ഉമ്മൻചാണ്ടിയാണ് അന്നും ഇന്നും പ്രചോദനം; ഒറ്റ ദിവസംകൊണ്ട് ഗ്രൂപ്പില്ലാ പ്രഖ്യാപനത്തിനില്ല

Shafi Parambil Cross Fire Interview
ഷാഫി പറമ്പിൽ. ചിത്രം: മനോരമ
SHARE

കോൺഗ്രസിലെ യുവതയുടെ പ്രതീക്ഷാനിർഭരമായ പ്രതീകമായാണ് പലരും ഷാഫി പറമ്പിലിനെ വിശേഷിപ്പിക്കുന്നത്. സംഘാടകനായും വാഗ്മിയായും തിളങ്ങാറുള്ള യൂത്ത് കോൺഗ്രസിന്റെ ഈ സംസ്ഥാന പ്രസിഡന്റ് പാർട്ടിയിലെ യുവ തലമുറയുടെ നിലപാട് ആർജവത്തോടെ പറയാൻ മടിക്കാറില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവിക്കു ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തു മാറ്റം വേണമെന്ന നിലപാട് എടുക്കാൻ എംഎൽഎ കൂടിയായ ഷാഫി തയാറായത് മാറ്റത്തിനു വേണ്ടി മാത്രമേ യൂത്ത് കോൺഗ്രസിന് നിൽക്കാൻ സാധിക്കൂ എന്നതുകൊണ്ടായിരുന്നു.

എ ഗ്രൂപ്പ് നേതൃത്വത്തെ ധിക്കരിച്ചുള്ള ആ സമീപനം ഉമ്മൻചാണ്ടിയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയെന്ന പ്രചാരണം അതോടെ കനത്തു. തുടർച്ചയായ തോൽവികൾ സൃഷ്ടിച്ച വലിയ പ്രതിസന്ധി ആവശ്യപ്പെടുന്ന സംഭാവനകൾക്കു യൂത്ത് കോൺഗ്രസിനു സാധിക്കുന്നോ എന്ന ചോദ്യം ഉയർന്നു. കോൺഗ്രസിലെ പഴയ നേതൃത്വത്തിന് ഒപ്പമോ അതോ പുതിയ നേതൃത്വത്തിന്റെ കൂടെയോ യൂത്ത് കോൺഗ്രസ് എന്നെല്ലാം ഉള്ള സന്ദേഹങ്ങളും പരന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ ഷാഫി പറമ്പിൽ ഇതിനെല്ലാം മറുപടി നൽകുന്നു.

shafi-parambil
ഷാഫി പറമ്പിൽ.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായ കെ.പി.അനിൽകുമാർ, മുൻ ജില്ലാ പ്രസിഡന്റ് പിഎസ് പ്രശാന്ത് എന്നിവരെല്ലാം കോൺഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമാകുമ്പോൾ യൂത്ത് കോൺഗ്രസിന് എന്താണ് പറയാനുള്ളത്?

യൂത്ത് കോൺഗ്രസും കോൺഗ്രസും ആഗ്രഹിക്കുന്നത് പാർട്ടി വിട്ട് ആരും പോകരുതെന്നാണ്. ഇത്രയും കാലം നമുക്ക് പാർട്ടിയെ ആവശ്യമുണ്ടായിരുന്നു. ഇപ്പോൾ പാർട്ടിക്ക് നമ്മളെ ആവശ്യമുണ്ട്. മനസ്സിൽ അൽപമെങ്കിലും കോൺഗ്രസ് വികാരം ഉണ്ടെങ്കിൽ പാർട്ടിക്കൊപ്പം അടിയുറച്ചു നിൽക്കേണ്ട സമയമാണ് ഇത്. നല്ല കാലം വരുമ്പോൾ കോൺഗ്രസിനായി മുന്നിലിറങ്ങി നിൽക്കുകയും പ്രതിസന്ധി വരുമ്പോൾ കൈവിടുകയും ചെയ്യുന്നവർ അവരിലെ കോൺഗ്രസുകാരെ സ്വയം കൊല്ലുകയാണ്.

ഈ പ്രതിസന്ധിയിൽ ഒരാളെ പോലും ഉപേക്ഷിക്കാതെ എല്ലാവരെയും ചേർത്തു പിടിക്കുകയാണ് നേതൃത്വം ചെയ്യേണ്ടത് എന്നു കരുതുന്നവരുമില്ലേ?

ആരും പോകരുത് എന്നുതന്നെയാണ് ഞങ്ങളുടെ നിലപാട്. പോകുന്നത് ആശയപരമായ പ്രശ്നങ്ങളുടെ പേരിലാണെങ്കിൽ ആ നിലപാട് അംഗീകരിക്കുന്നവരും ഉണ്ടാകാം. പക്ഷേ അവനവന്റെ സാധ്യതകൾ അടയുമ്പോൾ, ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് വിടുന്നത് തികച്ചും വ്യക്തിപരമായ കാര്യം മാത്രമായി മാറുന്നു.

കെ.പി.അനിൽകുമാറിനോടു വിശദീകരണം പോലും ചോദിക്കാതെ സസ്പെൻ‍ഡ് ചെയ്ത നടപടിയല്ലേ പുറത്തു പോക്കിന് വഴിയൊരുക്കിയത്?

കോൺഗ്രസിനകത്ത് എല്ലാവർക്കും നിൽക്കാനുള്ള സാഹചര്യമൊരുക്കലാണ് നേതൃത്വം ഉൾപ്പെടെ എല്ലാവരും ചെയ്യേണ്ടത്. അതിനു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ അതു പരിഹരിക്കാനുള്ള സമയം മുന്നിലുണ്ട്. നാളെയോ മറ്റന്നാളോ തിരഞ്ഞെടുപ്പ് മുന്നിൽ ഇല്ല. ആരുടെ പ്രശ്നവും പരിഹരിക്കാൻ പാർട്ടിക്കു സാധിക്കും. അങ്ങനെയിരിക്കെ കോൺഗ്രസ്‌തന്നെ ഉപേക്ഷിച്ചു പോകുന്നതിന് ന്യായീകരണമില്ല.

priyanka-gandhi-shafi
പ്രിയങ്കാ ഗാന്ധി, ഷാഫി പറമ്പിൽ. ചിത്രം: മനോരമ

പാർട്ടിക്കു വേണ്ടി രക്തസാക്ഷികളായവരില്ലേ! അഭിപ്രായ വ്യത്യാസം തീർക്കേണ്ടത് സിപിഎമ്മിൽ പോയാണോ എന്ന് അവരെ ചൂണ്ടിക്കാട്ടി ഇത്തരക്കാരോട് സാധാരണ പ്രവർത്തകർ ചോദിച്ചാലോ? രക്തസാക്ഷികൾ ഒരു വശത്തും ഉള്ളിലെ സ്വന്തം കോൺഗ്രസുകാരനെ വധിച്ചു മറുകണ്ടം ചാടിയവർ അപ്പുറത്തും നിൽക്കുമ്പോൾ പോയവരോടു സഹതാപമേ തോന്നൂ.

ഇത്രയും വലിയ ഭൂരിപക്ഷം ഉണ്ടായിട്ടും ആരെയും സ്വീകരിക്കാനുളള മനോഭാവം സിപിഎം സ്വീകരിക്കുന്നു. ഈ വലിയ തിരിച്ചടിയുടെ കാലത്ത് ആരു പോയാലും കുഴപ്പമില്ല എന്ന നിലയിൽ കോൺഗ്രസും. ഗുണകരമാണോ ഈ മനോഭാവം?

ഒരുമിച്ചു നിന്ന് ഈ പ്രതിസന്ധിയിൽനിന്നു കരകയറാൻ നോക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്. വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കാൻ സമയം കൊടുക്കാതെ സിപിഎമ്മിലേക്കു പോകുമ്പോൾ അവരിൽ എന്തു കോൺഗ്രസ് വികാരമാണുള്ളത്! അതേസമയം എല്ലാവരെയും ഉൾക്കൊള്ളാനും ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അതു പരിഹരിക്കാനും നേതൃത്വവും ശ്രമിക്കണം.

ഇനിയും കൂടുതൽ പേർ കോൺഗ്രസ് വിടുമെന്നു പറയുന്നുണ്ടല്ലോ? ജംബോ കമ്മിറ്റികൾ ചുരുക്കുമ്പോൾ ഉള്ള സ്ഥാനം നഷ്ടപ്പെടുന്നവർ അക്കരപ്പച്ച തേടാനുള്ള സാധ്യത കൂടും. ഇതു തടയാൻ യൂത്ത് കോൺഗ്രസിന് എന്തെങ്കിലും നിർദേശം നൽകാനുണ്ടോ?

ജംബോ കമ്മിറ്റികൾക്കെതിരെ എല്ലാവരും ശബ്ദിക്കും. പക്ഷേ കമ്മിറ്റി ചുരുക്കാൻ ശ്രമിക്കുമ്പോൾ,ആ നീക്കം നമ്മളെ ബാധിക്കുമെന്ന് തോന്നുമ്പോൾ അതിനെതിരെയും തിരിയും. അഞ്ചു കൊല്ലം കൂടുമ്പോൾ ഒരു പരാജയം കോൺഗ്രസിനും സിപിഎമ്മിനും സംഭവിക്കാറുണ്ട്. എന്നാൽ തുടർച്ചയായി തോൽക്കുമ്പോൾ ദൗർബല്യങ്ങളെ ഗൗരവമായി കണ്ടു പരിഹരിച്ചേ തീരൂ. അതിനു വേണ്ടി എടുക്കുന്ന നടപടികളിൽ മറ്റൊരു സ്ഥാപിത താൽപര്യവും ഇല്ലെന്നു നേതൃത്വത്തിന് എല്ലാവരെയും ബോധ്യപ്പെടുത്താൻ സാധിക്കണം. എങ്കിൽ കൊഴിഞ്ഞു പോക്കൊന്നും ഉണ്ടാകില്ല.

shafi-parambil
ഷാഫി പറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ. ചിത്രം: മനോരമ

പോയ ആളുകളുടെ വരിയിൽ ഞാനും ചേരുന്നതായി പ്രാദേശികമായി പോലും ആരും പറഞ്ഞില്ലല്ലോ. കോൺഗ്രസിന്റെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.പി.അനിൽകുമാർ വിട്ടു പോയപ്പോൾ ഈ പാർട്ടിയിൽ തുടരാൻ കഴിയില്ലെന്ന് ഒരു പ്രാദേശിക ബൂത്ത് കമ്മിറ്റി പോലും പറയുന്നതു കേട്ടില്ല.

വ്യക്തിപരമായ കാരണങ്ങളാൽ കോൺഗ്രസിനെ ഉപേക്ഷിക്കുന്ന കാര്യത്തിൽ നേതൃത്വത്തിന് ഒന്നും ചെയ്യാനില്ല. അതേസമയം ഇനിയങ്ങോട്ട് എടുക്കുന്ന തീരുമാനങ്ങൾ എല്ലാവരെയും ബോധ്യപ്പെടുത്തിയും വിശ്വാസത്തിലും ചെയ്യണം. പാർട്ടിയുടെ പൊതു താൽപര്യത്തിനായാണ് തീരുമാനങ്ങളെന്ന്, അതു പോസിറ്റീവായും നെഗറ്റീവായും ബാധിക്കുന്നവരെ ഒരു പോലെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ എല്ലാവരും പാർട്ടിക്കായി നിലകൊള്ളും.

യൂത്ത് കോൺഗ്രസി‍ൽനിന്നും കൊഴിഞ്ഞുപോക്കുണ്ടല്ലോ? പ്രധാന നേതാക്കൾ അല്ലെങ്കിലും ചിലരെല്ലാം താഴേത്തട്ടിൽ മറ്റു സംഘടനകളിലേക്കു ചേരുന്നില്ലേ?

അങ്ങനെ വ്യാപകമായ കൊഴിഞ്ഞുപോക്ക് യൂത്ത് കോൺഗ്രസിൽ ഇല്ല. അസാധാരണമായി സംഘടനയിൽ ഒന്നും സംഭവിച്ചിട്ടില്ല. ഒറ്റപ്പെട്ട നിലയിൽ ആരെങ്കിലും ഉണ്ടാകും. സംഘടനയെ ബാധിക്കുന്ന പ്രശ്നം ഇല്ല.

സെമി കേ‍ഡർ സ്വഭാവത്തിലേക്കു കോൺഗ്രസ് മാറുന്നുവെന്നു പറയുന്നുണ്ട്? സെമി കേഡർ എന്ന വാക്കിനെതന്നെ രാഷ്ട്രീയ എതിരാളികൾ പരിഹസിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസിന്റെ അഭിപ്രായത്തിൽ എന്തു മാറ്റമാണ് കോൺഗ്രസിൽ വേണ്ടത്?

ഓരോ കാലഘട്ടവും ചില കാര്യങ്ങൾ ആവശ്യപ്പെടാറുണ്ട്. ഒരു തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ഉയരുന്ന മുറവിളികൾ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുന്നതോടെ അലിഞ്ഞു പോകുന്ന രീതി കോൺഗ്രസിലുണ്ട്. ഇത്തവണ പക്ഷേ പ്രതീക്ഷിച്ച ഒരു വിജയം ഉണ്ടായില്ല. അതോടെ സംഘടനാപരമായ ദൗർബല്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ വന്നു. എതിരാളികളുടെ സംവിധാനവും സംഘടിതമായ ശക്തിയും പരിശോധിക്കുമ്പോൾ ഇതു പോരാ എന്നു കോൺഗ്രസിനു മനസ്സിലായി.

Shafi-Parambil-11
ഷാഫി പറമ്പിൽ. ചിത്രത്തിനു കടപ്പാട്: ഫെയ്‌സ്ബുക്

സിപിഎമ്മിനും ആർഎസ്എസിനും താഴേത്തട്ടിൽ സംഘടനയെ ചലിപ്പിക്കാൻ ആളുണ്ട്. വലിയ സാമ്പത്തിക ശക്തി അവർക്കു പിൻബലമായുണ്ട്. ഇതിനെയെല്ലാം മറികടക്കാൻ ആത്മസമർപ്പണം കൊണ്ടേ സാധിക്കൂ. കുറച്ചാളുകളെ മുഴുവൻ സമയ പ്രവർത്തകരായി കോൺഗ്രസിനു വേണം. അതിനെ കേഡറെന്നോ, സെമി കേഡറെന്നോ എന്തു പേരിട്ടു വിളിച്ചാലും കൊള്ളാം.

പുതിയ നേതൃത്വം ഇപ്പോൾ ഒരു മാർഗരേഖ ഇതിനായി തയാറാക്കിയല്ലോ. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം? യൂത്ത് കോൺഗ്രസും അതിലെ നിർദേശങ്ങൾ നടപ്പിലാക്കുമോ?

ഞങ്ങൾ അതിന്റെ നല്ല വശങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. യുവജന സംഘടന എന്ന നിലയിൽ ഭാവിയെക്കൂടി മുൻനിർത്തി ചില ആശയങ്ങൾ ഞങ്ങളുടെ മുന്നിലുണ്ട്. അതു ചർച്ചയുടെ ഘട്ടത്തിലാണ്. കോൺഗ്രസിനെ കുറ്റം പറഞ്ഞിരുന്നിട്ടു കാര്യമില്ല. ഞങ്ങളും തിരുത്തേണ്ടവരാണെന്ന ബോധ്യമുണ്ട്. പൊതു പ്രവർത്തനം എന്നാൽ സമരവും സംഘാടനവും പൊതു പരിപാടികളും മാത്രമല്ല എന്നാണ് കോവിഡ് പഠിപ്പിച്ചത്. ഞങ്ങളുടെ ‘യൂത്ത് കെയർ’ പദ്ധതി വലിയ വിഭാഗം ജനങ്ങളെ കോൺഗ്രസിലേക്ക് അടുപ്പിച്ചു നിർത്തി. കോൺഗ്രസ് നേതൃത്വം അത് എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ടെന്ന് അറിയില്ല. ജനങ്ങളും കോൺഗ്രസും തമ്മിലുള്ള പാലംതന്നെ യൂത്ത് കെയർ ആയിരുന്നു.

പക്ഷേ ഡിവൈഎഫ്ഐയും സേവാഭാരതിയും ചെയ്തതിന്റെ പാതി ചെയ്യാൻ യൂത്ത് കോൺഗ്രസിനു കഴിഞ്ഞില്ലെന്നാണല്ലോ വിമർശനം?

അക്കാര്യത്തിൽ തുറന്ന ചർച്ചയ്ക്കു തയാറാണ്. അവർ ചെയ്ത പ്രചാരണത്തിന് ഞങ്ങൾക്കു കഴിഞ്ഞിട്ടില്ലായിരിക്കും. ഓൺലൈൻ പഠന സഹായത്തിന് യൂത്ത് കോൺഗ്രസ് ചെയ്തതും ഡിവൈഎഫ്ഐ ചെയ്തതും പ്രാദേശികമായി പരിശോധിച്ചു നോക്കൂ. പ്രവാസികൾ ഗൾഫിൽ പണി പോലും നഷ്ടപ്പെട്ടു കുടുങ്ങിപ്പോയ സമയത്ത് അവരെ സഹായിക്കാൻ ഞങ്ങൾ അല്ലാതെ വേറെ ഒരു യുവജന സംഘടനയും ഉണ്ടായിരുന്നില്ല.

അഞ്ഞൂറോളം പേർക്ക് സൗജന്യമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു കൊണ്ടുവന്നതു യൂത്ത് കോൺഗ്രസാണ്. പിഎസ്‌സി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമരമുഖത്തു നിൽക്കുമ്പോഴാണ് ഇതും ചെയ്തത്. സമരവും കരുതലുമാണ് ഞങ്ങളുടെ സമീപനം. ചെറുപ്പക്കാരുടെ സമര സംഘടനയായി നിലകൊള്ളുക എന്ന ഉത്തരവാദിത്തംതന്നെ ഡിവൈഎഫ്ഐ പാടെ മറന്ന മട്ടാണ്. സേവന രംഗത്ത് ഞങ്ങൾ കാര്യമായൊന്നും ചെയ്തില്ലെന്ന് ഡിവൈഎഫ്ഐ ഉൾപ്പെടെ ആരു പറഞ്ഞാലും അവരുമായി പരസ്യ സംവാദത്തിനു തയാർ.

ഡിസിസി പുനഃസംഘടനയിൽ കാര്യമായ യുവജന പ്രാതിനിധ്യം ഉണ്ടായില്ല, ഇനി കെപിസിസി, ഡിസിസി ഭാരവാഹിത്വങ്ങളിൽ അതുണ്ടാകുമോ? എന്തെങ്കിലും നിർദേശം യൂത്ത് കോൺഗ്രസ് വച്ചിട്ടുണ്ടോ?

യുവജനപ്രാതിനിധ്യം ഒട്ടും ഇല്ലാത്ത പട്ടികയല്ല വന്നത്. മലപ്പുറത്ത് വി.എസ്. ജോയിയും എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശൂരിൽ ജോസ് വള്ളൂരുമെല്ലാം പുതിയ തലമുറയിലെ ഡിസിസി പ്രസിഡന്റുമാരുടെ ഗണത്തിൽ പെടുത്താവുന്നവരാണ്. ഇനി ഭാരവാഹികളുടെ കാര്യം വരുമ്പോൾ കൂടുതൽ പ്രാതിനിധ്യം യുവാക്കൾക്കു നൽകേണ്ടി വരും. ഭാവിയിലേക്കു പാർട്ടിയെ ഒരുക്കുമ്പോൾ മതിയായ പങ്കാളിത്തം ചെറുപ്പക്കാ‍ർക്കും വനിതകൾക്കും നൽകണമെന്നാണ് നേതൃത്വത്തോട് അഭ്യർഥിക്കാനുള്ളത്.

shafi-parambil
അൻവർ സാദത്ത്, ഹൈബി ഈഡൻ, കെ.എം. ഷാജി, ഷാഫി പറമ്പിൽ എന്നിവർ നിയമസഭയിൽ. മനോരമ ഫയൽ ചിത്രം

നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം എംഎൽഎ ആണ് ഷാഫി, പുറത്ത് കെ.സുധാകരന്റെ നേതൃത്വത്തിനു കീഴിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റും. ഇവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

സഭയ്ക്ക് അകത്തും പുറത്തും ഒരുമയോടെ പോരാടുകയാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്. ആ ദിശയിൽ നല്ല ഇടപെടലുകൾ രണ്ടു പേരുടെയും ഭാഗത്തുനിന്നുണ്ടായി. അതു പ്രതീക്ഷയോടെ തന്നെയാണ് നോക്കിക്കാണുന്നത്.

എങ്കിലും ഈ രണ്ടു പേർക്കും മുൻ സീനിയർ നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിശ്വാസത്തിലടുക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം ഉയർന്നല്ലോ? ഡിസിസി പുനഃസംഘടനാ ചർച്ചയിൽ പുതിയ നേതൃത്വത്തിന് പാളിച്ച ഉണ്ടായോ?

രാഷ്ട്രീയപ്രവർത്തനം ഒരു തുടർച്ചയാണ്. നിലവിൽ ഉള്ളതെല്ലാം ഇടിച്ചു പൊളിച്ചുകളഞ്ഞ്, ഒന്നിൽ നിന്നു വീണ്ടും തുടങ്ങുന്നതല്ലല്ലോ. എത്തി നിൽക്കുന്ന ദൂരത്തിൽ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സംഭാവനകളെ ചെറുതായി കാണാൻ കഴിയില്ല. അവർ കോൺഗ്രസിനെ നയിച്ച കാലത്ത് വലിയ വിജയങ്ങളും പരാജയങ്ങളും ഉണ്ടായി. ആ യാത്രയുടെ തുടർച്ചയാണ് പുതിയ നേതൃത്വത്തിന്റേത്. അവരുടെ സംഭാവനകളെ കൂടി ആദരിച്ച് മുന്നോട്ടു പോകാൻ ഈ നേതൃത്വത്തിനു സാധിക്കുമെന്നാണ് ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും അവരുടെ വസതികളിലെത്തി പ്രതിപക്ഷ നേതാവ് സന്ദർശിച്ചു പ്രശ്നങ്ങൾ പരിഹരിച്ചതിൽനിന്നു ബോധ്യമായത്. എല്ലാവരെയും കൂട്ടിയിണക്കി പോകുക എന്ന ക്രിയാത്മക വശമാണ് അതിൽ കണ്ടത്.

shafi-parambil-rahul
ഷാഫി പറമ്പിൽ, കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി. ഫയൽ ചിത്രം: മനോരമ

അഭിപ്രായ വ്യത്യാസം ഉണ്ടായിക്കാണും പക്ഷേ തീർക്കാൻ ശ്രമം നടന്നു. മുതിർന്ന രണ്ടു നേതാക്കളും കൂടിയുണ്ടെങ്കിലേ കോൺഗ്രസിനു മുന്നോട്ടു പോകാൻ കഴിയൂ. ഒരിടത്തു നിർത്തിയിട്ടു മറ്റൊരിടത്ത് ആരംഭിക്കൽ പറ്റില്ലല്ലോ. സംസ്ഥാന വ്യാപകമായി അവർ രണ്ടു പേർക്കും ഉള്ള ബന്ധങ്ങൾ പുതിയ നേതൃത്വം ഉപയോഗപ്പെടുത്തണം. പരാജയത്തിൽ തെളിഞ്ഞു വന്ന സംഘടനാ ദൗർബല്യങ്ങൾ തിരുത്താൻ മാറ്റങ്ങളും ഒപ്പം വേണം. മുൻകാല നേതൃത്വത്തിന്റെ മികച്ച വശങ്ങളെ അംഗീകരിക്കുക, അവരെക്കൂടി ഒപ്പം നിർത്തി പോരായ്മകൾ തിരുത്തുക എന്ന സമീപനം പുതിയ നേതൃത്വം എടുക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

പുതിയ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന പ്രക്രിയയിൽ എ ഗ്രൂപ്പിന്റെ നിർദേശം ശിരസ്സാ വഹിച്ചില്ല എന്നതിന്റെ പേരിൽ താങ്കളും ഉമ്മൻ ചാണ്ടിയും തമ്മിൽ എന്തെങ്കിലും അകൽ‍ച്ചയുണ്ടോ?

ഉമ്മൻ ചാണ്ടി സാറുമായി ഏറ്റവും അടുത്തു നിന്ന, നിൽക്കുന്ന ആളു തന്നെയാണ് ഞാൻ. ഈ വിവാദങ്ങളെല്ലാം ഉണ്ടാകുന്ന സമയത്തും നേരിട്ടു സംസാരിക്കാറുമുണ്ടായിരുന്നു. കെഎസ്‌യുക്കാരൻ ആകുന്നതു തൊട്ട് ഇപ്പോൾ ഇരിക്കുന്ന പദവി വരെ ഏറ്റവും വലിയ പ്രചോദനം ഉമ്മൻ ചാണ്ടിയാണ്. ഒപ്പം രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.ഡി.സതീശൻ തുടങ്ങിയവരുടെയെല്ലാം പിന്തുണ ലഭിച്ചു. സമീപവിവാദങ്ങളുമായി ബന്ധപ്പെട്ടും സാറിന്റെ ഉപദേശ നിർദേശങ്ങൾ തന്നെയാണ് തേടാറുള്ളത്. ഒടുവിൽ ഡിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട വിവാദത്തിൽ യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നു പരസ്യപ്രതികരണം വിലക്കിയതും ഉമ്മൻചാണ്ടിതന്നെയാണ്.

shafi-parambil
ഷാഫി പറമ്പിൽ, രമേശ് ചെന്നിത്തല, ടി സിദ്ദിഖ്, കെ സുധാകരൻ, ഉമ്മൻ ചാണ്ടി എന്നിവർ. ഫയൽ ചിത്രം: മനോരമ

കോൺഗ്രസിലെ അഭിപ്രായ വ്യത്യാസം യൂത്ത് കോൺഗ്രസിലേക്കു കൊണ്ടു പോകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുമിച്ചുനിന്നു പാർട്ടിയെ കൂടി തിരിച്ചു കൊണ്ടുവരാൻ നിങ്ങൾ ശ്രമിക്കണമെന്നാന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. പാർട്ടിയാണ് ഒന്നാമത് എന്ന പരസ്യമായ പ്രഖ്യാപനം ഉമ്മൻ ചാണ്ടി നടത്തിയല്ലോ. ആ സന്ദേശം ഞങ്ങൾക്കും കൈമാറി. ചെറുപ്പക്കാർക്കും പുതിയ ആളുകൾക്കായും വേണ്ടി യൂത്ത് കോൺഗ്രസ് എക്കാലത്തും നിലപാട് എടുത്തിട്ടുണ്ട്. അതിനുള്ള സ്പേസും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും പാർട്ടിയും ഉമ്മൻ ചാണ്ടിയും അനുവദിച്ചു തന്നിട്ടുണ്ട്. സാറുമായി ഒരു അകൽച്ച എന്നത് ഉണ്ടായിട്ടില്ലാത്ത, അല്ലെങ്കിൽ ഉണ്ടാകാൻ ഇഷ്ടമില്ലാത്ത കാര്യമാണ്.

ഉമ്മൻ ചാണ്ടിയുമായി താങ്കളും ടി.സിദ്ധീഖും എല്ലാം അകന്നുവെന്ന വാർത്തകൾ കേട്ടപ്പോഴോ?

അങ്ങനെ ചില വാർത്തകൾ ബോധപൂർവം വന്നു... അതിൽ ചിലർക്കു ചില താൽപര്യങ്ങൾ കാണും. ചില വാർത്തകൾ അസ്വസ്ഥത സൃഷ്ടിച്ചു. പക്ഷേ മനസ്സിൽ അങ്ങനെ അകൽച്ച ഇല്ലാത്തതു കൊണ്ട് അതൊരു വിഷമമായി മാറിയില്ല.

കോൺഗ്രസിലെ എ വിഭാഗത്തിന്റെ നോമിനി എന്ന നിലയിൽ കൂടിയാണ് താങ്കൾ‍ യൂത്ത് കോൺഗ്രസ് അമരത്തെത്തിയത്. ഗ്രൂപ്പ് പ്രവർത്തനം സംബന്ധിച്ച് ഇപ്പോഴത്തെ കാഴ്ചപ്പാട് എന്താണ്?

കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഞാൻ വന്നതിനു പിന്നിൽ ആ വിഭാഗത്തിന്റെ തീരുമാനം ഉണ്ടായിരുന്നുവെന്നത് വസ്തുത തന്നെയാണ്. സംഘടനയ്ക്കും പാർട്ടിക്കും പോസിറ്റീവ് ആയി ആ പദവി ഉപയോഗപ്പെടുത്തണമെന്നാണ് അപ്പോഴെല്ലാം പാർട്ടിയും ഉമ്മൻ ചാണ്ടി സാറുമെല്ലാം ആഗ്രഹിച്ചിരിക്കുക. ഇപ്പോൾ ലഭിക്കുന്ന ഉപദേശവും അതു തന്നെയാണ്.

അസാധാരണമായ ഒരു പരാജയം സംഭവിച്ചപ്പോൾ മുൻഗണന നൽകേണ്ടതു പാർട്ടിക്കാണ്. അതുകൊണ്ടാണ് പാർട്ടിയാണ് ഒന്നാമത് എന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഒറ്റദിവസം കൊണ്ട് എനിക്കു ഗ്രൂപ്പില്ല എന്നു പ്രസംഗിച്ചാൽ കേൾക്കാൻ രസമുണ്ടാകും. ഗ്രൂപ്പു താൽപര്യത്തേക്കാൾ പാർട്ടിയുടെ താൽപര്യം സംരക്ഷിക്കുക എന്നതാണ് യാഥാർഥ്യബോധത്തോടെയുള്ള സമീപനം. ഗ്രൂപ്പിന്റെ ആളുകളെ വയ്ക്കുമ്പോഴും മികവ് ഉയർത്തിപ്പിടിച്ചാൽ പകുതി പ്രശ്നം തീരും.

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന ഘട്ടത്തിൽ ഗ്രൂപ്പിന് അതീതമായ ഒരു നിലപാട് എടുത്തതിന്റെ പേരി‍ൽ യൂത്ത് കോൺഗ്രസിനകത്ത് താങ്കൾ സമ്മർദ്ദങ്ങൾ നേരിടുന്നില്ലേ? താങ്കൾക്കെതിരെ ഗ്രൂപ്പ് പടനീക്കം നടന്നതായി വാർത്ത വന്നല്ലോ?

വാർത്തകളിൽ കാണുന്നതു പോലെ വലിയ പൊട്ടിത്തെറി യൂത്ത് കോൺഗ്രസിൽ ഉണ്ടായിട്ടില്ല. ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ സംഘടനയിൽ ഏകാധിപത്യമൊന്നുമില്ല. അഭിപ്രായ വ്യത്യാസമെല്ലാം അനുവദിച്ചു കൊടുക്കുന്ന രീതിയാണ് ഇവിടെ. ആഭ്യന്തര ജനാധിപത്യം പുലരുന്നുവെന്നതിൽ സന്തോഷമേയുള്ളൂ. എന്നാൽ സംഘടനാ താൽപര്യത്തിനു വിരുദ്ധമായതും, സംസ്ഥാന കമ്മിറ്റിയിൽ നടക്കാത്തതും വാർത്തയായി വന്നു. അതെല്ലാം ചിലരുടെ താൽപര്യമാണ്. പൊതുവിൽ എല്ലാവരുടെയും നല്ല പിന്തുണയോടെയാണ് മുന്നോട്ടു പോകുന്നത്.

shafi-parambil
കെ.എസ് ശബരിനാഥൻ, ഷാഫി പറമ്പിൽ. ഫയൽ ചിത്രം: മനോരമ

ചെറുപ്പക്കാരെ ഈ മൂവ്മെന്റിന്റെ ഭാഗമാക്കാൻ വലിയ പങ്ക് വഹിക്കേണ്ടതും ഒരിക്കൽ വഹിച്ചതും യൂത്ത് കോൺഗ്രസും കെഎസ്‌യുവും ആയിരുന്നു. താങ്കൾ ആഗ്രഹിക്കുന്ന രീതിയിൽ ആ കടമ നിർവഹിക്കാൻ ഇന്ന് യൂത്ത് കോൺഗ്രസിന് സാധിക്കുന്നുണ്ടോ?

അതെ, വലിയ ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. പച്ച വർഗീയത പ്രചരിപ്പിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഒക്ടോബർ രണ്ടു മുതൽ നവംബർ 14 വരെ വലിയ ക്യാംപെയ്ൻ ഞങ്ങൾ ആരംഭിക്കുകയാണ്. 1154 പദയാത്രകളാണ് നടത്താൻ പോകുന്നത്. 14 ജില്ലകളിലും ഞാൻ പങ്കെടുക്കും. ഗാന്ധിജിയും നെഹ്‌റുവും മാത്രമേ ഞങ്ങളുടെ ബോർഡുകളി‍ൽ ഉണ്ടാകൂ. സർക്കാരും രാഷ്ട്രീയ നേതൃത്വവും മതമേലധ്യക്ഷന്മാരുമെല്ലാം വർഗീയ പ്രചാരണത്തിന്റെ ഭാഗമാകരുത് എന്ന നിലപാട് അതിൽ വ്യക്തമാക്കും.

പ്രഫഷനൽ കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ വലിയ ശ്രമം നടക്കുന്നുവെന്നാണല്ലോ സിപിഎം അടുത്തയിടെ മുന്നറിയിപ്പ് നൽകിയത്. യൂത്ത് കോൺഗ്രസിന് അങ്ങനെ ഒരു വിവരം ലഭിച്ചിട്ടുണ്ടോ?

രാഷ്ട്രീയ രംഗത്ത് നിൽക്കുമ്പോൾ ഒരു വാക്കു പോലും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ എതിരാളികൾക്ക് ആയുധമാക്കരുത്. വളരെ ഗുരുതരമായ ഒരു ആരോപണമാണ് സിപിഎം ഉന്നയിച്ചത്. സംഘപരിവാർ പ്രചരിപ്പിക്കാൻ ആഗ്രഹിച്ചത് സിപിഎം വിളമ്പി. ഏത് ഏജൻസിയാണ്, ഏതു പാർട്ടി ഘടകമാണ് ഇതു കണ്ടെത്തിയത്? അവരുടെ വിദ്യാർഥി സംഘടനയ്ക്ക് ഇക്കാര്യത്തിൽ വിവരമുണ്ടോ? ഇതിനെതിരെ എന്തു നടപടിയാണ് എടുത്തത്? ഇതൊന്നും ഇല്ലാതെ സമൂഹത്തിലേക്ക് ആശങ്കകൾ എടുത്തെറിയരുത്. സമൂഹത്തിലെ ഒരു വിഭാഗത്തെ സംശയത്തിന്റെ മുൾമുനയിലാക്കുകയാണ് സിപിഎം ചെയ്യുന്നത്. ബിജെപി അജൻഡയുടെ ലൗഡ് സ്പീക്കറായി കേരളത്തിലെ സിപിഎം മാറരുത്.

പാലാ ബിഷപ്പിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ പ്രസ്താവനയും സിപിഎമ്മിന്റെ ഈ കണ്ടെത്തലും തമ്മിൽ എന്തെങ്കിലും ബന്ധം യൂത്ത് കോൺഗ്രസ് ദർശിക്കുന്നുണ്ടോ?

ഒരു പ്രസ്താവനയും ഒരു വരിയും കൊണ്ട് നാട്ടിലെ ഐക്യം തകർക്കാൻ കഴിയും. മറിച്ചൊരു പ്രസ്താവന കൊണ്ട് ഐക്യം വീണ്ടെടുക്കാൻ കഴിയണമെന്നില്ല. ആ ജാഗ്രത ആദ്യം കാണിക്കേണ്ടത് ഭരണകൂടമാണ്. പാലാ ബിഷപ്പിന്റെ പ്രസ്താവന സൃഷ്ടിച്ച രാഷ്ട്രീയ അന്തരീക്ഷത്തിൽ എന്തു മുതലെടുപ്പ് നടത്താനാകും എന്നാണ് സിപിഎമ്മും സർക്കാരും നോക്കുന്നത്. ആശങ്കയുള്ളവരുടെ കാര്യത്തിൽ അതു പരിഹരിക്കാനും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്നവരെ അതിൽനിന്നു മാറ്റി നിർത്താനുമാണ് സർക്കാർ ശ്രമിക്കേണ്ടത്.

എല്ലാ മതങ്ങളിലും ഉള്ള വർഗീയതയെ തുറന്നെതിർക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾക്ക് അപ്പുറത്ത് അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അരുത്. അതിന്റെ പേരിൽ എത്ര തിരഞ്ഞെടുപ്പ് തോറ്റാലും ഖേദിക്കേണ്ടതില്ല എന്നാണ് കോൺഗ്രസിനോടും ഞങ്ങൾക്കു പറയാനുളളത്. ഇതു കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്.

ഒക്ടോബറിൽ ആരംഭിക്കുന്ന ‍ഞങ്ങളുടെ പ്രചാരണ പരിപാടിയിൽ മൂന്നു മുദ്രാവാക്യങ്ങളാണുള്ളത്. ‘തീവ്രവാദം വിസ്മയമല്ല’ എന്നതാണ് ആദ്യത്തേത്. ‘താലിബാൻ വിസ്മയമാണ്’ എന്നതിനുള്ള മറുപടിയാണ് അതിൽ. നാർക്കോട്ടിക് ജിഹാദിന്റെ പശ്ചാത്തലത്തിൽ ‘ലഹരിക്കു മതമില്ല’ എന്നു ഞങ്ങൾ രണ്ടാമതായി ചൂണ്ടിക്കാട്ടും. സംഘ പരിവാറിന്റെ വർഗീയ അജൻഡയ്ക്കു ബദലായി ‘ഇന്ത്യ മതരാഷ്ട്രമല്ല’ എന്ന മൂന്നാമത്തെ മുദ്രാവാക്യവും ഉയർത്തും. സാമൂഹിക വിപത്തുക്കൾക്ക് ലേബലായി മതം ചാർത്തിക്കൊടുക്കുന്നതിനെ ശക്തമായി എതിർക്കാനാണ് ഞങ്ങളുടെ തീരുമാനം.

സംസ്ഥാന യൂത്ത് കോൺഗ്രസ് വക്താവായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ വന്നതിനെതിരെ ശക്തമായ പ്രതികരണമായിരുന്നു താങ്കളുടേത്. എന്നാൽ സംസ്ഥാന പ്രസിഡന്റിനെ അറിയിക്കാതെ ആ തീരുമാനം മുകളിൽനിന്നു വരില്ലെന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമില്ലേ?

യൂത്ത് കോൺഗ്രസിനെ സജീവമാക്കാൻ പല പദ്ധതികൾ ദേശീയ നേതൃത്വം ആലോചിക്കുന്നത് അറിയാമായിരുന്നു. എന്നാൽ സംസ്ഥാന യൂത്ത് കോൺഗ്രസ് വക്താക്കളെയാണ് പ്രഖ്യാപിക്കാൻ പോകുന്നതെന്നോ അതിൽ ഇപ്പറയുന്ന ആളുകൾ ഉണ്ടെന്നോ ഇവിടെ അറിഞ്ഞിരുന്നില്ല.

shafi-parambil
പാലക്കാട് ഗവ. വിക്ടോറിയ കോളജിന് ലഭിച്ച ബസുകളുടെ ഉദ്‌ഘാടനത്തിന് ശേഷം വിദ്യാർഥികൾക്കും അതിഥികൾക്കും അധ്യാപകർക്കുമൊപ്പം ബസിൽ യാത്ര ചെയ്യുന്ന ഷാഫി പറമ്പിൽ. ചിത്രം: മനോരമ

പെൻഷൻ പ്രായം 57 വയസ്സ് ആയി ഉയർത്താനുള്ള നീക്കം സർക്കാർ തുടങ്ങിവച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അംഗീകരിക്കുമോ?

ചെറുപ്പക്കാർ തൊഴിലിനായി വല്ലാതെ പ്രയാസപ്പെടുന്ന സമയമാണ് ഇത്. സംരംഭങ്ങൾ തകരുകയാണ്. സർക്കാർ ജോലിയാണ് ചിലർക്കെങ്കിലും ഉളള പ്രതീക്ഷ. അതുകൂടി വൈകിയാൽ പിന്നെ യുവജനങ്ങൾ വല്ലാത്ത പ്രതിസന്ധിയിലാകും. ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ചെറുപ്പക്കാരുടെ തോളിൽ വയ്ക്കരുത്.

ഒരേ സമയം എംഎൽഎയും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാണ് താങ്കൾ. ഇരട്ടപ്പദവി അമിത ഭാരമല്ലേ? ഒരാൾ ഒരു പദവി എന്ന വാദം വീണ്ടും കോൺഗ്രസിൽ ഉയരുന്നുണ്ടല്ലോ? രണ്ടു പദവിയോടും നീതി പുലർത്താൻ സാധിക്കുന്നുണ്ടോ?

പരമാവധി നീതി പുലർത്താൻ ശ്രമിക്കുന്നുണ്ട്. അതിനു കൂടുതൽ പ്രയത്നവും അധ്വാനവും വേണ്ടിവരും. രണ്ടും കാര്യമായ ശ്രദ്ധ വേണ്ട കാര്യങ്ങളാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ യുവജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാൻ സാധിക്കുന്നുണ്ട് എന്നതു നല്ല വശമാണ്. പിഎസ്‌സി വിഷയം, ചെറുപ്പക്കാർക്ക് കളിക്കളം ഇല്ലാത്തതിന്റെ പ്രശ്നം ഇതെല്ലാം ഉന്നയിച്ചതു ഞാനായിരുന്നു. അതേസമയം അനുവദിക്കപ്പെടുന്നതിനേക്കാൾ കൂടുതൽ കാലം യൂത്ത് കോൺഗ്രസിൽ ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. ഉചിതമായ സമയത്ത് മാറിക്കൊടുക്കാൻ തന്നെയാണ് തീരുമാനം.

English Summary: Cross Fire Exclusive Interview with Youth Congress State President and MLA Shafi Parambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA