ADVERTISEMENT

ന്യൂഡൽഹി∙ ഉത്സവ സീസണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുക ലക്ഷ്യമിട്ടാണു ആറ് ഭീകരർ ആസൂത്രണങ്ങൾ നടത്തിയതെന്നു വിവരം. ഇവരെയാണ് ചൊവ്വാഴ്ച ഡൽഹി പൊലീസ് സ്പെഷൽ സെൽ പിടികൂടിയത്. പിടിയിലായവരിൽ രണ്ടു പേർ പാക്കിസ്ഥാനിൽ പരിശീലനം കഴി‍ഞ്ഞെത്തിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ ഏജൻസികളിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഭീകരർക്കായി തിരച്ചിൽ നടത്തിയത്.

ചൊവ്വാഴ്ച രാവിലെ രാജസ്ഥാനിലെ കോട്ടയിൽനിന്ന് ഒരു ഭീകരനെ പിടികൂടി. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയുടെ സഹകരണത്തോടെ മൂന്ന് പേരെ കണ്ടെത്തി. മറ്റു രണ്ടു പേരെ ഡൽഹിയിൽനിന്നും അറസ്റ്റ് ചെയ്തതായി സ്പെഷൽ സെൽ ഉന്നത ഉദ്യോഗസ്ഥൻ നീരജ് താക്കൂർ പ്രതികരിച്ചു. മുംബൈ സ്വദേശി ജാൻ മുഹമ്മദ് ഷെയ്ഖ് (47), ഡൽഹി സ്വദേശി ഒസാമ(22), റായ്ബറേലിയില്‍നിന്നുള്ള മൂൽചന്ദ് (47), പ്രയാഗ്‍രാജിൽനിന്നുള്ള സീഷാൻ കമർ (28), ബറൈച്ച് സ്വദേശി മുഹമ്മദ് അബൂബക്കർ (23), ലക്നൗ സ്വദേശി മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കൽനിന്നും രണ്ട് ഗ്രനേഡുകൾ, സ്ഫോടക വസ്തുക്കൾ, ഒരു കിലോ ആർഡിഎക്സ്, ഇറ്റാലിയൻ നിര്‍മിത തോക്ക് എന്നിവ പിടിച്ചെടുത്തു.

moolchand-amir-javed
മൂൽചന്ദ്, മുഹമ്മദ് അമീര്‍ ജാവേദ്

ഭീകരരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഒസാമ, കമർ എന്നിവർ മസ്കറ്റിൽനിന്ന് ബോട്ട് വഴി പാക്കിസ്ഥാനിലെത്തി പരിശീലനം നേടിയെന്നാണു അന്വേഷണ സംഘത്തിൽനിന്നു ലഭിക്കുന്ന വിവരം. പാക്കിസ്ഥാനിലെ ഫാം ഹൗസിൽ 15 ദിവസം താമസിച്ച ഭീകരർ ആയുധ പരിശീലനവും നടത്തി. പാക്ക് പിന്തുണയുള്ള ഭീകരർ രാജ്യത്ത് സ്ഫോടനം നടത്താൻ ശ്രമിക്കുന്നെന്ന വിവരമാണു അന്വേഷണ സംഘത്തിന് ലഭിച്ചത്.

ali-sheikh-abu-backer
ജാൻ മുഹമ്മദ് ഷെയ്ഖ്, മുഹമ്മദ് അബൂബക്കർ

മുംബൈ, ലക്നൗ, പ്രയാഗ്‍രാജ്, റായ്ബറേലി, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെല്ലാം ഒരുമിച്ചാണു വ്യത്യസ്ത സംഘങ്ങൾ പരിശോധന നടത്തിയത്. പിടിയിലായവരിൽ ഷെയ്ഖ്, മൂൽചന്ദ് എന്നിവർ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശങ്ങൾക്കനുസരിച്ചാണു പ്രവർത്തിച്ചിരുന്നത്. ആയുധക്കടത്ത്, ഹവാല ഇടപാടിലൂടെ പണം കണ്ടെത്തൽ എന്നിവ കൈകാര്യം ചെയ്തത് ഇവരായിരുന്നു. പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച രണ്ടു പേർക്കാണു സ്ഫോടക വസ്തുക്കൾ സ്ഥാപിക്കാനുള്ള ചുമതല ലഭിച്ചത്. സംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

English Summary: Pak ISI-Trained Terror Module Busted, Festivals Likely Target: Delhi Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com