സിനിമയല്ല, സീരിയലാണ് യഥാർഥ വില്ലൻ; ലൈംഗിക അരാജകത്വം വരും: ആദം അയൂബ്

Adam Ayub Photo: adam.ayub.37 / Facebook
ആദം അയൂബ്. ചിത്രം: adam.ayub.37 / Facebook
SHARE

ഒടിടിയിൽ സർഗാത്മക സ്ഫോടനം നടക്കുന്ന ഇക്കാലത്തും അമ്മായിഅമ്മപ്പോരിൽ ഗവേഷണം നടത്തുന്ന തിരക്കിലാണു മലയാളം സീരിയലുകൾ. കുറെപ്പേർക്ക് അന്നത്തിനു വകയാകുന്നുണ്ടെങ്കിലും ആശയപരമായി കണ്ണീർക്കഥയാണു പല സീരിയലുകൾക്കും പറയാനുള്ളത്. സ്ത്രീകളടക്കമുള്ള വലിയൊരു പ്രേക്ഷക സമൂഹത്തിനു ഗുണപരമായതൊന്നും സമ്മാനിക്കാതെ പോകുന്ന എപ്പിസോഡുകളുടെ മഹാഗാഥകൾ. അതിനാൽതന്നെയാണു സംസ്ഥാന ടിവി അവാർഡ് പ്രഖ്യാപിച്ചപ്പോൾ സീരിയലുകൾ പാടെ അവഗണിക്കപ്പെട്ടതും. സീരിയൽ വെറും വ്യവസായം മാത്രമായിപ്പോയെന്നു പരിതപിക്കുകയാണ് ആദ്യകാല സീരിയൽ പ്രവർത്തകനും സംവിധായകനുമായ ആദം അയൂബ്.

‌സമൂഹത്തിലെ കുറ്റങ്ങൾക്കും അസന്മാർഗിക പ്രവൃത്തികൾക്കും ഒരുപരിധിവരെയെങ്കിലും പ്രചോദനമാകുന്നതു വീട്ടകങ്ങളിൽ നിരന്തരം കാണുന്ന സീരിയലുകളാണെന്ന് ആദം അയൂബ് ചൂണ്ടിക്കാട്ടുന്നു. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, മാധ്യമ അധ്യാപകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ആദം. നടൻ രജനീകാന്തിന്റെ സഹപാഠി കൂടിയാണ് അദ്ദേഹം. എ.വിൻസെന്റ്, പി.എ.ബക്കർ തുടങ്ങിയവരുടെ നിരവധി സിനിമകളിൽ സഹസംവിധായകനായി. തിരുവനന്തപുരം ദൂരദർശൻ തുടങ്ങിയപ്പോൾ അവതാരകനായും നടനായും സീരിയൽ, ഡോക്യുമെന്ററി സംവിധായകനായും പ്രവർത്തിച്ചു. ‘കുമിളകൾ’ അടക്കം ദൂരദര്‍ശനിലെ ആദ്യകാല സീരിയലുകളുടെ സംവിധായകൻ കൂടിയായ ആദം അയൂബുമായുള്ള സംഭാഷണത്തിൽനിന്ന്.

∙ ഇത്തവണ സംസ്ഥാന ടിവി അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലയാളം സീരിയൽ ഒഴിവാക്കപ്പെട്ടു. നിലവാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജൂറി ഈ നിലപാടെടുത്തത്. ആദ്യകാല സീരിയലിൽ സജീവസാന്നിധ്യമായിരുന്ന താങ്കൾ ജൂറിയുടെ അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ?

അവാർഡിനു സീരിയലുകളെ പരിഗണിച്ചല്ലെന്നതു ശരിയായ കീഴ്‌വഴക്കമല്ല. അവാർഡിന് അർഹമായ പല ഘടകങ്ങളുമുണ്ട്. മൊത്തത്തിൽ അവഗണിച്ചതു ശരിയായില്ല. കലാസംവിധായകൻ, ക്യാമറമാൻ, എഡിറ്റർ, സംഗീത സംവിധായകൻ, ശബ്ദലേഖകൻ തുടങ്ങിയ സാങ്കേതിക വിദഗ്ധരെ അവാർഡിനു പരിഗണിക്കേണ്ടതായിരുന്നു. വർഷങ്ങളായി ഈ മേഖലയിൽ ജോലിയെടുക്കുന്ന ഇത്തരക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

പൊതുവെ സീരിയലുകളെക്കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തലിനെ ഗൗരവത്തോടെ കാണേണ്ടതാണ്. സാങ്കേതികമായും കലാപരമായും മേന്മകളുണ്ടെങ്കിലും പ്രമേയപരമായാണു സീരിയലുകൾ അധഃപതിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ, സീരിയലുകളുടെ ലക്ഷ്യം പണം മാത്രമാണ്. നിർമിക്കുന്നവരുടെയും സംപ്രേഷണം ചെയ്യുന്ന ചാനലുകളുടെയും വരുമാന സ്രോതസ്സുകളിൽ മുഖ്യം സീരിയലാണ്. ഇപ്പോഴത്തെ രീതി തുടർന്നാൽ മാത്രമെ അവർക്കു വരുമാനം നിലനിർത്താൻ സാധിക്കൂ.

∙ എന്താണ് സീരിയലുകൾ നിർവഹിക്കുന്ന ധർമം? അതിന്റെ പ്രതിഫലനം എന്താണ്?

തീർച്ചയായും നെഗറ്റീവ് ആയിട്ടുള്ള സന്ദേശങ്ങൾതന്നെയാണു ഭൂരിപക്ഷം സീരിയലുകളും സമൂഹത്തിനു നൽകുന്നത്. മിക്കവാറും എല്ലാ സീരിയലുകളുടെ കഥയ്ക്കും സാമ്യമുണ്ട്. സ്ത്രീകളാണു ദുഷ്ട കഥാപാത്രങ്ങൾ. എല്ലാത്തിലും അവിഹിതങ്ങളുണ്ട്, കുറ്റകൃത്യങ്ങളുണ്ട്. കുറ്റങ്ങളിലേറെയും ചെയ്യുന്നതു സ്ത്രീകളാണ്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ആൺകുട്ടികളാണു പെൺകുട്ടികളുടെ പുറകെ പോയിരുന്നത്. ഇപ്പോൾ നേരെ മറിച്ചാണ്.

serial-shoot
പ്രതീകാത്മക ചിത്രം

സ്ത്രീകൾ പുരുഷന്മാരെ ചേസ് ചെയ്യുന്നു, ആഗ്രഹിച്ചയാളെ കിട്ടിയില്ലെങ്കിൽ കുതന്ത്രങ്ങളിൽ ഏർപ്പെടുന്നു, കൊലപാതകങ്ങൾ വരെ ന‌ടത്തുന്നു. ഇത്തരം പിന്തിരിപ്പൻ സന്ദേശമാണു സമൂഹത്തിനു അവ കൈമാറുന്നത്. കാമുകനൊപ്പം ചേർന്നു ഭർത്താവിനെ കൊല്ലുന്നതു പോലുള്ള (മറിച്ചുള്ളവയുമുണ്ട്) യഥാർഥ സംഭവങ്ങൾ നമ്മൾ കാണുന്നതാണ്. ഇതിനൊക്കെ ഒരുപരിധിവരെയെങ്കിലും പ്രചോദനമാകുന്നതു വീട്ടകങ്ങളിൽ നിരന്തരം സംപ്രേഷണം ചെയ്യപ്പെടുന്ന സീരിയലുകളാണ്.

∙ തിരുവനന്തപുരം ദൂരദർശനിൽ തുടക്കത്തിൽ അവതാരകനായും നടനായും സംവിധായകനായും പ്രവർത്തിച്ചയാളാണ് താങ്കൾ. അക്കാലത്തെ അനുഭവങ്ങളെ ഇന്നത്തെ കാലവുമായി താരതമ്യം ചെയ്യാമോ?

ദൂരദർശനു വേണ്ടിയാണു ഞാൻ കൂടുതൽ സീരിയലും ചെയ്തിട്ടുള്ളത്. സ്വകാര്യ ചാനലുകൾക്കായി വിരലിലെണ്ണാവുന്നവ മാത്രമെ ഒരുക്കിയിട്ടുള്ളൂ. അനന്തമായി നീളുന്ന മെഗാസീരിയലുകൾ അന്നില്ലായിരുന്നു. സ്വകാര്യ ചാനലുകൾക്കായി ഒന്നുരണ്ടു സീരിയൽ ചെയ്തു. 60–80 എപ്പിസോഡ് ആയപ്പോൾ നിർത്തി. അപ്പോഴേക്കും എനിക്കു മടുത്തിരുന്നു. ചലച്ചിത്രത്തിനു ചടുലമായ എഡിറ്റിങ് വേണമെന്നാണു പഠിച്ചതും പരീക്ഷിച്ചതും. അതിനു വിരുദ്ധമാണു മെഗാ സീരിയലുകൾ. സിനിമയിൽ ഒതുക്കിപ്പറയുന്നതു സീരിയലിൽ നീട്ടിപ്പറയുന്നു.

ദൂരദർശനു വേണ്ടിയൊരുക്കിയ എല്ലാ സീരിയലുകളിലും എന്തെങ്കിലും നല്ല സന്ദേശമുണ്ടെന്ന് എനിക്ക് ഉറപ്പ് പറയാനാകും. അന്ന് 22.30 മിനിറ്റ് വീതമുള്ള 13 എപ്പിസോഡുകളിലാണ് ഒരു കഥ തീർക്കേണ്ടത്. വലിയൊരു കഥ ഇത്രയും കുറഞ്ഞ സമയത്തിൽ തീർക്കാൻ വേഗത്തിലുള്ള എഡിറ്റിങ് വേണം. ആവശ്യമായ സീനുകളും സംഭാഷണങ്ങളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അന്ന് ക്രിയേറ്റിവിറ്റിക്കാണ് മുഖ്യപരിഗണന. ഇന്നു സീരിയലുകളിൽ ക്രിയേറ്റിവിറ്റിക്കു വലിയ പ്രാധാന്യമില്ല.

Doordarshan
ദൂരദർശൻ ലോഗോ (ഫയൽ ചിത്രം)

തിരക്കഥാകൃത്തിനും സംവിധായകനുമാണു ക്രിയേറ്റിവിറ്റിയുടെ ഉത്തരവാദിത്തമുള്ളത്. പക്ഷേ, ഇവരുടെയും ചാനലുകാരുടെയും നിലനിൽപ് റേറ്റിങ് ആശ്രയിച്ചാണ്. നല്ല റേറ്റിങ് ഉണ്ടെങ്കിലേ മികച്ച വരുമാനം കിട്ടൂ. അങ്ങനെ വെറും വ്യവസായം മാത്രമായി സീരിയൽ മാറി. പണം ലക്ഷ്യമിട്ടാണു സീരിയൽ ഇങ്ങനെയായിപ്പോയത്. മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സീരിയലുകളെ മാത്രം ആശ്രയിക്കുന്ന ചാനലുകളുടെയും മുന്നോട്ടുപോക്ക് പ്രതിസന്ധിയിലാകും.

∙ ഇപ്പോഴത്തെ മലയാളം സീരിയലുകൾ കാണാറുണ്ടോ?

ട്രെൻഡ് എന്താണെന്നറിയാൻ ചില സീരിയലുകൾ കാണാറുണ്ട്. പലതും അനാവശ്യമാണെന്നാണു തോന്നിയിട്ടുള്ളത്. കഥയെ മുന്നോട്ടു നയിക്കാൻ സഹായിക്കാത്ത പല രംഗങ്ങളും വെറുതെ കൂട്ടിച്ചേർത്തിരിക്കുന്നു. പ്രേക്ഷകർക്ക് ഉപകാരമില്ലാത്ത സീനുകളാണവ. മുൻ എപ്പിസോഡിൽ കഥ എവിടെയെത്തിയോ അവിടെത്തന്നെയാകും അടുത്ത ഭാഗത്തിലും. എപ്പിസോഡ് നീട്ടാൻ വേണ്ടി, കുറെ ഡയലോഗ് പറയുന്ന കുറെ കഥാപത്രങ്ങളെ കാണാം. ഈ ഡയലോഗിലൂടെയോ സീനിലൂടെയോ പ്രേക്ഷകർക്കു കഥയെപ്പറ്റി അറിവ് കിട്ടുന്നുമില്ല.

സുഹൃത്തുക്കളും വിദ്യാർഥികളും പറയുമ്പോൾ അവരുടെ സീരിയൽ കാണാറുണ്ട്. തുടക്കത്തിൽ പുതുമ കാണാമെങ്കിലും പിന്നീട് ട്രാക്ക് ഒരുപോലെയാകും. അടുത്തഭാഗം കാണാൻ നമ്മളിൽ ആകാംക്ഷ ജനിപ്പിച്ചാണ് ഓരോ എപ്പിസോഡും അവസാനിപ്പിക്കുന്നത്. അതാണു സീരിയലുകളിലെ വിജയഘടകവും. വീട്ടിലുള്ള സമയത്തു മിക്കപ്പോഴും എന്തെങ്കിലും വായിക്കാനാണു കൂടുതൽ താൽപര്യം. 

∙ കോവിഡ് ലോക്ഡൗണിനു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളിലും യുട്യൂബിലും മലയാളത്തിലടക്കം പുതുമയുള്ള നിരവധി വെബ് സീരീസുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതൊന്നും സീരിയലുകാർ അറിയുന്നില്ലേ?

വെബ് സീരീസുകളിൽ പുതുമയും സർഗാത്മക പരീക്ഷണവും നടക്കുന്നുണ്ട്. അവയുടെ പ്രേക്ഷകർ കൂടുതലും ചെറുപ്പക്കാരാണ്. ഏറ്റവുമധികം ആളുകൾ കാണുന്ന ടിവി സീരിയലുകളുടെ മുഖ്യപ്രേക്ഷകർ സ്ത്രീകളാണ്. അവരെ പ്രീതിപ്പെടുത്തുന്ന തരത്തിലാണു സീരിയൽ ഒരുക്കുന്നത്. കലയോടും സർഗാത്മക പരീക്ഷണങ്ങളോടും താൽപര്യമുള്ളർ കൂടുതലായി വെബ് സീരിസുകൾ കാണും. സാങ്കേതിക തികവും പ്രമേയ വൈവിധ്യവും കലാപരമായ ഔന്നത്യവും അവയ്ക്കുണ്ട്. ‘പക്വതയുള്ള’ പ്രേക്ഷകരെയാണ് വെബ് സീരീസുകൾ ലക്ഷ്യമിടുന്നത്. അവിടെ സ്ത്രീകളുടെ, വീട്ടമ്മമാരുടെ, എണ്ണം കുറവാണ്. വെബ് സീരീസുകളെ മാതൃകയാക്കി പുതുമ കൊണ്ടുവരാൻ സീരിയലുകൾ ശ്രമിക്കണം.

OTT
പ്രതീകാത്മക ചിത്രം

∙ നാട്ടിൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുണ്ടാകുമ്പോൾ സിനിമയുടെ സ്വാധീനം വിമർശനവിധേയമാകാറുണ്ട്. എന്താണ് സീരിയലുകൾക്കുള്ള റോൾ?

സമൂഹത്തിനെ വളരെയധികം സ്വാധീനിക്കുന്ന മാധ്യമമാണു ടിവി സീരിയൽ, പ്രത്യേകിച്ചും സ്ത്രീകളെ. അവ നിർദോഷമാണെന്നു നമുക്കു കരുതാനാവില്ല. സീരിയലുകളെ അനുകരിച്ചു പല സംഭവങ്ങളും അരങ്ങേറുന്നുണ്ട്. ജീവിതത്തിലെ പലതും സീരിയലുകളും ഉൾക്കൊള്ളുന്നു. യഥാർഥ ക്രൈമുകളെ സീരിയലിൽ പ്രമേയമാക്കുന്നുണ്ട്. സമൂഹവും സീരിയലുകളും കൊടുക്കൽ വാങ്ങൽ പ്രക്രിയയിലാണ് എന്നതാണു യാഥാർഥ്യം.

∙ ആനന്ദത്തിനും ആശ്വാസത്തിനും വേണ്ടിയാണ് ആളുകൾ സീരിയൽ കാണുന്നത്. കിട്ടുന്നതാകട്ടെ മാനസിക അസ്വസ്ഥതയും എന്ന് ചിലർ വിമർശിക്കുന്നു. ഇതിനോടുള്ള പ്രതികരണം?

വളരെ ശരിയാണത്. സീരിയൽ കാണുന്നവർ അതിലെ കഥയിലും കഥാപാത്രത്തിലും മുഴുകുന്നുണ്ട്. അവരുടെ മുഖത്തും ശാരീരിക ചലനങ്ങളിലും അതു പ്രതിഫലിക്കും. മാനസിക പിരിമുറുക്കം എപ്പിസോഡ് കഴിഞ്ഞാലും ഉള്ളിലുണ്ടാകും. താൻ പ്രതിനിധീകരിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ കഥാപാത്രമായി ശരിക്കും മാറാൻ ശ്രമിക്കുകയാണവർ. ഉപബോധ മനസ്സിൽ അങ്ങനെയായി മാറുന്നുമുണ്ട്. അമ്മായിഅമ്മ–മരുമകൾ പോര് പോലുള്ളവയ്ക്കു സീരിയലുകൾക്കു വലിയ പങ്കുണ്ടെന്നു കാണാനാകും.

∙ സീരിയലുകൾക്കു സെൻസർഷിപ്പ് വേണ്ടതാണോ? എങ്ങനെ സീരിയൽ മെച്ചപ്പെടുത്താം?

സീരിയലിനു സെൻസർഷിപ്പ് വേണമെന്നു പറയുന്നവരുണ്ട്. അതു പക്ഷെ സീരിയലിനെ കൊല്ലുന്നതിനു തുല്യമായിരിക്കും. സെൻസർഷിപ്പിന്റെ പരിമിതികൾ നമുക്ക് അറിയാവുന്നതാണല്ലോ. പ്രമേയത്തിൽ ചില നിയന്ത്രണങ്ങളാണ് ആവശ്യം. ഷൂട്ടിങ് കഴിഞ്ഞുള്ള സെൻസറിങ്ങിനേക്കാളും, പ്രമേയ ആലോചനയിൽത്തന്നെ നിയന്ത്രണം ഏർപ്പെടുത്തുകയാണു പ്രായോഗികം. ഈ മേഖലയിലെ സംഘടനകൾക്കൊന്നും അത്തരം മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവരാനോ നടപ്പിലാക്കാനോ ശേഷിയില്ല, അധികാരവുമില്ല. മാനദണ്ഡങ്ങൾ സർക്കാരോ സർക്കാർ നിർദേശിക്കുന്ന സമിതിയോ കൊണ്ടുവരണം. പ്രമേയങ്ങളിൽ നെഗറ്റീവ് ഘടകങ്ങൾ പൂർണമായി വേണ്ടെന്നല്ല. നെഗറ്റീവ് രംഗങ്ങളുടെയും ദുഷ്ട കഥാപാത്രങ്ങളുടെയും മഹത്വവൽക്കരണം ഒഴിവാക്കണമെന്നാണു പറയുന്നത്.

∙ മിക്ക സീരിയലുകളുടെയും പശ്ചാത്തല സംഗീതം അസഹ്യമായാണു തോന്നിയിട്ടുള്ളത്. ഇതെങ്ങനെ സംഭവിക്കുന്നു?

സിനിമയിൽ ഓരോ സീനും കണ്ട് അതിനനുയോജ്യമായ പശ്ചാത്തല സംഗീതമാണു നൽകുന്നത്. ഇപ്പോൾ, ഞാൻ ഒടുവിൽ അഭിനയിച്ച ‘ദൃശ്യം2’ സിനിമയിൽ സംവിധായകൻ ജീത്തു ജോസഫ് പലതവണ കേട്ടും തിരുത്തിയുമുള്ള സംഗീതമാണു നമ്മൾ കേൾക്കുന്നത്. നൂറുകണക്കിന് എപ്പിസോഡുള്ള സീരിയലിൽ എല്ലാത്തിനും പ്രത്യേകം സംഗീതം ചെയ്യാറില്ല. പരമാവധി 10 എപ്പിസോഡിനാണു സംഗീതം നൽകാറുള്ളത്. അതും സ്റ്റോക്ക് മ്യൂസിക്കുമാണു പിന്നീട് ഉപയോഗിക്കുക.

ഒരാളാണു നിർമാതാവെങ്കിൽ ഒരേ മ്യൂസിക്തന്നെ പല സീരിയലുകളിൽ കേൾക്കാം. ബഹളമുണ്ടാക്കുക എന്നതാണു പശ്ചാത്തല സംഗീതം കൊണ്ടു സീരിയലിൽ ഉദ്ദേശിക്കുന്നത്. പലപ്പോഴും അസ്ഥാനത്തായിരിക്കും പ്രയോഗം, അരോചകമാണത്. പേരുപോലെ പശ്ചാത്തലത്തിൽ കേൾക്കേണ്ടതാണു പശ്ചാത്തല സംഗീതം. രംഗത്തിനു മിഴിവ് കൂട്ടാൻ വേണ്ടിയുള്ളതാണത്. ബാക്ക് ഗ്രൗണ്ടിൽനിന്നു ഫോർഗ്രൗണ്ടിലേക്കു വരുമ്പോൾ ശ്രദ്ധ പശ്ചാത്തല സംഗീതത്തിലേക്കു മാറും. അതു പാടില്ല. ഇക്കാര്യത്തിൽ സംഗീത സംവിധായകനെ പൂർണമായി കുറ്റപ്പെടുത്തരുത്.

∙ ദൂരദർശനിലെ ‘വൈതരണി’ സീരിയലിലൂടെയാണല്ലോ താങ്കളുടെ തുടക്കം. എങ്ങനെയാണ് അതിന്റെ ഭാഗമായത്?

ദൂരദർശൻ മലയാളം ചാനലിന്റെ ആദ്യകാലത്ത്, 1986ൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ‘വൈതരണി’ എന്ന പരമ്പര സംവിധാനം ചെയ്തതു പി.ഭാസ്കരൻ മാഷാണ്. ടി.എൻ.ഗോപിനാഥൻ നായരുടേതായിരുന്നു രചന. ഇദ്ദേഹത്തിന്റെ മകൻ നടൻ രവി വള്ളത്തോൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ ടെലിവിഷൻ പ്രൊഡക്‌ഷൻ കമ്പനി രൂപവാണി ആണ് നിർമിച്ചത്. അന്നു ഞാൻ ദൂരദർശന്റെ ഹിന്ദി അവതാരകനായിരുന്നു, അവരുടെ ഔദ്യോഗിക ആർട്ടിസ്റ്റുമാണ്. സിനിമകളും ഡോക്യുമെന്ററികളും ചെയ്ത പരിചയവുമുണ്ട്.

p-bhaskaran-new
പി.ഭാസ്കരൻ (ഫയൽ ചിത്രം)

രൂപവാണിയുടെ ജി.കെ.പിള്ള, ഞാനുൾപ്പെടെയുള്ള കുറച്ചുപേരുടെ ക്രിയേറ്റീവ് ടീം ഉണ്ടാക്കിയാണു സീരിയൽ പ്രൊഡക്‌ഷൻ ആരംഭിച്ചത്. പ്രൊഡക്‌ഷൻ കൺട്രോളർ എന്നതായിരുന്നു എന്റെ ഔദ്യോഗിക സ്ഥാനം. വൈതരണിയിൽ അഭിനയിച്ചിട്ടുമുണ്ട്. ആദ്യ സംരംഭം വിജയകരമായിരുന്നു. അതിനുശേഷമാണ് ‘കുമിളകൾ’ എന്ന സീരിയൽ ഞാൻ സംവിധാനം ചെയ്യുന്നത്. നടൻ മനോജ് കെ.ജയൻ എന്റെ വിദ്യാർഥിയാണ്. മനോജ് ഹരിശ്രീ കുറിച്ചത് കുമിളകളിലൂടെയാണ്. ഹിറ്റായ സീരിയലാണത്.

∙ പിന്നീ‌ടും ചെയ്ത സീരിയലുകൾ ‘ദൂരദർശൻ തലമുറയുടെ’ ഓർമകളിൽ മങ്ങാതെയുണ്ട്. മെഗാസീരിയലിൽ കൈവച്ചില്ലേ?

മെഗാ സീരിയൽ എന്ന വിഭാഗത്തിൽ പെടുത്താവുന്ന രണ്ടെണ്ണം ചെയ്തിട്ടുണ്ട്. ദൂരദർശനു വേണ്ടി ഡിറ്റക്ടീവ് ആനന്ദും കൈരളിക്കായി ഡയാനയും. ഹൊറർ പശ്ചാത്തലമായിരുന്നു ഡയാനയ്ക്ക്. 80 എപ്പിസോഡ് ആയപ്പോഴേക്കും കഥ കഴിഞ്ഞിരുന്നു. പിന്നെയും നീട്ടാൻ ആവശ്യം വന്നെങ്കിലും നിർത്തി. നല്ല അഭിപ്രായമായിരുന്നു ഡിറ്റക്ടീവ് ആനന്ദിനും. 60 എപ്പിസോഡ് ആയപ്പോൾ കഥ തീർന്നുതുടങ്ങി. ചാനലിനു വരുമാനം കിട്ടുന്നതിനാൽ എപ്പിസോഡ് കൂട്ടണമെന്ന് നിർദേശം വന്നു. അതിനു മനസ്സ് വന്നില്ല. സാറിന്റെ പേര് വയ്ക്കാം, പ്രതിഫലവും തരാമെന്നു പറഞ്ഞെങ്കിലും രണ്ടും വേണ്ടെന്ന് അറിയിച്ചു ദൂരദർശനു കത്തെഴുതിക്കൊടുത്തു. ഡിറ്റക്ടീവ് ആനന്ദ് വേറെയാൾക്കാർ തുടർന്നെങ്കിലും വിരസമായിരുന്നു.

∙ മുതിർന്ന സിനിമ–സീരിയൽ പ്രവർത്തകൻ എന്ന നിലയിൽ താങ്കളോട് ആരെങ്കിലും ഉപദേശം തേടാറുണ്ടോ?

അങ്ങനെയാരും ഉപദേശം തേടാറൊന്നുമില്ല, പക്ഷേ അഭിപ്രായം ചോദിക്കാറുണ്ട്. സുഹൃത്തുക്കളും വിദ്യാർഥികളും നിർമിക്കുന്നതും സംവിധാനം ചെയ്യുന്നതുമായ സീരിയലുകൾ ആരംഭിക്കുമ്പോൾ കാണാൻ ആവശ്യപ്പെടും. കണ്ടശേഷം അവരോട് അഭിപ്രായം പറയും, വിദ്യാർഥികളെ അനുഗ്രഹിക്കും.

∙ താങ്കളുടെ വിദ്യാർഥികൾ സീരിയലുകളിൽ സജീവമാണല്ലോ. ഇതിങ്ങനെ പോകുന്നതിൽ അവർക്കു പ്രയാസമുണ്ടോ?

അവർക്ക് സന്തോഷവും സംതൃപ്തിയുമാണുള്ളത്. സൗന്ദര്യാത്മകതയല്ല സീരിയലിനു വേണ്ടതെന്ന് അവർ പറയുന്നു. സിനിമ ഒരുക്കുന്നതു പോലെയോ സംവിധാനം ചെയ്യുന്നതു പോലെയോ അല്ല സീരിയലിന് എപ്പിസോഡ് സൃഷ്ടിക്കുന്നത്. ഓരോ എപ്പിസോഡും എങ്ങനെ നീട്ടാമെന്നതിലാണു മിടുക്ക് കാണിക്കേണ്ടത്. രണ്ടു ദിവസം കൊണ്ട് ഒരു എപ്പിസോഡ് ചെയ്തിരുന്ന എന്നെ അക്കാലത്ത് ഫാസ്റ്റ് ഡയറക്ടർ എന്നാണു വിളിച്ചിരുന്നത്. എന്റെ സമകാലീനരിൽ പലരും ഒരാഴ്ച കൊണ്ടായിരുന്നു ഒരു എപ്പിസോഡ് തീർത്തിരുന്നത്.

ഇന്നത്തെ മാനദണ്ഡപ്രകാരം ഞാൻ സ്‌ളോ ഡയറക്ടറാണ്. ഇപ്പോൾ ഒറ്റ ദിവസം മൂന്നും നാലും അഞ്ചും എപ്പിസോഡ് വരെ ചെയ്യുന്നുണ്ട്. ഡയലോഗ് കൂട്ടി, ഫൂട്ടേജ് കൂടുതലുണ്ടാക്കിയാണ് സീരിയലിനു നീട്ടമുണ്ടാക്കുന്നത്. കഥാപാത്രങ്ങൾ ഇരിക്കുന്നതിനു പകരം നടന്നു സംഭാഷണം പറയുന്നതാണു മറ്റൊരു ടെക്നിക്. സംഭാഷണത്തിനിടയിലെ നടത്തമെല്ലാം അതേപടി നമ്മളെ കാണിക്കും. സീരിയലിലെ ഭർത്താവ് ഇന്നലെ എവിടെ പോയിരുന്നെന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും ഭാര്യ ചോദിക്കുമ്പോൾ എന്തുമറുപടി പറയുമെന്ന ആകാംക്ഷയാണ് കാണികളെ പിടിച്ചിരുത്തുന്നത്.

child-camera
പ്രതീകാത്മക ചിത്രം

സീരിയലിൽ എപ്പിസോഡിനല്ല, ദിവസത്തിനാണു വേതനം നൽകുന്നത്. കൂടുതൽ വേതനം നൽകേണ്ട ആർട്ടിസ്റ്റുകളെവച്ച് പരമാവധി എപ്പിസോഡ് ഒറ്റ ദിവസംകൊണ്ടെടുത്ത്, പ്രൊഡ്യൂസർക്ക് ലാഭമുണ്ടാക്കി കൊടുക്കണം. ഇതിനനുസരിച്ച് എപ്പിസോഡിന്റെ പ്ലാനിങ്, മേക്കിങ് എന്നിവയിലെല്ലാം പുതുതലമുറ വൈദഗ്ധ്യം നേടി. ഒറ്റവരിയിൽ പറയേണ്ടത് തിരക്കഥാകൃത്ത് ഒരു പേജിലേക്ക് നീട്ടുന്നു, സംവിധായകൻ അതിനേക്കാൾ വലിച്ചുനീട്ടുന്നു. റേറ്റിങ് കുറഞ്ഞതിനാൽ 200 എപ്പിസോഡ് ആകുന്നതിനു മുൻപ് നിർത്താൻ ചാനലിൽനിന്നു വിളിച്ചു പറഞ്ഞതനുസരിച്ചു ക്ലൈമാക്സിലേക്കു കഥ മാറ്റുകയും, കാഴ്ചക്കാർ കൂടിയപ്പോൾ ക്ലൈമാക്സ് ഉടൻ വേണ്ടെന്നു നിർദേശിച്ചതുമായ സീരിയലുമുണ്ട്.

∙ സീരിയലുകൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാണ് അവാർഡ് ജൂറി പറഞ്ഞത്. ഈ വിമർശനം കുറച്ചുകാലമായി ഉള്ളതല്ലേ?

വിമർശനം കാമ്പുള്ളതാണ്, യോജിക്കുന്നു. സിനിമയേക്കാളും കൂടുതൽ പ്രേക്ഷക മനസ്സിനെ ശക്മായി സ്വാധീനിക്കുന്നവയാണു സീരിയലുകൾ. അതിന്റെ പ്രതിഫലനങ്ങൾ സമൂഹത്തിലുണ്ടാകുന്നുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ, ഇവിടെ നടക്കുന്ന പല കുറ്റകൃത്യങ്ങളുടെയും പ്രചോദനമോ മാതൃകയോ സീരിയലാണെന്നു കാണാനാകും. ഇതൊക്കെ സീരിയലുണ്ടാക്കുന്ന നെഗറ്റീവ് ഇംപാക്ടാണ്, ദ്രോഹമാണ്. വളരെ അപകടകരമാണ് ഈ പോക്ക്, നിയന്ത്രിച്ചേ പറ്റൂ. സമൂഹത്തിൽ അനാശാസ്യങ്ങളും അസന്മാർഗിക കാര്യങ്ങളും കൊലപാതകങ്ങളും കുറ്റങ്ങളും കൂടുന്നതിൽ വലിയൊരു ഘടകം സീരിയലുകളാണ്. നിയന്ത്രിച്ചില്ലെങ്കിൽ‌ ലൈംഗികമായ അരാജകത്വത്തിനും കാരണമാകും. സദാചാര മേൽനോട്ടമല്ല, പ്രമേയത്തിലെ നെഗറ്റീവ് ആശയങ്ങളെ ഇല്ലാതാക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്. ചാനലുകൾക്കും സർക്കാർ മാർഗനിർദേശം നൽകണം.

crime-woman
പ്രതീകാത്മക ചിത്രം

∙ സൂപ്പർതാരം രജനീകാന്ത് ‘അയ്യൂബാ’ എന്നാണു വിളിക്കുകയെന്നു കേട്ടിട്ടുണ്ട്. രജനിക്കൊപ്പമുള്ള പഠനകാലം ഓർക്കാമോ?

മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ചു പഠിച്ചുവെന്നതു മാത്രമല്ല, ഒരേ മുറിയിൽ താമസിച്ചു എന്നതുമാണു ഞങ്ങളെ അടുപ്പിച്ചത്. ഹോസ്റ്റലിനു പകരം ലോഡ്ജിലായിരുന്നു താമസം. കുറച്ചു പേരൊഴികെ കൂടെ പഠിക്കുന്നവരെല്ലാം സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ്. ദാരിദ്ര്യമാണു ഞങ്ങളുടെ അടുപ്പത്തിന്റെ ആദ്യ കാരണം, ഹിന്ദി അറിയാമെന്നതു രണ്ടാമത്തെയും. എല്ലാവർക്കും മാസത്തിലൊരു മണിയോര്‍ഡര്‍ വരുമ്പോൾ രജനിക്കു പല തവണ വരും. ബെംഗളൂരുവില്‍ ഒപ്പം ജോലി ചെയ്തിരുന്ന ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അയയ്ക്കുന്ന 5 രൂപ, 10 രൂപ മണിയോര്‍ഡറുകളായിരുന്നു അതെല്ലാം.

കറുപ്പുനിറത്തിൽ രജനിക്ക് അപകർഷതാബോധമുണ്ടായിരുന്നു. നടൻ സത്യൻ മാഷിന്റെ കാര്യം പറഞ്ഞാണു ഞാൻ രജനിക്ക് ആത്മവിശ്വാസമേകിയത്. കെ.ബാലചന്ദർ സംവിധാനം ചെയ്ത അപൂർവരാഗങ്ങളിലാണു രജനി ആദ്യമായി അഭിനയിച്ചത്. പ്രിവ്യൂ കാണാന്‍ ഞങ്ങളെ ക്ഷണിച്ചു. കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ രജനിയോട് പറഞ്ഞു, ഇനി ബസ് കണ്ടക്ടര്‍ പണി ധൈര്യമായി രാജിവയ്ക്കാം. പടം ഹിറ്റാകും, നീ സൂപ്പർസ്റ്റാറാകും. ഞങ്ങൾ വഴിപിരിഞ്ഞു, ഞാന്‍ സഹസംവിധായകന്റെ റോളിൽ തിരക്കിലായി. അദ്ദേഹം പലരോടും എന്നെപ്പറ്റി പറയുകയും ചോദിക്കുകയും ചെയ്തിരുന്നതായി അറിഞ്ഞു.

7 വര്‍ഷത്തിനുശേഷം ഡബ്ബിങ് സ്റ്റുഡിയോയിലാണു ഞങ്ങൾ അവിചാരിതമായി വീണ്ടും കണ്ടത്. എന്റെ സിനിമയുടെ ഡബ്ബിങ് നടക്കുന്ന സ്റ്റുഡിയോ ഒരു മണിക്കൂര്‍ നേരത്തേക്കു രജനിയുടെ പടത്തിനു വേണമെന്ന് അഭ്യർഥന വന്നു. ഉച്ചഭക്ഷണ സമയത്താണു രജനി വന്നത്. സിഗററ്റ് വലിച്ച് രജനി ഡബ്ബ് ചെയ്യുകയാണ്. ചെറിയ ശബ്ദങ്ങളാണു വേണ്ടത്. സമയം നീണ്ടുപോകുന്നതിനാൽ ഇടപെടാൻ തീരുമാനിച്ചു. സ്റ്റുഡിയോയുടെ വാതിൽതുറന്നു ഞാൻ നിന്നു. രജനി അപ്പോഴാണ് എന്നെ ശ്രദ്ധിച്ചത്. മനസ്സിലായതും ഓടിവന്ന് ‘ഡേയ്.. അയ്യൂബാ..’ എന്ന് വിളിച്ച് ചേർത്തുപിടിച്ചു. ജ്യൂസ് വരുത്തിത്തന്നു, വർത്തമാനം പറഞ്ഞു. കാണാൻ വരണമെന്നു രജനി പറഞ്ഞെങ്കിലും തിരക്കിലാകുമെന്നു കരുതി പോയില്ല.

Adam Ayub, Rajinikanth Photos: adam.ayub.37 / Facebook, @rajinikanth / Twitter
ആദം അയൂബ്, രജനീകാന്ത്. ചിത്രം: adam.ayub.37 / Facebook, @rajinikanth / Twitter

∙ രജനീകാന്തുമായി ബന്ധപ്പെട്ട് ഇതുവരെ ആരോടും പങ്കുവയ്ക്കാത്ത അനുഭവമുണ്ടോ?

സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യബാച്ചാണു ഞങ്ങളുടേത്. പഠിക്കുമ്പോൾ ദിവസവും വൈകിട്ട് യോഗ ക്ലാസുണ്ട്. രജനി യോഗ ക്ലാസിൽ വരാറില്ല, തലവേദനയെന്നു പറഞ്ഞു മാറിയിരിക്കും. ഫിലിം ചേംബറിന്റെ ഓഫിസ് തൊട്ടടുത്തായതിനാൽ അവിടെയെത്തുന്ന പലരും ഇൻസ്റ്റിറ്റ്യൂട്ടിലും വരാറുണ്ട്. ചെയിൻ സ്മോക്കറാണ് അന്നു രജനി. യോഗ അധ്യാപകൻ കാണാതിരിക്കാനായി ചേംബർ ഓഫിസിന്റെ ഭാഗത്തുപോയാണു പുകവലിക്കാറുള്ളത്.

അങ്ങനെയൊരു ദിവസം രജനി സിഗററ്റ് വലിച്ച്, കസേരയിൽ കാലിന്മേൽ കാൽ കയറ്റിവച്ച് പുകയൂതി ഇരിക്കവേ, പ്രശസ്ത നിർമാതാവും ചേംബർ വൈസ് പ്രസിഡന്റുമായ കെ.പി.കൊട്ടാരക്കര കാറിൽ വന്നിറങ്ങി. രണ്ടുപേർക്കും പരസ്പരം മനസ്സിലായില്ല. രജനി പുകവലി തുടർന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണു മോശമായി പെരുമാറിയതെന്നു തിരിച്ചറിഞ്ഞ കൊട്ടാരക്കരയ്ക്ക് അതിഷ്ടമായില്ല. രജനിയെ ഓഫിസിൽ വിളിച്ചുവരുത്തി ശകാരിക്കുകയും ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം രജനിക്കും വലിയ വിഷമമുണ്ടാക്കി.

പഠനത്തിനുശേഷം രജനി വലിയ താരമായി. പിന്നീട്, രജനിയെ നായകനാക്കി സിനിമ ചെയ്യാൻ കെ.പി.കൊട്ടാരക്കര പദ്ധതിയിട്ടു. അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ മാനേജർ വൻ തുകയുമായി രജനിയെ നേരിട്ടുചെന്നു കണ്ട് അഡ്വാൻസ് നൽകി. കഥ കേട്ട് സമ്മതം മൂളിയ രജനി, അപ്പോഴാണു പ്രൊഡ്യൂസർ ആരാണെന്നു ചോദിച്ചത്. കെ.പി.കൊട്ടാരക്കരയുടെ പേര് കേട്ടതും രജനി പൊട്ടിത്തെറിച്ചു. അയാളുടെ സിനിമയിൽ അഭിനയിക്കില്ലെന്നു പറഞ്ഞു ദേഷ്യത്തോടെ പണം മടക്കിനൽകി. ആ സിനിമ മുടങ്ങിപ്പോയി.

∙ താങ്കളുടെ കുടുംബവിശേഷം, ഇപ്പോഴത്തെ പ്രവർത്തന മേഖല?

കൊച്ചി മട്ടാഞ്ചേരിയിലാണു ജനിച്ചതെങ്കിലും കലൂരിലാണു താമസം. നൂർജഹാനാണു ഭാര്യ. അൻസീൻ അയൂബ്, അർഫാസ് അയൂബ്, അർഫാൻ അയൂബ് എന്നിവരാണു മക്കൾ. ചീഫ് അസോഷ്യേറ്റ് സംവിധായകനാണ് അർഫാസ്; ദൃശ്യം സിനിമയുടെ ഭാഗമായിരുന്നു. ദൃശ്യത്തിൽ ജഡ്ജിയുടെ വേഷത്തിൽ അഭിനയിച്ചതു ഞാനാണ്. പ്രിയമുള്ള സോഫിയ, ശ്രാദ്ധം, അറ്റ്‌ വണ്‍സ്, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. സിനിമ മാഗസിനുകളിലും മറ്റും എഴുതുന്നുണ്ട്. അർഫാസിന്റെ സിനിമകൾക്കായും മറ്റും തിരക്കഥകൾ എഴുതുകയാണ് ഇപ്പോൾ പ്രധാനമായും ചെയ്യുന്നത്.

English Summary: Exclusive interview with Malayalam serial, cinema director and actor Adam Ayub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA