ADVERTISEMENT

തിരുവനന്തപുരം∙ പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ കീഴിൽ െകാണ്ടുവരാൻ കേന്ദ്രസർക്കാർ തയാറാകുന്നു എന്ന റിപ്പോർട്ടുകൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ പ്രശംസാ കുറിപ്പ്. ലീറ്ററിനു 20 മുതൽ 30 രൂപ വരെ വില കുറയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കേരളത്തിന്റെ ഏതിർപ്പിനെ വിമർശിച്ചു െകാണ്ട് അദ്ദേഹം പരിഹസിക്കുന്നു. ‘ഇനി ഊപി.. പീപ്പി എന്ന് പറഞ്ഞു കരഞ്ഞിട്ടും കാര്യമില്ലെന്നും കൊറോണ കേസുകളെ അവിടെ യോഗി സർക്കാർ മൂന്നക്കത്തിൽ തളച്ചെന്നും കൃഷ്ണകുമാർ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവതാരപുരുഷൻ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം:

നമ്മൾ ഭാരതീയർ അനുഗ്രഹീതരാണ്. നമ്മുടെ രാജ്യം സുന്ദരമാണ്. എന്ന് വെച്ച് മറ്റു രാജ്യങ്ങൾ മോശമെന്നല്ല. ഏതൊക്കെ രാജ്യങ്ങളിൽ യാത്ര ചെയ്താലും, അവിടയൊക്കെ സുന്ദരമായ സ്ഥലങ്ങളും, മനുഷ്യരേയും കാണാറുണ്ട്. നല്ല നല്ല നിമിഷങ്ങൾ ഓർമയിൽ തങ്ങിനിൽക്കാറുമുണ്ട്. എന്നാലും തിരിച്ചു വന്നു, നമ്മുടെ വീട്ടിലെ കട്ടിലിൽ കിടക്കുമ്പോൾ ഒരു സുഖമുണ്ട്. അതെന്താണെന്നു അറിയില്ല. ചിലപ്പോ വീടിനോടുള്ള ഇഷ്ടമാകാം, നാടിനോടുള്ളതാകാം, അത് ചിലപ്പോൾ രാജ്യ സ്നേഹം കൊണ്ടുമാകാം.

എനിക്കേറ്റവും ഇഷ്ടപെട്ട രാജ്യം ഭാരതം തന്നെ. അതുകൊണ്ടു തന്നെ എന്റെ രാജ്യം ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായി കാണാൻ നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നതും, അതിനായി പല ത്യാഗങ്ങൾ സഹിച്ചതും, സഹിച്ചുകൊണ്ടിരിക്കുന്നതും. രാജ്യപുരോഗതിയുടെ ഒരു പ്രധാന വരുമാനമാർഗം പലവിധ ടാക്സുകളിലൂടെയാണെന്നു നമുക്കേവർക്കും അറിവുള്ളതാണ്.

അതിൽ പ്രധാനം പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുമാണ്. 1947ൽ സ്വതന്ത്രമായ ഭാരതത്തെ അഴിമതിയും, ആരാജകത്വത്താലും പടുകുഴിയിലേക്കു തള്ളിയിട്ടു, സർവമേഖലകളേയും തളർത്തി ശത്രുകളായ അയൽ രാജ്യത്തിനു തീറെഴുതി കൊടുക്കുന്ന അവസരത്തിലാണ്, നല്ലവരായ ഭൂരിപക്ഷം ഭാരതീയരുടെ മനസുരുകിയുള്ള പ്രാർഥനയുടെ ഫലമായി ഭാരതത്തെ രക്ഷിക്കുവാൻ നരേന്ദ്ര മോദി എന്ന അവതാരപുരുഷൻ ഭരണത്തിൽ വന്നത്.

അന്ന് മുതൽ ഭാരതം അതിവേഗ വളർച്ചയുടെ പാതയിലാണ്. അടിസ്ഥാന സൗകര്യ വികസനം(റോഡ്, റെയിൽ, വിമാനത്താവളം,വാർത്താവിനിമയം), സ്ത്രീ സുരക്ഷ, ദാരിദ്ര്യ നിർമാർജ്ജനം, ഭക്ഷ്യ സുരക്ഷ, സ്വച്ഛ് ഭാരത് തുടങ്ങി മത്സ്യത്തൊഴിലാളികൾ, കർഷകർ, ഇന്ത്യയുടെ അതിർത്തികളിൽ സുരക്ഷ ഉറപ്പുവരുത്തുന്ന നമ്മുടെ സേന അംഗങ്ങൾ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുവാനുള്ള ശ്രമങ്ങൾക്കു തുടക്കം കുറിച്ചു.

അതിന്റെ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ദേശസ്നേഹികളായ ഭാരതീയർ മോദി സർക്കാരിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലെത്തിച്ചു. നമ്മുടെ വളർച്ചയിൽ വിറളി പൂണ്ട്, ചില ശത്രു രാജ്യങ്ങൾ ഇതിനു തടയിടാനായി ഇന്ത്യയ്ക്കകത്തുള്ള, ഏതാനും നമ്മുടെ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചു,  അവരുടെ സഹായത്താൽ പലവിധ സമരങ്ങളും നടത്തിനോക്കി. ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു സമരക്കാരെ തഴഞ്ഞതോടെ, എല്ലാം തകർന്നടിഞ്ഞു. ഇതിനിടയിലാണ് കോവിഡെന്ന മഹാമാരിയുടെ വരവ്. 

80 കോടി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തും, വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്ത രീതിയിൽ കോവിഡിനെ തളച്ചതും, സ്വന്തമായി വാക്‌സീൻ കണ്ടെത്താൻ കഴിഞ്ഞതും ഭരതത്തിന്റെ മികവായി ലോകം പ്രകീർത്തിച്ചു. അപ്പോഴും ഒരു വശത്തു എന്നും ഒരു കരച്ചിൽ കേൾക്കാമായിരുന്നു. ‘പെട്രോൾ, ഡീസൽ വിലകുറയ്ക്കൂ’ പെട്രോൾ ഡീസൽ... അതങ്ങനെയാണ്.. എന്ത് നല്ല കാര്യങ്ങൾ ചെയ്താലും അതിന്റെ മഹത്വം കുറയ്ക്കാനായി ‘കരച്ചിൽ ടീമുകൾ’ ഇറങ്ങും. ഇനിയവർക്ക് കരച്ചിൽ നിർത്തി അലറി വിളിക്കാം..  

ഈ വരുന്ന 17നു കൂടുന്ന ജിഎസ്ടി  കൗൺസിലിൽ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയാറാണെന്നു വാർത്തകൾ പുറത്തുവന്നുതുടങ്ങി. അങ്ങനെയെങ്കിൽ ലീറ്ററിനു 20 മുതൽ 30 രൂപ വരെ കുറയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷെ ‘കരച്ചിൽ ടീമുകൾക്ക്’ ഇരുട്ടടിയായി കേരളസർക്കാർ ആണ് ആദ്യ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. അടിപൊളി.! അതായത് കേന്ദ്രം കുറക്കാമെന്നു പറഞ്ഞപ്പോൾ കേരളത്തിനു വേണ്ട എന്ന്. ബെസ്റ്റ്..! 

ആദ്യം ഞാൻ കരുതി, തെറ്റായ വാർത്ത ആണോ എന്ന്. ഗൂഗിളിൽ കേറി നോക്കിയപ്പോൾ, ഇത് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നതെല്ലാം ഇന്ത്യയിലെ പ്രധാനപ്പെട്ട പത്രങ്ങളും, ചാനലുകളുമാണ്. ഇത് ഞാനായിട്ട്  ഉണ്ടാക്കിയ ഒരു വാർത്തയല്ല . അതിനാൽ എന്നെ തെറി വിളിച്ചിട്ട് വലിയ പ്രയോജനവുമില്ല. 

അപ്പൊ,  കാര്യങ്ങൾ ഒക്കെ ഏകദേശം പിടികിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു. ഇനി ഊപി.. പീപ്പി എന്ന് പറഞ്ഞു കരഞ്ഞിട്ടും കാര്യമില്ല. കൊറോണ കേസുകളെ അവിടെ യോഗി സർക്കാർ മൂന്നക്കത്തിൽ തളച്ചു . ന്യായീകരിക്കാൻ നല്ല ക്യാപ്സ്യൂളുകൾക്കായി വിഷമിക്കുന്നവർക്ക് നല്ല സജഷൻസ് ഉണ്ടെങ്കിൽ കമെന്റ്ബോക്സിൽ ഇടാൻ മറക്കേണ്ട.. അവരും ജീവിച്ചു പോകട്ടെ. അതിനിടയിൽ ഒരു ബ്രേക്കിങ് ന്യൂസുണ്ട്. സാംസ്കാരിക നായകന്മാർ  തൊണ്ടവേദന മൂലം ഒരാഴ്ച  കൂട്ട അവധിയിലാണ്. സമയം വൈകുന്നു. നന്മ പറഞ്ഞു നിർത്താം. ഭാരതത്തിൻെറയും ഭാരതീയരുടേയും ഉന്നമനത്തിനായി പ്രാഥിച്ചുകൊണ്ടും, മോദിസർക്കാരിന് നന്ദി പറഞ്ഞുകൊണ്ടും അവസാനിപ്പിക്കുന്നു.

English Summary: Krishnakumar's FB post on petrol price

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com