ADVERTISEMENT

തെങ്കാശി ∙ കേരള അതിർത്തിയായ കൊല്ലം ആര്യങ്കാവിൽനിന്നും 46 കിലോമീറ്റർ അകലെ തെങ്കാശി ജില്ലയിലെ പശ്ചിമഘട്ട മലയടിവാരത്തിൽ 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ നരബലിക്കായി എത്തിച്ചെന്ന അഭ്യൂഹത്തിൽ അന്വേഷണം തുടരുന്നു. കുഞ്ഞിന്റെ അമ്മയും പൂജാരിയുമടക്കം അഞ്ച് പേർ കടയം ആഴ്‌വാർകുറിച്ചി പൊലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാത്രി 7 മണിക്കാണ് നാടിനെ നടക്കുന്ന വിവരം കാട്ടുതീപോലെ ആഴ്‍വാർകുറിച്ചി മേഖലയിൽ പരന്നത്.

വർഷങ്ങള്‍ക്ക് മുൻപ് നരബലി തമിഴ്ഗ്രാമങ്ങളിൽ സുപരിചിതമായിരുന്നു. എന്നാൽ അടുത്ത കാലത്തൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അമാവാസിയിലും പൗർണമിയിലും മാത്രം തുറക്കുന്ന ക്ഷേത്രം ലക്ഷ്യംവച്ചാണ് സംഘം എത്തിയതെന്നാണു റിപ്പോർട്ട്. രാത്രിയിൽ ക്ഷേത്രത്തിലേക്ക് പ്രവേശനം സാധിക്കാത്തതിനാൽ മലയടിവാരത്തിൽ പൂജ നടത്തുന്നതിനിടിയിലാണ് പൊലീസ് പിടിയിലാകുന്നത്.

∙രാത്രിയിൽ മലയടിവാരത്തിൽ എന്തിനെത്തി?

ശിവകാശി സ്വദേശികളായ അഞ്ച് പേരെയാണ് നരബലിക്കെത്തിയെന്ന ആരോപണത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിന് സമീപത്താണ് സംഭവം. വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പൗർണമി, അമാവാസി ദിവസങ്ങളിൽ തുറക്കുന്ന ഒരു ക്ഷേത്രത്തിൽ എത്തിയതാണ് ഇവരെന്ന് പറയുന്നു. പകൽപോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിൽ എത്തിയ ആഡംബര കാർ നാട്ടുകാരിൽ സംശയം ജനിപ്പിച്ചു.

നാട്ടുകാരായ ചിലർ ബൈക്കിൽ കാറിന്റെ പിന്നാലെ യാത്ര തുടർന്നു. ബൈക്കിലെത്തിയവര്‍ അണക്കെട്ടിന് സമീപത്ത് കാർ നിർത്തിയിരിക്കുന്നത് കണ്ടതോടെ പതുങ്ങി നിന്നു. കാറിൽനിന്നും പൂജാരിയടക്കമുള്ളവർ പുറത്തിറങ്ങി പൂജ ആരംഭിച്ചതോടെ ഇവരും പതുക്കെ അടുത്തേക്കെത്തി. അടുത്തെത്തിയപ്പോഴാണ് കുഞ്ഞിനെ തലകീഴായി പിടിച്ചുകൊണ്ടാണ് പൂജ നടത്തുന്നതെന്ന് കണ്ടത്. ഇതോടെ പൂജ തടസ്സപ്പെടുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

എന്തിനാണ് കുഞ്ഞിനെ തലകീഴായി പിടിച്ചതെന്ന് പൂജാരിയോട് ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്തില്ലെന്ന മറുപടി ലഭിച്ചതോടെ നാട്ടുകാരുടെ സംശയം ബലപ്പെട്ടു. നരബലിക്ക് സമാനമായ അന്തരീക്ഷമാണ് ഇവിടെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തലകീഴായി കുഞ്ഞിനെ പിടിച്ചതും ഇതിന്റെ ലക്ഷണമാണെന്ന് ഇവർ പറയുന്നു.

∙ പൂജാരിയുടെ കൈവശം വലിയ ടോർച്ച്

സാധാരണ പൂജയ്ക്കായി എത്തുന്ന പൂജാരി എന്തിനാണ് വലിയ ടോർച്ചുമായെത്തിയതെന്ന് നാട്ടുകാർ ചോദിക്കുന്നു. അഞ്ച് മാസം മുൻപും ഈ പൂജാരി ഇവിടെ വന്നതായി പറയുന്ന ദൃശ്യം നാട്ടുകാരുടെ കയ്യിലുണ്ട്. ഇവരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും പകല്‍പോലും പ്രവേശനമില്ലാത്ത ക്ഷേത്രത്തിലേക്ക് സന്ധ്യകഴിഞ്ഞ് എത്തിയതും നാട്ടുകാരിൽ സംശയം ഉളവാക്കുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാതെ ദൂരെനിന്നു പൂജ ചെയ്താൽ എന്താണ് ഫലമെന്നും ഇവർ ചോദിക്കുന്നു.

∙ സംഘത്തിൽ സ്ത്രീകളും

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ ആഴ്‌വാർകുറിച്ചി പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്ത്രീകളടക്കമുള്ളതിനാൽ ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. നരബലിക്കായി വന്നതല്ലെന്ന മറുപടിയാണ് ഓരോരുത്തരും പൊലീസിനോട് പറയുന്നത്. ശിവകാശിയിൽനിന്നും ശങ്കരൻകോവിലിലെ ഒരു ക്ഷേത്രത്തിലേക്ക് വന്നതാണെന്നും അവിടെ എത്തിയപ്പോഴാണ് ആഴ്‌വാർകുറിച്ചി ക്ഷേത്രത്തിലേക്ക് പോകാമെന്നു തീരുമാനിച്ചതെന്നുമാണ് ഇവരുടെ വാദം.

സന്ധ്യ കഴിഞ്ഞതിനാൽ ദൂരെനിന്നും പൂജ നടത്തി മടങ്ങാമെന്നാണ് കരുതിയതെന്നും പറയുന്നു. ഇവരെക്കുറിച്ച് ശിവകാശി പൊലീസിൽ ആഴ്‌വാർകുറിച്ചി പൊലീസ് അന്വേഷിച്ചപ്പോൾ കേസുകളൊന്നും ഇല്ലെന്ന വിവരമാണ് ലഭിച്ചത്. കൂടെവന്ന പൂജാരിക്ക് സ്വന്തമായി ക്ഷേത്രവും ആശ്രമവും ഉണ്ടെന്നും പാമ്പാട്ടിയെന്ന പേരിലാണ് ഇയാളെ അറിയപ്പെടുന്നതെന്നും പൊലീസ് പറയുന്നു.

Azhwarkurichi-police-station-tenkasi-crime-1

∙ പ്രസവം കഴിഞ്ഞിട്ട് 45 ദിവസം മാത്രം

തമിഴ്നാട്ടിൽ സാധാരണ പ്രസവം കഴി‍ഞ്ഞ് 45 ദിവസം മാത്രം പിന്നിട്ട സ്ത്രീകളൊന്നും ഇത്രയും ദൂരം യാത്ര ചെയ്യാറില്ല. ശിവകാശിയിൽനിന്നും 110 കിലോമീറ്റർ യാത്ര ചെയ്തെങ്കിൽ മാത്രമെ ആഴ്‌വാര്‍കുറിച്ചിയിൽ എത്താൻ സാധിക്കൂ. ഇത്രയും യാത്ര ചെയ്ത് രാത്രിയിൽ പൂജ നടത്താൻ ഇപ്പോൾ വിശേഷ ദിവസങ്ങളുമല്ല. ഈ ചോദ്യങ്ങളെല്ലാം നാട്ടുകാർ ഉന്നയിക്കുമ്പോൾ കൃത്യമായ മറുപടി പൊലീസിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നില്ല.

∙ ‘നരബലി നടത്താനല്ല വന്നത്’

നരബലി നടത്താനല്ല ഇവർ വന്നതെന്നും അത് വ്യാജപ്രചരണമാണെന്നും തെങ്കാശി എസ്പി ആർ.കൃഷ്ണരാജും അറിയിച്ചു. ശിവകാശിയിൽനിന്ന് എത്തിയ ഇവർ സന്ധ്യ കഴിഞ്ഞതിനാലാണ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പൂജ നടത്തിയത്. ഇവരെക്കുറിച്ച് ശിവകാശി സ്റ്റേഷൻ പരിധിയിൽ കേസുകളൊന്നുമില്ല. വന്നവരെല്ലാം, പൂജാരിയടക്കം അടുത്ത ബന്ധുക്കളാണെന്നും പറഞ്ഞു.

പൂജയ്ക്കായി എത്തിയവരെ ചൊവ്വാഴ്ച വൈകിട്ടോടെ ആഴ്‌വാർകുറിച്ചി പൊലീസ് ശിവകാശിയിലേക്ക് കൊണ്ടുപോയി. അവിടെ അന്വേഷണം നടത്തുകയാണ് ലക്ഷ്യം. ആലംകുളം ഡിഎസ്പിക്കാണ് അന്വേഷണ ചുമതല. ഇതുവരെ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. വനമേഖലയിൽ അതിക്രമിച്ചു കടന്നതിന് വനംവകുപ്പ് കേസെടുക്കാൻ സാധ്യതയുണ്ട്.

∙ നാട്ടുകാർക്കെതിരെ കേസെടുക്കാൻ സാധ്യത

പൂജയ്ക്കായി എത്തിയവരെ പിന്തുടർന്ന് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് നാട്ടുകാർക്കതിരെ ആഴ്‌വാർകുറിച്ചി പൊലീസ് കേസെടുക്കാൻ സാധ്യത. പൂജാരിയോട് സംസാരിക്കുന്നതായുള്ള വിഡിയോ എടുത്തശേഷം നരബലിക്ക് വന്നതാണെന്നു പ്രചരിപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള പരാതി.

English Summary: Mystery Pooja at Tenkasi, Probe Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com