ഒറ്റരാത്രിയിൽ ആ ‘നിരോധനം’; സാമ്പത്തിക ദുരന്തത്തിന്റെ സൂനാമിയിൽ തകർന്ന് ശ്രീലങ്ക

Sri Lanka Economy
കൊളംബോയിലെ സൂപ്പർ മാർക്കറ്റിനു മുന്നിൽ അവശ്യ സാധനങ്ങൾക്കായുള്ള തിരക്ക്. ചിത്രം: Ishara S. KODIKARA / AFP
SHARE

കോവിഡ് മഹാമാരിയും രാജപക്‌സെ കുടുംബത്തിന്റെ തലതിരിഞ്ഞ ഭരണവും ശ്രീലങ്കയുടെ സമ്പദ്ഘടനയെ താറുമാറാക്കിയിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ക്ഷാമവും പണപ്പെരുപ്പവും ശ്രീലങ്കൻ രൂപയുടെ മൂല്യശോഷണവും തുടർന്നുണ്ടായ കാർഷിക-വ്യവസായിക മേഖലകളിലെ മരവിപ്പുമാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിയിട്ടിരിക്കുന്നത്. തമിഴ് പുലികൾ അഴിച്ചുവിട്ട ആഭ്യന്തര കലാപത്തിന്റെ നാളുകളേക്കാൾ രൂക്ഷമാണിതെന്നും ഓർക്കണം. ഇതോടെ ഭക്ഷ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാൻ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയിലായി ഗോട്ടബയ രാജപക്‌സെ ഭരണകൂടം. ഭക്ഷ്യക്ഷാമം മൂലം ജനങ്ങൾ അക്രമാസക്തരാകാതിരിക്കാൻ രാജ്യത്തു നിശാനിയമവും ഏർപ്പെടുത്തി.

ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. മുൻ പട്ടാള മേജർ നിവുൻ ഹെല്ലയെ അവശ്യ സേവനങ്ങളുടെ കമ്മിഷണർ ആയി നിയമിച്ചു. മൊത്ത-ചില്ലറ കച്ചവടക്കാരിൽനിന്നു ഭക്ഷ്യ സാധനങ്ങൾ പിടിച്ചെടുക്കുക എന്നതാണ് മേജറുടെ മുഖ്യ ജോലി. സാമ്പത്തിക അടിയന്തരാവസ്ഥയുടെ ബലത്തിൽ അവ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കോ ഇറക്കുമതി ചെയ്ത വിലയ്ക്കോ ജനങ്ങൾക്ക് നൽകുന്നു. ഭക്ഷ്യ വസ്തുക്കൾ മുതൽ എല്ലാ സാധനങ്ങളും രാജ്യത്ത് എത്തിക്കുന്ന ഇറക്കുമതിക്കാരും വ്യപാര സമൂഹവും ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും സർക്കാർ അതൊന്നും ചെവിക്കൊള്ളുന്നില്ല.

സ്വകാര്യ ഇറക്കുമതിക്കാരുടെ പൂഴ്ത്തിവയ്പുകൊണ്ടാണ് ആവശ്യസാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുന്നതെന്നാണ് സർക്കാരിന്റെ നിലപാട്. ഏത് പ്രതിസന്ധികളെയും നേരിടുന്നതിന് രാജപക്‌സെ സഹോദരന്മാർ ഉരുക്കുമുഷ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എൽടിടിഇയുമായുള്ള യുദ്ധം ജയിക്കാൻ അത് ആവശ്യമായിരിക്കാം, എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ആ മാർഗം ഉപയോഗിക്കുന്നത് രാജപക്‌സെ കുടുംബത്തിന്റെ അധികാരക്കൊതി മൂത്ത മനസ്സിനെയാണ് കാണിക്കുന്നതെന്ന് അവർ ആരോപിക്കുന്നു.

മുൻപ് ആഭ്യന്തര സെക്രട്ടറി ആയിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴെല്ലാം അത് പരിഹരിക്കാൻ നിയോഗിക്കുന്നത്‌ സിവിൽ സർവീസിലെ ഉദ്യോഗസ്ഥരെയല്ല, മറിച്ച് സേവനത്തിലുള്ളതോ വിരമിച്ചതോ ആയ പട്ടാള ഓഫിസർമാരെയാണ്. കേവലം 2.1 കോടി മാത്രം ജനസംഖ്യയുള്ള രാജ്യത്തിന് ഒരു ലക്ഷത്തിലധികം അംഗബലമുള്ള കരസേനയാണുള്ളത്. കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷത്തിനും കാര്യമായ പണിയൊന്നുമില്ല. മന്ത്രിമാരെ മണിയടിച്ച് അവർ പറയുന്ന കാര്യങ്ങൾ ചെയ്‌തു സുഖമായി ജീവിക്കുകയാണ്.

കോവിഡിൽ ഇടിഞ്ഞ് ശ്രീലങ്കൻ രൂപയുടെ മൂല്യം

ഉപഭൂഖണ്ഡത്തിൽ ആദ്യമായി സ്വതന്ത്ര സാമ്പത്തിക സമ്പ്രദായത്തിലേക്കു മാറിയ രാജ്യമാണ് ശ്രീലങ്ക. അരി, പഞ്ചസാര, സവാള, ഉരുളക്കിഴങ്ങ്, മണ്ണെണ്ണ, പെട്രോൾ, പാചകവാതകം, മരുന്ന് തുടങ്ങി മിക്ക അവശ്യസാധങ്ങൾക്കും ശ്രീലങ്ക ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇവയെല്ലാം ഇറക്കുമതി ചെയ്യുന്നത് സ്വകാര്യ ഇറക്കുമതിക്കാരാണ്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും അതിനെ നേരിടാൻ സർക്കാർ സ്വീകരിച്ച നടപടികളും രാജ്യത്തേക്കുള്ള ഇറക്കുമതി ഏതാണ്ട് അസാധ്യമാക്കി. മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യം സർക്കാരിന്റെ ഡോളർ ശേഖരവും ശോഷിപ്പിച്ചു. രാജ്യത്തിന്റെ വിദേശ നാണയ ശേഖരം 750 കോടി ഡോളറിൽനിന്ന് 280 കോടി ഡോളറായി ഇടിഞ്ഞു.

SRI-LANKA-ECONOMY-BUDGET
ശ്രീലങ്കൻ രൂപ. ചിത്രം: LAKRUWAN WANNIARACHCHI / AFP

ഇതിന്റെ ഫലമായി ശ്രീലങ്കൻ രൂപയുടെ മൂല്യവും അതിവേഗം കുറയാൻ തുടങ്ങി. സാധനങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ അവ നൽകുന്ന രാജ്യത്തിന് അതിന്റെ വില ഡോളറിൽ നൽകണം. അതിനു ഇറക്കുമതിക്കാർ രാജ്യത്തുനിന്ന് ഡോളർ സമാഹരിക്കണം. ആവശ്യക്കാർ കൂടുന്നതനുസരിച്ചു ഡോളറിന്റെ ശ്രീലങ്കൻ രൂപയ്ക്കെതിരെയുള്ള മൂല്യം കൂടിക്കൊണ്ടേയിരുന്നു. ഒരവസരത്തിൽ 216.55 ശ്രീലങ്കൻ രൂപ കൊടുത്താലേ ഒരു ഡോളർ കിട്ടൂ എന്ന അവസ്ഥ വന്നു. ശ്രീലങ്കയുടെ സാമ്പത്തിക നില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ ഇത് 300-350 രൂപ വരെ പോകാം എന്ന് വിപണി നിരീക്ഷകർ പറയുന്നു. ഇപ്പോൾ 197-200 രൂപ നിരക്കിലാണ് ഡോളറിന്റെ മൂല്യം.

കരിഞ്ചന്തയിൽനിന്ന് ഡോളർ വാങ്ങേണ്ട ഗതികേട്

ഡോളറിനെതിരെയുള്ള രൂപയുടെ വലിയ ചാഞ്ചാട്ടം മാത്രമല്ല ഇറക്കുമതിക്കാരെ വിഷമിപ്പിക്കുന്നത്. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ ഡോളർ കിട്ടാത്തതും അവർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. അതിനാൽ അവർ വലിയ നിരക്കിൽ കരിഞ്ചന്തയിൽനിന്ന് ഡോളർ വാങ്ങേണ്ട ഗതികേടിലാണ്. ഇത് അവരുടെ ബിസിനസ് അപ്പാടെ നഷ്ടത്തിലാക്കുന്നു. കാര്യങ്ങൾ കൂടുതൽ വഷളാക്കികൊണ്ട് ശ്രീലങ്കയിലെ സെൻട്രൽ ബാങ്ക് ഡോളറിലെ അവധി വ്യാപാരം നിരോധിച്ചു. അതുപോലെത്തന്നെ 200 രൂപയിൽ കൂടുതൽ ഡോളർ മാറ്റിക്കൊടുക്കരുതെന്നു കറൻസി ഡീലർമാർക്കു കർശന നിർദേശവും നൽകി.

ശ്രീലങ്കൻ രൂപ ക്ഷീണിക്കുമ്പോഴെല്ലാം ഇറക്കുമതിക്കാർ ഡോളർ ഇടപാടിൽ തങ്ങൾക്കുണ്ടാകാവുന്ന നഷ്ടം സംഭവിക്കാതെ നോക്കുന്നത് ഡോളറിന്റെ അവധി വ്യപാരത്തിലൂടെ ആയിരുന്നു. ഇത് നടക്കാതെ വന്നതോടുകൂടിയും വിപണിയിൽനിന്ന് ഡോളർ അധികം വാങ്ങാൻ കഴിയാത്തതും ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതി തീരെ കുറയാൻ കാരണമായി. ഇതോടെ പല അവശ്യ വസ്തുക്കൾക്കും ക്ഷാമം നേരിട്ടു.

SRI LANKA-ECONOMY-FOREX-FOOD
സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച ധാന്യം ശ്രീലങ്കയിൽ പിടിച്ചെടുത്തപ്പോൾ. ചിത്രം: President Gotabaya Rajapaksa's office / AFP

നിലവിൽ പഞ്ചസാരയും പാൽപ്പൊടിയും അടക്കമുള്ള അവശ്യ വസ്തുക്കൾക്ക് റേഷനിങ് ഏർപ്പെടുത്തിയിരിക്കുകയാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മുന്നിൽ ജനങ്ങളുടെ നീണ്ട നിര ശ്രീലങ്കയിൽ ഇപ്പോൾ ഒരു സാധാരണ കാഴ്ചയാണ്. ഊർജ മന്ത്രാലയം പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കഴിയുന്നത്ര ചുരുക്കാൻ വാഹന ഉടമകളോട് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം അവയ്ക്ക് റേഷനിങ് ഏർപ്പെടുത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെ ലാഭിക്കുന്ന പണം കൊണ്ട് ജീവൻരക്ഷാ മരുന്നുകൾ ഇറക്കുമതി ചെയ്യാൻ കഴിയില്ലേ എന്നവർ ചോദിക്കുന്നു.

കോവിഡിൽ കൈവിട്ട സാമ്പത്തികം

2019 ഏപ്രിലിൽ ക്രിസ്ത്യൻ പള്ളിക്കും പ്രമുഖ ഹോട്ടലുകൾക്കും നേരെ നടന്ന ഭീകരാക്രമണവും വർഷത്തിന്റെ മധ്യത്തോടെ സർക്കാർതന്നെ ഇല്ലാതായിപ്പോയ ഭരണഘടനാ പ്രതിസന്ധിയും തീർത്ത രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വം കൊറോണയുടെ വരവോടെ കൂടുതൽ വഷളാവുകയായിരുന്നു. മേഖലയിലെ മറ്റു രാജ്യങ്ങളുമായും തട്ടിച്ചു നോക്കുമ്പോൾ ശ്രീലങ്ക സാമ്പത്തികമായി മുന്നിലാണ്. 2020ൽ ഇന്ത്യയുടെ ആളോഹരി വരുമാനം 1694 യൂറോ ആയിരുന്നപ്പോൾ ശ്രീലങ്കയുടേത് 3441 യൂറോ ആയിരുന്നു.

FILES-SRI LANKA-HEALTH-VIRUS-VACCINE
കൊളംബോയിൽ ഗർഭിണികൾക്കായി നടത്തിയ വാക്സിനേഷൻ ക്യാംപിൽനിന്ന്. ചിത്രം: ISHARA S. KODIKARA / AFP

2019ൽ ലോകബാങ്ക് ശ്രീലങ്കയെ ‘അപ്പർ മിഡിൽ ഇൻകം നേഷൻ’ ഗണത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യം വീണ്ടും ‘ലോവർ മിഡിൽ ഇൻകം നേഷൻ’ പട്ടികയിലായി. ശ്രീലങ്കയുടെ സാമൂഹിക സൂചികകൾ, പ്രത്യേകിച്ച് പൊതുജന ആരോഗ്യ സൂചികകൾ കേരളത്തിന് തുല്യമോ അതിനുപരിയോ ആണ്. അതുകൊണ്ടുതന്നെ കോവിഡിന്റെ ഒന്നും രണ്ടും വരവുകൾ വളരെ വിജയകരമായി നേരിടാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞു. എന്നാൽ വൈറസിന്റെ മൂന്നാം വരവ് നേരിടുന്നതിൽ രാജ്യം കാര്യമായി വിജയിച്ചില്ല. അതുകൊണ്ടുതന്നെ ദിനംപ്രതി രോഗികളുടെ എണ്ണം പലപ്പോഴും 5000 കവിഞ്ഞു, മരണം പല ദിവസങ്ങളിലും നൂറും കടന്നു.

ഇതോടെ വിനോദസഞ്ചാരികളുടെ വരവുകുറഞ്ഞു. വിനോദസഞ്ചാര മേഖല ആകെ നിശ്ചലമായി. ഇത് ശ്രീലങ്കയുടെ സമ്പദ്ഘടനയ്ക്ക് വലിയ ആഘാതമാണ് ഏൽപിച്ചത്. രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനമാണ് വിനോദസഞ്ചാര മേഖലയുടെ സംഭാവന. കൂടാതെ രാജ്യത്തിനു വിദേശനാണയം നേടിക്കൊടുക്കുന്നതിൽ മൂന്നാം സ്ഥാനത്തും. 2018ൽ വിനോദസഞ്ചാര മേഖല ഖജനാവിന് നൽകിയത് 43 ലക്ഷം ഡോളറാണ് (ഏകദേശം 32 കോടി ഇന്ത്യൻ രൂപ). ജോലിയെടുക്കുന്നവരിൽ 11.6 ശതമാനവും ടൂറിസം മേഖലയിലാണ്. വിനോദസഞ്ചാര മേഖലയിലെ തളർച്ചയോടെ സമ്പദ്ഘടനയുടെ വളർച്ച 3.6 ശതമാനം കുറഞ്ഞു. സർക്കാരിന്റെ വിദേശ നാണയ ശേഖരം വളരെയധികം ശോഷിച്ചു. ഇപ്പോൾ ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണം വിനോദസഞ്ചാര മേഖലയിലെ ഈ മരവിപ്പാണ്.

ഒറ്റ രാത്രിയിൽ ജൈവ കൃഷിയിലേക്ക്!

പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ ഏപ്രിലിൽ പ്രഖ്യാപിച്ച ഒരു തീരുമാനം ശ്രീലങ്ക ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പതിന്മടങ്ങു വർധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്ന് ദേശീയ–രാജ്യാന്തര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒറ്റരാത്രികൊണ്ട് രാജ്യം ജൈവ കൃഷിയിലേക്കു മാറാൻ തീരുമാനിച്ചതായിരുന്നു ആ പ്രഖ്യാപനം. അതിനെ തുടർന്ന് രാസവളങ്ങളും രാസകീടനാശിനികളും കളനാശിനികളും നിരോധിച്ചു. അതോടെ കാർഷികവിളകളും നാണ്യവിളകളും ഒരുപോലെ പ്രതിസന്ധിയിലാകുമെന്ന അവസ്ഥ.

ഇത് രാജ്യത്തിന്റെ പക്കലുള്ള ശോഷിച്ച വിദേശനാണയ ശേഖരത്തിനുമേൽ കൂടുതൽ സമ്മർദം സൃഷ്ടിക്കും. കാർഷിക വിളകളുടെ ഉൽപാദനം കുറയുന്നതോടെ കൂടുതൽ ഭക്ഷ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടി വരും. നാണ്യവിളകളുൾപ്പെടെ ഉൽപാദനം കുറയുന്നതോടുകൂടി കയറ്റുമതിയിൽനിന്നുള്ള വരുമാനവും കുറയും.

തേയിലയുടെ കാര്യംതന്നെ എടുക്കാം. ലോകത്തിലെ നാലാമത്തെ വലിയ തേയില ഉൽപാദക രാജ്യമാണ് ശ്രീലങ്ക. രാജ്യത്തിന്റെ ഏറ്റവും വലിയ കയറ്റുമതി തേയിലയാണ്. ഇതിൽനിന്നും 125 കോടി ഡോളറാണ് രാജ്യം ഓരോ വർഷവും നേടുന്നത്. ഇത് കയറ്റുമതി വരുമാനത്തിന്റെ 10 ശതമാനമാണ്. രാജ്യത്തിന് ഏറ്റവും അധികം വിദേശനാണയം നേടിത്തരുന്നതും തേയിലയാണ്. എന്നാൽ പുതിയ കാർഷിക നയം തേയിലയുടെ വാർഷിക ഉൽപാദനം ഇപ്പോഴത്തെ മൂന്നു ലക്ഷം ടണ്ണിന്റെ പകുതിയാക്കുമെന്നു രാജ്യത്തെ പ്രമുഖ തേയില കർഷകനായ ഹെർമൻ ഗുണരത്തിന കണക്കുകൂട്ടുന്നു. ഒക്ടോബർ മുതൽ ഉൽപാദന നഷ്ടം കാണിച്ചു തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

വാണിജ്യ സമൂഹം കണക്കാക്കുന്നത്, പുതിയ കാർഷികനയം മൂലം തേയില ഉൽപാദനത്തിൽ 30 ശതമാനം ഇടിവുണ്ടാകുമെന്നാണ്. എന്നാൽ പോലും 42.5 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. തേയില കൃഷിയുടെ തകർച്ചമൂലം രാജ്യത്തിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തിനുപുറമേ അത് ഈ മേഖലയിൽ പണിയെടുക്കുന്ന 30 ലക്ഷത്തിലേറെ പേരെ തൊഴിൽരഹിതരാക്കുമെന്നും ടീ ഓണേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

അങ്കലാപ്പിലായി കർഷകർ

നെൽ കർഷകരും പച്ചക്കറി കർഷകരും സുഗന്ധവ്യഞ്ജന കർഷകരുമെല്ലാം അങ്കലാപ്പിലാണ്. കൃഷിയിൽ അവർക്കുണ്ടാകുന്ന നഷ്ടം ആര് നികത്തുമെന്നാണ് അവർ ചോദിക്കുന്നത്. ജൈവ വളവും കീടനാശിനികളും സർക്കാർ നൽകുമെന്നാണ് പറയുന്നത്. എന്നാൽ ഇത് ഒരിക്കലും പ്രായോഗികമല്ലെന്നാണ്‌ കർഷകരും കാർഷിക വിദഗ്‌ധരും സാമ്പത്തിക ശാസ്ത്രജ്ഞരും വാദിക്കുന്നത്. സങ്കൽപിക്കാൻ കഴിയാത്ത വിധം സാമൂഹിക രാഷ്ട്രീയ സാമ്പത്തിക നഷ്ടങ്ങൾ മാത്രമുണ്ടാക്കുന്ന വന്യ സ്വപ്നമാണിത്. സർക്കാർ ഭക്ഷ്യസുരക്ഷ തകർത്തിരിക്കുന്നു എന്നാണ് ശ്രീലങ്കയിലെ സെൻട്രൽ ബാങ്കിന്റെ മുൻ ഡപ്യൂട്ടി ഗവർണറും സാമ്പത്തിക വിദഗ്ധനുമായ വിജെവാർധനെ നിരീക്ഷിക്കുന്നത്.

ഇതു മൂലമുണ്ടാകാൻ പോകുന്ന സാമൂഹിക–സാമ്പത്തിക വിപത്തുകളെ കുറിച്ച് രാജ്യാന്തര സമൂഹവും ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. ജൈവവളം ഉൽപാദിപ്പിക്കാൻ സ്വന്തം സംവിധാനം ഇല്ലാത്തതിനാലും വളം ഇറക്കുമതി ചെയ്യാൻ ശ്രീലങ്കൻ സർക്കാരിന് വ്യക്തമായ പദ്ധതി ഇല്ലാത്തതിനാലും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാകുമെന്നു യുഎസ് കാർഷിക വകുപ്പ് ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകി. ‘രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചെങ്കിൽ മാത്രമേ വാണിജ്യ രീതിയിലുള്ള കൃഷി വിജയകരമായി നടപ്പാക്കാൻ കഴിയൂ. പക്ഷേ രാസവളങ്ങളും കീടനാശിനികളും സൂക്ഷിച്ച്, ബുദ്ധിപൂർവമായി ഉപയോഗിക്കണം...’ നേച്ചർ മാഗസിൻ പറയുന്നു.

കഴിഞ്ഞ 60 വർഷമായി യാതൊരു നിയന്ത്രണവുമില്ലാതെ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുകൊണ്ടിരുന്ന കൃഷിയിടങ്ങൾ യാതൊരു മുന്നൊരുക്കവുമില്ലാതെ ഒരു സുപ്രഭാതത്തിൽ പൂർണമായി ജൈവ കൃഷിയിലേക്കു മാറുന്നത് ആത്മഹത്യാപരമാണെന്നാണ് രാജ്യാന്തര സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം. ജൈവ കൃഷിയുടെ ചെലവ് ഏതാണ്ട് 30% കൂടുതലാണ്. ഉൽപാദനക്ഷമത കുറവായതുകൊണ്ട് കൂടുതൽ കൃഷിഭൂമി ആവശ്യമായി വരും. അത് വനനശീകരണത്തിനു കാരണമാകും ജൈവവള ഇറക്കുമതിയിലുടെ വിനാശകാരികളായ പല കളകളും രാജ്യത്ത് എത്തുമെന്നതുൾപ്പെടെയുള്ള എതിർ ശബ്ദങ്ങളും ശക്തമാണ്.

SRI LANKA-FOOD-ECONOMY
സ്റ്റൗ കത്തിക്കാൻ അനുവദിച്ച മണ്ണെണ്ണ വാങ്ങാനായി കാത്തു നിൽക്കുന്ന ശ്രീലങ്കക്കാർ. ചിത്രം: ISHARA S. KODIKARA / AFP

കുലുങ്ങാതെ ഗോട്ടബയ

വിമർശനങ്ങളിലൊന്നും പ്രസിഡന്റ് ഗോട്ടബയ കുലുങ്ങുന്നില്ല. ജൈവകൃഷി ജനങ്ങളെ മാരകമായ വിഷങ്ങളിൽനിന്ന് രക്ഷിക്കും. അത് അവർക്കു പോഷകാഹാരം ഉറപ്പാക്കും. മറ്റു രാജ്യങ്ങൾക്ക് ഇത് പിന്തുടരാൻ പറ്റിയ നല്ലൊരു മാതൃകയാണ് എന്നാണ് ഐക്യരാഷ്ട്ര സംഘടനയിൽ ഗോട്ടബയ അവകാശപ്പെട്ടത്. മോദി ‘അച്ഛാ ദിൻ’ വാഗ്ദാനം ചെയ്‌തു അധികാരത്തിൽ എത്തിയതുപോലെ, രാസവളങ്ങൾക്കും കീടനാശിനികൾക്കും കൂടുതൽ വിലയിളവുകൾ നൽകും എന്നുപറഞ്ഞു കർഷകരെ മോഹിപ്പിച്ച് അധികാരം പിടിച്ച നേതാവാണ് ഗോട്ടബയ. ഇപ്പോൾ രണ്ടും രാജ്യത്തു നിരോധിച്ചിരിക്കുന്നു!

ശ്രീലങ്കയിൽ രാസവളങ്ങളും കീടനാശിനികളും നിരോധിച്ചത് രാജ്യം ജൈവകൃഷിയിലേക്കു മാറുന്നതുകൊണ്ടാണെന്നാണ് ഗോട്ടബയ സർക്കാർ പറയുന്നത്. എന്നാൽ അത് സത്യമാണോ? സംശയമുണ്ട്. ശ്രീലങ്കയിൽ രാസവളങ്ങളും കീടനാശിനികളും സൗജന്യമായോ സൗജന്യ നിരക്കിലോ വിളകളുടെ അടിസ്ഥാനത്തിൽ കർഷകർക്ക് നൽകിവന്നിരുന്നു. 2019ൽ സർക്കാർ 25.3 കോടി ഡോളർ (460 കോടി ശ്രീലങ്കൻ രൂപ) ഇതിനുവേണ്ടി ചെലവഴിച്ചു. ഖജനാവ് കാലിയായിരിക്കുന്ന സർക്കാരിന് ഇത്ര ഭീമായ തുക കണ്ടെത്താൻ ഇന്നത്തെ നിലയിൽ ബുദ്ധിമുട്ടാണ്. അതുകൊണ്ടായിരിക്കാം ശ്രീലങ്ക ഒറ്റദിവസം കൊണ്ട് ജൈവകൃഷിയിലേക്കു മറുകണ്ടം ചാടിയത്.

1200-modi-gotabaya-kovind
ഗോട്ടബയ രാജപക്‌സെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി റാംനാഥ് കോവിന്ദിനുമൊപ്പം. ചിത്രം: മനോരമ

ഈ ദ്വീപുരാഷ്ട്രത്തിൽ ആഞ്ഞടിക്കുന്ന സാമ്പത്തിക അസ്വസ്ഥതയുടെ സൂനാമിത്തിരമാലകൾ നമ്മുടെ സമ്പദ്ഘടനയ്ക്കും വലിയ നഷ്ടങ്ങൾ ഉണ്ടാക്കും. ശ്രീലങ്കയുടെ ഏറ്റവും വലിയ കച്ചവട പങ്കാളി രാഷ്ട്രങ്ങളിൽ ഒന്നായ ഇന്ത്യയുടെ ആ രാജ്യത്തേക്കുള്ള ഒരു വർഷത്തെ കയറ്റുമതി 300 മുതൽ 350 കോടി ഡോളറിന്റേതാണെന്നോർക്കണം.

English Summary: Economic Crisis Rips Sri Lanka Amid COVID Threat; An Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA