ADVERTISEMENT

കൊച്ചി ∙ ഏഷ്യൻ സൂചികകൾക്കൊപ്പം മുന്നേറ്റത്തോടെ കഴിഞ്ഞ വാരം ആരംഭിച്ച ഇന്ത്യൻ വിപണി മറ്റു രാജ്യാന്തര വിപണികളുടെ കിതപ്പിനൊപ്പം ഒരു റേഞ്ച് ബൗണ്ട് ക്ലോസിങ് സ്വന്തമാക്കി. ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ റിലയൻസും ഐടി, ഫാർമ, ഓട്ടോ സെക്ടറുകളും കയറ്റിയ ഇന്ത്യൻ സൂചികകൾക്ക് പിന്നീടുള്ള ദിവസങ്ങളിൽ ബാങ്കിങ്, എഫ്എംസിജി, എനർജി, മെറ്റൽ സെക്ടറുകൾ കരുത്ത് പകർന്നു. 37,000 പോയിന്റിലെ റെസിസ്റ്റൻസ് കടന്നു മുന്നേറിയേക്കാവുന്നത് ഇന്ത്യൻ വിപണിക്കു വരുന്നയാഴ്ചയും അനുകൂലമായേക്കാം. ഓഹരി വിപണിയിലെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണു ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

17,369 പോയിന്റിൽ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 17220, 17100 പോയിന്റുകളിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 17,500 കടന്നാൽ നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ് 17,800 പോയിന്റിലാണെങ്കിലും ആഗോള സാമ്പത്തിക വ്യവസ്ഥ മാന്ദ്യ ഭീഷണിയിലാണെന്നത് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും മുന്നേറ്റത്തിനു വിഘാതമായേക്കും. എങ്കിലും റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് മുതലായ ഓഹരികൾ അടുത്ത കുതിപ്പിനൊരുങ്ങുന്നതും മെറ്റൽ, ഇൻഫ്രാ, സിമന്റ്, ടെക്സ്റ്റൈൽ സെക്ടറുകളിലെ വാങ്ങലും, സ്‌മോൾ ആൻഡ് മിഡ് ക്യാപ് സെക്ടറുകളുടെ തുടരുന്ന മുന്നേറ്റവും ഇന്ത്യൻ നിക്ഷേപകർക്ക് അടുത്ത ആഴ്ചയിലും അനുകൂല സാഹചര്യമൊരുക്കുമെന്ന് കരുതുന്നു.

ജോബ് റിപ്പോർട്ടിന്റെ പകപ്പ്

മോശം ഇക്കണോമിക് ഡേറ്റ ഫെഡ് റിസർവിനെ മാസം തോറുമുള്ള 120 ബില്യൻ ഡോളറിന്റെ ബോണ്ട് വാങ്ങലിൽ കുറവു വരുത്തുന്നതിൽനിന്നു തടയുമെന്ന ധാരണയിൽനിന്നു തൊഴിലുകൾ ഉൽപാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ, സ്റ്റിമുലസ് പാക്കേജ് തുടരുന്നത് ഫെഡിന് ബാധ്യതയാകുമെന്ന വാദത്തിലേക്ക് ജെയിംസ് ബുള്ളാർഡിനെ പോലുള്ള ഫെഡ് അംഗങ്ങൾ മാറിയത് അമേരിക്കൻ വിപണിയുടെ നടുവൊടിച്ചു. ജൂലൈ മാസത്തിൽ ഒരു ദശലക്ഷം പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ട അമേരിക്കയിൽ ഓഗസ്റ്റിൽ ഡെൽറ്റ വൈറസ് വ്യാപന സാഹചര്യത്തിൽ വെറും രണ്ടര ലക്ഷം തൊഴിലുകൾ മാത്രം എന്ന നിലയിലേക്കുള്ള വീഴ്ച അടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ കടന്നു വരവായി വിപണി മനസ്സിലാക്കിയത് ലോക വിപണിക്കു ക്ഷീണമായി.

share-trading
ഫയൽ ചിത്രം

മികച്ച ജിഡിപി കണക്കുകളുടെയും അനുമാനങ്ങളുടെയും പിൻബലത്തിൽ ജാപ്പനീസ് വിപണി കഴിഞ്ഞ വാരം മൂന്ന് ശതമാനം മുന്നേറിയപ്പോൾ, ഭേദപ്പെട്ട ഇക്കണോമിക് ഡേറ്റകളുടെ പിൻബലം ചൈനീസ് വിപണിക്കും അനുകൂലമായി. ഇന്ത്യയും ഹോങ്കോങ്ങും റേഞ്ച് ബൗണ്ട് ചലനങ്ങൾ നടത്തിയപ്പോൾ, കൊറിയയും യൂറോപ്യൻ വിപണികളും തിരുത്തൽ നേരിട്ടു. രണ്ടര ശതമാനത്തിനടുത്താണ് ഡൗ ജോൺസിന്റെ കഴിഞ്ഞ വാരത്തിലെ നഷ്ടം. മികച്ച ജോബ് ഡേറ്റ വ്യാഴാഴ്ച പോസിറ്റീവ് ഓപ്പണിങ് നൽകിയെങ്കിലും അമേരിക്കൻ സൂചിക പിടിച്ചു നിന്നില്ല.

വെള്ളിയാഴ്ച പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സിലെ മുന്നേറ്റം വീണ്ടും ഇൻഫ്‌ളേഷൻ പേടി അമേരിക്കൻ വിപണിയെ കീഴടക്കിയതും ശ്രദ്ധിക്കുക. ഫെഡ് ബജറ്റും അമേരിക്കൻ ഇൻഫ്‌ളേഷൻ ഡേറ്റയും ജോബ് ഡാറ്റയും ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ ഡേറ്റയും ലോക വിപണിക്കു പ്രധാനമാണ്.

ഇന്ത്യൻ ഇക്കണോമിക് ഡേറ്റ

ജൂലൈ മാസത്തിൽ ഇന്ത്യയുടെ വ്യവസായികോൽപാദനം മുൻ വർഷത്തിൽനിന്ന് 11.5% വളർച്ച നേടി കോവിഡിനു മുൻപുള്ള നിലയിലേയ്ക്കുയർന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. വിപണി പ്രതീക്ഷകൾക്കപ്പുറമാണ് ഐഐപി ഡേറ്റ വളർച്ചയെങ്കിലും 32.38 ലക്ഷം കോടിയുടെ ഒന്നാംപാദ ആഭ്യന്തര ഉൽപാദനം 2019-20 വർഷത്തെ ഒന്നാം പാദ ജിഡിപി സംഖ്യയായ 35 .35 ലക്ഷം കോടിയിലേക്കെത്താൻ നിലവിലെ മൂലധന നിക്ഷേപാനുപാദങ്ങൾ വർധിക്കണം.

മൈനിങ്, പവർ, മാനുഫാക്ചറിങ് സെക്ടറുകൾ മുന്നേറ്റം തുടരുമ്പോഴും മറ്റു സെക്ടറുകളിലെ മെല്ലെപ്പോക്ക് പരിഹരിക്കാൻ സർക്കാർ ഇടപെടലുകൾ വിപണി പ്രതീക്ഷിക്കുന്നു. നാളെ പുറത്തു വരുന്ന ഇന്ത്യയുടെ റീട്ടെയിൽ, ഹോൾസെയിൽ പണപ്പെരുപ്പ കണക്കുകളും ഇന്ത്യൻ വിപണിക്കു പ്രധാനമാണ്. ആർബിഐയുടെ അനുവദനീയ നിരക്കിനൊപ്പമെത്തി നിൽക്കുന്ന റീറ്റെയ്ൽ പണപ്പെരുപ്പം ഇനിയും വർധിക്കുന്നത് ഇന്ത്യൻ വിപണിക്കും ക്ഷീണമായേക്കും.

Stock-Market-Stock-Exchange
ഫയൽ ചിത്രം

ഓഹരികളും സെക്ടറുകളും

∙ ദിവസങ്ങൾ നീണ്ട കൺസോളിഡേഷനു ശേഷം ബാങ്കിങ് സെക്ടർ ബുധാനാഴ്ച ഇന്ത്യൻ വിപണിയെ മുന്നേറ്റത്തോടെ താങ്ങി നിർത്തിയെങ്കിലും വ്യാഴാഴ്ച വീണ്ടും ലാഭമെടുക്കലിൽ നേരിയ നഷ്ടം രേഖപ്പെടുത്തി. അടുത്ത കുതിപ്പിൽ ബാങ്ക് നിഫ്റ്റി 37,000 പോയിന്റിലെ റെസിസ്റ്റൻസ് മറികടന്ന് ബ്രേക്ക് ഔട്ട് സ്വന്തമാക്കിയാൽ ഇന്ത്യൻ വിപണിക്കും മുന്നേറ്റ സാധ്യതയുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ചലനങ്ങൾ വിപണിക്കു പ്രധാനമാണ്. കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് എന്നിവയും മുന്നേറ്റ പ്രതീക്ഷയിലാണ്.

∙ ഉത്സവ സീസൺ ഓഫറായി കൊട്ടക്ക് മഹീന്ദ്ര ബാങ്ക് 6.5% പലിശക്കു ഹോം ലോൺ നൽകുന്നത് ബാങ്കിന്റെ റീട്ടെയിൽ ലോൺ വിപണി വിഹിതം വർധിപ്പിച്ചേക്കാം. ഓഹരി മുന്നേറ്റം തുടരും.

∙ ടെക്സ്റ്റൈൽ സെക്ടറിനെയും പിഎൽഐ സ്കീമിലുൾപ്പെടുത്തിക്കൊണ്ട് അടുത്ത അഞ്ചു വർഷംകൊണ്ട് 10,683 കോടി ഡോളറിന്റെ ഇൻസെന്റീവ് സ്ട്രക്ചർ പ്രഖ്യാപിച്ചത് ഇന്ത്യൻ ടെക്സ്റ്റൈൽ ഓഹരികൾക്കു വലിയ കുതിപ്പു നൽകും. ടെക്സ്റ്റൈൽ ഓഹരികൾ ദീർഘകാല നിക്ഷേപങ്ങൾക്കു പരിഗണിക്കാം. ടെക്സ്റ്റൈൽ ഇൻഫ്രാ, ടെക്, ടെക്സ്റ്റൈൽ കെമിക്കൽ ഓഹരികളും മുന്നേറ്റം നേടും.

share
ഫയൽ ചിത്രം

∙ ജിയോ ഫോൺ നെക്സ്റ്റ് റിലയൻസിനു വീണ്ടും മുന്നേറ്റം നൽകിയേക്കും. 2500 രൂപ കടന്നാൽ 2800 രൂപയാണ് റിലയൻസിന്റെ ലക്ഷ്യം. ഒരു കൺസോളിഡേഷനു ശേഷമാകാം അടുത്ത കുതിപ്പെന്നും കരുതുന്നു.

∙ കഴിഞ്ഞ ആഴ്ചയിൽ ഒന്നര ശതമാനം മുന്നേറ്റം കരസ്ഥമാക്കിയ ഇൻഫ്രാ സെക്ടർ നിക്ഷേപത്തിനു പരിഗണിക്കാം. കൂടുതൽ സർക്കാർ കോൺട്രാക്ടുകളും പവർ - റോഡ് പ്രൊജക്റ്റ് പ്രഖ്യാപനങ്ങളും വരും ആഴ്ചകളിലും ഇൻഫ്രാ ഓഹരികൾക്ക് അനുകൂലമായേക്കാം. എൽ ആൻഡ് ടി, എച്ച്ജി ഇൻഫ്രാ, ഐആർബി ഇൻഫ്രാ, അശോക ബിൽഡ്‌കോൺ മുതലായവ പരിഗണിക്കാം.

∙ അടുത്ത വർഷത്തോടെ ഇന്ത്യയെ ജെപി മോർഗൻ, ഗവൺമെന്റ് ബോണ്ട് ഇൻഡക്സിന്റെ ഭാഗമാക്കി മാറ്റിയേക്കാവുന്നത് ഇന്ത്യൻ ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്കും ഭാവിയിൽ അനുകൂലമാണ്.

A man watches share prices on a digital display on the facade of the Bombay Stock Exchange (BSE) building in Mumbai on March 12, 2020. (Photo by Indranil MUKHERJEE / AFP)
ഫയൽ ചിത്രം

∙ ഐടി സെക്ടർ ചെറു തിരുത്തലിനു ശേഷം അടുത്ത കുതിപ്പിനു മുന്നോടിയായി വ്യാഴാഴ്ച വീണ്ടും തിരിച്ചുവരവു നടത്തിയത് ശ്രദ്ധിക്കുക. ടിസിഎസിനും വിപ്രോയ്ക്കും ടെക് മഹീന്ദ്രക്കുമൊപ്പം മിഡ് ക്യാപ് ഐടി ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം.

∙ ചിപ്പ് ക്ഷാമം ഓട്ടോ സെക്ടറിന് ക്ഷീണം നൽകിക്കഴിഞ്ഞു. ബൈക്ക്, ട്രക്ക് സെക്ടറുകളിലെ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. ടിവിഎസ്, ഐഷർ, അശോക് ലെയ്‌ലാൻഡ് മുതലായ ഓഹരികൾ മുന്നേറ്റ പാതയിലാണ്.

∙ ടാറ്റ മോട്ടഴ്‌സ് ഡെമെർജെർ കൂടി പരിഗണിച്ച് ഓരോ ഉയർച്ചയിലും നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണ്. 313, 318 നിരക്കുകളിലെ റെസിസ്റ്റൻസുകൾ കടന്നാൽ ഓഹരി മുന്നേറ്റം നേടിയേക്കാം. വീണുകിടക്കുന്ന ഓട്ടോ സെക്ടറിലെ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ സെക്ടറിന്റെ തിരിച്ചുവരവിനും കാരണമായേക്കാം.

∙ ഓട്ടോ സെക്ടറിലെ മെല്ലെപ്പോക്ക് ഓട്ടോ അൻസിലറി ഓഹരികളെയും മികച്ച നിക്ഷേപ നിരക്കുകളിലെത്തിച്ചു കഴിഞ്ഞത് ശ്രദ്ധിക്കുക. റാണെ എൻജിൻ, മതേഴ്‌സൺ സുമി മുതലായ ഓഹരികൾ അടുത്ത മുന്നേറ്റത്തിൽ നിക്ഷേപത്തിന് പരിഗണിക്കാം.

∙ ആധാർ കെവൈസി ആവശ്യങ്ങൾക്കായുള്ള സൈൻ അതോറിറ്റിയായി സിഡിഎസ്എല്ലിനെ നിയമിച്ചത് ഓഹരിക്കു വീണ്ടും മുന്നേറ്റം നൽകി. ഓഹരി ദീർഘകാല നിക്ഷേപത്തിനു പരിഗണിക്കാം.

∙ ഹോസ്പിറ്റാലിറ്റി സെക്ടർ അടുത്ത കുതിപ്പിനായി ഒരുങ്ങുകയാണ്. കൂടുതൽ  ഹോട്ടൽ ഓഹരികൾ പോർട്ഫോളിയോകളിൽ പരിഗണിക്കാം. ഷാലെറ്റ് ഹോട്ടൽ, ഐടിസി, ഇന്ത്യൻ ഹോട്ടൽ എന്നിവയ്ക്കൊപ്പം, ഈസി ട്രിപ്പ്, ഡെൽറ്റ കോർപ് എന്നിവയും പരിഗണിക്കാം.

An Indian stock trader monitors share prices on his terminal during intra-day trade at a brokerage house in Mumbai on March 7, 2014. Indian share prices surged to a record high as the BSE benchmark Sensex index reached 21,866.51 points for the first time.  AFP PHOTO/INDRANIL MUKHERJEE (Photo by INDRANIL MUKHERJEE / AFP)
An Indian stock trader monitors share prices on his terminal during intra-day trade at a brokerage house in Mumbai on March 7, 2014. Indian share prices surged to a record high as the BSE benchmark Sensex index reached 21,866.51 points for the first time. AFP PHOTO/INDRANIL MUKHERJEE (Photo by INDRANIL MUKHERJEE / AFP)

ക്രൂഡ് ഓയിൽ

ഐഡ കൊടുങ്കാറ്റിനു ശേഷം പൂർവ സ്ഥിതിയിലായിക്കൊണ്ടിരിക്കുന്ന അമേരിക്കൻ ഓയിൽ ഫീൽഡുകൾ എണ്ണ ശേഖരത്തിൽ കുറവ് കാണിച്ചത് ക്രൂഡിനു മുന്നേറ്റം നൽകി. ആണവോർജ ഏജൻസി ടെഹ്റാനിൽ ചർച്ചയ്ക്കു പോകുന്നതും ഒപെക് എണ്ണ ഉൽപാദനം വർധിപ്പിക്കാനൊരുങ്ങുന്നതിനൊപ്പം 2022ലെ എണ്ണ ആവശ്യകതയിൽ കുറവ് വരുമെന്നു പ്രതീക്ഷിക്കുന്നതും ക്രൂഡിന് അടുത്ത വാരം വീണ്ടും വിനയായേക്കാം. റെക്കോർഡ് വിലയിൽ കൺസോളിഡേറ്റു ചെയ്യുന്ന പ്രകൃതിവാതക വിലക്കയറ്റം എനർജി ഓഹരികൾക്കു മുന്നേറ്റം നൽകുന്നു. ഓയിൽ ഇന്ത്യ, ഒഎൻജിസി, ഗെയിൽ മുതലായവ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

crude-oil
ഫയൽ ചിത്രം

സ്വർണം

ഡോളർ മുന്നേറ്റത്തിൽ 1790 ഡോളറിന്റെ പിന്തുണയും   നഷ്ടപ്പെട്ട സ്വർണം കൺസോളിഡേഷൻ പ്രതീക്ഷയിലാണ്. 1770 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ സ്വർണത്തിന്റെ അടുത്ത പിന്തുണ. ബേസ് മെറ്റലുകളിലെ മുന്നേറ്റം മെറ്റൽ ഓഹരികൾക്കും അനുകൂലമാണ്.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: 8606666722, ഇമെയിൽ: buddingportfolios@gmail.com

English Summary: Indian stock market analysis- stock forecast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com