ADVERTISEMENT

തിരുവനന്തപുരം∙ എല്ലാ ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യേണ്ട ബാധ്യത പൊലീസിനില്ല. ആർക്കൊക്കെ സല്യൂട്ട് ചെയ്യണമെന്ന് കൃത്യമായ നിർദേശം പൊലീസ് മാന്വലിൽ നൽകിയിട്ടുണ്ട്. എങ്കിലും രാഷ്ട്രീയ സ്വാധീനവും പ്രതികാര നടപടികളും ഭയന്നാണ് മുൻ ജനപ്രതിനിധികളെപോലും സല്യൂട്ട് ചെയ്യാൻ പല പൊലീസുകാരും നിർബന്ധിതരാകുന്നത്. സുരേഷ് ഗോപി എംപി ഒല്ലൂർ എസ്ഐയോട് സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന വിഡിയോ വൈറലായതോടെ ആർക്കൊക്കെ സല്യൂട്ട് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ചർച്ച സേനയിലും സജീവമായി. നിയമപ്രകാരം സല്യൂട്ട് നൽകേണ്ടാത്തവരെ സല്യൂട്ട് ചെയ്യുന്ന പരിപാടി അവസാനിപ്പിക്കാനാണ് പൊലീസുകാർക്കിടയിലെ ആലോചന.

താഴ്ന്ന റാങ്കിലുള്ളവർ ഉയർന്ന റാങ്കിലുള്ളവരോട് ഏകപക്ഷീയമായി ചെയ്യുന്ന ആചാരമല്ല സല്യൂട്ട്.  താഴ്ന്ന റാങ്കിലുള്ളവർ സല്യൂട്ട് ചെയ്യുമ്പോൾ ഉയർന്ന റാങ്കിലുള്ളവർ തിരിച്ചും സല്യൂട്ട് നൽകണം. ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്.  ഭരണകർത്താക്കളെയും ജുഡീഷ്യൽ ഓഫിസർമാരെയും സല്യൂട്ട് ചെയ്യുമ്പോഴും അവരും തിരിച്ച് സല്യൂട്ട് ചെയ്യണം. ട്രാഫിക് ഡ്യൂട്ടി നിർവഹിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും കടന്നുപോയാൽ സല്യൂട്ട് നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ നിർദേശമുണ്ട്. പകരം അറ്റൻഷനായി നിന്ന് ട്രാഫിക് ജോലികൾ തുടരാം.

എംപി, എംഎൽഎ തുടങ്ങിയവർക്ക് സല്യൂട്ട് നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെങ്കിലും ജനാധിപത്യത്തെ അംഗീകരിക്കുന്നതിനാലും ജനപ്രതിനിധികളെ ബഹുമാനിക്കുന്നതിനാലുമാണ് സല്യൂട്ട് നൽകുന്നതെന്നു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു. ഇത്തരം ഇടപെടൽ വരുമ്പോഴാണ് അത് മാനസിക പ്രശ്നത്തിലേക്കു വരുന്നത്. സല്യൂട്ട് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അടുത്തിടെ ഒരു ഡോക്ടർ തനിക്കു സല്യൂട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു കത്തു നൽകിയിരുന്നു. എല്ലാവർക്കും നൽകേണ്ട ഒന്നല്ല സല്യൂട്ട്. – അദ്ദേഹം പറഞ്ഞു. 

സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച് പൊലീസ് മാന്വലിൽ പറയുന്നതിങ്ങനെ: 

∙ ദേശീയപതാക, വിവിധ സേനകളുടെ പതാക
∙ മൃതശരീരം
∙ രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ്പ്രസിഡന്റ്, ഗവർണർ
∙ മുഖ്യമന്ത്രി, കേന്ദ്ര–സംസ്ഥാന മന്ത്രിമാർ
∙ യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി)
∙ മേലുദ്യോഗസ്ഥർ
∙ സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, ജില്ലാ പൊലീസ് മേധാവികൾ, എസ്പിമാർ
∙ യൂണിറ്റുകളുടെ കമൻഡൻറുമാർ
∙ ജില്ലാ കലക്ടർ
∙ സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്
∙ സേനകളിലെ കമ്മിഷൻഡ് ഉദ്യോഗസ്ഥർ, സൈന്യത്തിലെ ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ
(ആയുധധാരിയായി ഗാർഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇതിനായി പ്രത്യേക മാർഗ നിർദേശങ്ങളുമുണ്ട്)

English Summary: No rule to salute parliament members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com