ADVERTISEMENT

കൊച്ചി ∙ കപ്പൽ നിർമാണ ശാലയിലേയ്ക്കു വന്ന അജ്ഞാത ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടുപിടിക്കാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നതിനിടെ വീണ്ടും ഇമെയിൽ സന്ദേശം. കഴിഞ്ഞ ദിവസം നാലു സന്ദേശങ്ങൾ ലഭിച്ചതായാണ് വിവരം. കപ്പൽശാലയുമായി അടുത്തു പരിചയമുള്ളവരാണ് മെയിൽ അയച്ചിരിക്കുന്നത് എന്നാണു സൂചന.

കപ്പൽശാലയിലെ ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് പുതിയ ഭീഷണി. കപ്പൽശാലാ അധികൃതർ ഇമെയിൽ ലഭിച്ച വിവരം മാധ്യമങ്ങളോടു സ്ഥിരീകരിച്ചിട്ടില്ല. തുടർച്ചയായി ഇതു മൂന്നാം തവണയാണ് കപ്പൽശാലയ്ക്കു ഭീഷണി ലഭിക്കുന്നത്. കേസിൽ ജീവനക്കാരെ ഉൾപ്പെടെ നിരവധിപ്പേരെ ചോദ്യം ചെയ്തെങ്കിലും ഇതുവരെയും ആരെയും അറസ്റ്റു ചെയ്യാൻ സാധിച്ചിട്ടില്ല.

അതേസമയം, ഉറവിടം അത്രപെട്ടെന്നു കണ്ടുപിടിക്കാൻ സാധിക്കാത്ത സാങ്കേതിക സംവിധാനമുള്ള ആപ്പിലൂടെയാണ് ഇമെയിലുകൾ വരുന്നത് എന്നതാണ് പൊലീസിനെ വട്ടംചുറ്റിക്കുന്നത്. സംസ്ഥാന പൊലീസിന്റെ കീഴിലുള്ള സൈബർഡോം ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് തുടർച്ചയായി ഭീഷണി വരുന്നത്.

അതുകൊണ്ടുതന്നെ സേനയ്ക്കുള്ളിൽ അസംതൃപ്തി പുകയുന്നുണ്ട്. ഇമെയിൽ ഉറവിടം കണ്ടു പിടിക്കാനാകാത്തത് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നതിന് വഴിവയ്ക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു. അന്വേഷണത്തിൽ പുരോഗതി ഇല്ലാതായതോടെ ഇതു സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്കു കൈമാറുന്നതിനു പൊലീസും തയാറാകാത്ത സാഹചര്യമുണ്ട്. 

കഴി‍ഞ്ഞ മാസം 24നാണ് കൊച്ചി കപ്പൽശാലയ്ക്ക് ആദ്യത്തെ ഭീഷണി സന്ദേശം വരുന്നത്. ഇവിടെ പ്രതിരോധ സേനയ്ക്കായി നിർമാണം പൂർത്തിയാക്കുന്ന വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സ്ഫോടനത്തിലൂടെ തകർക്കുമെന്നായിരുന്നു ഭീഷണി. ഭാര്യയും മക്കളും ഭീകരരുടെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കുന്നതിന് രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ ക്രിപ്റ്റോ കറൻസി നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

തുടർന്ന് പൊലീസിൽ പരാതി ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ അന്വേഷണ സംഘത്തിൽനിന്നു ഫിഷിങ് ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. തൊട്ടുപിന്നാലെ ഒന്നിലേറെ ഭീഷണി മെയിലുകൾ കപ്പൽശാലയിലെ പല ഉദ്യോഗസ്ഥർക്കായി ലഭിച്ചു. രാജ്യ സുരക്ഷയുടെ വിഷയമായതിനാൽ വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കേസ് അന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു. പ്രതി വൈകാതെ വലയിലാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

English Summary: Anonymous email threatens Cochin Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com