‘ലൈംഗിക ദാരിദ്ര്യമാണ് സദാചാര ഗുണ്ടകൾക്ക്’; ഒരമ്മയ്ക്ക് മകനൊപ്പം യാത്ര ചെയ്യാനാവില്ലേ?

moral-policing
കൊല്ലം പരവൂരില്‍ ബീച്ചിൽ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ ആശിഷ് (ഇടത്), 2017ൽ കൊച്ചി മറൈൻ ഡ്രൈവിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട ശിവസേന പ്രവർത്തകർ (വലത്).
SHARE

‘ഇഷ്‌ക്’ എന്ന സിനിമയിൽ രാത്രി യാത്ര ചെയ്യുന്ന വസുധയും (ആൻ ശീതൾ) സച്ചിയും (ഷെയിൻ നിഗം) നേരിടുന്ന സദാചാര ആക്രമണം കണ്ടവരാണ് മലയാളികൾ. ദുബായിലെ ഐടി ജോലിയിൽനിന്ന് ഒരാശ്വാസത്തിനു നാട്ടിൽ എത്തുന്ന എബിനും (ഫഹദ് ഫാസിൽ) ഭാര്യ പ്രിയ പോളും (ഐശ്വര്യ ലക്ഷ്മി) നേരിടുന്ന സദാചാര ആക്രമണങ്ങളാണ് ‘വരത്തൻ’ എന്ന സിനിമ പറയുന്നത്. നാട്ടിലെ ചായക്കടയിലെത്തിയ ഇവരെ അസ്വസ്ഥതയോടെയാണ് നാട്ടുകാർ നോക്കുന്നത്. വസ്ത്രധാരണം, സ്റ്റൈൽ, മോഡേൺ വസ്ത്രം ധരിക്കുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ അവജ്ഞ ഇതെല്ലാം സിനിമയിൽ വ്യക്തമാക്കുന്നു. 

ആണും പെണ്ണും ഒന്നിച്ചു താമസിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും തുറിച്ചു നോക്കുന്ന ഒരു കൂട്ടം കണ്ണുകളെ എപ്പോഴും നേരിടേണ്ടി വരും. ലൈംഗിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത സമൂഹത്തിന്റെ ജീർണതയുടെ തെളിവാണ് ‘വരത്തൻ’ സിനിമയിലെ ഓരോ രംഗവും. ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തിലൂടെ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ഇന്നത്തെ സ്ത്രീ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും കൃത്യമായി കാണാം. 

‘ഇഷ്കി’ൽ അൽബിൻ (ഷൈൻ ടോം) കാറിൽ കയറി ഇറങ്ങുമ്പോൾ സച്ചി ആദ്യം ചോദിക്കുന്നത് ‘അവൻ എന്താ നിന്നെ ചെയ്തത് എന്നാണ്’, ‘വസുധയ്ക്ക് എന്തേലും പറ്റിയോ?’ എന്നല്ല ചോദ്യം. അവളെ അവൻ എന്തേലും ചെയ്തോ എന്നറിയാനുള്ള വ്യഗ്രതയാണ് സച്ചിയുടെ മനസ്സിൽ. പലപ്പോഴും ഇത്തരം സംഭവങ്ങളിൽ സ്ത്രീകളെ തളർത്തുന്നതും ഇത്തരം ചോദ്യങ്ങളാണ്. എത്ര ശാരീരിക, വാക്ക്, നോക്ക് പീഡനങ്ങളിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നത്? ‘എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം’ (My body is my right) എന്ന് ഓരോ സ്ത്രീക്കും പറയേണ്ട അവസ്ഥയാണ്. 

ishq-varathan
ഇഷ്‌ക് സിനിമയിലെ രംഗം (ഇടത്), ‘വരത്തനിലെ’ രംഗം (വലത്).

ആണും പെണ്ണും എവിടെ ഒരുമിച്ച് ഇരിക്കുന്നത് കണ്ടാലും സദാചാര ആക്രോശങ്ങളുമായി എത്തുന്നവരുടെ മനോനില എന്താണ്? ഇന്നു പലരുടെയും ജീവനെടുക്കുന്ന ഒന്നായി സദാചാരം നാട്ടിൽ മാറിയിരിക്കുന്നു. മകനൊപ്പം ഒരമ്മയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്താണ് നാട്ടിലെ സ്വാതന്ത്ര്യം? അന്യന്റെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിന്റെ പേരാണോ സദാചാരം എന്നത് ?  

‘അതും സദാചാര ഗുണ്ടായിസമാണ്’

കാലത്തിനും ദേശത്തിനുമനുസരിച്ച് മാറുന്നതാണ് സദാചാരമെന്നാണ് സാമൂഹിക നിരീക്ഷകൻ എം.എൻ.കാരശ്ശേരിയുടെ വാക്കുകൾ. വീടുകളാണ് ഇന്ന് നിരന്തരമായ സദാചാര ലംഘനം നടന്നുകൊണ്ടിരിക്കുന്ന ഇടങ്ങളിലൊന്ന്. സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടം ഡിജിറ്റലായാലും അല്ലാതെയാണെങ്കിലും സദാചാരലംഘനം തന്നെയാണ്. പങ്കാളിയുടെ ഫോൺ പരിശോധിക്കുന്നത് സദാചാര ഗുണ്ടായിസം തന്നെയാണ്, തെറ്റുമാണ്. 

പല കുടുംബങ്ങളിലെയും ‘നിയമങ്ങൾ’ സ്വകാര്യതയുടെ ലംഘനമാണ്. കുടുംബ കേന്ദ്രീകൃതമായ സദാചാര ഗുണ്ടായിസത്തിൽ വലിയൊരു പങ്ക് വഹിക്കുന്നത് മതങ്ങളാണ്. മത നിയമങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ സ്വകാര്യതയുടെ ലംഘനവും ഉണ്ടാകുന്നു. മതങ്ങളും പാർട്ടികളും സ്ത്രീവിരുദ്ധ സമീപനമുള്ളവയാണ്. നമ്മുടെ വിശ്വാസങ്ങളും സങ്കൽപങ്ങളും പലപ്പോഴും സ്ത്രീയെ ഇകഴ്ത്തി കാണിക്കുന്നവയാണ്. വ്യക്തികളുടെ സുഖം, സ്വാതന്ത്ര്യം. സ്വാശ്രയത്വം എന്നിവയിലാണ് ജനാധിപത്യം നിലനിൽക്കുന്നത്. 

ms-karassery
എം.എൻ. കാരശ്ശേരി.

എന്ത് കഴിക്കണം, എവിടെ പോകണം, എന്ത് ധരിക്കണം എന്നിവയെല്ലാം ഓരോരുത്തരുടെയും തീരുമാനമാണ്. അതിൽ മറ്റൊരാൾ ഇടപെടേണ്ടതില്ല. നിയമം അനുവദിക്കുന്ന പല കാര്യങ്ങളും പ്രയോഗത്തിൽ കൊണ്ടുവരാൻ ഇപ്പറഞ്ഞ സദാചാര ഗുണ്ടകൾ വിലങ്ങുതടിയാവുന്നു. അത് അംഗീകരിക്കാനാവില്ല. പ്രായപൂർത്തിയായ ആർക്കും ആരോടും ഇണ ചേരാം. നിയമം അത് അനുവദിക്കുന്നുണ്ട്. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ തുറിച്ചു നോക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് അവരുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ ഫലമാണ്. ആണും പെണ്ണും പ്രത്യേകം പ്രത്യേകം ക്ലാസുകളിൽ പഠിക്കുന്ന രീതി ഇന്നും പലയിടത്തും ഉണ്ട്. അത് ആദ്യമേ നിർത്തലാക്കണം– കാരശ്ശേരി പറയുന്നു.

‘സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ല സ്വാതന്ത്ര്യം’

ഒരാളുടെ സ്വാതന്ത്ര്യം വേറൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാവരുതെന്നു വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ പറയുന്നു. സദാചാരക്കാരുടെ വിചാരം അവരെപ്പോലെയാണ് മറ്റുള്ളവരും എന്നാണ്. സ്വന്തം ചിന്തയിലെ തെറ്റുകൾ ഇത്തരക്കാർക്ക് സമൂഹത്തിലെയും തെറ്റുകളായി മാറും. സ്ത്രീക്കും പുരുഷനും ഒരുമിച്ച് ജീവിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം പൗരനും ഉണ്ട്– ഷാഹിദ പറഞ്ഞു. 

moral-policing-kollam
2017ൽ കൊച്ചി മറൈൻ ഡ്രൈവിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട ശിവസേന പ്രവർത്തകർ.

‘വേണ്ട ഈ ഒളിഞ്ഞുനോട്ടം’

മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് സദാചാര ഗുണ്ടകൾ കാണിക്കുന്നതെന്ന് കൊല്ലം ജില്ലാ മുൻ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറയുന്നു. തന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കുമുണ്ട്. നിയമം അതിന് അവരെ അനുവദിക്കുന്നു. സാഡിസ്റ്റ് മനോഭാവവും ക്രിമിനൽ സ്വഭാവവും ആളുകളിൽ വർധിക്കുന്നതിന്റെ തെളിവാണ് ഈ നൂറ്റാണ്ടിലും സമൂഹത്തിൽ സദാചാര ഗുണ്ടായിസം നടക്കുന്നു എന്നത്. 

പെൺ സമൂഹത്തെ ആകെമാനം അപമാനിക്കുന്ന പ്രവണത കൂടി വരികയാണ്. ഇതിനെതിരെ ശക്തമായ നിയമം ഉണ്ടാവണം. നിയമം നടപ്പിലാക്കണം. ഒരു പെൺകുട്ടിയെ ബസിലോ പൊതുസ്ഥലത്തോ കടന്നുപിടിക്കുകയോ മുട്ടി ഉരുമ്മുകയോ ചെയ്യുമ്പോൾ അതിനെതിരെ ആ പെൺകുട്ടി ശബ്ദമുയർത്തിയാൽ എത്ര പേർ കൂടെ നിൽക്കും? പെൺകുട്ടിയുടെ കുറ്റം എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലാവും സമൂഹം. ഇതേ പെൺകുട്ടി തന്റെ സുഹൃത്തോ കാമുകനോ എന്തിന് ഭർത്താവിന്റെ കൂടെ പൊതുസ്ഥലത്ത് ഇരുന്നാൽ ആക്രമിക്കാനും അപമാനിക്കാനും ഒരു കൂട്ടം ആളുകൾ എല്ലാ പ്രദേശങ്ങളിലും ഉണ്ട്. ഇതേ മനോനിലയുള്ളവരാണ് സമൂഹമാധ്യമങ്ങളിൽ കൂട്ടത്തോടെ ആക്രമിക്കാന്‍ വരുന്നതും.

bindu-krishna
ബിന്ദു കൃഷ്ണ.

പൊതു ഇടങ്ങളിലും സൈബർ ഇടങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ലാതാവുന്നു. സ്വന്തം അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിവരെ സ്നേഹിക്കുകയും മറ്റുള്ള സ്ത്രീകളെ വേറെ കണ്ണോടെ കാണുന്നവരുമാണ് ഈ സദാചാരവാദികൾ. എന്നാൽ മറ്റുള്ള സ്ത്രീകളും ഒരു പുരുഷന്റെ ആരൊക്കയോ ആണെന്ന കാര്യം ഇവർ മറക്കുന്നു. സമൂഹത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്ന എത്രയോ പുരുഷൻമാരുണ്ട്. അവർക്കൂ കൂടി അപമാനമാണ് ഇത്തരം പ്രവർത്തനങ്ങൾ. മലപ്പുറത്ത് കഴിഞ്ഞ ദിവസം സർഗപ്രതിഭയുള്ള വ്യക്തിയുടെ ജീവിതമല്ലേ കവർന്നത്? മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം അവസാനിപ്പിക്കാൻ പഠിക്കണം– ബിന്ദു കൃഷ്ണ പറഞ്ഞു.

‘സദാചാരമെന്നത് വലിയ തിരിച്ചറിവ്’

ആണുംപെണ്ണും ഒരുമിച്ചു നിൽക്കുന്നതു കാണുമ്പോൾ പൊട്ടിയൊഴുകുന്നത് അല്ല സദാചാരമെന്നു യുവ എഴുത്തുകാരി ബൃന്ദ പുനലൂർ പറയുന്നു. സദാചാരം എന്നത് മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാതിരിക്കാനുള്ള തിരിച്ചറിവാണ്. സ്വകാര്യതയെ മാനിക്കാനുള്ള വിവേകമാണ് വേണ്ടത്. കൊല്ലത്ത് ഒരു അമ്മയ്ക്കും മകനും ശാരീരികമായും മാനസികമായും നേരിടേണ്ടി വന്ന അപമാനവും സങ്കടവും വാക്കുകളിലൊതുക്കാൻ കഴിയില്ല. ഇവരുടെ സ്ഥാനത്ത് ആൺ–പെൺ സുഹൃത്തുക്കളോ കമിതാക്കളോ ആയിരുന്നെങ്കിൽ ഒരു പക്ഷേ ഗുണ്ടായിസം കാട്ടുന്നവർക്കൊപ്പം നിൽക്കാനും ആളുകൾ ഉണ്ടായേനെ. 

ആപൽക്കരമായ രോഗാതുരതയും അസഹിഷ്ണുതയുമാണ് ഇത്തരം കാര്യങ്ങൾ കൂടാനുള്ള കാരണം. കുറ്റകൃത്യങ്ങളും വിധ്വംസക പ്രവർത്തനങ്ങളും വെളിച്ചത്തു കൊണ്ടുവരാൻ ഉത്തരവാദപ്പെട്ടവരെ സഹായിക്കുകയും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നതാണ് സദാചാരം. അല്ലാതെ  ആണും പെണ്ണും ഒരുമിച്ചു നിൽക്കുന്നതു കാണുമ്പോൾ പൊട്ടിയൊഴുകുന്നത് സദാചാരമല്ല, കുറ്റകൃത്യമാണ്.

brinda-punalur
ബൃന്ദ പുനലൂർ

വ്യക്തികളു‌ടെ ഇടത്തെ അംഗീകരിക്കാൻ സമൂഹം തയാറാവണമെന്ന് മൈസൂർ യൂണിവേഴ്സിറ്റി ജേണലിസം ഗവേഷക വിദ്യാർഥിയായ മുഹമ്മദ് സാലിഹ് നിരീക്ഷിക്കുന്നു. സദാചാര ഗുണ്ടായിസം ഇന്ന് വലിയൊരു സാമൂഹിക രോഗമായിക്കൊണ്ടിരിക്കുകയാണ്. ഈ രോഗം അനുദിനം രൂക്ഷമാകുന്നു. ഒരു വ്യക്തിയുടെ, അല്ലെങ്കിൽ വ്യക്തികളുടെ ഇടത്തെ അംഗീകരിക്കാൻ  സാധിക്കാതിരിക്കുന്നത് സാമൂഹിക- ഭരണഘടനാ വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ടാണ്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ മൂക്കിൻതുമ്പ് വരെ സ്വാതന്ത്ര്യമനുഭവിക്കാമെന്നും അത്ര മാത്രമേ സ്വാതന്ത്ര്യമുള്ളൂ എന്ന അവബോധം സമൂഹത്തിൽ വളർത്താൻ അധികാര സ്ഥാപനങ്ങൾ തയാറായാൽ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയുള്ളൂ– മുഹമ്മദ് സാലിഹ് നിരീക്ഷിക്കുന്നു.

‘അന്യന്റെ വേദനയിൽ ആനന്ദിക്കുന്നവർ...’

മതനിയമങ്ങളെ വളച്ചൊടിച്ച് ചിലർ അന്ധമായി വിശ്വസിക്കുന്നതും സദാചാര പ്രവർത്തനങ്ങൾക്ക് കാരണമാകുന്നുയെന്ന് വിലയിരുത്തുന്നു അഭിഭാഷകനും ഫാമിലി കൗൺസലറും ആയ ജോൺ എബ്രഹാം. വിവാഹിതരാകുന്നതിനു സ്ത്രീക്ക് 18 വയസ്സും പുരുഷന് 21 വയസ്സും പൂർത്തിയാവേണ്ടതാണ്. എന്നാൽ പ്രായപൂർത്തിയായവർ ഒരുമിച്ചു താമസിക്കുന്നതിന് നിയമപരമായി തടസ്സമില്ല. പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഇഷ്ടമുള്ള തരത്തിൽ ജീവിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. 

വിവാഹേതര ബന്ധങ്ങൾക്കു നിയമത്തിന്റെ പിൻബലം ഉള്ള നാട്ടിൽ നിയമത്തെ വെല്ലുവിളിക്കുകയാണ് കപട സദാചാര വാദികൾ. തങ്ങൾക്കു കിട്ടാത്ത സൗഹൃദങ്ങളൾ, പ്രേമ ബന്ധങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുമ്പോൾ ഉള്ള അസൂയയും അസഹിഷ്ണുതയുമാണ് ഇവർ പ്രകടിപ്പിക്കുന്നത്. ഓരോ വ്യക്തിയും ഒറ്റയ്ക്കായിരിക്കുമ്പോൾ ചെയ്യുവാൻ മടിക്കുന്ന പല കാര്യങ്ങളും ഒരു സമൂഹത്തിന്റെ കൂടെ നിൽക്കുമ്പോൾ ചെയ്യും. സദാചാര ഗുണ്ടായിസവും ആൾക്കൂട്ട ആക്രമണങ്ങളും സമൂഹത്തിൽ വർധിക്കുകയാണ്. സാഡിസ്റ്റിക്ക് പഴ്സണാലിറ്റി ഡിസോർഡർ (Sadistic Personality Disorder) എന്നാണിതിനെ പറയുന്നത്. 

moral-policing-kollam
കൊല്ലം പരവൂരില്‍ ബീച്ചിൽ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ സാലുവും ഷംലയും.

സദാചാരഗുണ്ടകളിൽ ഇത്തരത്തിലുള്ള മനോനില കൂടുതൽ ആയിരിക്കും. അന്യന്റെ വേദനയും  നിരാശയും അപമാനവും ഇവർക്ക് സന്തോഷം പ്രദാനം ചെയ്യുന്നു. ലൈംഗിക ദാരിദ്ര്യവും ലൈംഗിക വിദ്യാഭ്യാസക്കുറവുമാണ് സമൂഹം നേരിടുന്ന പ്രധാന പ്രശ്നം. ആൺകുട്ടികളും പെൺകുട്ടികളും രണ്ടു ക്ലാസ് മുറികളിൽ പഠിക്കാൻ തുടങ്ങുന്ന നാൾ മുതൽ പലരിലും ഇത്തരം കപട സദാചാരം വളരും. ചെറുപ്പും മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ച് ഇഴപെടാനുള്ള സാഹചര്യം ഉണ്ടാവണം. അക്രമത്തിന് ഇരയാവരിൽ  സ്ട്രെസ്സ് ഡിസോഡർ ഉണ്ടാവുമ്പോഴാണ് പലരും ജീവനൊടുക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നാൽ അപ്പോൾ തന്നെ കൗൺസലിങ് സപ്പോർട്ട് തേടണം– ജോൺ എബ്രഹാം നിർദേശിക്കുന്നു.

കണ്ടു നിന്നാലും കേസ്

ആൾക്കൂട്ട ആക്രമണവും സദാചാര ഗുണ്ടായിസവും തടയാൻ ശ്രമിക്കാതെ നോക്കി നിൽക്കുന്നവർക്കും മൊബൈൽ ഫോണിൽ പകർത്തുന്നവർക്കുമെതിരെയും കേസെടുക്കാൻ പൊലീസിനാകും. ഇരയെ ആക്രമിച്ചിട്ടില്ല എന്നുപറഞ്ഞ് രക്ഷപ്പെടാൻ സാധിക്കില്ല. കൂട്ടത്തിൽ ഏതെങ്കിലുമൊരാൾ ചെയ്യുന്ന കുറ്റകൃത്യത്തിന് എല്ലാവരും ശിക്ഷ അനുഭവിക്കേണ്ടിവരും. സംഘത്തിൽ ഉൾപ്പെട്ടാൽതന്നെ മൂന്നു വർഷം വരെയുള്ള തടവുശിക്ഷ ലഭിക്കാം. ഐപിസി 143 മുതൽ 148 വരെയുള്ള വകുപ്പുകൾ ചുമത്തിയായിരിക്കും കേസെടുക്കുന്നത്.

English Summary: Moral Policing Continuosly Undemine the Progressive Nature of 'God's Own Country' Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA