ADVERTISEMENT

കാബൂൾ ∙ ഇടക്കാല സർക്കാർ പ്രഖ്യാപനത്തിനുശേഷവും അയവില്ലാതെ താലിബാന്റെ ഉൾപ്പോര്. മുഖ്യശത്രുവായ യുഎസ് സഖ്യത്തെ തുരത്തി, രണ്ടു പതിറ്റാണ്ടിനുശേഷം അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതിനു പിന്നാലെയാണ് താലിബാനുള്ളിൽ പുകഞ്ഞിരുന്ന തമ്മിലടിയും ആളിക്കത്തിയത്.

സംഘടനയ്ക്കുള്ളിലെ രണ്ടു വിഭാഗങ്ങൾ പരസ്പരം വെടിവയ്പ് നടത്തിയെന്നും സ്ഥാപക നേതാക്കളിൽ ഒരാളും ഇടക്കാല സർക്കാരിലെ ഉപപ്രധാനമന്ത്രിയുമായ അബ്ദുൽ ഗനി ബറാദർ ഇതിൽ കൊല്ലപ്പെട്ടെന്നും ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. താൻ ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ ബറാദർക്ക് ശബ്ദസന്ദേശം പുറത്തുവിടേണ്ടിയും വന്നു.

ബറാദറിന്റെ നേതൃത്വത്തിലുള്ള, താലിബാന്റെ ഉദ്ഭവപ്രദേശമായ കാണ്ഡഹാർ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഭാഗവും, പാക്കിസ്ഥാന്റെ അതിർത്തിയോടു ചേർന്ന ഹഖാനി നെറ്റ്‌വർക്കിന്റെ തലവനായ സിറാജുദ്ദീൻ ഹഖാനിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് പ്രശ്നം. താലിബാൻ പ്രഖ്യാപിച്ച ഇടക്കാല സർക്കാരിൽ ആഭ്യന്തര മന്ത്രിയാണ് സിറാജുദ്ദീൻ ഹഖാനി. ഭീകരസംഘടന  അൽ ഖായിദയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയായും അടുത്ത ബന്ധം പുലർത്തുന്നതാണ് ഹഖാനി നെറ്റ്‌വർക്ക്.

താലിബാൻ ആദ്യമായി ഭരണത്തിലിരുന്ന 1996–2001 കാലഘട്ടത്തിൽ കാണ്ഡഹാർ വിഭാഗമായിരുന്നു കരുത്തർ‌. എന്നാൽ ഇത്തവണ ഭരണംപിടിച്ചപ്പോൾ അനുഭാവികൾ ഏറെയും ഹഖാനിക്കൊപ്പമാണ്. യുഎസിന്റെ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ട, തലയ്ക്ക് ഒരു കോടി ഡോളർ വിലയിട്ടിട്ടുള്ള സിറാജുദ്ദീൻ ഹഖാനി ആഭ്യന്തര മന്ത്രിയാകുന്നത് താലിബാൻ സർക്കാരിന് ലോക രാഷ്ട്രങ്ങളുടെ അംഗീകാരം കിട്ടാൻ തടസ്സമാകുമെന്നാണ് ബറാദർ വിഭാഗത്തിന്റെ നിലപാട്.

താലിബാന്റെ ശക്തമായ ചില ആക്രമണ സേനകളെ കെട്ടിപ്പടുത്തത് ഹഖാനി നെറ്റ്‌വർക്കാണെന്ന് മറ്റു വിഭാഗങ്ങൾ സമ്മതിക്കുന്നു. അതുതന്നെയാണ് ആഭ്യന്തര മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനത്തിനു പിന്നിലും. എന്നാൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാന്റെ സെൻട്രൽ ബാങ്ക് റിസർവുകൾ ഉൾപ്പെടെ യുഎസ് മരവിപ്പിച്ചതിനാൽ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് രാജ്യം.

അഫ്ഗാനിലെ സഹായ പ്രവർത്തനങ്ങൾക്കു യുഎൻ രണ്ടു കോടി ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടിൽനിന്നാണു തുക അനുവദിച്ചത്. താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടേത് അടക്കം വിദേശ സഹായങ്ങൾ നിലച്ചതു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ഇതോടെയാണ് ബറാദർ വിഭാഗം ഇടഞ്ഞത്. ഭരണം പിടിച്ചിട്ട് ഒരു മാസത്തിലേറെ ആയിട്ടും പ്രതിസന്ധികൾ പരിഹരിക്കാനാകാതെ വലയുകയാണ് താലിബാൻ.

English Summary: Taliban face fierce new test in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com