപിയിൽ ഏറ്റുമുട്ടലോ, വിഴുപ്പലക്കലോ ഇല്ല.

kummanam-2
കുമ്മനം രാജശേഖരൻ

പക്ഷേ കോൺഗ്രസിലെ ഈ പ്രശ്നങ്ങൾ മുതലെടുക്കാനുള്ള സ്ഥിതിയോ രാഷ്ട്രീയ സാഹചര്യമോ ബിജെപിക്ക് ഇല്ലാതെ പോയില്ലേ?

കോൺഗ്രസിൽനിന്നു ചില ആളുകളെ പ്രലോഭിപ്പിച്ചും സ്ഥാനം കൊടുത്തും സിപിഎം കൊണ്ടുപോകുന്നുണ്ട്. ബിജെപിക്കും വേണമെങ്കിൽ അതു ചെയ്യാം. വശീകരിച്ചും വാഗ്ദാനം നൽകിയും ചിലരെ പിടികൂടാം .പക്ഷേ അതുകൊണ്ട് എന്തു കാര്യം! ബിജെപിയോടും മോദി സർക്കാരിനോടും പ്രതിബദ്ധത ഉള്ളവർക്കേ ഇവിടെ സ്ഥാനമുള്ളൂ.

നിരാശ ബാധിച്ചവരെയും അസ്വസ്ഥരായി നിൽക്കുന്നവരെയും ചെന്നു കണ്ട് ഈ അവസരം മുതലെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒന്നു ചീഞ്ഞ് മറ്റൊന്നിനു വളമാക്കുന്ന രീതിയോട് യോജിപ്പില്ല. അതു സ്ഥായിയായി നിലനിൽക്കില്ല. പാർട്ടി ശക്തിപ്പെടണമെങ്കിൽ ആശയപരമായ ദാർഢ്യം ഉണ്ടാകണം. ഈ തിരിച്ചടിയെല്ലാം ഉണ്ടായിട്ടും മറ്റൊരു രാഷ്ട്രീയ പാർട്ടിയും ചെയ്യാത്തതു പോലെ നേതാക്കൾ ബൂത്തു വരെ എത്തി ഞങ്ങൾ കാര്യങ്ങൾ പഠിച്ചില്ലേ. കോർകമ്മിറ്റി ആ നിർദേശങ്ങളെല്ലാം പരിശോധിക്കും. .

ഈ കോർകമ്മിറ്റിയോടെ ചില മാറ്റങ്ങൾക്ക് ബിജെപി തുടക്കം കുറിക്കുമെന്നാണോ?

മാറ്റം തീരുമാനിക്കാനല്ല യോഗം ചേരുന്നത്. കാര്യങ്ങൾ വിലയിരുത്താനാണ്. ബൂത്തുതലം വരെ ഉള്ളവർ എങ്ങനെ ചിന്തിക്കുന്നുവെന്നതു ഞങ്ങൾ വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിൽ എന്തു വേണമെന്നു തീരുമാനിക്കും.

ഗവർണർ പദവി രാജിവച്ചതിനു ശേഷം താങ്കൾ കേന്ദ്ര മന്ത്രിയാകും, ബിജെപി ദേശീയ ഭാരവാഹിയാകും എന്നെല്ലാം ഇടയ്ക്കിടെ വാർത്ത വരുന്നുണ്ടല്ലോ. പക്ഷേ തീരുമാനം ഉണ്ടാകുന്നുമില്ല. താങ്കളോട് അവഗണന ഉണ്ടോ?

ആ വാർത്തകളിൽ എനിക്ക് ഒരു ഉത്തരവാദിത്തവുമില്ല. എവിടെയെങ്കിലും ഗവർണർ പദവി ഒഴിവു വന്നാൽ ഉടൻ കുമ്മനം രാജശേഖരനെ ഗവർണറാക്കാൻ പോകുന്നുവെന്ന വാർത്ത വരും. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന വരുമ്പോൾ മന്ത്രിയാകുമെന്നു പറയും. സംഘടനാ ഒഴിവു വരുമ്പോഴും പറയും. വെറുതെ ആശയക്കുഴപ്പം ഉണ്ടാക്കാം എന്നല്ലാതെ എന്തുകാര്യം. ഞാൻ വിനീതനായ ഒരു പ്രവർത്തകനാണ്. ഇപ്പോൾ പാർട്ടി കോർകമ്മിറ്റി അംഗമാണ്.

kummanam-rajasekharan
കുമ്മനം രാജശേഖരൻ. ∙മനോരമ ഫയൽ ചിത്രം.

സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങി പരിസ്ഥിതിക, സാമൂഹിക പ്രവർത്തനങ്ങളിലേക്കു വൈകാതെ താങ്കൾ കേന്ദ്രീകരിക്കുമെന്നു പറയുന്നതു ശരിയാണോ?

പാരിസ്ഥിതിക, ധാർമിക വിഷയങ്ങളിൽ പഴയതു പോലെത്തന്നെ ‍ഞാൻ ഇടപെടുന്നുണ്ട്. ആറന്മുളയിലെ പൈതൃക ഗ്രാമം, ആദിവാസി വിഭാഗങ്ങൾക്കായുള്ള ഒരു വലിയ ക്ഷേമ പദ്ധതി, ജടായുപ്പാറയിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള പദ്ധതി, നദീ സംരക്ഷണ യജ്ഞം... ഇതിൽ എല്ലാം നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്. പാർട്ടിയിൽ എന്തു ചെയ്യണം എന്നു തീരുമാനിക്കേണ്ടത് നേതൃത്വമാണ്. ഇപ്പോൾ കോർ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു. അതിന്റെ ചുമതലകൾ നിർവഹിക്കുന്നു. ഞാൻ പൂർണ സംതൃപ്തനാണ്. ദിവസവും നിന്നു തിരിയാൻ വയ്യാത്ത നിലയിൽ പരിപാടിയും യാത്രയും മറ്റും ഉണ്ട്.

English Summary: Cross Fire Exclusive Interview with BJP Leader Kummanam Rajasekharan

(ക്രോസ് ഫയർ എക്സ്‌ക്ലുസിവ് ഇന്റർവ്യൂകൾ വായിക്കാം– ഇവിടെ ക്ലിക്ക് ചെയ്യൂ...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA