ADVERTISEMENT

കൊച്ചി∙ മുപ്പതിലേറെ വർഷത്തിനു ശേഷം സീതയുടെയും കുഞ്ഞുമണിയുടെയും വീട്ടിൽ വെളിച്ചമെത്തുന്നു. വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലേക്കുള്ള ലൈൻ കെഎസ്ഇബി ചാർജു ചെയ്യും. എന്തോ മംഗള കർമം നടക്കാനുള്ള വീടുപോലെ തിരക്കു നിറഞ്ഞതായിരുന്നു ബുധനാഴ്ച കലൂർ നോർത്ത് ജനത റോഡിലുള്ള തെക്കെകാത്തുള്ളി വീട്. 

കോർപ്പറേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെ രാഷ്ട്രീയ നേതാക്കളും ഉൾപ്പടെയുള്ളവർ മുൻകൈ എടുത്ത് വീടാകെ ബ്ലീച്ചിങ് പൗഡറിട്ടു വൃത്തിയാക്കി. സ്ഥലം എംപി ഹൈബി ഈഡൻ വീടു സന്ദർശിച്ച് മരുന്നു മുതൽ ഫാനും വീട്ടിലേയ്ക്കു വീട്ടിലേയ്ക്കു വേണ്ട ഏതാണ്ട് എല്ലാ സാധന സാമഗ്രികളും വാഗ്ദാനം ചെയ്തു. വർഷങ്ങൾ നീണ്ട ദുരിത ജീവിതത്തിനു വിരാമമാകുന്നതിന്റെ സന്തോഷത്തിലായി  ഇതോടെ സഹോദരിമാർ.

∙ വൈദ്യുതി സൗജന്യമെന്നു  കെഎസ്ഇബി

ബില്ലടയ്ക്കാഞ്ഞതിന് ഫ്യൂസൂരി പിന്നെ പാടേ മറന്നു പോയ കുടുംബത്തിലേയ്ക്കു പ്രായശ്ചിത്തം പോലെ ഇനി സൗജന്യമായി വൈദ്യുതി നൽകാനാണ് കെഎസ്ഇബി തീരുമാനം. വാർത്ത ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ കലക്ടറുടെ നിർദേശത്തെ തുടർന്ന് കെഎസ്ഇബി കലൂർ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർ എ.കെ. അജികുമാർ വയറിങ് ജോലികൾ പൂർത്തിയാക്കി.പ്രതിമാസം 40 യൂണിറ്റു വരെ സൗജന്യമായി വൈദ്യുതി ഉപയോഗിക്കാവുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കണക്‌ഷൻ നൽകുന്നത്. രാവിലെ മുതൽ നാലു ജീവനക്കാരെ നിയോഗിച്ച് വയറിങ് ജോലികൾ പൂർത്തിയാക്കിയതായി ഓവർസിയർ എസ്.എ ഫിതർ മനോരമ ഓൺലൈനോടു പറഞ്ഞു.

മനോരമ വാർത്ത കണ്ടാണ് ഹൈബി ഈഡനും സീതയുടെ വീടു സന്ദർശിക്കാനെത്തിയത്. ‘‘അറിഞ്ഞില്ല എന്നതുകൊണ്ടു മാത്രമാണ് ഇതുവരെയും ഇവിടെ വന്നു വേണ്ടതു ചെയ്തു കൊടുക്കാൻ സാധിക്കാതെ പോയത്’’ എന്നദ്ദേഹം തുറന്നു സമ്മതിച്ചു. ഞങ്ങൾ ഇവിടെയുണ്ട്, എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കണം. 

നായകളെ വാക്സീൻ കൊടുത്ത് എത്രയും പെട്ടെന്നു എത്തിച്ചു നൽകും. നായ്ക്കായി കൂട് വാങ്ങുന്നതിനും ഏർപ്പാടാക്കി. വീടിന്റെ അറ്റകുറ്റപ്പണികൾക്കു വേണ്ട സംവിധാനം ഒരുക്കാം എന്നും വാക്കു കൊടുത്ത അദ്ദേഹം പ്രത്യേക പദ്ധതിയിൽ വീട്ടിലേയ്ക്കു വേണ്ട ഫാനുകൾ ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും വാങ്ങുന്നതിനും നിർദേശം നൽകി. 

kseb-workers-watermarked
സീതയുടെയും കുഞ്ഞുമണിയുടെയും വീട്ടിൽ വയറിങ് ജോലികൾ പുരോഗമിക്കുന്നു.

നിശ്ചിത ഉപയോഗത്തിൽ കൂടുതൽ വൈദ്യുതി ബിൽ വന്നാൽ അത്‌ അടയ്ക്കുമെന്നും ഹൈബി പറഞ്ഞു. കുഞ്ഞുമണിയുടെ ചികിത്സയ്ക്ക് ഡോക്ടറെയും ഏർപ്പാടാക്കാമെന്നും പറഞ്ഞിട്ടാണ് മടങ്ങിയത്. വീട്ടിലുണ്ടായിരുന്ന നായ്ക്കളെ കഴിഞ്ഞ ദിവസം കൗൺസിലറുടെ നേതൃത്വത്തിൽ കോർപറേഷൻ ഹെൽത്ത് വിഭാഗം അവിടെ നിന്നു മാറ്റിയിരുന്നു. വാക്സിനേഷൻ നടപടികൾ പൂർത്തീകരിച്ച് പുതിയ കൂട്ടിൽ നായ്ക്കളെ തിരിച്ചെത്തിക്കുമെന്നു കൗൺസിലർ പറഞ്ഞു. 

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് പടയാട്ടിലിന്റെ നേതൃത്വത്തിലായിരുന്നു വീടും പരിസരവും ശുചീകരിച്ചത്. ഇതിനകം വാർത്ത കണ്ട് ഒട്ടേറെ ആളുകൾ ഒന്നര ലക്ഷത്തോളം രൂപ ഇവരുടെ അക്കൗണ്ടിലേയ്ക്കു സഹായമായി നൽകി. പ്രശ്നങ്ങൾ പരിഹരിക്കാൻ മേയറുമായി ആലോചിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നു കൗൺസിലർ ദീപ്തി മേരി വർഗീസ് പറഞ്ഞു. 

റേഷൻ കാർഡ് ലഭ്യമാക്കാനും ആധാരം വീണ്ടെടുക്കാനും സഹായിക്കുമെന്നും കൗൺസിലറും വാഗ്ദാനം നൽകി. പാലാരിവട്ടം പ്രദേശത്ത് ആദ്യകാലത്തു വൈദ്യുതി എത്തിയ കുടുംബങ്ങളിലൊന്നായ സീതയുടെയും ഭിന്നശേഷിക്കാരിയായ സഹോദരി കുഞ്ഞുമണിയുടെയും വീട്ടിൽ വൈദ്യുതി വിളക്കണഞ്ഞിട്ടു 30 വർഷം ആയത് മനോരമ ഓൺലൈൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.‌‌‌

റേഷൻ കാർഡോ സർക്കാരിന്റെ മറ്റു സഹായങ്ങളോ ഇല്ലാതിരുന്ന വീട്ടിൽ ഭക്ഷണം വയ്ക്കാനും സാഹചര്യമുണ്ടായിരുന്നില്ല. കലൂർ പള്ളിയിൽ നിന്നുള്ള ഭക്ഷണം കഴിച്ചും അവിടെ നിന്നു ലഭിക്കുന്ന മെഴുകുതിരി കഷ്ണങ്ങൾ രാത്രി തെളിച്ചുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. സഹോദരിമാരുടെ ദുരവസ്ഥ പുറത്തു വന്നതോടെ സഹായവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്.

English Summary: Hibi Eden intervines, Sitha and Kunjumani gets KSEB connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com